Saturday, January 14, 2012

ഇലക്ട്രോണിക് മീഡിയയില്‍ കറങ്ങുന്ന കൗമാരംഇലക്ട്രോണിക് മീഡിയയില്‍ കറങ്ങുന്ന കൗമാരംമൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, ടെലിവിഷന്‍ ഇവ ഇന്ന് നമ്മുടെ ജീവിതത്തിന്‍െറ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിന്‍െറ ഉപയോഗം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പുതിയ തലമുറ ഇതിന്‍െറ അടിമകളായി മാറിക്കഴിഞ്ഞു. ഇതില്ലാത്ത ഒരവസ്ഥയെക്കുറിച്ച് പുതിയ തലമുറക്ക് സങ്കല്‍പിക്കാന്‍പോലും സാധിക്കില്ല. മുന്‍കാലങ്ങളില്‍ അഥവാ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പുവരെ ഇതൊന്നും വ്യാപകമല്ലാതിരുന്നിട്ടും ആളുകള്‍ സുഖമായി ജീവിച്ചുകൊണ്ടിരുന്നു എന്നുപറഞ്ഞാല്‍ പുതുതലമുറക്ക് ഒന്നേ പറയാനുണ്ടാവുകയുള്ളൂ. അവര്‍ക്ക് എന്ത് നഷ്ടമായിരുന്നു എന്ന്. യഥാര്‍ഥത്തില്‍ നഷ്ടത്തിലായവര്‍ അവരായിരുന്നില്ല. നിങ്ങളായിരുന്നുവെന്ന് പറയാന്‍ ഇനിയൊരാലോചന വേണ്ടിവരില്ല.
ഇലക്ട്രോണിക് മീഡിയ ഓരോരുത്തരുടെയും നിത്യജീവിതത്തെ ഏറെ സ്വാധീനിച്ചിരിക്കുന്നു എന്നതില്‍ സംശയമില്ല. പലപ്പോഴും ഇത്തരം മീഡിയ മനുഷ്യ ജീവിതത്തില്‍ ധാരാളം നേട്ടങ്ങള്‍ ഉണ്ടാക്കുന്നതോടൊപ്പം ഏറെ കോട്ടങ്ങളും സൃഷ്ടിക്കുന്നു. ഇതിന്‍െറ അമിതഉപയോഗം ശാരീരി-മാനസിക പ്രശ്നങ്ങള്‍ക്കും സാമൂഹിക-കുടുംബ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ഇതിന്‍െറ നല്ല വശങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചും സ്വീകരിച്ചും ജീവിക്കുമ്പോള്‍ നേട്ടമുണ്ടാവുന്നതുപോലെതന്നെ ദൂഷ്യവശങ്ങള്‍ കോട്ടങ്ങളുടെ ഘോഷയാത്രതന്നെ സൃഷ്ടിക്കുന്നു. ഇത്തരം ഘോഷയാത്രയില്‍ മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ ഭാഗഭാക്കാകുന്നു. മുതിര്‍ന്നവരില്‍ പലര്‍ക്കും പക്വതയും സുസ്ഥിരതയും ഉള്ളതുകാരണം ഒരു പരിധിവരെ ഇതിന്‍െറ ദൂഷ്യഫലത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സാധിക്കുന്നു. എന്നാല്‍, പക്വതയിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന കുട്ടികള്‍ അഥവാ കൗമാരക്കാര്‍ ഇതിന്‍െറ ശരിയായ അടിമയായി മാറുന്നു.
