Monday, July 2, 2012

പണവും രോഗവും സമ്പാദിക്കുന്ന പ്രവാസികള്‍

 

ആരോഗ്യമെന്നാല്‍ ഏറ്റവും വലിയ സമ്പത്താണ്. എന്നാല്‍ ധനം എന്ന സമ്പത്തില്‍ കണ്ണുവച്ച് ഗള്‍ഫുനാടുകളിലേക്കു പറക്കുന്ന മലയാളികളുടെ ആരോഗ്യത്തിന് എന്താണ് സംഭവിക്കുന്നത്? ധനസമ്പാദനം കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തുമ്പോഴേക്കും ആരോഗ്യസമ്പത്ത് ക്ഷയിച്ചിട്ടുണ്ടാവും. കൈ നിറയെ പണവും ശരീരം നിറയെ രോഗങ്ങളുമായിട്ടാണ് അവര്‍ മടങ്ങിയെത്തുന്നത്. എന്താണ് ഗള്‍ഫ് മലയാളികളെ സംബന്ധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ എന്നതിനെക്കുറിച്ച് ഒരു അന്വേഷണം.
മനസില്‍ ജീവിതസ്വപ്നങ്ങളുടെ ഒരു വലിയ കൂടുകെട്ടിക്കൊണ്ടാണ് ഓരോ മലയാളിയും ഗള്‍ഫ്നാടുകളിലേക്ക് പറക്കുന്നത്. ചുട്ടുപഴുത്ത മണലാരണ്യത്തിനു നടുവിലെ കൃത്രിമമായ ഒരു പറുദീസയില്‍ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള നിധിയുണ്ടെന്ന് മനസിലാക്കിയുള്ള ദേശാടനം. പക്ഷേ, അവിടെച്ചെന്നു കഴിയുമ്പോഴാണ് തങ്ങള്‍ക്ക് മറികടക്കാനുള്ള പ്രതിസന്ധികളുടെ വളയങ്ങള്‍ ഒന്നൊന്നായി പ്രത്യക്ഷപ്പെടുക. ആകാശവും ഭൂമിയും കൈവിട്ട ലോകം. പുഴകളും പാടങ്ങളും മരങ്ങളും കിളിയൊച്ചയുമില്ലാത്ത നാട്. ശീതീകരിച്ച മുറിയില്‍നിന്ന് പുറത്തിറങ്ങിയാല്‍ സൂര്യന്‍ ചൂടുകൊണ്ട് നക്കിക്കൊല്ലുമെന്ന അവസ്ഥ. ഇതിലൊക്കെയുപരിയാണ് നാടും കുടുംബവും നഷ്ടപ്പെട്ടതിന്റെ വേദനയും കുടുംബത്തത്തെക്കുറിച്ചും അവരുടെ സുരക്ഷയെക്കുറിച്ചുമുള്ള ഉല്‍ക്കണ്ഠയും.
ഒരു വൃക്ഷത്തൈ പറിച്ച് മറ്റൊരു നാട്ടില്‍ കൊണ്ടുപോയി നട്ടാലുണ്ടാവുന്ന അതേ അവസ്ഥയാണ് ഗള്‍ഫിലെത്തുന്ന മലയാളിക്കും സംഭവിക്കുന്നത്. മാറിയ അന്തരീക്ഷവുമായി ഇണങ്ങാനുള്ള ബുദ്ധിമുട്ട് അവരുടെ സ്വകാര്യപ്രശ്നമായി നിലനില്‍ക്കുന്നു. വായു, വെള്ളം, ആഹാരം എന്നീ ജീവല്‍ഘടകങ്ങളില്‍ പെട്ടെന്നുണ്ടായ വ്യത്യാസം മൂലം തൈമരത്തിനെന്നപോലെ മനുഷ്യമനസും വാടുന്നു. ഈ വാട്ടത്തെ അതിജീവിക്കാന്‍ കഴിയാതെ വീണുപോകുന്നവരും ഗള്‍ഫുപ്രവാസികള്‍ക്കിടയിലുണ്ട്. സംഘര്‍ഷങ്ങളുടെയും പ്രതികൂലമായ പ്രതിസന്ധികളുടെയുമിടയില്‍ സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയ്ക്ക് ഇവരുടെയിടയില്‍ തെല്ലും പ്രസക്തിയില്ലാതാവുന്നു. തീര്‍ത്തും വ്യത്യസ്തമായ ജീവിതശൈലി ഗള്‍ഫുമലയാളികളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നു നോക്കാം.

സിന്‍ഡ്രോം എക്സ്

ഗള്‍ഫിലെത്തുന്ന മലയാളികളെ കാത്തിരിക്കുന്ന ഒരുകൂട്ടം രോഗങ്ങളെ ചേര്‍ത്തുവിളിക്കുന്ന 'ഓമനപ്പേര്' ആണ് സിന്‍ഡ്രോം എക്സ്. പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി എന്നീ രോഗാവസ്ഥകളെയാണ് സിന്‍ഡ്രോം എക്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവയെല്ലാംതന്നെ ജീവിതശൈലീരോഗങ്ങളുടെ ഗണത്തില്‍ പെടുന്നവയുമാണ്. വളരെപ്പെട്ടെന്നാണ് പ്രവാസി മലയാളി ഈ രോഗങ്ങളുടെ പിടിയില്‍ അകപ്പെടുക. ജീവിതശൈലി ആരോഗ്യവുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇതിലൂടെ വ്യക്തമാണ്. പ്രവാസികളുടെ ജീവിതശൈലിയിലുണ്ടാവുന്ന മാറ്റം വളരെ പ്രകടമാണ്. ആ മാറ്റങ്ങള്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ഓരോന്നായി ബാധിക്കാന്‍ തുടങ്ങുമ്പോഴാണ് രോഗങ്ങളും പടിപടിയായി കടന്നുവരുന്നത്. സ്വന്തം ആരോഗ്യം ശ്രദ്ധിക്കാന്‍ പല കാരണങ്ങളാലും ഗള്‍ഫ് മലയാളികള്‍ക്ക് കഴിയാറുമില്ല. അങ്ങനെ സിന്‍ഡ്രോം എക്സിന് കീഴ്പ്പെട്ടുകൊണ്ട് അല്ലെങ്കില്‍ മറ്റെന്തെങ്കിലും രോഗങ്ങള്‍ക്ക് കീഴ്പ്പെട്ടുകൊണ്ട് ജീവിതം തള്ളിനീക്കുകയാണ് ഓരോ പ്രവാസിയും.

ഗള്‍ഫുമലയാളികളെ രോഗങ്ങളിലേക്കു നയിക്കുന്ന ഘടകങ്ങള്‍ ഇവയാണ്.
വിഷാദരോഗങ്ങള്‍ക്കിടയാക്കുന്ന മാനസികപ്രശ്നങ്ങള്

നാടും വീടും വിട്ട് ഗള്‍ഫിലെത്തുന്ന മലയാളിയെ ആദ്യം പിടികൂടുന്നത് സംഘര്‍ഷങ്ങളാണ്. കുടുംബത്തെക്കുറിച്ചുള്ള കടുത്ത ഉല്‍ക്കണ്ട, പുതിയ ചുറ്റുപാടുമായി പൊരുത്തപ്പെടാനുള്ള പ്രയാസം, ജോലിസ്ഥലത്തെ കടുത്ത നിലപാടുകള്‍, ജോലിഭാരം, തൊഴിലിലെ അസംതൃപ്തി, ഒറ്റപ്പെടല്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ സംഘര്‍ഷങ്ങളിലേക്കു നയിക്കുന്ന ഘടകങ്ങളാണ്. വിശ്രമം, വിനോദം, ഉറക്കം, വ്യായാമം, സൌഹൃദങ്ങള്‍ ഇവയൊക്കെ പുതിയൊരു ഗള്‍ഫ് മലയാളിയില്‍ വല്ലാത്ത നഷ്ടബോധമുണ്ടാക്കുന്നു. ഇതില്‍നിന്ന് ആശ്വാസം തേടാനായി പലരും പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളിലേക്കു തിരിയാറുണ്ട്. മനസും ശരീരവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഈ സംഘര്‍ഷങ്ങളുടെയെല്ലാം ആത്യന്തികഫലം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
ജീവിതശൈലീരോഗങ്ങള്‍ ഒന്നൊന്നായി പടികടന്നെത്താന്‍ ഈ മാനസികപ്രശ്നങ്ങള്‍ ഇടയാക്കുന്നു. ഗള്‍ഫുമലയാളികള്‍ക്കിടയില്‍ വലിയൊരു ശതമാനം പേരും വിഷാദരോഗത്തിന് അടിമപ്പെട്ടവരാണെന്ന് അവിടുത്തെ ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇവരില്‍ ആരുംതന്നെ രോഗത്തിന് ചികില്‍സ തേടാന്‍ തയ്യാറാകുന്നുമില്ല. മാനസികപ്രശ്നങ്ങളുണ്ടാവുമ്പോള്‍ കുടുംബത്തിന്റെ പിന്തുണ ലഭിക്കാതെ വരുന്നതാണ് വിഷാദരോഗത്തിന് ഇടയാക്കുന്നതെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. പലപ്പോഴും ഇതിന്റെ അന്തിമഫലം ആത്മഹത്യയായിരിക്കും. ഗള്‍ഫുരാജ്യങ്ങളിലെ ആത്മഹത്യകളില്‍ 43% വും ഇന്ത്യാക്കാരാണെന്നാണ് കണക്ക്. ഇതിനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇവയാണ്:
ദയനീയമായ തൊഴില്‍സാഹചര്യം
മോശമായ ജീവിതസാഹചര്യം
വേതനം സമയത്ത് ലഭിക്കാതിരിക്കുന്നത്
തൊഴില്‍ കോണ്‍ട്രാക്ടില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍
പാസ്പോര്‍ട്ട്, വിസ, ഇക്കാമ തുടങ്ങിയവയുടെ കാലാവധി തീരുമ്പോഴുണ്ടാകുന്ന നൂലാമാലകള്‍ ശാരീരികമായ ചൂഷണം
ഏജന്റുമാരില്‍നിന്നും മറ്റുമുണ്ടാകുന്ന വഞ്ചനകള്‍
പ്രിയപ്പെട്ടവരില്‍നിന്നുള്ള വേര്‍പാട്
ചുരുക്കിപ്പറഞ്ഞാല്‍ പ്രവാസിയുടെ മനസില്‍ ചിറകുമുളച്ചുവരുന്ന സ്വപ്നങ്ങള്‍ ഓരോന്നായി കരിഞ്ഞുപോകുന്നു. ഒന്നിനും പരിഹാരം കാണാന്‍ കഴിയാതെ നിസ്സഹായനായിത്തീരുന്ന അവസ്ഥയില്‍ ആരും താങ്ങാനില്ലാതെ വരുമ്പോള്‍ ആത്മഹത്യയില്‍ അഭയം തേടുന്നു. എന്നാല്‍ ഈ പറഞ്ഞ പ്രതിസന്ധികളെക്കുറിച്ച് മുന്‍ധാരണയുണ്ടെങ്കില്‍, അവയെ കൈകാര്യം ചെയ്യാനുള്ള പക്വതയും ക്ഷമയും ഉണ്ടെങ്കില്‍ എല്ലാത്തിനും സ്വയം പരിഹാരം കാണാന്‍ കഴിയും. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന തിരിച്ചറിവുണ്ടാവുകയും വേണം. അങ്ങനെയുള്ളവര്‍ മാത്രം സ്വപ്നങ്ങള്‍ തേടി അക്കരെ പോകുന്നതാണ് ഉചിതം.

