Saturday, August 28, 2010

ഒരു തലശ്ശേരി കല്ല്യാണവും കുറേ ആശങ്കകളും
നാം മലയാളികള്‍ എവിടെ ചെന്നാലും നമ്മുടേതായ ചില അടയാളങ്ങള്‍ തേടി ചെല്ലും. മലയാളികള്‍ അധിവസിക്കുന്ന ഏത് ഭൂപ്രദേശമായാലും ആറന്മുള കണ്ണാടിയും അമ്പലപ്പുഴ പാല്‍പായസവും, കോഴിക്കോടന്‍ ഹല്‍വയും പാലക്കാടന്‍ മട്ടയും മലപ്പുറം കത്തിയും പയ്യന്നൂര്‍ പവിത്ര മോതിരവും നമ്മുടെ സ്വകാര്യ അഹങ്കാരങ്ങളാകുന്നത് അങ്ങനെയാണ്. ഇതുപോലുള്ള ഒരുപാട് രുചി ഭേദങ്ങളുണ്ട് നമ്മുടെ ജില്ല തിരിച്ചും. താലൂക്ക് തിരിച്ചും. വടക്കന്‍, തെക്കന്‍, കിഴക്കന്‍ എന്നീ നിലകളിലും വ്യത്യസ്ഥതയുണ്ട്.

നാം ഗള്‍ഫില്‍ എല്ലായിടത്തും ഹോട്ടലുകളില്‍ കാണുന്ന ഒരു വാചകമുണ്ട് 'തലശ്ശേരി ബിരിയാണിയും തലശ്ശേരി പലഹാരങ്ങളും'. ഇന്നും പ്രശസ്തമാകുന്നത് രുചിയുടെ രസക്കൂട്ടുകള്‍ തന്നെയാണ്. പഴമയില്‍ നിന്ന് കൈമാറി വന്ന പലഹാരങ്ങള്‍ ഉണ്ടാക്കുന്ന വിധത്തിലും ആകൃതിയിലും വ്യത്യാസം വന്നെങ്കില്‍ പോലും നാവിലെ രുചി അത് പോലെതന്നെ നിലനില്‍ക്കുന്നുണ്ട് ഇവിടെങ്ങളിലെ പലഹാരങ്ങള്‍ക്ക് ഇപ്പോഴും.

ആതിഥ്യമര്യാദയിലും സല്‍ക്കാരങ്ങളിലും വ്യത്യസ്ഥത പുലര്‍ത്തുന്ന തലശ്ശേരിക്കാരുടെ ഇടപെടലുകള്‍ പല സാഹിത്യകാരന്‍മാരുടെയും യാത്രാവിവരണക്കാരുടെയും കുറിപ്പുകളില്‍ നമുക്ക് വായിക്കാം. തലശ്ശേരി സന്ദര്‍ശിച്ച ആരും പെട്ടെന്ന് ആ രുചികള്‍ മറക്കില്ല. ഓര്‍ത്താല്‍ എന്നും നാവില്‍ വെള്ളമൂറും.

തലശ്ശേരിയുടെ ഇന്നത്തെ കഥ വേറെയാണ്. തലശ്ശേരി കല്ല്യാണങ്ങളിലെ കൂട്ടിക്കെട്ടലുകള്‍ അത്ര സുഖകരമല്ല നമുക്ക് കേള്‍ക്കാനും പറയാനും.

തീരദേശ പ്രദേശങ്ങളായ വടകര, മാഹി, തലശ്ശേരി എന്നിവിടങ്ങളിലും കണ്ണൂരിലെ ചില ഭാഗങ്ങളിലും മുസ്ലീം കല്ല്യാണങ്ങളാണ് ഇപ്പോള്‍ പല വിധ അനാചാരങ്ങളും ആര്‍ഭാടങ്ങളും ധൂര്‍ത്തും കൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.