ഒരിക്കല്‍ പ്ളസ്ടുവിന് പഠിക്കുന്ന റിയാസിനെയും കൂട്ടി രക്ഷിതാക്കള്‍ വന്നു. പരീക്ഷക്ക് കേവലം ഒരു മാസം മാത്രം ബാക്കിയിരിക്കെ കുട്ടിയില്‍ കണ്ട സ്വഭാവമാറ്റം അവരെ പ്രയാസപ്പെടുത്തി. നല്ല അനുസരണയുള്ളവനായിരുന്നു റിയാസ്. ഇപ്പോള്‍ കുറച്ചു ദിവസമായി തീരെ അനുസരിക്കുന്നില്ല. അച്ഛനോടുപോലും കയര്‍ത്തു സംസാരിക്കുന്നു. അച്ഛന്‍െറ മോട്ടോര്‍സൈക്കിള്‍ ഒറ്റവീലില്‍ ഓടിക്കുന്നു. വല്ലാത്ത ദേഷ്യം പ്രകടിപ്പിക്കുന്നു. മകന്‍െറ സ്വഭാവമാറ്റത്തിന്‍െറ കാരണങ്ങളറിയാന്‍ ഒരിക്കല്‍ അമ്മ അവനെ വിളിച്ചിരുത്തി കാര്യങ്ങള്‍ തിരക്കി. പക്ഷേ, അപ്പോള്‍ ഏറെ ദേഷ്യത്തോടെ മൂകനായി ഇരിക്കുകയുണ്ടായി. ഇത് അവരെ ഭീതിപ്പെടുത്തി. കുട്ടിയുമായുള്ള സംസാരത്തില്‍നിന്ന് വളരെ നിസ്സാരമെന്ന് നമുക്ക് തോന്നുന്ന ഒരു പ്രശ്നമാണ് അവനെ ഈ നിലയിലാക്കിയതെന്ന് മനസ്സിലായി. പക്ഷേ, അവനത് വലിയ പ്രശ്നം തന്നെയായിരുന്നു. അവന്‍െറ മൊബൈല്‍ ഫോണ്‍ തകരാറായിട്ട് ഏകദേശം രണ്ടാഴ്ചയായി. നന്നാക്കാന്‍ സാധ്യമല്ളെന്ന് മെക്കാനിക് പറഞ്ഞുവത്രെ. പുതിയ മൊബൈല്‍ ഫോണ്‍ ഉടന്‍ വാങ്ങണമെന്ന് അവന്‍ അമ്മയോട് പറഞ്ഞു. പരീക്ഷക്ക് ഒരു മാസം മാത്രമേയുള്ളൂ. അത് കഴിഞ്ഞ് അച്ഛനോട് പറഞ്ഞ് വാങ്ങിക്കാമെന്ന് പറഞ്ഞു. പക്ഷേ, അവനത് സ്വീകാര്യമായിരുന്നില്ല. വീണ്ടും വീണ്ടും അമ്മയെ നിര്‍ബന്ധിച്ചതുകാരണം അമ്മ അച്ഛനെ അറിയിച്ചു. അച്ഛനാകട്ടെ പരീക്ഷ കഴിയട്ടെ എന്ന് പറഞ്ഞു. അത് വല്ലാതെ അവനെ പ്രകോപിതനാക്കി. മൊബൈല്‍ ഫോണില്ലാതെ ഒരു ദിവസംപോലും കഴിച്ചുകൂട്ടാന്‍ അവന് കഴിയുന്നില്ല. എന്നിട്ടല്ളേ ഒരു മാസം. നാലു വര്‍ഷമായി ഉപയോഗിക്കുന്ന ഫോണ്‍ ഒരു ദിവസം ഇല്ലാതാവുക എന്നതുപോലും അവന് അസഹ്യമായിരുന്നു. വെറും ഒരു മാസമല്ളേ, പരീക്ഷ കഴിഞ്ഞ് ലഭിക്കുമല്ളോ, അത്രയല്ളെ കാത്തിരിക്കേണ്ടതുള്ളൂ എന്ന ചോദ്യം അവനെ ചെറിയതോതില്‍ പ്രകോപിപ്പിച്ചു. ഒരു മാസം പോയിട്ട് ഒരു നിമിഷം പോലും അതില്ലാതെ ജീവിതമില്ല