ആഹാരശൈലി

പ്രവാസികളുടെ ആരോഗ്യത്തെ ഏറ്റവും ആദ്യം ബാധിക്കുന്ന പ്രശ്നം പൊണ്ണത്തടിയും കൊളസ്ട്രോളുമാണ്. അതിനിടയാക്കുന്നതോ, ആഹാരശൈലിയും. പച്ചക്കറികളും ധാന്യങ്ങളുമടങ്ങുന്ന നാടന്‍ഭക്ഷണം കൃത്യമായ ഇടവേളകളില്‍ കഴിച്ചുശീലിച്ച മലയാളി ഗള്‍ഫിലെത്തുന്നതോടെ ആകെ മാറുകയായി. സാഹചര്യങ്ങള്‍ മാറ്റുന്നതാണെന്നു പറയുന്നതാവും ശരി. ഇഡ്ലിയും സാമ്പാറും ചോറും പുളിശ്ശേരിയും എന്നൊക്കെയുള്ളത് ഓര്‍മ്മകള്‍ മാത്രമായിത്തീരുന്നു. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ ജോലിസമയം കഴിഞ്ഞ് ക്ഷീണിച്ച് താമസസ്ഥലത്തെത്തുമ്പോള്‍ പച്ചക്കറിയരിയാനും തേങ്ങ ചിരകാനുമൊക്കെ പോകാന്‍ മടിക്കും. എല്ലാം ഒറ്റക്കറിയിലൊതുക്കി കുക്കറില്‍ ചോറും വച്ച് ഒരു ശാപ്പാട്. കറിവയ്ക്കാന്‍ പൊതുവെ എല്ലാവരും തിരഞ്ഞെടുക്കുന്നത് ചിക്കനാണ്. ഏറ്റവും വിലക്കുറഞ്ഞ് കിട്ടുന്നതായതുകൊണ്ടും പാചകം ചെയ്യാന്‍ എളുപ്പമായതുകൊണ്ടുമാണ് ഇങ്ങനെ ചിക്കന്‍ തെരഞ്ഞെടുക്കുന്നത്. രാത്രി വയ്ക്കുന്ന ചിക്കന്‍കറികൊണ്ട് രാവിലെ ബ്രഡ്ഡ് കഴിക്കാനും സൌകര്യമായി. പതിവായി ഈ ആഹാരശൈലി ആവര്‍ത്തിക്കുമ്പോള്‍ കൊളസ്ട്രോള്‍ എന്ന സിന്‍ഡ്രോം ശരീരത്തെ ഭരിക്കുകയായി.
ഗള്‍ഫിലെത്തുന്ന മലയാളി ഒരു മാസത്തിനകം തടിച്ചുകൊഴുത്ത് ഗ്ളാമര്‍ കൂടുന്നതു കണ്ടാല്‍ ഉറപ്പിക്കാം അത് ചിക്കന്റെ കൊഴുപ്പാണെന്ന്. വരുമാനം കൂടുതലുള്ളവര്‍ കണവയും കൊഞ്ചും മീനുമൊക്കെ വാങ്ങി കഴിക്കും. ഇതും കൊഴസ്ട്രോളിനെ ക്ഷണിച്ചുവരുത്തുമെന്നതില്‍ സംശയം വേണ്ട. കാരണം മാംസ്യാഹാരത്തിന്റെ കൊഴുപ്പു പരിഹരിക്കാന്‍ നാരുകളുള്ള പച്ചക്കറികളെ ഇവര്‍ പാടേ കൈവെടിയുന്നു. അങ്ങനെ വലിയൊരു ശതമാനവും അമിതവണ്ണം എന്ന പ്രശ്നത്തെ അഭിമുഖീകരിക്കുന്നു. ചിക്കന്റെ അമിത ഉപയോഗം മൂലം പൈല്‍സിന്റെ ബുദ്ധിമുട്ടനുഭവിക്കുന്നവരും ഗള്‍ഫുമലയാളികള്‍ക്കിടയില്‍ കുറവല്ല. ഇതുപോലെതന്നെയാണ് ശുദ്ധജലം ആവശ്യത്തിന് കുടിക്കാത്തതിന്റെ പേരിലുള്ള പ്രശ്നവും. ജോലിസ്ഥലത്ത് കുടിവെള്ളമായി ലഭിക്കുക പെപ്സിയും കോളയുമൊക്കെയായിരിക്കും. ചൂടും ദാഹവും താങ്ങാനാവാതെ വരുമ്പോള്‍ കയ്യില്‍ കിട്ടിയത് കുടിക്കുക എന്ന നയമാണ് ആരായാലും സ്വീകരിക്കുക. ഇത് കിഡ്നി സ്റ്റോണ്‍, മഞ്ഞപ്പിത്തം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്നു.

ക്രമംതെറ്റുന്ന ആഹാരവും ഉറക്കവും

ഗള്‍ഫുമലയാളികള്‍ക്ക് അവരുടെ ജീവിതക്രമത്തില്‍ കൃത്യത പാലിക്കാന്‍ കഴിയാറില്ല. പ്രത്യേകിച്ച് നഴ്സിങ്ങ്, ഡ്രൈവിങ്ങ് തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക്. 10-18 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവരുന്ന ഇവര്‍ക്ക് മിക്കവാറും സമയത്ത് ആഹാരം കഴിക്കാന്‍ പറ്റാതെവരും. സ്നാക്സും കോളയുമൊക്കെയായി തല്‍ക്കാലം വിശപ്പടക്കുന്ന ഇവര്‍ ഏതെങ്കിലുമൊരു സമയത്ത് വയറുനിറച്ച് ഭക്ഷണം കഴിക്കും. ഇത് വളരെ അശാസ്ത്രീയമാണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. ഇനി മറ്റൊരു കൂട്ടരുണ്ട്. ഇവര്‍ പ്രഭാത ഭക്ഷണം പതിവായി ഉപേക്ഷിക്കുന്നവരാണ്. ഒരാളുടെ ആഹാരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ബ്രേക്ക്ഫാസ്റ് ഉപേക്ഷിക്കുന്നത് എന്തിനുവേണ്ടിയെന്നല്ലേ? ചെലവു കുറയ്ക്കുക എന്നതു മാത്രമാണ് അതിന്റെ ഉദ്ദേശം. ഡിന്നര്‍ വൈകി കഴിച്ച്, വൈകി എഴുന്നേറ്റ്, നേരത്തേ ഉച്ചഭക്ഷണം കഴിച്ചാല്‍ ബ്രേക്ക്ഫാസ്റ് ഒഴിവാക്കാം എന്നതാണ് ഇവര്‍ കണ്ടെത്തുന്ന സൌകര്യം. ഗള്‍ഫിലെ ഭക്ഷണവില പൊള്ളുമ്പോള്‍ ഇങ്ങനെയൊക്കെ ചെയ്തുപോകുന്നതില്‍ അത്ഭുതപ്പെടാനില്ല. ഇവിടെയും ധനസമ്പാദനത്തിനായി ആരോഗ്യമെന്ന സമ്പത്തിനെ ബലികൊടുക്കുകയാണെന്ന കാര്യം അടിവരയിടേണ്ടിവരുന്നു.

വ്യായാമരഹിത ജീവിതം

വ്യായാമത്തെ കൈവെടിഞ്ഞുകൊണ്ടുള്ള ജീവിതമാണ് മലയാളികളുടേത്. സമയമില്ലായ്മയാണ് അതിന്റെ മുഖ്യകാരണം. നമ്മുടെ നാട്ടിലേതുപോലെ ഓഫീസില്‍നിന്ന് മുങ്ങി സ്വന്തം കാര്യങ്ങള്‍ നടത്താനുള്ള സൌകര്യം ഗള്‍ഫില്‍ കിട്ടുകയില്ല. അത്യാവശ്യത്തിനുപോലും ഒരു ലീവ് കിട്ടാന്‍ പ്രയാസമാണ്. അപ്പോള്‍ തുണി കഴുകാനും ആഹാരം പാചകം ചെയ്യാനും നാട്ടിലേക്കു ഫോണ്‍ ചെയ്യാനും മാര്‍ക്കറ്റില്‍ പോകാനുമൊക്കെ എവിടെ സമയം? സമയം റേഷനുകിട്ടുന്ന ഈ ജീവിതത്തില്‍ എല്ലാവര്‍ക്കും ഒഴിവാക്കാന്‍ പറ്റുന്നത് വ്യായാമം മാത്രമാണ്. വ്യായാമമില്ലായ്മയും കൊഴുപ്പുള്ള ആഹാരശൈലിയുംകുടിയാകുമ്പോള്‍ സ്വാഭാവികമായും ശരീരം രോഗങ്ങളുടെ താവളമാകുമല്ലോ. പ്രമേഹംപോലുള്ള ജീവിതശൈലീരോഗങ്ങള്‍ കടന്നുവരാന്‍ വ്യായാമരഹിതജീവിതം ഇടയാക്കും.

വിശ്രമമില്ലാത്ത ജോലി

തങ്ങള്‍ പണം സമ്പാദിക്കാന്‍വേണ്ടി മാത്രം ഇവിടെ വന്നവരാണെന്ന ചിന്തയാണ് പൊതുവെ പ്രവാസിമലയാളികള്‍ക്കെല്ലാമുള്ളത്. അതുകൊണ്ടുതന്നെ ഒരു ദിവസത്തെ കഠിനാദ്ധ്വാനത്തിനുശേഷം എട്ടു മണിക്കൂര്‍ ഉറങ്ങണമെന്ന തത്വമെല്ലാം ഇവര്‍ തള്ളിക്കളയുന്നു. ജോലിക്കിടയിലെ വിശ്രമം ഇവരുടെ അജണ്ടയില്‍ വരുന്നില്ല. 12-16 മണിക്കൂര്‍ തുടര്‍ച്ചയായി അദ്ധ്വാനിക്കുന്നവരാണ് പ്രവാസികളില്‍ ഏറെയും. ഫലമോ നടുവിന് കൂച്ചുവിലങ്ങിടുന്ന നടുവേദനയുടെ ആക്രമണം. നടുവേദനയുടെ കാര്യത്തില്‍ മാനസികസംഘര്‍ഷം ഒരു പ്രധാന ഘടകമാണ്. ഗള്‍ഫുമലയാളികള്‍ക്ക് ഇതിന്റെ കുറവുമില്ല. ഒപ്പം വ്യായാമരഹിതജീവിതം കൂടിയാവുമ്പോള്‍ നടുവേദന സ്വാഭാവികമാണ്. ചിന്താഗതി മാറ്റി കുറച്ചുസമയം സ്വന്തം ആരോഗ്യത്തെക്കുറിച്ച് ഓര്‍ക്കാനും അതനുസരിച്ച് ജീവിക്കാനും കഴിഞ്ഞാല്‍ നടുവൊടിയാത്തൊരു ഗള്‍ഫുജീവിതം ആര്‍ക്കും സ്വന്തമാക്കാം.

ആസ്തമയ്ക്കിടയാക്കുന്ന പൊടിക്കാറ്റും പുകയും

ഗള്‍ഫിലെ പ്രവാസിജീവിതം ദുരിതമയമാക്കുന്ന ഘടകങ്ങളിലൊന്നാണ് ഇവിടുത്തെ പൊടിക്കാറ്റ്. പൊടിക്കാറ്റൂതുന്ന ദിവസങ്ങളില്‍ നിര്‍മ്മാണമേഖലയിലും മറ്റും തൊഴിലെടുക്കുന്നവര്‍ക്ക് പെട്ടെന്ന് ഷെല്‍ട്ടറിനുള്ളില്‍ അഭയം തേടാന്‍ കഴിയാറില്ല. മണലാരണ്യങ്ങളില്‍നിന്ന് വീശിയടിക്കുന്ന പൊടി ഇവരുടെ ശ്വാസകോശങ്ങളിലേക്ക് കടക്കുന്നു. താമസിയാതെ ഇവര്‍ ആസ്തമ രോഗത്തിന് അടിമകളാവുകയും ചെയ്യും. അതുകൂടാതെ അന്തരീക്ഷത്തിലെ പൊടിപടലങ്ങളും പുകയും പുറത്തു ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് എപ്പോഴും ഭീഷണിയായിട്ടുണ്ട്. അതുകൊണ്ടാണ് ബ്രോങ്കൈറ്റിസ് പലരെയും ബാധിക്കാന്‍ കാരണം.