ഇവിടെങ്ങളില്‍ വലിയ ശതമാനത്തോളം പേര്‍ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരല്ലെങ്കിലും ഗള്‍ഫ് കുടിയേറ്റവും ചെറുകിട വ്യാപാര വ്യവസായങ്ങളും കൊണ്ട് മുന്നേറിയവരാണ്. പഴയ പാരമ്പര്യത്തിന്റെ ശേഷിപ്പുകള്‍ ഇന്നും തലശ്ശേരിയില്‍ നിലനില്‍ക്കുന്നുണ്ട്. പഴയ തറവാടുകള്‍ പൊളിച്ചടുക്കാതെ നിലനിര്‍ത്തിയത് ചരിത്രവും പഴയ കഥകളും ഓര്‍ക്കാന്‍ നിമിത്തമാകാറുണ്ട.്

വീരസമരങ്ങളുടെ ചരിത്രമുള്ള മണ്ണാണിത്. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കെതിരായും ഇവിടുക്കാര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ക്രിക്കറ്റും ഫുട്‌ബോളും കലാപ്രവര്‍ത്തനവും പണ്ട് മുതലേ കൈമുതലാക്കിയിട്ടുമുണ്ട് ഇവിടുത്തുകാര്‍.

ഇത്രയും രാഷ്ട്രീയ സാമൂഹ്യ കലാ സാഹിത്യ കായിക പാരമ്പര്യമുള്ള പ്രദേശത്താണ് കല്ല്യാണത്തിന്റെ പേരില്‍ തോന്ന്യാസങ്ങള്‍ അരങ്ങേറുന്നത്. ഒരു സമുദായത്തിന്റെ കല്ല്യാണചിട്ടവട്ടങ്ങള്‍ പല പ്രദേശങ്ങളില്‍ പല രീതിയിലാണ്. മാഹിയിലും തലശ്ശേരിയിലും കണ്ണൂരിന്റെ ചില ഭാഗങ്ങളിലും 'അറ' സമ്പ്രദായമുണ്ട്. പുതിയാപ്ല വധുവിന്റെ വീട്ടില്‍ അവര്‍ സജ്ജീകരിക്കുന്ന 'അറ'യില്‍ താമസിക്കണം. അത് അവകാശമായി കിട്ടുന്നു. 'പുതിയാപ്ലയുടെ അറയാണ്. സാമ്പത്തികശേഷിക്കനുസരിച്ച് 'അറ'യുടെ മട്ടും ഭാവവും മാറും. ഒരു ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ ഒരറ നിര്‍മിക്കാന്‍ ഇവിടങ്ങളില്‍ ചെലവാക്കാറുണ്ട്. വധുവിന്റെ സ്വര്‍ണവും 'അറ'യുടെ ഗാംഭീര്യവും ഇവിടങ്ങളില്‍ അമ്മാശന്റെ (വധുവിന്റെ പിതാവിന്റെ) പവര്‍ അളക്കാനുള്ള മാര്‍ഗമാകാറുമുണ്ട്.

ഈ കാരണം കൊണ്ട് തന്നെ ഇത് വിറ്റ് പെറുക്കി പലിശയ്‌ക്കെടുത്തും കിടപ്പാടം പണയം വെച്ചും മകള്‍ക്ക് നല്ല 'അറ' കൊടുക്കാന്‍ പല പിതാക്കന്മാരും ശ്രമിക്കാറുണ്ട്. അഞ്ച് പെണ്‍മക്കളുള്ള ബാപ്പയുടെ നെഞ്ചിടിപ്പ് നമുക്ക് ഊഹിക്കാന്‍ കഴിയും. കല്ല്യാണം കഴിപ്പിച്ചയച്ചാല്‍ ബാധ്യത തീരുന്നില്ല. 'പുതിയാപ്ല'യെ എന്നും തീറ്റി പോറ്റേണ്ട ബാധ്യതകൂടി ഈ വീട്ടുകാര്‍ ഏറ്റെടുക്കണം. അതിനിടയിലുള്ള സല്‍ക്കാരം, ചെറുക്കന്റെ സ്‌നേഹിതന്മാരുടെ സല്‍ക്കാരം, ചെറുക്കന്റെ കാരണവന്മാരുടെ വീടുകാണല്‍, സ്ത്രീകളുടെ കാഴ്ച ഇതൊക്കെ ഒരോ ചെറുകല്ല്യാണത്തിന്റെ ചെലവ് വരുന്ന സല്‍ക്കാരങ്ങളാണ്.

