Tuesday, May 1, 2012

ഏട്ട് മണിക്കൂര്‍ ജോലി, വിശ്രമം, വിനോദം...; ‘തൊഴില്‍ചന്ത’യില്‍ അവകാശങ്ങള്‍ക്ക് എന്ത് വില

ഏട്ട് മണിക്കൂര്‍ ജോലി, വിശ്രമം, വിനോദം...; ‘തൊഴില്‍ചന്ത’യില്‍ അവകാശങ്ങള്‍ക്ക് എന്ത് വില

മസ്കത്തിലെ ഗൂബ്രയില്‍ ലേബര്‍ ക്യാമ്പിനു തീ പിടിച്ചതറിഞ്ഞ് പാഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് അരികിലേക്ക് ഒരു കൂട്ടം പാകിസ്താനി ലേബര്‍മാര്‍ ഓടിയടുത്തു. അഗ്നിബാധയുടെ വിവരം നല്‍കാനായിരിക്കുമെന്ന് കരുതി കാതോര്‍ത്തവര്‍ക്ക് തെറ്റി. ദിവസക്കൂലിക്ക് തൊഴിലാളികളെ ‘വാടക’ക്ക് എടുക്കാന്‍ വന്ന ഇടനിലക്കാരന്‍ ആണെന്ന് തെറ്റിദ്ധരിച്ചാണ് അവര്‍ പ്രതീക്ഷയോടെ വാഹനത്തിനരികിലേക്ക് ഓടി വന്നത്. പത്രക്കാരാണെന്ന് അറിഞ്ഞതോടെ മുഖത്തെ പ്രതീക്ഷ മാഞ്ഞ് നിരാശ പടര്‍ന്നു. എന്നാല്‍, തൊട്ടു പിന്നില്‍ കത്തിയമരുന്ന ലേബര്‍ ക്യാമ്പിലെ അന്തേവാസികള്‍ തന്നെയാണ് താമസയിടം കത്തിയമരുമ്പോഴും തൊഴിലിന് അവസരം തേടി പരക്കം പായുന്നത് എന്നറിഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകരും അന്തംവിട്ടു.

കത്തിയമര്‍ന്ന സമ്പാദ്യങ്ങളും, പ്രതീക്ഷകളും ഓര്‍ത്ത് ദുഖിച്ചിരിക്കാന്‍ ഇവര്‍ക്ക് നേരമില്ല. കാരണം ഒരു ദിവസം ജോലിയില്ലെങ്കില്‍ അന്നത്തെ ഭക്ഷണത്തിന്‍െറ കാര്യവും അയക്കുന്ന പണം കാത്തിരിക്കുന്ന നാട്ടിലെ പ്രിയപ്പെട്ടവരുടെയും കാര്യം അവതാളത്തിലാകും. തൊഴില്‍ചന്തയില്‍ വാടകക്ക് എടുക്കുന്നവന്‍െറ ഇഷ്ടംപോലെ പണിയെടുക്കുന്നവര്‍ മാത്രമാണിവര്‍.

തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം അവധിയുള്‍പ്പെടെ ശക്തമായ തൊഴില്‍നിയമം നിലനില്‍ക്കുന്ന ഒമാനില്‍ പോലും ഫ്രീവിസയെന്ന പേരില്‍ ആരോ നല്‍കുന്ന വിസയില്‍ എത്തിപെട്ട് അധ്വാനം വാടകക്ക് നല്‍കുന്ന ജീവിക്കുന്ന നിരവധി തൊഴിലാളികളുണ്ട്. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ട് മണിക്കൂര്‍ വിനോദം എന്ന മിനിമം തൊഴില്‍അവകാശത്തെ കുറിച്ചും തൊഴിലാളി വര്‍ഗത്തിന് അവകാശം സമ്മാനിച്ച അന്താരാഷ്ട്ര തൊഴിലാളി ദിനത്തെ കുറിച്ചും ഇവര്‍ക്ക് എന്തെങ്കിലും അറിയുമോ എന്നറിയില്ല.