എന്ന ഉറച്ച സ്വരത്തിലുള്ള പ്രതികരണമാണ് അവനില്‍നിന്നുണ്ടായത്. മൊബൈല്‍ ഉപയോഗിച്ച് ഇത്ര പ്രാധാന്യമുള്ള ഫോണ്‍ വിളിക്കാനുണ്ടോ എന്ന ചോദ്യത്തിന് ആര്‍ക്കുവേണം ഫോണ്‍വിളി. അത് വലിയ കാര്യമല്ല- പിന്നെ ഗെയിമിനാണോ? അവന്‍െറ മറുപടി പുച്ഛഭാവത്തിലായിരുന്നു- ഞാന്‍ എന്താ കൊച്ചു കുട്ടിയാണോ- ഈ ഗെയിം കളിക്കാന്‍. ഇതൊന്നുമല്ലാതെ പിന്നെ പാട്ടുകേള്‍ക്കാനാണോ? പാട്ടുകേള്‍ക്കാന്‍ എന്തിനാ മൊബൈല്‍ എന്ന മറുചോദ്യമായിരുന്നു ഉത്തരം. ഇതൊന്നുമാവശ്യമില്ലാതെ പിന്നെന്തിനാ മൊബൈല്‍ ഫോണ്‍ വേണമെന്ന് വാശിപിടിക്കുന്നത്? അപ്പോളവന്‍ നിലപാട് വ്യക്തമാക്കി. നെറ്റ് ഉപയോഗിക്കാന്‍തന്നെ. ഫേസ്ബുക്കിലും ഓര്‍ക്കുട്ടിലും പോയി ചുമ്മാ ചാറ്റുചെയ്ത് രസിക്കാന്‍. ദിവസവും മണിക്കൂറുകളോളം സുഹൃത്തുക്കളുമായും മറ്റ് പരിചിതരും അല്ലാത്തവരുമായും ചാറ്റിങ്ങിലൂടെ ആശയവിനിമയം നടത്താനും ബ്രൗസ് (Browse) ചെയ്ത് പല കാര്യങ്ങളും അറിയാനും (സെക്സ് പോലുള്ള കൗമാരക്കാര്‍ക്ക് അതീവതാല്‍പര്യമുള്ള കാര്യങ്ങള്‍) രാത്രിയും പകല്‍ സമയങ്ങളിലും ഇതിനുവേണ്ടി സമയം കണ്ടെത്തിയ റിയാസിന് ഫോണ്‍ നഷ്ടപ്പെട്ടപ്പോള്‍ അരക്ഷിതാവസ്ഥ ഉണ്ടായി എന്നതാണ് സത്യം.
രാത്രി ഒരു മണി സമയത്ത് അമ്മ ഞെട്ടിയുണര്‍ന്നപ്പോള്‍ മകള്‍ രമ്യ ആരോടോ പതിഞ്ഞ സ്വരത്തില്‍ സംസാരിക്കുന്നു.ശ്രദ്ധിച്ചു നോക്കിയപ്പോള്‍ മൊബൈല്‍ ഫോണിലൂടെ ആണെന്ന് മനസ്സിലായി. കാര്യങ്ങള്‍ ആരാഞ്ഞപ്പോള്‍ നാളെ പരീക്ഷയാണെന്നും ധാരാളം പഠിക്കാനുള്ളതുകൊണ്ട് ഉറങ്ങാതെ പഠിക്കുകയാണെന്നും പഠിക്കുന്നതിനിടയില്‍ സംശയം ഉണ്ടായെന്നും അതുകാരണം സഹപാഠി സുമയെ വിളിച്ചുചോദിച്ചതാണെന്നും പറഞ്ഞ് രക്ഷപ്പെട്ടു. പാവം അമ്മ മകളുടെ പഠനകാര്യത്തിലുള്ള അതീവ താല്‍പര്യത്തെ അറിഞ്ഞ് അഭിമാനത്തോടെ കിടന്നുറങ്ങുന്നു. രക്ഷിതാക്കള്‍ അറിയാതെ രമ്യ ഈ പല്ലവി തുടര്‍ന്നു. മണിക്കൂറുകളോളം ഉറക്കമൊഴിഞ്ഞ് ഫോണ്‍ ചെയ്യുന്നതുകാരണം ശാരീരിക-മാനസിക