ഇതിനിടയിലാണ് കല്ല്യാണത്തിന്റന്ന് കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍. ചില തമാശകള്‍ സഹിക്കാം. ഈ തമാശകള്‍ ക്രൂരമായ റാഗിങ്ങ് ആവുമ്പോള്‍ അത് കാണുന്നവരിലും അനുഭവിക്കുന്നവരിലും ഉണ്ടാകുന്നത് പേടിയാണ്, അറപ്പാണ്, വെറുപ്പാണ്....

രണ്ട് മനസ്സുകളുടെ കൂടിചേരല്‍. രണ്ട് ശരീരങ്ങളുടെ പ്രകൃതിപരമായ വിളക്കിചേര്‍ക്കല്‍. ജീവിതാന്ത്യം വരെ തുടരേണ്ട പവിത്രമായ ബന്ധത്തിന്റെ തുടക്കമാണ് ഇത്.് ഏത് മതവിഭാഗത്തിലുമാവട്ടെ, അവരവരുടെ ആചാരപ്രകാരം ഇണയെ തന്റെ ജീവിതകാലം മുഴുവന്‍ സംരക്ഷിച്ച് കൊള്ളാമെന്ന് മന്ത്രിച്ച് സ്വീകരിക്കുന്നു. ഈ ചടങ്ങാണ് മുദ്രാവാക്യം വിളികളും കൂക്കിവിളികളും തെറിപ്പാട്ടുകളും കൊണ്ടും പടക്കം പൊട്ടിച്ചും അലങ്കോലമാക്കുന്നത്.

പുതിയാപ്ലയെ ആനയിക്കുന്നത് ജെ.സി.ബിയില്‍, ഒട്ടകപ്പുറത്ത്, കുതിരപ്പുറത്ത്, സൈക്കിളില്‍, പെട്ടി ഓട്ടോയില്‍, കളരി വേഷത്തില്‍. ചിലപ്പോള്‍ പൊരിവെയിലത്ത് കിലോമീറ്ററോളം നടത്തിച്ച് വധുവിന്റെ വീട്ടിലെത്തിക്കുന്നു. മംഗളമായ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയവര്‍ ചിതറിയോടുന്നു. വരനെ വധുവിന്റെ വീട്ടില്‍ കയറ്റാതെ വിലപേശലാണ് വരന്റെ ഒപ്പം വന്ന ചെറുപ്പക്കാര്‍ക്ക്. ഈ റാഗിങ്ങിന് ചിലവായ കാശ് 5,000 മുതല്‍ 25,000 വരെ ആവശ്യപ്പെടുന്നു. പറഞ്ഞ തുക കിട്ടുന്നത് വരെ ഗൈയിറ്റിനരികെതന്നെ നിന്ന് പാട്ട സംസാരിക്കുന്നു.