സൂര്യാഘാതം

ഗള്‍ഫിലെ പ്രവാസികള്‍ക്ക് താങ്ങാന്‍ കഴിയാത്ത ഒന്നാണ് ഇവിടുത്തെ കടുത്ത ചൂടും കടുത്ത തണുപ്പും. ചൂടുകാലത്ത് 50 ഡിഗ്രിയോളം ചൂടുള്ള കാലാവസ്ഥ തണുപ്പുകാലത്ത് മൈനസ് ഡിഗ്രിയിലെത്തും. ഇതു രണ്ടും അസഹനീയമാണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. എയര്‍ക്കണ്ടീനില്ലാത്ത ജീവിതം ഇവിടെ ചിന്തിക്കാന്‍ പോലുമാവില്ല. പക്ഷേ, മാന്വല്‍ വര്‍ക്ക് ചെയ്യുന്ന തൊഴിലാളികള്‍ ഇതെല്ലാം അനുഭവിച്ചേ പറ്റൂ. പ്രതിരോധശേഷി കുറഞ്ഞവരും രോഗികളും ആരോഗ്യമില്ലാത്തവരും കെട്ടിടനിര്‍മ്മാണത്തിനിടയില്‍ സൂര്യാഘാതമേറ്റ് ബോധംകെട്ടുവീഴുന്ന കാഴ്ച ഗള്‍ഫുരാജ്യങ്ങളില്‍ പുത്തരിയല്ല. ഇതുമൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ തങ്ങളെ ബാധിക്കാതിരിക്കാന്‍ കരാറുകാര്‍ ഇപ്പോള്‍ സുരക്ഷാസംവിധാനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. അത് ജീവന്‍ രക്ഷിക്കാന്‍വേണ്ടിയുള്ളതാണ്. ആരോഗ്യം രക്ഷിക്കാന്‍ ഇത് പര്യാപ്തമല്ല.

പെനഡോള്‍ (panadol)എന്ന രക്ഷകന്‍

ഗള്‍ഫ് മലയാളികളെ സംബന്ധിച്ച് പെനഡോള്‍ എന്ന പാരസിറ്റാമോള്‍ ടാബ്ളെറ്റ് അവരുടെ ഏറ്റവും വലിയ രക്ഷകനാണ്. ഏതു വേനദയ്ക്കും ഒരു പെനഡോളിലാണ് ഇവര്‍ ആശ്വാസം ആശ്വാസം കണ്ടെത്തുന്നത് . ഗള്‍ഫിലെത്തുന്ന മലയാളികളെ വൈറല്‍പ്പനിയും തലവേദനയുമൊക്കെ പതിവാണ്. ഇതിനൊന്നും ആശുപത്രിയില്‍ പോകുന്ന പതിവില്ല. കാരണം സാധാരണക്കാര്‍ക്ക് താങ്ങാനാവാത്തതാണ് ഗള്‍ഫിലെ ചികില്‍സാച്ചെലവ്. ക്ളിനിക്കുകള്‍ വിരളമായതുകൊണ്ട് എന്തിനും വന്‍കിട ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നു.
ജോലിചെയ്തുണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ ഒറ്റയടിക്ക് ചോര്‍ന്നുപോകുമെന്ന ഭയംകൊണ്ടാണ് ഏതു രോഗം വന്നാലും ഇവര്‍ പെനഡോള്‍ എടുത്തു വിഴുങ്ങുന്നത്. അങ്ങനെ പെനഡോള്‍ പ്രവാസികളുടെ സന്തതസഹചാരിയായി മാറിയിരിക്കുന്നു. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ആര്‍ക്കും സമയമില്ല. വര്‍ഷങ്ങള്‍ക്കുശേഷം നാട്ടില്‍ മടങ്ങിയെത്തുമ്പോഴാണ് പെനഡോളിന്റെ പാര്‍ശ്വഫലത്തെക്കുറിച്ച് അറിയാന്‍ തുടങ്ങുക. പതിവായ ഉപയോഗത്തിലൂടെ കിഡ്നിയെയും മറ്റ് അവയവങ്ങളെയും ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ള പാരസെറ്റാമോളാണ് തങ്ങള്‍ ഇത്രയും കാലം രക്ഷകനായി കൊണ്ടുനടന്നതെന്ന കാര്യം അവര്‍ വൈകിമാത്രം തിരിച്ചറിയുന്നു. നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ ഇരട്ടിയോ രണ്ടിരട്ടിയോ വരുമാനം പ്രതീക്ഷിച്ചാണ് മലയാളികള്‍ ഗള്‍ഫിലേക്കു പറക്കുന്നത്. എന്നാല്‍ പെട്ടെന്നു മാറുന്ന ജീവിതാന്തരീക്ഷം അവരെ പെട്ടെന്ന് ജീവിതശൈലീരോഗങ്ങളുടെ പിടിയിലാക്കുന്നു. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് മനസിലാക്കിയാല്‍ ഈ ദുരന്തം ഒഴിവാക്കാം. ഭക്ഷണക്രമത്തിലും വ്യായാമത്തിലും ഒരു ശ്രദ്ധയുണ്ടെങ്കില്‍ സമ്പാദ്യവുമായി നാട്ടില്‍ തിരിച്ചെത്തി ആരോഗ്യത്തോടെ സന്തോഷമായി ജീവിക്കാം. പ്രവാസിമലയാളികള്‍ക്കിടയില്‍ ആരോഗ്യപരമായ ബോധവല്‍ക്കരണം ലഭിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ധനസമ്പാദനം മാത്രം ലക്ഷ്യമിടാതെ കൊഴിഞ്ഞുപോകുന്ന ആയുസിനെക്കുറിച്ചും തേഞ്ഞുപോകുന്ന ആരോഗ്യത്തെക്കുറിച്ചും പ്രവാസികള്‍ അറിഞ്ഞിരിക്കണം.


അവലംബം: മാധ്യമം...

Friday, June 8, 2012

പൊറോട്ട യുദ്ധം

കേരളത്തിലെ പ്രശസ്തരും പ്രഗത്ഭരും ആയ പല ട്രേഡ് യൂണിയന്‍ നേതാക്കളും പയറ്റിത്തെളിഞ്ഞത് ഉദ്യോഗമണ്ഡല്‍ വ്യവസായ മേഖലയില്‍ ആണ്. അതുകൊണ്ടു തന്നെ പല തൊഴിലാളി സമരങ്ങളുടെയും കഥ അവിടെ ഉണ്ടാകുമല്ലോ. ഇന്ത്യന്‍ റെയര്‍ എര്‍ത്തിലെ കാന്റീനിലെ പപ്പടത്തിന്റെ അളവോ വലിപ്പമോ മാറ്റിയതിനെ ചൊല്ലി ഉണ്ടായ പപ്പടസമരം തൊഴിലാളി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അച്ഛന്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. എന്തിനും ഏതിനും സമരം ചെയ്യുന്ന കാലം എല്ലാം പോയി. ഉദ്യോഗമണ്ഡല്‍ മേഖലയില്‍ ഇപ്പോള്‍ കാര്യമായ തൊഴില്‍ കുഴപ്പങ്ങള്‍ ഒന്നും കേള്‍ക്കാറില്ല.

ഇതു ഞാന്‍ ഓര്‍ക്കാന്‍ കാരണം, ഫേസ്ബുക്കില്‍ ഇപ്പോള്‍ ഒരു പൊറോട്ടയുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. പൊറോട്ട ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വസ്തു, അതു ശുദ്ധീകരിക്കുന്ന രീതി അതിനുപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ എന്നിങ്ങനെ പലതും ആരോഗ്യത്തിന് ഹാനികരമാണെന്നും അതുകൊണ്ടുതന്നെ പൊറോട്ട വര്‍ജ്ജിക്കേണ്ടതോ നിരോധിക്കേണ്ടതോ ആണെന്നാണ് ഒരു പക്ഷം. പൊറോട്ടക്കെതിരെയുള്ള ആരോപണങ്ങള്‍ തികച്ചും ശാസ്ത്രീയം അല്ലെന്നു മറുപക്ഷം.

കെന്റക്കി ഫ്രൈഡ് ചിക്കനെതിരെയും അജിനോമോട്ടോക്കെതിരെയും ഒക്കെയുള്ള ലോകവ്യാപകമായ ചില ക്യാമ്പയിനുകള്‍ പണ്ട് മലയാളികള്‍ ഏറ്റു പിടിച്ചിട്ടുണ്ടെങ്കിലും അവിയലിനോ ഉടുപ്പിഹോഡട്ടലുകള്‍ക്കോ എതിരെ ഒന്നും ഒരു കാലത്തും ക്യാമ്പയിന്‍ ഉണ്ടായിട്ടില്ല. അതു കൊണ്ടുതന്നെ നമ്മുടെ ഭക്ഷണലോകത്തും സോഷ്യല്‍ മീഡിയയിലെ തനതുക്യാമ്പയിന്‍ രംഗത്തും ഈ പൊറോട്ടയുദ്ധം ശ്രദ്ധിക്കപ്പെടേണ്ടതാണ്.

പൊറോട്ട, അത് ബീഫിന്റെ കൂടെ ആയാലും മട്ടന്‍ ചാപ്‌സിന്റെ കൂടെ ആയാലും വളരെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. പക്ഷെ ജീവിതത്തില്‍ ഞാന്‍ മനസ്സിലാക്കിയിട്ടുള്ള ഒരു പാഠം നമുക്ക് ഇഷ്ടപ്പെടുന്ന പ്രവര്‍ത്തികളും സ്വഭാവരീതികളും ഭക്ഷണങ്ങളും എല്ലാം പൊതുവെ സാമൂഹ്യപരമായി തെറ്റോ ആരോഗ്യത്തിനുഹാനികരമോ ആയിട്ടാണ് കണക്കാക്കപ്പെടാറ്. മഴയില്‍ കുടയില്ലാതെ നടക്കുന്നത്, പ്രേമിക്കുന്നത്, എരിവുള്ള മിക്‌സ്ചറും കൂട്ടി ഒരു സ്മാള്‍ അടിക്കുന്നത് എല്ലാം ഇതുപോലെ സന്തോഷദായകവും എന്നാല്‍ മറ്റുള്ളവര്‍ തെറ്റു പറയുന്നവയും ആണ്.

ലോകത്തെ പ്രധാനമായ പല ഭക്ഷണപാനീയങ്ങളും ആരോഗ്യത്തിനു നല്ലതോ ചീത്തയോ എന്ന് ഗവേഷണങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ട്. ചായ, കാപ്പി, ബിയര്‍, വൈന്‍ എന്നീ പാനീയങ്ങള്‍ . പ്രത്യേകിച്ചും ഇവയില്‍ ചായ പൊതുവെ ആരോഗ്യത്തിനു നല്ലതും (പ്രത്യേകിച്ച് ഗ്രീന്‍ ടീ) കാപ്പി മോശവും ആണെന്നാണ് ഒരു പൊതുധാരണ. മദ്യത്തിന്റെ കാര്യം ഞാന്‍ മുമ്പുപറഞ്ഞിട്ടുണ്ട്.

എന്നാല്‍ സംഭവം അത്ര സ്‌ട്രെയിറ്റ് ഫോര്‍വാര്‍ഡ് അല്ല. പ്രമേഹത്തെ പ്രതിരോധിക്കുന്നതുള്‍പ്പെടെയുള്ള പല ഗുണങ്ങളും കാപ്പിയില്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. ഹൈപ്പര്‍ ടെന്‍ഷന്‍ കൂടുന്നതുപോലുള്ള ദൂഷ്യങ്ങളും. പണ്ട് ചെറുപ്പത്തില്‍ രാവിലെ ഒരു നേരം ആണ് വീട്ടില്‍ കാപ്പിയുണ്ടായിരുന്നത്. എന്നാല്‍ യൂറോപ്പിലെ പല ഓഫീസുകളിലും ഫ്രീയായി ഏതു സമയത്തും ഉപയോഗിക്കാവുന്ന കോഫി മെഷീന്‍ ഉണ്ട്. ദിവസം പത്തോ അതിലധികമോ കാപ്പി കുടിക്കുന്നവര്‍ അപൂര്‍വമല്ല. ഭക്ഷണമോ പാനീയമോ ഏതുമാകട്ടെ ധാരാളം കഴിച്ചാല്‍ പാരയാകാനാണു വഴി. അതു പാവക്കയോ കുമ്പളങ്ങ ജൂസോ ആയാല്‍ പോലും.