ക്ഷീണം അവളില്‍ അനുഭവപ്പെട്ടു. പകല്‍സമസയങ്ങളില്‍ ക്ളാസ് മുറിയിലും മറ്റും അവളുടെ ഇരിപ്പും ഭാവവും മാറി. സ്ഥിരമായി സ്വപ്നലോകത്തായ രമ്യയെ അധ്യാപകര്‍ പല പ്രാവശ്യം ശാസിച്ചു. പഠനത്തില്‍ അവള്‍ ഏറെ പിറകോട്ടായി. പഠിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് അവളെത്തിച്ചേര്‍ന്നു. മകളുടെ പെരുമാറ്റത്തില്‍ കണ്ട മാറ്റം രക്ഷിതാക്കള്‍ അത്ര കാര്യമായി എടുത്തില്ല. ഒരിക്കല്‍ രമ്യയുടെ പാതിരാ ഫോണ്‍ പരിപാടി അച്ഛന്‍െറ ശ്രദ്ധയില്‍ പെട്ടപ്പോഴാണ് സംഭവം പുറത്തുവന്നത്. രാത്രി ഉറക്കമൊഴിഞ്ഞ് സംസാരിക്കുന്നത് സ്ഥിരമായി സാധനങ്ങള്‍ വാങ്ങുന്ന സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ്മാന്‍ രാജീവുമായിട്ടായിരുന്നു. രണ്ടാംശനി, ഞായര്‍ ദിവസങ്ങളില്‍ എന്‍ട്രന്‍സ് കോച്ചിങ്ങിന് കുറച്ചകലെ പോകുന്നതുകാരണം വാങ്ങിക്കൊടുത്തതായിരുന്നു മൊബൈല്‍ ഫോണ്‍.
തുടര്‍ച്ചയായി മിസ്ഡ്കോള്‍ കണ്ടപ്പോള്‍ സീനത്തിന് തിരിച്ചുവിളിക്കണമെന്ന് തോന്നി. വിളിച്ചപ്പോള്‍ ഒരു പുരുഷശബ്ദം. കാര്യം തിരക്കിയപ്പോള്‍ സോറി, റോങ്നമ്പര്‍ എന്ന് പറഞ്ഞവര്‍ ഫോണ്‍ വെച്ചു. പിന്നീട് വീണ്ടും മിസ്ഡ്കോള്‍ വരാന്‍ തുടങ്ങി. ക്രമത്തില്‍ രണ്ടുപേരും പരസ്പര സുഹൃത്തുക്കളായി മാറി. സുഹൃദ്ബന്ധം പ്രണയത്തിലേക്കെത്തിച്ചു. പ്രണയം മൂര്‍ച്ഛിച്ചപ്പോള്‍ കാണാനുള്ള ത്വരയായി. അങ്ങനെ ഒരു ദിവസം മലപ്പുറത്തുള്ള പയ്യന്‍ കിലോമീറ്റര്‍ താണ്ടി കണ്ണൂരിലെത്തി. അവര്‍ക്ക് പെരുത്ത് ഇഷ്ടമായി. പിന്നീടൊരിക്കല്‍ സാമാന്യം സാമ്പത്തിക ഭദ്രതയുള്ള വിദ്യാഭ്യാസ പിന്‍ബലമുള്ള കുടുംബത്തിലെ സീനത്തിനെ വിദ്യാഭ്യാസമില്ലാത്ത, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ അന്‍വര്‍ സാദാത്ത് വന്നു കൂട്ടിക്കൊണ്ടുപോയി. കേവലം ഒരു മിസ്ഡ് കോളിന്‍െറ ചെലവില്‍- ഇതുകാരണം രക്ഷിതാക്കള്‍ കടുത്ത മാനസിക സമ്മര്‍ദത്തിനിരയാവുകയും വിഷാദ രോഗത്തിനടിപ്പെടുകയും ചെയ്തു.