ഗത്യന്തരമില്ലാതെ വധുവിന്റെ പിതാവ് കാശ് നല്‍കുന്നു. ശേഷം 'സുഹൃത്തു'ക്കള്‍ അറയിലേക്ക് പ്രവേശിക്കുന്നു. അതൊരു താണ്ഡവമാണ്. അറയിലുള്ള വിലപിടിപ്പുള്ളതെല്ലാം നശിപ്പിക്കുന്നു. കിടക്ക കീറുന്നു, തലയിണയിലെ ഉന്നം പറത്തുന്നു, ലൈറ്റുടയ്ക്കുന്നു, ചുമരില്‍ സുഹൃത്തുക്കള്‍ തന്റെ ചിത്രപ്രദര്‍ശനം നടത്തുന്നു. ആന കരിമ്പിന്‍തോട്ടത്തില്‍ കയറിയത് പോലെ ഏല്ലാവരും പുറത്തേക്കിറങ്ങുന്നു. ഇതിനിടയില്‍ മണിയറയുടെ വാതില്‍ പൂട്ടി താക്കോലുമായി വിരുതന്‍ പോകുന്നു. വരനെ വധുവിനെ കാണിക്കാതെ ബാംഗ്ലൂരിലേക്ക്് കൊണ്ട് പോകുന്നു. സുഹൃത്തുക്കളുടെ ഈ 'പരിപാടി'ക്ക് എന്ത് പേരാണ് വിളിക്കേണ്ടത്. വധുവിന്റെ ആള്‍ക്കാര്‍ ഒന്നും പറയാന്‍ കഴിയാറില്ല. കാരണം വരന്റെ 'ചങ്ങാതി'മാരാണ്. അവരെ പറഞ്ഞാല്‍ വരന്‍ പിണങ്ങിയാലോ...

കേരളത്തിലെ സാംസ്‌കാരിക വകുപ്പോ മനുഷ്യാവകാശ കമ്മീഷനോ സ്വമേധയാ കേസ്സെടുക്കേണ്ട കാര്യമാണ്. ഇതാണ് മനുഷ്യാവകാശലംഘനം. ഇതാണ് പീഢനം. ഇതാണ് സാംസ്‌കാരിക സമുഹത്തിന് ചീത്തപ്പേരുണ്ടാക്കുന്ന കൊള്ളരുതായ്മ.

ഇവിടങ്ങളില്‍ മാത്രമല്ല. ഇതുപോലുള്ള കല്ല്യാണങ്ങള്‍ നടക്കുന്നത.് പക്ഷേ ഞാന്‍ കണ്ട കല്ല്യാണം എന്റെ നാട്ടിലെ ഈ പ്രദേശങ്ങളിലേതാണ്.

ഞാന്‍ പങ്കെടുത്ത ഒരു കല്ല്യാണം ഇങ്ങനെ ആഭാസപൂരിതമായിരുന്നു. ഈ കോപ്രായങ്ങള്‍ കാട്ടികൂട്ടിയ വരന്റെ പിതാവിനോട് ഞാന്‍ ചോദിച്ചു ''നിങ്ങള്‍ ഒരധ്യാപകനല്ലേ.. നിങ്ങളുടെ മകന്റെ കൂടെ പോയവര്‍ ചെയ്തത് നിങ്ങള്‍ കണ്ടില്ലേ.. നിങ്ങളെ പോലുള്ളവര്‍ ഇങ്ങനെ മൗനം പാലിച്ചിരുന്നാല്‍ എന്താവും..''

ആ പിതാവിന്റെ മറുപടി ഇങ്ങനെയായിരുന്നു.

''ഞാന്‍ മാത്രമല്ല ഇങ്ങനെ മൗനിയായിപ്പോയ പല പിതാക്കന്മാരുണ്ടിവിടെ.. കാരണം, അവന്റെ ചെലവിലാണ് ഞാനും എന്റെ നാല് പെണ്‍കുട്ടികളും ഉമ്മയും കഴിയുന്നത്. അത്‌കൊണ്ട് അവന്‍ പറയുന്നതിനപ്പുറം ഒന്നും പറയാനാവില്ല. ഒരു മദ്രസ്സ അദ്ധ്യാപകനായ എനിക്ക് പെന്‍ഷന്‍ പോലുമില്ല. അടങ്ങി ഒതുങ്ങി നിന്നാല്‍ എല്ലാവര്‍ക്കും നല്ലത്...'' അദ്ദേഹത്തിന്റെ വാക്ക് കേട്ടപ്പോള്‍ ഉള്ളം പിടഞ്ഞ് പോയി.