നല്ലവനായ ചായയുടെ കാര്യത്തിലും നമ്മള്‍ മലയാളികള്‍ ശ്രദ്ധിക്കണം. ചായയെപ്പറ്റിയുള്ള ഗവേഷണം മുഴുവന്‍ ചൂടുവെള്ളത്തില്‍ ചായപ്പൊടി മാത്രം ഇട്ടു ചായയുണ്ടാക്കുന്ന നാട്ടില്‍ നിന്നാണ്. വെള്ളമോ പാലോ തിളപ്പിച്ച് അതില്‍ ചായപ്പൊടിയും പഞ്ചസാരയും ആവശ്യത്തിനോ കൂടുതലോ ഇട്ട് ദിവസം ആറുനേരം കുടിച്ച് പ്രമേഹം വരികയോ ബ്ലഡ്പ്രഷര്‍ കുറയാതിരിക്കുകയോ ചെയ്താല്‍ പാവം ചായയുടെ മെക്കിട്ട് കയറരുത്.

ചായയാണോ കാപ്പിയാണോ നല്ലത് എന്ന് ശാസ്ത്രീയമായി അറിയണമെങ്കില്‍ ഒരു പോലുള്ള കുറേ ആളുകളെ ചായ മാത്രവും മറ്റുള്ളവരെ കാപ്പി മാത്രവും കൊടുത്ത് ശീലിപ്പിക്കുക. എന്നിട്ട് അവരുടെ ആരോഗ്യം എവിടെ എത്തുന്നു എന്നു കണ്ടു പിടിക്കുക. ഇങ്ങനെ ഒരു പരീക്ഷണം പണ്ട് റഷ്യയിലെ ഏതോ ചക്രവര്‍ത്തി നടത്തിയത്രെ. ജയില്‍പുള്ളികള്‍ ആയിരുന്നു പരീക്ഷണത്തിലെ ഗിനി പന്നികളായി ഉപയോഗിച്ചിരുന്നത്. പക്ഷെ ചായയോ കാപ്പിയോ കുടിക്കാതിരുന്ന ചക്രവര്‍ത്തി തന്നെ ആദ്യം വടിയായിപ്പോയതുകൊണ്ട് പരീക്ഷണം അന്ത്യം കണ്ടില്ല.

മക്‌ഡൊണാള്‍സിലെ ഭക്ഷണം ആരോഗ്യത്തിന് നല്ലതോ ചീത്തയോ എന്നറിയാന്‍ അമേരിക്കക്കാരനായ ഒരു വിദ്വാന്‍ ഒരു പരീക്ഷണം നടത്തി. ഒരു മാസത്തേക്ക് മൂന്നു നേരവും മക്‌ഡൊണാള്‍ഡിലെ ഭക്ഷണം മാത്രം കഴിക്കുക. എന്നിട്ട് വണ്ണവും തൂക്കവും ലിവര്‍ ഫങ്ഷനും മറ്റ് രക്ത പരിശോധനകളും ബ്ലഡ്പ്രഷറും ഒക്കെ നോക്കുക ഇതായിരുന്ന അദ്ദേഹത്തിന്റെ പരീക്ഷണം. ഒരു മാസം കൊണ്ട് അദ്ദേഹത്തിന് പതിനൊന്ന് കിലോ കൂടി. മടിയും ഡിപ്രഷനും ലൈംഗിക പ്രശ്‌നങ്ങളും ഉള്‍പ്പെടെ പല ശാരീരിക മാനസിക പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായി എന്നാണ് 'സൂപ്പര്‍ സൈസ് മി' എന്ന ഡോക്യുമെന്ററിയില്‍ മോര്‍ഗന്‍സ് പര്‍ലോക്ക് വെളിപ്പെടുത്തിയത്.

പൊറോട്ടയുടെ കാര്യത്തില്‍ ഇങ്ങനെ വേണമെങ്കില്‍ ഒരു പരീക്ഷണം നടത്തിനോക്കാവുന്നതാണ്. ഒരു മാസത്തേക്ക് എല്ലാ ദിവസവും രാവിലെ പൊറോട്ടയും മുട്ടക്കറിയും (കോഴിക്കോട്ടെ പോലെ), ഉച്ചക്ക് പൊറോട്ടയും മട്ടന്‍ ചാപ്‌സും (പെരുമ്പാവൂരിലെ പോലെ) രാത്രി പൊറോട്ടയും ബീഫും (തട്ടുകടയിലെ പോലെ). എന്നിട്ട് ശാരീരിക മാനസിക ആരോഗ്യം പരിശോധിക്കുക.

ഇങ്ങനെയൊരു പരീക്ഷണം നടത്താന്‍ വളണ്ടിയര്‍മാരെ അനവധികിട്ടുമെങ്കിലും അത് ശാസ്ത്രീയമല്ല എന്ന് ഒറ്റ നോട്ടത്തില്‍ അറിയാം. മക്‌ഡൊണാള്‍ഡിനെപ്പറ്റിയുണ്ടാക്കിയ ഡോക്യുമെന്ററി സൂപ്പര്‍ ഹിറ്റായി സ്പര്‍ലോക്ക് കോടീശ്വരനും ആയി. പക്ഷെ എല്ലാ നേരവും പൊറോട്ട തിന്ന് ആരോഗ്യം മോശമായി എന്നു പറഞ്ഞാല്‍ അതു വല്യ സംഭവം ആയി എടുക്കാനോ സിനിമ കാണാനോ മലയാളികളെ കിട്ടില്ല. ഡോക്യുമെന്ററിക്കാരനെ ഊളന്‍പാറയില്‍ അയക്കുകയും ചെയ്യും.

അപ്പോള്‍ പ്രധാനമായ കാര്യം എന്തുകഴിക്കുന്നു എന്നതല്ല. എത്രമാത്രം കഴിക്കുന്നു എന്നതും ഭക്ഷണം എങ്ങനെ പാചകം ചെയ്യുന്നു എന്നതും ഒക്കെയാണ്. വെജിറ്റേറിയന്‍ ഭക്ഷണം പൊതുവെ നല്ലതാണെന്ന് നാമൊക്കെ പറയാറുണ്ടെങ്കിലും വടക്കേ ഇന്ത്യയില്‍ കശുവണ്ടിപ്പരിപ്പിന്റെ കറിയില്‍ പാല്‍ക്കട്ടി മുറിച്ചിട്ട് മസാലയും ചേര്‍ത്ത് നെയ്യില്‍ വറുത്തുണ്ടാക്കുന്ന പനീര്‍ മഖന്‍ മസാല കഴിച്ചിട്ട് ആരോഗ്യം നന്നായില്ല എന്നു പറയുന്നത് വെജിറ്റബിളിന്റെ കുറ്റം ആണോ?

നല്ല ഭക്ഷണശീലത്തേയും ആരോഗ്യപരിപാലനത്തേയും പറ്റി പറയാന്‍ തൊണ്ണൂറിലേറെ കിലോ തൂക്കവും കുടവയറും ഹൈപ്പര്‍ ടെന്‍ഷനും ഉള്ള മുരളി സാറിന് എന്ത് അവകാശം എന്ന് ചിലര്‍ക്കെങ്കിലും തോന്നാം. പക്ഷെ അവര്‍ ശ്രീ.സന്തോഷ് പണ്ഡിറ്റിന്റെ സൂപ്പര്‍ ഹിറ്റ് ഡയലോഗ് ഓര്‍ക്കുക.
'ഒരു കോഴിയുടെ നിറം കറുപ്പാണെന്നു കരുതി അതിടുന്ന മുട്ട വെളുത്തതാകാന്‍ പാടില്ല എന്നു നിര്‍ബന്ധം പിടിക്കരുത്'.


അവലംബം: മുരളി തുമ്മാരുകുടി (മാതൃഭൂമി)

Tuesday, May 1, 2012

ഏട്ട് മണിക്കൂര്‍ ജോലി, വിശ്രമം, വിനോദം...; ‘തൊഴില്‍ചന്ത’യില്‍ അവകാശങ്ങള്‍ക്ക് എന്ത് വില

ഏട്ട് മണിക്കൂര്‍ ജോലി, വിശ്രമം, വിനോദം...; ‘തൊഴില്‍ചന്ത’യില്‍ അവകാശങ്ങള്‍ക്ക് എന്ത് വില

മസ്കത്തിലെ ഗൂബ്രയില്‍ ലേബര്‍ ക്യാമ്പിനു തീ പിടിച്ചതറിഞ്ഞ് പാഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് അരികിലേക്ക് ഒരു കൂട്ടം പാകിസ്താനി ലേബര്‍മാര്‍ ഓടിയടുത്തു. അഗ്നിബാധയുടെ വിവരം നല്‍കാനായിരിക്കുമെന്ന് കരുതി കാതോര്‍ത്തവര്‍ക്ക് തെറ്റി. ദിവസക്കൂലിക്ക് തൊഴിലാളികളെ ‘വാടക’ക്ക് എടുക്കാന്‍ വന്ന ഇടനിലക്കാരന്‍ ആണെന്ന് തെറ്റിദ്ധരിച്ചാണ് അവര്‍ പ്രതീക്ഷയോടെ വാഹനത്തിനരികിലേക്ക് ഓടി വന്നത്. പത്രക്കാരാണെന്ന് അറിഞ്ഞതോടെ മുഖത്തെ പ്രതീക്ഷ മാഞ്ഞ് നിരാശ പടര്‍ന്നു. എന്നാല്‍, തൊട്ടു പിന്നില്‍ കത്തിയമരുന്ന ലേബര്‍ ക്യാമ്പിലെ അന്തേവാസികള്‍ തന്നെയാണ് താമസയിടം കത്തിയമരുമ്പോഴും തൊഴിലിന് അവസരം തേടി പരക്കം പായുന്നത് എന്നറിഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകരും അന്തംവിട്ടു.

കത്തിയമര്‍ന്ന സമ്പാദ്യങ്ങളും, പ്രതീക്ഷകളും ഓര്‍ത്ത് ദുഖിച്ചിരിക്കാന്‍ ഇവര്‍ക്ക് നേരമില്ല. കാരണം ഒരു ദിവസം ജോലിയില്ലെങ്കില്‍ അന്നത്തെ ഭക്ഷണത്തിന്‍െറ കാര്യവും അയക്കുന്ന പണം കാത്തിരിക്കുന്ന നാട്ടിലെ പ്രിയപ്പെട്ടവരുടെയും കാര്യം അവതാളത്തിലാകും. തൊഴില്‍ചന്തയില്‍ വാടകക്ക് എടുക്കുന്നവന്‍െറ ഇഷ്ടംപോലെ പണിയെടുക്കുന്നവര്‍ മാത്രമാണിവര്‍.

തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം അവധിയുള്‍പ്പെടെ ശക്തമായ തൊഴില്‍നിയമം നിലനില്‍ക്കുന്ന ഒമാനില്‍ പോലും ഫ്രീവിസയെന്ന പേരില്‍ ആരോ നല്‍കുന്ന വിസയില്‍ എത്തിപെട്ട് അധ്വാനം വാടകക്ക് നല്‍കുന്ന ജീവിക്കുന്ന നിരവധി തൊഴിലാളികളുണ്ട്. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ട് മണിക്കൂര്‍ വിനോദം എന്ന മിനിമം തൊഴില്‍അവകാശത്തെ കുറിച്ചും തൊഴിലാളി വര്‍ഗത്തിന് അവകാശം സമ്മാനിച്ച അന്താരാഷ്ട്ര തൊഴിലാളി ദിനത്തെ കുറിച്ചും ഇവര്‍ക്ക് എന്തെങ്കിലും അറിയുമോ എന്നറിയില്ല.