അതിരാവിലെ ഇവര്‍ തങ്ങളെ തേടി ഇടനിലക്കാര്‍ എത്തുന്ന ‘ലേബര്‍ ചന്ത’കളില്‍ കാത്തുനില്‍ക്കും. കാറിലോ പിക്കപ്പിലോ ഇടനിലക്കാര്‍ എത്തി ആവശ്യമുള്ളവരെ കൊണ്ടുപോകും. ജോലി പത്ത് മണിക്കൂര്‍, ചിലപ്പോള്‍ പതിനൊന്നും, പന്ത്രണ്ടും മണിക്കൂറാകും. പണികഴിഞ്ഞാല്‍ അഞ്ചു മുതല്‍ എട്ടു റിയാല്‍ വരെ കൂലികിട്ടും. ചിലപ്പോള്‍ ഒന്നോ രണ്ടോ റിയാല്‍ ഭക്ഷണത്തിന് കിട്ടിയെന്ന് വരും. രാത്രി തിരിച്ചു വീണ്ടും ക്യാമ്പിലേക്ക്, പിറ്റന്നേ് രാവിലെ വീണ്ടും ചന്തയില്‍ ചെന്ന് നിന്നാലേ തൊഴില്‍ ഉറപ്പാക്കാന്‍ പറ്റൂ. ഇവരില്‍ പലര്‍ക്കും തങ്ങളുടെ യഥാര്‍ഥ തൊഴില്‍ ഉടമ ആരാണെന്ന് അറിയില്ല. ഇടനിലക്കാരായി വരുന്നവര്‍ പോലും ഇടനിലക്കാരന്‍െറ ഇടനിലക്കാരനായിരിക്കും. ചെറുകിട ഹോട്ടല്‍, ബാര്‍ബര്‍ ഷോപ്പ് , ഇടത്തരം സൂപ്പര്‍മാര്‍ക്കറ്റ് എന്നീ കേന്ദ്രങ്ങളും ചിലപ്പോള്‍ ഇടനിലക്കാരുടെ ഇടനിലക്കാരായി ലേബര്‍ സപൈ്ള കേന്ദ്രങ്ങളാകും. ഇടനിലക്കാര്‍ എത്തി ആവശ്യമുള്ള ആളുകളെ പറയും, ഹോട്ടല്‍ ഉടമ ആളെ കൊടുക്കും. ചിലപ്പോള്‍ തൊഴിലാളികളുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഇടനിലക്കാര്‍ ഉദയം കൊള്ളും. ചുരുക്കി പറഞ്ഞാല്‍, തൊഴിലുടമ നല്‍കുന്ന യഥാര്‍ത്ഥ കൂലിയുടെ പകുതി പോലും ഇടനിലക്കാരുടെ വീതംവെപ്പ് കഴിഞ്ഞാല്‍ വിയര്‍പ്പൊഴുക്കിയവന്‍െറ കൈയില്‍ എത്തുന്നില്ല. തൊഴിലിടത്തിലെ സുരക്ഷയുടെ കാര്യത്തില്‍ ഒരു ഉറപ്പും ഇല്ല. ഇന്‍ഷുറന്‍സ് ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ‘ഇന്‍ഷുറന്‍സ്.. വോ ക്യാ ഹേ ഭായ്’ എന്നായി. എന്നാല്‍ പല ദിവസവും ഏറെ കാത്തിരുന്നിട്ടും ആരും തൊഴിലിന് വിളിക്കാതെ നിരാശരാകുന്നവര്‍ ഏറെയുണ്ട് ഇവരുടെ കൂട്ടത്തില്‍. ചിലപ്പോള്‍ കുറച്ചുകാലത്തേക്ക് ജോലി കിട്ടും. അതികഴിഞ്ഞാല്‍ വീണ്ടും ചന്തയില്‍ കാത്തുനില്‍ക്കണം. ഒന്നിനും ഒരു ഉറപ്പും ഇല്ല, എല്ലാം ഭാഗ്യം പോലെ. സ്ഥിരമായി ഏതെങ്കിലും കമ്പനിയില്‍ ജോലികിട്ടാന്‍ എന്താണ് മാര്‍ഗം എന്ന് ഇവര്‍ അന്വേഷിക്കുന്നുണ്ട്. പ്രമുഖ നിര്‍മാണ കമ്പനികളുടെ താല്‍കാലിക ജോലിക്കാരായി ഇവര്‍ പോകാറുണ്ട്. കൊണ്ടുപോകാനും തിരിച്ചുകൊണ്ടുവരാനും വാഹനവും സൗകര്യവും കണ്ടപ്പോള്‍ ഒരാള്‍ തിരക്കി. ‘ഭായ്...ഈ കമ്പനിയില്‍ ജോലിക്ക് ആളെ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ’