ശരിയാണ്, ഗള്‍ഫ് പണത്തിന്റെ സമ്പാദ്യം ഇന്ന് ഇളം തലമുറയുടെ കൈയ്യിലാണ്. കല്ല്യാണവും ആഘോഷവും അവര്‍ തീരുമാനിക്കുന്നു. ബാപ്പയും ഉമ്മയും നിശബ്ദരായി തലകുലുക്കുന്നു. അവന്‍ പറയുന്നു അവര്‍ അനുസരിക്കുന്നു. മറുവാക്ക് പറയാന്‍ ഒന്നും കൈയ്യിലില്ല. ഒന്നും.

ഈ പ്രവണതയ്‌ക്കെതിരെ ബോധവല്‍ക്കരണം എന്തെങ്കിലും നടത്തിക്കൂടെ എന്ന് സാമൂഹ്യ പ്രവര്‍ത്തകരായ ബുഷ്‌റ ഇഖ്ബാലിനോടും സുഹാന നിയാസിനോടും ചോദിച്ചു. അവര്‍ പറഞ്ഞു: ''ബോധവല്‍ക്കരണം ഏറ്റവും കൂടുതല്‍ നല്‍കുന്ന ഒരു സമുദായത്തിന്റെ ആള്‍ക്കാരണ് ഇത് കാട്ടിക്കൂട്ടുന്നത്. ആഴ്ചതോറും പള്ളിയല്‍ നിന്ന് ഇമാം ഇതിനെതിരെ പ്രസംഗിക്കുന്നുമുണ്ട്. ഇതില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല. അവര്‍ പറഞ്ഞു. എനിക്ക് മൂന്ന് ആങ്ങളമാരുണ്ട് അവരുടെ കല്ല്യാണം എങ്ങിനെവേണമെന്ന് അവര്‍ തന്നെ തീരുമാനിക്കുക. ഇതുപോലുള്ളതൊക്കെ ഉണ്ടാവും എന്നവര്‍ പറഞ്ഞിട്ടുമുണ്ട്. ഇത്താക്ക് വേണമെങ്കില്‍ പങ്കെടുക്കാം എന്നാണ് അവരുടെ തീരുമാനം. ബുഷ്്‌റ പറയുന്നു.

ഇതിനെതിരെ ശക്തമായ നീക്കം അനിവാര്യമാണ്. സമൂഹത്തിന് ദോഷകരമായ ഈ റാഗിങ്ങില്‍ നിന്ന് ഈ പ്രദേശത്തെ മോചിപ്പിച്ചേ മതിയാവൂ. അതിന് ഞങ്ങള്‍ മാത്രം വിചാരിച്ചാല്‍ മതിയാവില്ല. സുഹാന റിയാസ് പറഞ്ഞു.

ആരാണ് മുന്നിട്ടറങ്ങേണ്ടത്. ആരെയാണ് ബോധവല്‍ക്കരിക്കേണ്ടത്. ഒരു തലമുറ അവരുടെ ശക്തിയും ഉണര്‍വ്വും സമയവും ഈ വിധം പാഴാക്കുമ്പോള്‍ ആരെയാണ് പഴി പറയേണ്ടത്. അറിയില്ല.

കല്ല്യാണം വിളിക്കാന്‍ വരുമ്പോള്‍ പേടിയാവുന്ന ഒരു സമൂഹം വളര്‍ന്ന് വരികയാണ്. നാം കണ്ട കല്ല്യാണത്തിന്റെ എത്ര നല്ല ഓര്‍മകളാണ് പെട്ടെന്ന് ഭയപ്പെടുത്തുന്ന ശബ്ദത്തിലേക്ക് മാറ്റപ്പെട്ടത്.