അതിരാവിലെ ഇവര്‍ തങ്ങളെ തേടി ഇടനിലക്കാര്‍ എത്തുന്ന ‘ലേബര്‍ ചന്ത’കളില്‍ കാത്തുനില്‍ക്കും. കാറിലോ പിക്കപ്പിലോ ഇടനിലക്കാര്‍ എത്തി ആവശ്യമുള്ളവരെ കൊണ്ടുപോകും. ജോലി പത്ത് മണിക്കൂര്‍, ചിലപ്പോള്‍ പതിനൊന്നും, പന്ത്രണ്ടും മണിക്കൂറാകും. പണികഴിഞ്ഞാല്‍ അഞ്ചു മുതല്‍ എട്ടു റിയാല്‍ വരെ കൂലികിട്ടും. ചിലപ്പോള്‍ ഒന്നോ രണ്ടോ റിയാല്‍ ഭക്ഷണത്തിന് കിട്ടിയെന്ന് വരും. രാത്രി തിരിച്ചു വീണ്ടും ക്യാമ്പിലേക്ക്, പിറ്റന്നേ് രാവിലെ വീണ്ടും ചന്തയില്‍ ചെന്ന് നിന്നാലേ തൊഴില്‍ ഉറപ്പാക്കാന്‍ പറ്റൂ. ഇവരില്‍ പലര്‍ക്കും തങ്ങളുടെ യഥാര്‍ഥ തൊഴില്‍ ഉടമ ആരാണെന്ന് അറിയില്ല. ഇടനിലക്കാരായി വരുന്നവര്‍ പോലും ഇടനിലക്കാരന്‍െറ ഇടനിലക്കാരനായിരിക്കും. ചെറുകിട ഹോട്ടല്‍, ബാര്‍ബര്‍ ഷോപ്പ് , ഇടത്തരം സൂപ്പര്‍മാര്‍ക്കറ്റ് എന്നീ കേന്ദ്രങ്ങളും ചിലപ്പോള്‍ ഇടനിലക്കാരുടെ ഇടനിലക്കാരായി ലേബര്‍ സപൈ്ള കേന്ദ്രങ്ങളാകും. ഇടനിലക്കാര്‍ എത്തി ആവശ്യമുള്ള ആളുകളെ പറയും, ഹോട്ടല്‍ ഉടമ ആളെ കൊടുക്കും. ചിലപ്പോള്‍ തൊഴിലാളികളുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഇടനിലക്കാര്‍ ഉദയം കൊള്ളും. ചുരുക്കി പറഞ്ഞാല്‍, തൊഴിലുടമ നല്‍കുന്ന യഥാര്‍ത്ഥ കൂലിയുടെ പകുതി പോലും ഇടനിലക്കാരുടെ വീതംവെപ്പ് കഴിഞ്ഞാല്‍ വിയര്‍പ്പൊഴുക്കിയവന്‍െറ കൈയില്‍ എത്തുന്നില്ല. തൊഴിലിടത്തിലെ സുരക്ഷയുടെ കാര്യത്തില്‍ ഒരു ഉറപ്പും ഇല്ല. ഇന്‍ഷുറന്‍സ് ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ‘ഇന്‍ഷുറന്‍സ്.. വോ ക്യാ ഹേ ഭായ്’ എന്നായി. എന്നാല്‍ പല ദിവസവും ഏറെ കാത്തിരുന്നിട്ടും ആരും തൊഴിലിന് വിളിക്കാതെ നിരാശരാകുന്നവര്‍ ഏറെയുണ്ട് ഇവരുടെ കൂട്ടത്തില്‍. ചിലപ്പോള്‍ കുറച്ചുകാലത്തേക്ക് ജോലി കിട്ടും. അതികഴിഞ്ഞാല്‍ വീണ്ടും ചന്തയില്‍ കാത്തുനില്‍ക്കണം. ഒന്നിനും ഒരു ഉറപ്പും ഇല്ല, എല്ലാം ഭാഗ്യം പോലെ. സ്ഥിരമായി ഏതെങ്കിലും കമ്പനിയില്‍ ജോലികിട്ടാന്‍ എന്താണ് മാര്‍ഗം എന്ന് ഇവര്‍ അന്വേഷിക്കുന്നുണ്ട്. പ്രമുഖ നിര്‍മാണ കമ്പനികളുടെ താല്‍കാലിക ജോലിക്കാരായി ഇവര്‍ പോകാറുണ്ട്. കൊണ്ടുപോകാനും തിരിച്ചുകൊണ്ടുവരാനും വാഹനവും സൗകര്യവും കണ്ടപ്പോള്‍ ഒരാള്‍ തിരക്കി. ‘ഭായ്...ഈ കമ്പനിയില്‍ ജോലിക്ക് ആളെ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ’

നഗരത്തിലെ ആഢംബര ഫ്ളാറ്റുകള്‍ക്ക് അഴക് കൂട്ടാന്‍ വിയര്‍പ്പൊഴുക്കുന്ന ഈ തൊഴിലാളികളുടെ വാസസ്ഥലം കണ്ടാല്‍ കരഞ്ഞു പോകും. പത്തും പതിനഞ്ചും പേരാണ് ചെറിയ മുറിയില്‍ തിങ്ങിതള്ളി ജീവിക്കുന്നത്. പ്രാഥമിക കൃത്യങ്ങള്‍ക്കുള്ള സൗകര്യം പോലും അതി ദയനീയമായിരിക്കും. കമ്പനി തൊഴിലാളികള്‍ അല്ലാത്തതിനാല്‍ സ്വന്തം ചെലവില്‍ താമസിക്കേണ്ടി വരുന്നവരാണ് ‘ലേബര്‍ ചന്ത’യിലെ തൊഴിലാളികള്‍. പത്തും പതിനഞ്ചും റിയാല്‍ മാസം കൊടുത്താല്‍ കിട്ടുന്ന ചെറിയ ബെഡ്സ്പേസുകളിലാണ് ഇവരുടെ ജീവിതം. താമസസ്ഥലത്ത് സംസാരിക്കാന്‍ പോലും പേടിയാണ്. പൊലീസോ, ലേബര്‍ ഉദ്യോഗസ്ഥരോ കേട്ടാലോ...അങ്ങനെ പേടിച്ചരണ്ടാണ് ഇവരുടെ രാത്രികള്‍ കടന്നുപോകുന്നത്.
ജോലി സ്ഥലത്ത് ഹെല്‍മറ്റും, ഷൂസും ഇവര്‍ക്ക് ഉണ്ടാകാറില്ല. കടുത്തവേനലില്‍ സര്‍ക്കാര്‍ അനുവദിച്ച മധ്യാഹ്ന വിശ്രമവും ഇവര്‍ക്കില്ല. നിര്‍മാണമേഖലയില്‍ മാത്രമല്ല ഇത്തരം അവകാശനിഷേധങ്ങള്‍. മലയാളി മുതലാളിമാര്‍ നടത്തുന്ന കഫ്തീരിയകളിലെയും ഹോട്ടലുകളിലെയും ജീവനക്കാരുടെ അവകാശങ്ങളും പലപ്പോഴും പാലിക്കപെടാറില്ല. ഒമാനില്‍ ആഴ്ചയില്‍ അഞ്ചുദിവസം ജോലിയെടുക്കുന്നവന് രണ്ടുദിവസം അവധി നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഇത്തരം സ്ഥാപനങ്ങളിലെ ‘അര്‍ബാബുമാര്‍’ അറിഞ്ഞ ഭാവമേയില്ല. അവധിദിനങ്ങളില്‍ തൊഴിലെടുക്കുന്നതിനുള്ള അധികവേതനവും നല്‍കാറില്ല. നാട്ടില്‍പോയി കുടുംബത്തോടൊപ്പം കഴിയാനുള്ള രണ്ടുമാസത്തിന് വേണ്ടി രണ്ടുവര്‍ഷം രാവും പകലുമില്ലാതെ പണിയെടുക്കുകയാണ് ഇവര്‍. അവര്‍ക്ക് എന്ത് എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ടു മണിക്കൂര്‍ വിനോദം.
മുദ്രാവാക്യവുമായി ഇനിയും തൊഴിലാളി ദിനങ്ങള്‍ വരും. അവസ്ഥകള്‍ മാറുമോ എന്നറിയില്ല. എങ്കിലും 1886 ലെ അവകാശ പോരാട്ടത്തില്‍ ചിക്കാഗോ തെരുവീഥികളില്‍ മരിച്ചുവീണ രക്തസാക്ഷികളുടെ സ്വപ്നങ്ങള്‍ നെഞ്ചിലേറ്റി നമുക്ക് ഇന്നും തൊഴിലിന് ഇറങ്ങാം.
അവലംബം: ഗള്‍ഫ്‌ മാധ്യമം 01/05/2012


Friday, March 9, 2012

മടക്കയാത്രയെ ആരാണ് ഭയപ്പെടുന്നത്?


ഗള്‍ഫ് പ്രവാസികള്‍ കഥകളിലും സിനിമകളിലും ആല്‍ബങ്ങളിലും ലേഖനങ്ങളിലും പഠനങ്ങളിലും ബുദ്ധിജീവികളുടെ നിരീക്ഷണങ്ങളിലും പരിഹാസകഥാപാത്രമായിട്ട് പതിറ്റാണ്ടുകളായി. കുടിയേറ്റത്തിന്റെ അറുപതാണ്ടിലെത്തി നില്‍ക്കുമ്പോള്‍ പോലും പ്രത്യേകിച്ച് ഒരു വികാരവും സാധാരണക്കാരായ പ്രവാസികള്‍ക്കുണ്ടെന്ന് തോന്നുന്നില്ല. സഹനവും പീഢനവും വീര്‍പ്പുമുട്ടലും നൊമ്പരവും ഒറ്റപ്പെടലും പാരപണിയലും കൊണ്ട് ജീവിതയാത്രയില്‍ അനുഭവമായി പഠിച്ച പാഠങ്ങളാണ് ഇവര്‍ക്ക് കൈമുതല്‍.

സഹായിച്ചവരൊക്കെ കൈമലര്‍ത്തിയിട്ടും പഠിപ്പിച്ച് വലിയവരാക്കിയവര്‍ കുത്തിനോവിച്ചിട്ടും കൂടപ്പിറപ്പിന്റെ വേദനയില്‍ സ്വയം മറന്ന് സഹായിച്ചവര്‍ ഒറ്റപ്പെടുത്തിയിട്ടും, കെട്ടിച്ച് വിട്ടവര്‍ പരാതി പറഞ്ഞപ്പോഴും,സംഭാവനയുടെ തുകകുറഞ്ഞ് പോയതിന് നാട്ടിലെ കമ്മിറ്റി പരിഹസിച്ചതിനും സാക്ഷിയാകേണ്ടിവന്നവരാണ് പ്രവാസികള്‍. അനുഭവം കൊണ്ട് പഠിച്ച യാഥാര്‍ഥ്യങ്ങളുടെ പൊള്ളുന്ന നോവ് മനസ്സില്‍ കനല്‍പോലെ കൊണ്ടുനടക്കുന്ന പരശ്ശതം ഗള്‍ഫ് ജീവിതത്തിന് തിരിച്ച്‌പോക്കിന്റെ നോവിന് കഠിന വേദന കാണില്ല. കാരണം അവിടെയായാലും ഇവിടെയായാലും എല്ല് മുറിയെ പണിയെടുക്കണം.

കൂട്ടിക്കിഴിക്കലിന് ശേഷമുള്ള മൂല്യം വെച്ച് നോക്കുമ്പോള്‍ മലയാളമണ്ണ് തന്നെയാണ് എന്ത്‌കൊണ്ടും ഗുണകരം.തിരിച്ച് പോക്കിനെ പേടിക്കുന്നവരാരാണ്? ഒരു 'നിരീക്ഷ'ണത്തിലും പെടാത്ത ചെറിയ ശതമാനമാണ് മടക്കയാത്രയെ ഭയപ്പെടുന്നതും മറ്റുള്ളവരെ ഭയപ്പെടുത്തുന്നതും.

കുടുംബവും കുട്ടികളുമായി വൈറ്റ് കോളര്‍ ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ച് പോക്ക് ഭയാനകമായ ശൂന്യത തീര്‍ക്കുന്നുണ്ടാവാം. അക്കാദമിക്ക് സര്‍ട്ടിഫിക്കറ്റോ സാങ്കേതിക പരിജ്ഞാനമോ ഇല്ലാതെ ഉന്നതങ്ങളില്‍ 'വാക്പയറ്റ്' കൊണ്ട് കയറിപ്പറ്റിയവര്‍ക്ക് നാട്ടിലെ വ്യവസ്ഥിതിക്ക് അനുസരിച്ച് ജോലി സമ്പാദിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അസോസിയേഷനിലെ ഭാരവാഹിത്വവും സംഘടനയുടെ തലപ്പത്തും കയറി ഒരു ചെറുസമൂഹത്തിന്റെ മേലാളനായി കഴിഞ്ഞവര്‍ക്ക് തിരിച്ച് പോക്ക് അസഹ്യമാവുന്നതില്‍ അത്ഭുതമില്ല.