ഇത്തരത്തില്‍ ധാരാളം കദനകഥകള്‍ നാം കണ്ടും കേട്ടും കൊണ്ടിരിക്കുന്നു. ഇലക്ട്രോണിക് മീഡിയ വരുത്തിവെക്കുന്ന ഇത്തരം ദുരിതങ്ങള്‍ സഹിക്കവയ്യാതെ രക്ഷിതാക്കള്‍ വിഭ്രാന്തിയില്‍ അകപ്പെടുന്നു. ചിലപ്പോള്‍ മാനസിക സംഘര്‍ഷങ്ങള്‍ക്കും മാനസിക രോഗത്തിനുതന്നെയും കാരണമാകുന്നു. പലപ്പോഴും ഇത്തരം ഉപകരണങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള അജ്ഞതയും തന്‍െറ കുട്ടികളോടുള്ള അമിത വിശ്വാസവും രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ ഇത്തരം പ്രവണതകളെ മുളയില്‍ നുള്ളുവാനുള്ള അവസരം നഷ്ടപ്പെടുത്തുന്നു. കമ്പ്യൂട്ടറും മൊബൈല്‍ ഫോണും സ്വന്തം കുഞ്ഞിന് നല്‍കുന്ന രക്ഷിതാക്കള്‍ അത് അവര്‍ ഏതു രീതിയിലാണ് കൈകാര്യംചെയ്യുന്നതെന്ന് അറിഞ്ഞിരിക്കേണ്ട ബാധ്യതയെക്കുറിച്ച് വിസ്മരിക്കരുത്. ഇന്‍റര്‍നെറ്റ് കണക്ഷനുള്ള ഫോണും കമ്പ്യൂട്ടറും കൗമാരക്കാര്‍ക്ക് സ്വന്തമായി ലഭിച്ചാല്‍ ഏതറ്റംവരെ അവരെത്തുമെന്ന ഒരു കാഴ്ചപ്പാട് രക്ഷിതാക്കളിലുണ്ടാവണം. അതുപോലെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യപ്പെടുമ്പോള്‍ തങ്ങളുടെ ഭാവി വാഗ്ദാനങ്ങള്‍ക്ക് ഈ മഹാവിപത്തില്‍നിന്ന് മോചനം നേടാന്‍ ഒരു പരിധിവരെ സാധിക്കുമെന്ന് തീര്‍ച്ച. ഇതിനര്‍ഥം കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റുമൊന്നും വീട്ടില്‍ ഉണ്ടാവരുതെന്നല്ല. അത്തരം ഉപകരണങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് വീടിന്‍െറ പൊതുവായ സ്ഥലത്ത് സ്ഥാപിക്കുന്നതാണ് അഭികാമ്യം. പക്ഷേ, പല വീടുകളിലും ഇത്തരം ഉപകരണങ്ങള്‍ നിര്‍ഭാഗ്യവശാല്‍ മുതിര്‍ന്ന കുട്ടികളുടെ കിടപ്പറയില്‍ സ്ഥാപിച്ചതായി കാണുന്നു. ഇത് തീര്‍ച്ചയായും മേല്‍പറഞ്ഞ ദൂഷ്യങ്ങളില്‍ അറിയാതെ വഴുതിവീഴാന്‍ നിങ്ങള്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് മനസ്സിലാക്കുക.
ഇതുപോലെ, കൗമാരക്കാര്‍ മൊബൈല്‍ ഫോണ്‍ ഉയോഗിക്കുന്നുവെങ്കില്‍ രാത്രികാലത്ത് രക്ഷിതാക്കളുടെ കൈവശം സൂക്ഷിക്കുന്നതാണ് ഉത്തമം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ആവശ്യമില്ലാതെ മൊബൈല്‍ ഫോണ്‍ ഇത്തരക്കാര്‍ക്ക് നല്‍കാതിരിക്കുന്നതാണ് ഉത്തമം. പലപ്പോഴും പഠിക്കേണ്ട വിലപ്പെട്ട സമയങ്ങളില്‍ ഫോണ്‍കൊണ്ട് കളിക്കുന്ന പതിവ് ഇവരില്‍ കണ്ടുവരുന്ന ഒരു സ്വഭാവദൂഷ്യം തന്നെയാണ്.