നഗരത്തിലെ ആഢംബര ഫ്ളാറ്റുകള്‍ക്ക് അഴക് കൂട്ടാന്‍ വിയര്‍പ്പൊഴുക്കുന്ന ഈ തൊഴിലാളികളുടെ വാസസ്ഥലം കണ്ടാല്‍ കരഞ്ഞു പോകും. പത്തും പതിനഞ്ചും പേരാണ് ചെറിയ മുറിയില്‍ തിങ്ങിതള്ളി ജീവിക്കുന്നത്. പ്രാഥമിക കൃത്യങ്ങള്‍ക്കുള്ള സൗകര്യം പോലും അതി ദയനീയമായിരിക്കും. കമ്പനി തൊഴിലാളികള്‍ അല്ലാത്തതിനാല്‍ സ്വന്തം ചെലവില്‍ താമസിക്കേണ്ടി വരുന്നവരാണ് ‘ലേബര്‍ ചന്ത’യിലെ തൊഴിലാളികള്‍. പത്തും പതിനഞ്ചും റിയാല്‍ മാസം കൊടുത്താല്‍ കിട്ടുന്ന ചെറിയ ബെഡ്സ്പേസുകളിലാണ് ഇവരുടെ ജീവിതം. താമസസ്ഥലത്ത് സംസാരിക്കാന്‍ പോലും പേടിയാണ്. പൊലീസോ, ലേബര്‍ ഉദ്യോഗസ്ഥരോ കേട്ടാലോ...അങ്ങനെ പേടിച്ചരണ്ടാണ് ഇവരുടെ രാത്രികള്‍ കടന്നുപോകുന്നത്.
ജോലി സ്ഥലത്ത് ഹെല്‍മറ്റും, ഷൂസും ഇവര്‍ക്ക് ഉണ്ടാകാറില്ല. കടുത്തവേനലില്‍ സര്‍ക്കാര്‍ അനുവദിച്ച മധ്യാഹ്ന വിശ്രമവും ഇവര്‍ക്കില്ല. നിര്‍മാണമേഖലയില്‍ മാത്രമല്ല ഇത്തരം അവകാശനിഷേധങ്ങള്‍. മലയാളി മുതലാളിമാര്‍ നടത്തുന്ന കഫ്തീരിയകളിലെയും ഹോട്ടലുകളിലെയും ജീവനക്കാരുടെ അവകാശങ്ങളും പലപ്പോഴും പാലിക്കപെടാറില്ല. ഒമാനില്‍ ആഴ്ചയില്‍ അഞ്ചുദിവസം ജോലിയെടുക്കുന്നവന് രണ്ടുദിവസം അവധി നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഇത്തരം സ്ഥാപനങ്ങളിലെ ‘അര്‍ബാബുമാര്‍’ അറിഞ്ഞ ഭാവമേയില്ല. അവധിദിനങ്ങളില്‍ തൊഴിലെടുക്കുന്നതിനുള്ള അധികവേതനവും നല്‍കാറില്ല. നാട്ടില്‍പോയി കുടുംബത്തോടൊപ്പം കഴിയാനുള്ള രണ്ടുമാസത്തിന് വേണ്ടി രണ്ടുവര്‍ഷം രാവും പകലുമില്ലാതെ പണിയെടുക്കുകയാണ് ഇവര്‍. അവര്‍ക്ക് എന്ത് എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ടു മണിക്കൂര്‍ വിനോദം.
മുദ്രാവാക്യവുമായി ഇനിയും തൊഴിലാളി ദിനങ്ങള്‍ വരും. അവസ്ഥകള്‍ മാറുമോ എന്നറിയില്ല. എങ്കിലും 1886 ലെ അവകാശ പോരാട്ടത്തില്‍ ചിക്കാഗോ തെരുവീഥികളില്‍ മരിച്ചുവീണ രക്തസാക്ഷികളുടെ സ്വപ്നങ്ങള്‍ നെഞ്ചിലേറ്റി നമുക്ക് ഇന്നും തൊഴിലിന് ഇറങ്ങാം.
അവലംബം: ഗള്‍ഫ്‌ മാധ്യമം 01/05/2012