അവര്‍ എഴുതുന്ന ലേഖനങ്ങളിലും കോട്ടും ടൈയും കെട്ടി ഇരിക്കുന്ന ചാനല്‍ ചര്‍ച്ചകളിലും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതായി കാണുന്നില്ല.ഒരു തിരിച്ച് പോക്ക് വേണ്ടിവന്നാല്‍ മക്കളുടെ വിദ്യാഭ്യാസം, ജോലി, വീട്, വസ്ത്രം, കാറ്, ഭക്ഷണം, എന്നിങ്ങനെ പേടിപ്പെടുത്തുന്ന ഭാവികാലത്തിന്റെ വരാനിരിക്കുന്ന കറുത്ത ദിനങ്ങളെ ഓര്‍ത്ത് വേവലാതിപ്പെടുകയാണ്.

  നാം കേരളീയര്‍ മാത്രമാണ് തിരിച്ച്‌പോക്കിനെ ഭയക്കുന്നവര്‍. മടങ്ങേണ്ടിവന്നാല്‍ നാം എന്ത് ചെയ്യും എന്നത് മുന്‍കൂട്ടി തീരുമാനിക്കാന്‍ ആവുന്നതാണെന്നും മടങ്ങേണ്ടിവന്നാല്‍ സന്തോഷം മടങ്ങുക. അന്യദേശത്ത് ഇത്രയും കാലം സസുഖം വാഴാന്‍ അനുവദിച്ചതിനെ വന്ദിക്കുക. ഈ നാട്ടിലെ ജനങ്ങളും ഇവിടത്തെ ഭരണകര്‍ത്താക്കളും നല്‍കിയ സ്‌നേഹത്തിനും കൂറിനും നന്ദിപറയുക.

പിസ്സയും ബര്‍ഗറും ഏസിയും ബെന്‍സും അമേരിക്കന്‍ സ്‌കൂളും ഇല്ലെങ്കിലും കേരളം നമ്മുടെ നടാണ്. മാതൃരാജ്യത്തിലേക്കുള്ള മടക്കത്തിനപ്പുറം സന്തോഷം മറ്റെന്തിനുണ്ട്. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കണമെങ്കില്‍ വിദേശരാജ്യം തൊഴില്‍ തരാനുള്ള സന്‍മനസ്സുകാണിക്കണം. ഗള്‍ഫ് രാജ്യം പുറന്തള്ളിയാല്‍ പഠിപ്പിച്ചതൊക്കെ പാഴായി പോകില്ലെന്നാരുകണ്ടു. കേരളത്തില്‍ ജോലി ചെയ്യാന്‍ ഭാഷാപഠനം ആവശ്യമില്ലല്ലൊ.

സ്വന്തം രാജ്യത്ത് തൊഴിലില്ലാത്ത ചെറുപ്പക്കാരും ചെറുപ്പക്കാരികളും വളരുന്നതാണ് ഗള്‍ഫ് മേഖലകളിലെ പ്രധാനപ്രശ്‌നം അവര്‍ക്ക് തൊഴില്‍ കൊടുത്തേ മതിയാവൂ. അറബ് വസന്തവും മുല്ലപ്പൂ വിപ്ലവും മുന്നിലുള്ളപ്പോള്‍ ഒരു പ്രതിഷേധസമരത്തിന് പോലും ഇവിടുത്തെ ഭരണാധികാരികള്‍ അവസരം കൊടുക്കില്ല. ന്യായമായ അവകാശങ്ങള്‍ അനുവദിച്ച് കൊടുത്തേമതിയാവൂ.

ഇത്രയും കാലം തീറ്റിപ്പോറ്റിയ നാടിനോട് നന്ദിയുള്ള കുഞ്ഞാടുകളായി അവരുടെ നിയമവും നിരീക്ഷണങ്ങളും അനുസരിക്കുക.നഷ്ടപ്പെടാനുള്ളവര്‍ക്ക് വിമ്മിഷ്ടം തോന്നുക സ്വാഭാവികം. കച്ചവടം, മുതല്‍മുടക്ക്, ബാങ്ക് ബാലന്‍സ്, ഫ്ലാറ്റ്, ഓഹരി, സംഘടനയുടെ നേതാവ്, ഇതൊക്കെ നഷ്ടപ്പെടുന്നവര്‍ക്കേ വേവലാതിയുള്ളൂ.

മുന്‍പ് ഗള്‍ഫിലേക്ക് വരുമ്പോള്‍ ഉമ്മറകോലായില്‍ നിന്ന് ചിന്തിച്ച് കൂട്ടിയ വേവലാതി മാത്രമേ ഇവിടുന്ന് തിരിച്ച് പോകേണ്ടിവരുമെന്ന് പറയുമ്പോള്‍ സധാരണക്കാരായ പ്രവാസിക്ക് ചിന്തിക്കാനുള്ളൂ.

ഗള്‍ഫ് തിരിച്ച് പോക്കിന് വേഗതകൂട്ടിയത് നാം തന്നെയാണ്. വലിയ വലിയ മാളുകളും ഹോട്ടലുകളും, ചെറുകിട കച്ചവടക്കാരെ അപ്പാടെ വിഴുങ്ങികളയുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളും ഡിപ്പാര്‍ട്ടമെന്റ് സ്റ്റോറുകളും തുടങ്ങി. ക്ലിനിക്കുകള്‍ക്ക് പകരം മള്‍ട്ടിസ്‌പെഷ്യാലിറ്റി ആസ്പത്രികളായി. സ്വദേശികളും മറ്റു അറബ് വംശജരും ഈ തള്ളിച്ചയില്‍ അന്തംവിട്ടു. വലിയ വലിയ സ്ഥാപനങ്ങള്‍ എല്ലാം തന്നെ വിദേശ ഇന്ത്യക്കാരുടെയും മറ്റു രാജ്യക്കാരുടെതുമാത്രമാണെന്നുള്ള തിരിച്ചറിവ്. അവരുടെ മനസ്സില്‍ അലോസരം സൃഷ്ടിച്ചിട്ടുണ്ടാവാം.

ജ്വല്ലറികളുടെ മാര്‍ക്കറ്റുകള്‍, പണമിടപാട് സ്ഥാപനങ്ങളുടെ നീണ്ടനിര, എല്ലാം മലയാളിയുടേത്. ഇന്ത്യക്കാരന്റേത്, പാകിസ്താനിയുടേത്. നമ്മുടെ ദേശത്ത് നമുക്കായ് എന്തുണ്ട് എന്ന തോന്നലുകള്‍ ഉടലെടുത്തിട്ടുണ്ടാവാം.

ഗള്‍ഫ് കാലം കഴിഞ്ഞെന്ന് പറയുന്നതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഓരോ തലമുറയും അവര്‍ക്ക് ശേഷം കഴിഞ്ഞു. ഇങ്ങോട്ടാരും വരേണ്ട,എന്നൊക്കെ പറയുമ്പോഴും പാസ്‌പോര്‍ട്ട് കോപ്പിയും രണ്ട് ഫോട്ടോയും പാന്റിന്റെ പോക്കറ്റില്‍ കാണും. അങ്ങനെ വന്നണഞ്ഞവര്‍ മറ്റുള്ളവരോട് പറയും കഴിഞ്ഞു. ഇനി വിസ ഇല്ല. ഈ വാക്കും പ്രവൃത്തിയും തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. കോഴിക്കോട്ട് നിന്നും, കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും വിമാനങ്ങള്‍ പറന്ന് കൊണ്ടിരിക്കുന്നു. അതിലെല്ലാം വിസിറ്റായും എംപ്ലോയ്‌മെന്റ് വിസയായും. പുതുതലമുറയും എത്തുന്നു.

തിരിച്ച് പോക്കിന്റെ വേവലാതി നാം തന്നെ പങ്കിട്ടെടുക്കയാണല്ലൊ. ഇവിടെയുള്ള പത്രദൃശ്യ ശ്രാവ്യമാധ്യമങ്ങള്‍ എല്ലാം തന്നെ ഗള്‍ഫ് മേഖലയില്‍ തന്നെ ചുറ്റിക്കറങ്ങുകയാണ്. യുദ്ധം കൊണ്ട് ഒറ്റപ്പെട്ട് പോയ ഒരു രാജ്യത്തിലെ ജനങ്ങളെ പോലെയാണ് പ്രവാസികള്‍ നമ്മുടെ പ്രശ്‌നങ്ങള്‍ പുറം ലോകമറിയുന്നില്ല. ഗള്‍ഫ് എഡിഷനുകള്‍ തീര്‍ത്ത് ഗള്‍ഫില്‍ തന്നെ വാര്‍ത്തകള്‍ ജീര്‍ണ്ണിക്കുകയാണ്. ഗള്‍ഫ് കവി, പ്രവാസി രചന, പ്രവാസി എഴുത്തുകാരന്‍, ഗള്‍ഫ് കോളം എന്നിവകൊണ്ട് നാം നല്‍കിയത് നമുക്ക് തന്നെ നല്‍കിക്കൊണ്ട് 'സായൂജ്യ' മടയുകയാണ്.

പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ നമുക്കാരാണ് ഉള്ളത്. വിമാനം ചാര്‍ട്ട് ചെയ്ത് വോട്ട് നല്‍കി വിജയിപ്പിച്ചവരാണ് ഭരിക്കുന്നത്. പ്രവാസിമന്ത്രിയും വ്യോമയാനമന്ത്രിയും കേരളീയനായ 'ഭാഗ്യം' ലഭിച്ചവരാണ് നമ്മള്‍ എന്നിട്ടൊ?

പുനരധിവാസവും പെന്‍ഷനും വേണമെന്നുള്ള മുറവിളിക്ക് നീണ്ടകാലയളവുണ്ട്. മാന്യമായ ടിക്കറ്റ് കൂലി അനുവദിക്കാനെങ്കിലും ഒരാളുണ്ടായെങ്കില്‍.നമുക്ക് ഫിലിം അവാര്‍ഡും മിമിക്രിയും ഓണപ്പരിപാടിയും ഡാന്‍സ് പാര്‍ട്ടിയും കണ്ടിരിക്കാം. പരാതി പറയുന്നവര്‍ പാര്‍ട്ടിക്ക് പുറത്താകുന്നകാലം.. അല്ലെങ്കില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടോ? മന്ത്രിമാരും ഉത്തരവാദപ്പെട്ടവരും വരുന്നത്. ഞാന്‍ സൂചിപ്പിച്ച 'ചെറുശതമാന' ത്തിന്റെ കൈയില്‍ കാറില്‍ നിന്ന് കാര്‍പ്പറ്റിലേക്കിറങ്ങി. ശീതീകരിച്ച വരള്‍ച്ചയിലേക്ക് ആനയിക്കുന്നവര്‍ക്ക് പറയാന്‍ അവരുടെ പ്രശ്‌നങ്ങള്‍. പുതിയ സ്ഥലത്തിന്റെ നിലം നികത്തി തുടങ്ങാന്‍ പോകുന്ന ബിസിനസ്സിന്റെ പേപ്പര്‍ ശരിയാക്കല്‍. മക്കളുടെ അഡ്മിഷന്‍, പിന്നെ സര്‍ട്ടിഫിക്കറ്റിലേക്കുള്ള തുകയും.

താലപ്പൊലിയും, ചെണ്ടമേളവും കാതടപ്പിക്കുന്ന കോലാഹലങ്ങളുമായി ഇവര്‍ മന്ത്രിമാരെ 'ചെകിടടപ്പി'ക്കുന്നു. പുരുഷാരത്തിന്റെ തള്ളിച്ചയില്‍ നേതാക്കള്‍ കാറിലേറുന്നു. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമയം ചോദിക്കുന്നു. അറുപതാണ്ട് പഠിച്ചിട്ടും പഠിക്കാത്തവര്‍ നമ്മളെ ഭരിക്കുന്നു. വീണ്ടും വീണ്ടും പാഠം ചൊല്ലിക്കൊടുക്കാന്‍ പ്രവാസികള്‍ ഉടുമുണ്ട് താഴ്ത്തി ഓച്ഛാനിച്ച് നില്‍ക്കുന്നു. തിരിച്ച് പോകാന്‍ ആര്‍ക്കാണ് പേടി. മറുപടി അര്‍ഹിക്കുന്ന ചോദ്യമാണ്.