ഒറ്റപ്പെട്ട കല്ല്യാണങ്ങള്‍ ലളിതമായും ചിട്ടയോടും നടക്കുന്നുണ്ട്് എന്ന് വിസമരിച്ച് കൊണ്ടല്ല ഇതെഴുതുന്നത്. പക്ഷേ, ഭൂരിപക്ഷം കല്ല്യാണങ്ങളും പാഴ്ചിലവിന്റെയും ധൂര്‍ത്തിന്റെയും വേദിയാവുന്നു.

സിനിമാറ്റിക് ഡാന്‍സും ബുഫേ ഫുഡും ഗാനമേളയും പരവതാനിയും ഒരേക്കറില്‍ ആധുനിക പന്തലും നിയന്ത്രിക്കാന്‍ സെക്യൂരിറ്റിയും മുല്ലപ്പൂവും ഐസ്‌ക്രീമും ചായമക്കാനിയും മൂന്ന് നിലകളുള്ള 'അറ'യും മോറോക്കന്‍ ബാത്ത്‌റൂമും കൊണ്ട് കല്ല്യാണ മാമാങ്കം നടത്തുന്ന ഗള്‍ഫ് പ്രവാസിയും നാട്ടിലെ ബിസിനസ്സുകാരുമുണ്ടിവിടെ.

അഞ്ച് പവന്‍ തികച്ചുമില്ലാത്ത, കെട്ടുപ്രായം തികഞ്ഞ് നില്‍ക്കുന്ന നിരവധി പെണ്‍കുട്ടികള്‍ ജീവിക്കുന്ന ഈ പ്രദേശങ്ങളില്‍ ് ഇതുപോലുള്ള ആഢംബര കല്ല്യാണം 'അനിസ്‌ലാമിക'മല്ലേ എന്ന് ചോദിച്ച മുതലാളിയുടെ ശിങ്കിടിയുടെ മറുപടി ഇങ്ങനെയാണ്. ''ഞമ്മടെ മുതലാളി അഞ്ച് അനാഥകുട്ടികളുടെ നിക്കാഹ് നടത്തി കൊടുത്തിട്ടാണ് ഇങ്ങനെയുള്ള കല്ല്യാണം നടത്തുന്നത്.''

അഞ്ച് അനാഥ കുട്ടികള്‍ക്ക് മംഗല്യമൊരുക്കിയതിന്റെ പേരില്‍ ഈ ധൂര്‍ത്ത് 'അനുവദനീയ'മാവുന്നതിന്റെ 'ഗുട്ടന്‍സ് എനിക്ക് മനസ്സിലായില്ല. ചിന്തിക്കാത്തത് കൊണ്ടാവാം.

ഇതിലും എനിക്ക് അതിശയം തോന്നിയത് ഇത് പോലുള്ള കല്ല്യാണധൂര്‍ത്തില്‍ നിക്കാഹ് കാര്‍മ്മികത്വം വഹിക്കാന്‍ മതപുരോഹിതന്മാര്‍ എത്തുന്നു എന്നതാണ്. ലളിതമായ ചടങ്ങിന്റെ ആവശ്യകതയും ഉത്‌ബോധനവും നടത്തുന്ന ഇവര്‍ നിസ്സാഹായരാണ്. വേണ്ടതിനും വേണ്ടത്തതിനും നിയമങ്ങളും 'ഫത്‌വ'കളും ഇറക്കുന്ന പുരോഹിതസമൂഹം. ഇതിനെതിരെ ഒരു ബഹിഷ്‌കരണമെങ്കിലും നടത്തണം. കാര്‍മികത്വത്തില്‍ നിന്ന് മാറിനിന്ന് സമൂഹത്തേയും സമുദായത്തേയും മുന്നില്‍ നടത്തണം.

ദൈവം നല്‍കിയ സമ്പത്ത് ശരിയായ ദിശയിലും പാവനമായ മാര്‍ഗത്തിലും വിനിയോഗിക്കണം. അച്ചടക്കമുള്ള ആഘോഷങ്ങളും ലളിതമായ ചടങ്ങും ഉണ്ടാവണം. ഭക്ഷണവും സ്വീകരണവും നല്‍കണം. കല്ല്യാണങ്ങള്‍ ഉത്സവങ്ങളാക്കുമ്പോഴാണ് ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നത്.