ഒരിക്കല്‍ പ്ളസ്ടുവിന് പഠിക്കുന്ന മകന്‍െറ അമിതഫോണ്‍ ഉപയോഗത്തില്‍ സങ്കടപ്പെട്ട് അവനെ ഉപദേശിക്കാന്‍ രക്ഷിതാവ് കുട്ടിയെയും കൂട്ടിവന്നു. ഫോണിന്‍െറ ഉപയോഗത്തെപ്പറ്റിയും അതുകൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റിയും വിശദീകരിക്കുന്നതിനിടയില്‍ അമ്മ കൂടെ വന്ന ആറാം ക്ളാസുകാരിയായ മകളെ നോക്കി നീയും ഇത് ശ്രദ്ധിക്കണം. ഈയിടെയായി നിനക്കും ഫോണിന്‍െറ ഉപയോഗം കൂടുന്നുണ്ട് എന്ന് പറയുകയുണ്ടായി. ഇവിടെ ശ്രദ്ധേയമായ ഒരു ചോദ്യം ഉയര്‍ന്നുവരുന്നു. ആറാം ക്ളാസില്‍ പഠിക്കുന്ന കുട്ടിക്ക് സ്വന്തമായി ഒരു മൊബൈല്‍ ഫോണ്‍ എന്തിനാണ്? ഇതാണ് ഇന്നത്തെ തലമുറ! ഇവിടെ കുറ്റക്കാര്‍ കുട്ടിയോ -അതല്ല രക്ഷിതാവോ?
സ്നേഹപ്രകടനത്തിന്‍െറ പേരില്‍ നല്‍കുന്ന ഇത്തരം സാധനസാമഗ്രികള്‍ കുട്ടികളുടെ ഭാവി ജീവിതത്തില്‍ വിനയായി ഭവിക്കുമെന്ന് മുന്‍കൂട്ടിയറിയാനുള്ള ഒരു സാമാന്യ ബുദ്ധിയെങ്കിലും ഇത്തരം രക്ഷിതാക്കള്‍ കാണിക്കേണ്ടിയിരിക്കുന്നു. അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് ടെലിവിഷന്‍. ഇന്ന് പല വീടുകളിലും മിനി തിയറ്ററുകളാണ്. വലിയ സ്ക്രീനുള്ള ടി.വിയും ഹോം തിയറ്റര്‍ സിസ്റ്റവും ഇന്ന് പണക്കാരുടെ മാത്രമല്ല സാധാരണക്കാരുടെതും കൂടിയാണ്. ഇന്ന് പല വീടുകളിലും പ്രത്യേകിച്ച് അവധി ദിവസങ്ങളില്‍ പാട്ടുംകൂത്തുമാണ് കണ്ടുവരുന്നത്. ഒരു നിയന്ത്രണവുമില്ലാതെ കുട്ടികളെ ടെലിവിഷന്‍െറ മുന്നിലിരുത്തി ഇക്കിളിപ്പെടുത്തുന്ന പാട്ടും കൂത്തും സിനിമയും സീരിയലുകളും സകുടുംബം കണ്ടുരസിക്കുന്നു. ഇതില്‍നിന്നെല്ലാം പ്രചോദനം കിട്ടുന്ന കുട്ടികള്‍ പിന്നീട് ജീവിതം വെറും പാട്ടുംകൂത്തുമായി മാത്രം കാണുന്നതില്‍ തെറ്റുണ്ടെന്ന് പറയുക സാധ്യമല്ലാതാവുന്നു.


Courtesy: Dr. Umer Farook - Madhyamam Daily