വാല്‍കഷ്ണം: കഴിഞ്ഞ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഗള്‍ഫില്‍ വന്നില്ല. നമ്മളെ കണ്ടില്ല. നമ്മുടെ പരാതി കേട്ടില്ല. നന്ദിയുണ്ട് സാര്‍ അങ്ങെങ്കിലും നമ്മുടെ ശാപത്തില്‍ നിന്ന് രക്ഷപ്പപെട്ടല്ലോ.

കടപ്പാട് : ഫസീല റഫീഖ്‌ (മാതൃഭൂമി)

Saturday, January 14, 2012

ഇലക്ട്രോണിക് മീഡിയയില്‍ കറങ്ങുന്ന കൗമാരംഇലക്ട്രോണിക് മീഡിയയില്‍ കറങ്ങുന്ന കൗമാരംമൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, ടെലിവിഷന്‍ ഇവ ഇന്ന് നമ്മുടെ ജീവിതത്തിന്‍െറ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിന്‍െറ ഉപയോഗം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പുതിയ തലമുറ ഇതിന്‍െറ അടിമകളായി മാറിക്കഴിഞ്ഞു. ഇതില്ലാത്ത ഒരവസ്ഥയെക്കുറിച്ച് പുതിയ തലമുറക്ക് സങ്കല്‍പിക്കാന്‍പോലും സാധിക്കില്ല. മുന്‍കാലങ്ങളില്‍ അഥവാ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പുവരെ ഇതൊന്നും വ്യാപകമല്ലാതിരുന്നിട്ടും ആളുകള്‍ സുഖമായി ജീവിച്ചുകൊണ്ടിരുന്നു എന്നുപറഞ്ഞാല്‍ പുതുതലമുറക്ക് ഒന്നേ പറയാനുണ്ടാവുകയുള്ളൂ. അവര്‍ക്ക് എന്ത് നഷ്ടമായിരുന്നു എന്ന്. യഥാര്‍ഥത്തില്‍ നഷ്ടത്തിലായവര്‍ അവരായിരുന്നില്ല. നിങ്ങളായിരുന്നുവെന്ന് പറയാന്‍ ഇനിയൊരാലോചന വേണ്ടിവരില്ല.
ഇലക്ട്രോണിക് മീഡിയ ഓരോരുത്തരുടെയും നിത്യജീവിതത്തെ ഏറെ സ്വാധീനിച്ചിരിക്കുന്നു എന്നതില്‍ സംശയമില്ല. പലപ്പോഴും ഇത്തരം മീഡിയ മനുഷ്യ ജീവിതത്തില്‍ ധാരാളം നേട്ടങ്ങള്‍ ഉണ്ടാക്കുന്നതോടൊപ്പം ഏറെ കോട്ടങ്ങളും സൃഷ്ടിക്കുന്നു. ഇതിന്‍െറ അമിതഉപയോഗം ശാരീരി-മാനസിക പ്രശ്നങ്ങള്‍ക്കും സാമൂഹിക-കുടുംബ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ഇതിന്‍െറ നല്ല വശങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചും സ്വീകരിച്ചും ജീവിക്കുമ്പോള്‍ നേട്ടമുണ്ടാവുന്നതുപോലെതന്നെ ദൂഷ്യവശങ്ങള്‍ കോട്ടങ്ങളുടെ ഘോഷയാത്രതന്നെ സൃഷ്ടിക്കുന്നു. ഇത്തരം ഘോഷയാത്രയില്‍ മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ ഭാഗഭാക്കാകുന്നു. മുതിര്‍ന്നവരില്‍ പലര്‍ക്കും പക്വതയും സുസ്ഥിരതയും ഉള്ളതുകാരണം ഒരു പരിധിവരെ ഇതിന്‍െറ ദൂഷ്യഫലത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സാധിക്കുന്നു. എന്നാല്‍, പക്വതയിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന കുട്ടികള്‍ അഥവാ കൗമാരക്കാര്‍ ഇതിന്‍െറ ശരിയായ അടിമയായി മാറുന്നു.
ഒരിക്കല്‍ പ്ളസ്ടുവിന് പഠിക്കുന്ന റിയാസിനെയും കൂട്ടി രക്ഷിതാക്കള്‍ വന്നു. പരീക്ഷക്ക് കേവലം ഒരു മാസം മാത്രം ബാക്കിയിരിക്കെ കുട്ടിയില്‍ കണ്ട സ്വഭാവമാറ്റം അവരെ പ്രയാസപ്പെടുത്തി. നല്ല അനുസരണയുള്ളവനായിരുന്നു റിയാസ്. ഇപ്പോള്‍ കുറച്ചു ദിവസമായി തീരെ അനുസരിക്കുന്നില്ല. അച്ഛനോടുപോലും കയര്‍ത്തു സംസാരിക്കുന്നു. അച്ഛന്‍െറ മോട്ടോര്‍സൈക്കിള്‍ ഒറ്റവീലില്‍ ഓടിക്കുന്നു. വല്ലാത്ത ദേഷ്യം പ്രകടിപ്പിക്കുന്നു. മകന്‍െറ സ്വഭാവമാറ്റത്തിന്‍െറ കാരണങ്ങളറിയാന്‍ ഒരിക്കല്‍ അമ്മ അവനെ വിളിച്ചിരുത്തി കാര്യങ്ങള്‍ തിരക്കി. പക്ഷേ, അപ്പോള്‍ ഏറെ ദേഷ്യത്തോടെ മൂകനായി ഇരിക്കുകയുണ്ടായി. ഇത് അവരെ ഭീതിപ്പെടുത്തി. കുട്ടിയുമായുള്ള സംസാരത്തില്‍നിന്ന് വളരെ നിസ്സാരമെന്ന് നമുക്ക് തോന്നുന്ന ഒരു പ്രശ്നമാണ് അവനെ ഈ നിലയിലാക്കിയതെന്ന് മനസ്സിലായി. പക്ഷേ, അവനത് വലിയ പ്രശ്നം തന്നെയായിരുന്നു. അവന്‍െറ മൊബൈല്‍ ഫോണ്‍ തകരാറായിട്ട് ഏകദേശം രണ്ടാഴ്ചയായി. നന്നാക്കാന്‍ സാധ്യമല്ളെന്ന് മെക്കാനിക് പറഞ്ഞുവത്രെ. പുതിയ മൊബൈല്‍ ഫോണ്‍ ഉടന്‍ വാങ്ങണമെന്ന് അവന്‍ അമ്മയോട് പറഞ്ഞു. പരീക്ഷക്ക് ഒരു മാസം മാത്രമേയുള്ളൂ. അത് കഴിഞ്ഞ് അച്ഛനോട് പറഞ്ഞ് വാങ്ങിക്കാമെന്ന് പറഞ്ഞു. പക്ഷേ, അവനത് സ്വീകാര്യമായിരുന്നില്ല. വീണ്ടും വീണ്ടും അമ്മയെ നിര്‍ബന്ധിച്ചതുകാരണം അമ്മ അച്ഛനെ അറിയിച്ചു. അച്ഛനാകട്ടെ പരീക്ഷ കഴിയട്ടെ എന്ന് പറഞ്ഞു. അത് വല്ലാതെ അവനെ പ്രകോപിതനാക്കി. മൊബൈല്‍ ഫോണില്ലാതെ ഒരു ദിവസംപോലും കഴിച്ചുകൂട്ടാന്‍ അവന് കഴിയുന്നില്ല. എന്നിട്ടല്ളേ ഒരു മാസം. നാലു വര്‍ഷമായി ഉപയോഗിക്കുന്ന ഫോണ്‍ ഒരു ദിവസം ഇല്ലാതാവുക എന്നതുപോലും അവന് അസഹ്യമായിരുന്നു. വെറും ഒരു മാസമല്ളേ, പരീക്ഷ കഴിഞ്ഞ് ലഭിക്കുമല്ളോ, അത്രയല്ളെ കാത്തിരിക്കേണ്ടതുള്ളൂ എന്ന ചോദ്യം അവനെ ചെറിയതോതില്‍ പ്രകോപിപ്പിച്ചു. ഒരു മാസം പോയിട്ട് ഒരു നിമിഷം പോലും അതില്ലാതെ ജീവിതമില്ല എന്ന ഉറച്ച സ്വരത്തിലുള്ള പ്രതികരണമാണ് അവനില്‍നിന്നുണ്ടായത്. മൊബൈല്‍ ഉപയോഗിച്ച് ഇത്ര പ്രാധാന്യമുള്ള ഫോണ്‍ വിളിക്കാനുണ്ടോ എന്ന ചോദ്യത്തിന് ആര്‍ക്കുവേണം ഫോണ്‍വിളി. അത് വലിയ കാര്യമല്ല- പിന്നെ ഗെയിമിനാണോ? അവന്‍െറ മറുപടി പുച്ഛഭാവത്തിലായിരുന്നു- ഞാന്‍ എന്താ കൊച്ചു കുട്ടിയാണോ- ഈ ഗെയിം കളിക്കാന്‍. ഇതൊന്നുമല്ലാതെ പിന്നെ പാട്ടുകേള്‍ക്കാനാണോ? പാട്ടുകേള്‍ക്കാന്‍ എന്തിനാ മൊബൈല്‍ എന്ന മറുചോദ്യമായിരുന്നു ഉത്തരം. ഇതൊന്നുമാവശ്യമില്ലാതെ പിന്നെന്തിനാ മൊബൈല്‍ ഫോണ്‍ വേണമെന്ന് വാശിപിടിക്കുന്നത്? അപ്പോളവന്‍ നിലപാട് വ്യക്തമാക്കി. നെറ്റ് ഉപയോഗിക്കാന്‍തന്നെ. ഫേസ്ബുക്കിലും ഓര്‍ക്കുട്ടിലും പോയി ചുമ്മാ ചാറ്റുചെയ്ത് രസിക്കാന്‍. ദിവസവും മണിക്കൂറുകളോളം സുഹൃത്തുക്കളുമായും മറ്റ് പരിചിതരും അല്ലാത്തവരുമായും ചാറ്റിങ്ങിലൂടെ ആശയവിനിമയം നടത്താനും ബ്രൗസ് (Browse) ചെയ്ത് പല കാര്യങ്ങളും അറിയാനും (സെക്സ് പോലുള്ള കൗമാരക്കാര്‍ക്ക് അതീവതാല്‍പര്യമുള്ള കാര്യങ്ങള്‍) രാത്രിയും പകല്‍ സമയങ്ങളിലും ഇതിനുവേണ്ടി സമയം കണ്ടെത്തിയ റിയാസിന് ഫോണ്‍ നഷ്ടപ്പെട്ടപ്പോള്‍ അരക്ഷിതാവസ്ഥ ഉണ്ടായി എന്നതാണ് സത്യം.
രാത്രി ഒരു മണി സമയത്ത് അമ്മ ഞെട്ടിയുണര്‍ന്നപ്പോള്‍ മകള്‍ രമ്യ ആരോടോ പതിഞ്ഞ സ്വരത്തില്‍ സംസാരിക്കുന്നു.ശ്രദ്ധിച്ചു നോക്കിയപ്പോള്‍ മൊബൈല്‍ ഫോണിലൂടെ ആണെന്ന് മനസ്സിലായി. കാര്യങ്ങള്‍ ആരാഞ്ഞപ്പോള്‍ നാളെ പരീക്ഷയാണെന്നും ധാരാളം പഠിക്കാനുള്ളതുകൊണ്ട് ഉറങ്ങാതെ പഠിക്കുകയാണെന്നും പഠിക്കുന്നതിനിടയില്‍ സംശയം ഉണ്ടായെന്നും അതുകാരണം സഹപാഠി സുമയെ വിളിച്ചുചോദിച്ചതാണെന്നും പറഞ്ഞ് രക്ഷപ്പെട്ടു. പാവം അമ്മ മകളുടെ പഠനകാര്യത്തിലുള്ള അതീവ താല്‍പര്യത്തെ അറിഞ്ഞ് അഭിമാനത്തോടെ കിടന്നുറങ്ങുന്നു. രക്ഷിതാക്കള്‍ അറിയാതെ രമ്യ ഈ പല്ലവി തുടര്‍ന്നു. മണിക്കൂറുകളോളം ഉറക്കമൊഴിഞ്ഞ് ഫോണ്‍ ചെയ്യുന്നതുകാരണം ശാരീരിക-മാനസിക ക്ഷീണം അവളില്‍ അനുഭവപ്പെട്ടു. പകല്‍സമസയങ്ങളില്‍ ക്ളാസ് മുറിയിലും മറ്റും അവളുടെ ഇരിപ്പും ഭാവവും മാറി. സ്ഥിരമായി സ്വപ്നലോകത്തായ രമ്യയെ അധ്യാപകര്‍ പല പ്രാവശ്യം ശാസിച്ചു. പഠനത്തില്‍ അവള്‍ ഏറെ പിറകോട്ടായി. പഠിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് അവളെത്തിച്ചേര്‍ന്നു. മകളുടെ പെരുമാറ്റത്തില്‍ കണ്ട മാറ്റം രക്ഷിതാക്കള്‍ അത്ര കാര്യമായി എടുത്തില്ല. ഒരിക്കല്‍ രമ്യയുടെ പാതിരാ ഫോണ്‍ പരിപാടി അച്ഛന്‍െറ ശ്രദ്ധയില്‍ പെട്ടപ്പോഴാണ് സംഭവം പുറത്തുവന്നത്. രാത്രി ഉറക്കമൊഴിഞ്ഞ് സംസാരിക്കുന്നത് സ്ഥിരമായി സാധനങ്ങള്‍ വാങ്ങുന്ന സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ്മാന്‍ രാജീവുമായിട്ടായിരുന്നു. രണ്ടാംശനി, ഞായര്‍ ദിവസങ്ങളില്‍ എന്‍ട്രന്‍സ് കോച്ചിങ്ങിന് കുറച്ചകലെ പോകുന്നതുകാരണം വാങ്ങിക്കൊടുത്തതായിരുന്നു മൊബൈല്‍ ഫോണ്‍.
തുടര്‍ച്ചയായി മിസ്ഡ്കോള്‍ കണ്ടപ്പോള്‍ സീനത്തിന് തിരിച്ചുവിളിക്കണമെന്ന് തോന്നി. വിളിച്ചപ്പോള്‍ ഒരു പുരുഷശബ്ദം. കാര്യം തിരക്കിയപ്പോള്‍ സോറി, റോങ്നമ്പര്‍ എന്ന് പറഞ്ഞവര്‍ ഫോണ്‍ വെച്ചു. പിന്നീട് വീണ്ടും മിസ്ഡ്കോള്‍ വരാന്‍ തുടങ്ങി. ക്രമത്തില്‍ രണ്ടുപേരും പരസ്പര സുഹൃത്തുക്കളായി മാറി. സുഹൃദ്ബന്ധം പ്രണയത്തിലേക്കെത്തിച്ചു. പ്രണയം മൂര്‍ച്ഛിച്ചപ്പോള്‍ കാണാനുള്ള ത്വരയായി. അങ്ങനെ ഒരു ദിവസം മലപ്പുറത്തുള്ള പയ്യന്‍ കിലോമീറ്റര്‍ താണ്ടി കണ്ണൂരിലെത്തി. അവര്‍ക്ക് പെരുത്ത് ഇഷ്ടമായി. പിന്നീടൊരിക്കല്‍ സാമാന്യം സാമ്പത്തിക ഭദ്രതയുള്ള വിദ്യാഭ്യാസ പിന്‍ബലമുള്ള കുടുംബത്തിലെ സീനത്തിനെ വിദ്യാഭ്യാസമില്ലാത്ത, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ അന്‍വര്‍ സാദാത്ത് വന്നു കൂട്ടിക്കൊണ്ടുപോയി. കേവലം ഒരു മിസ്ഡ് കോളിന്‍െറ ചെലവില്‍- ഇതുകാരണം രക്ഷിതാക്കള്‍ കടുത്ത മാനസിക സമ്മര്‍ദത്തിനിരയാവുകയും വിഷാദ രോഗത്തിനടിപ്പെടുകയും ചെയ്തു.
ഇത്തരത്തില്‍ ധാരാളം കദനകഥകള്‍ നാം കണ്ടും കേട്ടും കൊണ്ടിരിക്കുന്നു. ഇലക്ട്രോണിക് മീഡിയ വരുത്തിവെക്കുന്ന ഇത്തരം ദുരിതങ്ങള്‍ സഹിക്കവയ്യാതെ രക്ഷിതാക്കള്‍ വിഭ്രാന്തിയില്‍ അകപ്പെടുന്നു. ചിലപ്പോള്‍ മാനസിക സംഘര്‍ഷങ്ങള്‍ക്കും മാനസിക രോഗത്തിനുതന്നെയും കാരണമാകുന്നു. പലപ്പോഴും ഇത്തരം ഉപകരണങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള അജ്ഞതയും തന്‍െറ കുട്ടികളോടുള്ള അമിത വിശ്വാസവും രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ ഇത്തരം പ്രവണതകളെ മുളയില്‍ നുള്ളുവാനുള്ള അവസരം നഷ്ടപ്പെടുത്തുന്നു. കമ്പ്യൂട്ടറും മൊബൈല്‍ ഫോണും സ്വന്തം കുഞ്ഞിന് നല്‍കുന്ന രക്ഷിതാക്കള്‍ അത് അവര്‍ ഏതു രീതിയിലാണ് കൈകാര്യംചെയ്യുന്നതെന്ന് അറിഞ്ഞിരിക്കേണ്ട ബാധ്യതയെക്കുറിച്ച് വിസ്മരിക്കരുത്. ഇന്‍റര്‍നെറ്റ് കണക്ഷനുള്ള ഫോണും കമ്പ്യൂട്ടറും കൗമാരക്കാര്‍ക്ക് സ്വന്തമായി ലഭിച്ചാല്‍ ഏതറ്റംവരെ അവരെത്തുമെന്ന ഒരു കാഴ്ചപ്പാട് രക്ഷിതാക്കളിലുണ്ടാവണം. അതുപോലെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യപ്പെടുമ്പോള്‍ തങ്ങളുടെ ഭാവി വാഗ്ദാനങ്ങള്‍ക്ക് ഈ മഹാവിപത്തില്‍നിന്ന് മോചനം നേടാന്‍ ഒരു പരിധിവരെ സാധിക്കുമെന്ന് തീര്‍ച്ച. ഇതിനര്‍ഥം കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റുമൊന്നും വീട്ടില്‍ ഉണ്ടാവരുതെന്നല്ല. അത്തരം ഉപകരണങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് വീടിന്‍െറ പൊതുവായ സ്ഥലത്ത് സ്ഥാപിക്കുന്നതാണ് അഭികാമ്യം. പക്ഷേ, പല വീടുകളിലും ഇത്തരം ഉപകരണങ്ങള്‍ നിര്‍ഭാഗ്യവശാല്‍ മുതിര്‍ന്ന കുട്ടികളുടെ കിടപ്പറയില്‍ സ്ഥാപിച്ചതായി കാണുന്നു. ഇത് തീര്‍ച്ചയായും മേല്‍പറഞ്ഞ ദൂഷ്യങ്ങളില്‍ അറിയാതെ വഴുതിവീഴാന്‍ നിങ്ങള്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് മനസ്സിലാക്കുക.
ഇതുപോലെ, കൗമാരക്കാര്‍ മൊബൈല്‍ ഫോണ്‍ ഉയോഗിക്കുന്നുവെങ്കില്‍ രാത്രികാലത്ത് രക്ഷിതാക്കളുടെ കൈവശം സൂക്ഷിക്കുന്നതാണ് ഉത്തമം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ആവശ്യമില്ലാതെ മൊബൈല്‍ ഫോണ്‍ ഇത്തരക്കാര്‍ക്ക് നല്‍കാതിരിക്കുന്നതാണ് ഉത്തമം. പലപ്പോഴും പഠിക്കേണ്ട വിലപ്പെട്ട സമയങ്ങളില്‍ ഫോണ്‍കൊണ്ട് കളിക്കുന്ന പതിവ് ഇവരില്‍ കണ്ടുവരുന്ന ഒരു സ്വഭാവദൂഷ്യം തന്നെയാണ്.
ഒരിക്കല്‍ പ്ളസ്ടുവിന് പഠിക്കുന്ന മകന്‍െറ അമിതഫോണ്‍ ഉപയോഗത്തില്‍ സങ്കടപ്പെട്ട് അവനെ ഉപദേശിക്കാന്‍ രക്ഷിതാവ് കുട്ടിയെയും കൂട്ടിവന്നു. ഫോണിന്‍െറ ഉപയോഗത്തെപ്പറ്റിയും അതുകൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റിയും വിശദീകരിക്കുന്നതിനിടയില്‍ അമ്മ കൂടെ വന്ന ആറാം ക്ളാസുകാരിയായ മകളെ നോക്കി നീയും ഇത് ശ്രദ്ധിക്കണം. ഈയിടെയായി നിനക്കും ഫോണിന്‍െറ ഉപയോഗം കൂടുന്നുണ്ട് എന്ന് പറയുകയുണ്ടായി. ഇവിടെ ശ്രദ്ധേയമായ ഒരു ചോദ്യം ഉയര്‍ന്നുവരുന്നു. ആറാം ക്ളാസില്‍ പഠിക്കുന്ന കുട്ടിക്ക് സ്വന്തമായി ഒരു മൊബൈല്‍ ഫോണ്‍ എന്തിനാണ്? ഇതാണ് ഇന്നത്തെ തലമുറ! ഇവിടെ കുറ്റക്കാര്‍ കുട്ടിയോ -അതല്ല രക്ഷിതാവോ?
സ്നേഹപ്രകടനത്തിന്‍െറ പേരില്‍ നല്‍കുന്ന ഇത്തരം സാധനസാമഗ്രികള്‍ കുട്ടികളുടെ ഭാവി ജീവിതത്തില്‍ വിനയായി ഭവിക്കുമെന്ന് മുന്‍കൂട്ടിയറിയാനുള്ള ഒരു സാമാന്യ ബുദ്ധിയെങ്കിലും ഇത്തരം രക്ഷിതാക്കള്‍ കാണിക്കേണ്ടിയിരിക്കുന്നു. അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് ടെലിവിഷന്‍. ഇന്ന് പല വീടുകളിലും മിനി തിയറ്ററുകളാണ്. വലിയ സ്ക്രീനുള്ള ടി.വിയും ഹോം തിയറ്റര്‍ സിസ്റ്റവും ഇന്ന് പണക്കാരുടെ മാത്രമല്ല സാധാരണക്കാരുടെതും കൂടിയാണ്. ഇന്ന് പല വീടുകളിലും പ്രത്യേകിച്ച് അവധി ദിവസങ്ങളില്‍ പാട്ടുംകൂത്തുമാണ് കണ്ടുവരുന്നത്. ഒരു നിയന്ത്രണവുമില്ലാതെ കുട്ടികളെ ടെലിവിഷന്‍െറ മുന്നിലിരുത്തി ഇക്കിളിപ്പെടുത്തുന്ന പാട്ടും കൂത്തും സിനിമയും സീരിയലുകളും സകുടുംബം കണ്ടുരസിക്കുന്നു. ഇതില്‍നിന്നെല്ലാം പ്രചോദനം കിട്ടുന്ന കുട്ടികള്‍ പിന്നീട് ജീവിതം വെറും പാട്ടുംകൂത്തുമായി മാത്രം കാണുന്നതില്‍ തെറ്റുണ്ടെന്ന് പറയുക സാധ്യമല്ലാതാവുന്നു.


Courtesy: Dr. Umer Farook - Madhyamam Daily