അതില്‍ നിന്നാണ് ഒരു തലമുറയിലെന്യൂനപക്ഷം ചെറുപ്പക്കാരെങ്കിലും വഴിതെറ്റിപ്പോവുന്നത്. ഈ അന്തരമാണ് കൊള്ളയും കൊലയും പിടിച്ചുപറിക്കും പ്രേരകമാകുന്നത്. ക്വട്ടേഷന്‍ സംഘങ്ങളും അനുബന്ധ ക്രിമിനലിസവും വളരുന്നത്, സ്വന്തം നിലനില്‍പ്പ് ശോഷിച്ച് പോവുന്നത് കൊണ്ടാണ്.

തലശ്ശേരിയില്‍ മാത്രമല്ല, കേരളത്തില്‍ മുഴുവനും ഈ കല്ല്യാണ റാഗിങ്ങ് നടക്കുന്നു എന്നറിയാം. ഞാന്‍ പങ്കെടുത്ത മൂന്ന് കല്ല്യാണങ്ങളിലും കണ്ട കാര്യമാണ് ഈ എഴുതിയത്. ഒരാളെയെങ്കിലും ഇതില്‍ നിന്ന് പിന്തിരിപ്പിക്കാനായാല്‍ അതൊരു പുണ്യമാകും.

ഇതിലും ഗള്‍ഫ് പ്രാവാസികളാണ് ഏറെ പങ്കും എന്നറിയുമ്പോഴാണ് വേദന വര്‍ദ്ധിക്കുന്നത്.


അവലംബം: മാതൃഭുമി (ഫസീല റഫീഖ്‌)

Sunday, August 22, 2010

പ്രവാസി വോട്ടവകാശ ബില്‍ പാര്‍ലമെന്റില്‍

ന്യൂദല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനുള്ള ചരിത്രബില്‍ കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്‌ലി ശനിയാഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ചു.
1950ലെ ജനപ്രാതിനിധ്യ നിയമത്തില്‍ 20എ (ഒന്ന്) എന്ന പുതിയ വകുപ്പ് ഭേദഗതിവഴി കൂട്ടിച്ചേര്‍ത്താണ് പ്രവാസി വോട്ടവകാശത്തിന് അംഗീകാരം നല്‍കിയത്. പുതുതായി ചേര്‍ത്ത 20 എ (ഒന്ന് )വകുപ്പ് നിയമത്തില്‍ വിശദീകരിച്ചതിങ്ങനെ: വോട്ടര്‍പട്ടികയില്‍ പേരില്ലാതിരിക്കുകയും മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം നേടാതിരിക്കുകയും തന്റെ സാധാരണ താമസസ്ഥലത്ത് നിന്ന് മാറി ജോലി, വിദ്യാഭ്യാസം എന്നിവക്കായി ഇന്ത്യയില്‍ തന്നെ മറ്റേതെിലും ഭാഗങ്ങളിലേക്കോ ഇന്ത്യക്ക് പുറത്തേക്കോ പോകുന്നതിന് വേണ്ടി നാടുവിടുകയും ചെയ്ത 'സാധാരണ താമസക്കാരു'ടെ പേര് അവരുടെ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കണം. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ സ്ഥലം ഉള്‍പ്പെടുന്ന മണ്ഡലമാണ് ഇതിനായി പരിഗണിക്കുക. (രണ്ട് ) മേല്‍പറഞ്ഞ ആളുകള്‍ അവരുടെ പേരുകള്‍ നിശ്ചിത സമയത്തിനകം വോട്ടര്‍പട്ടികയില്‍ ചേര്‍ക്കണം. (മൂന്ന്) ഇത്തരത്തില്‍ പേര് ചേര്‍ത്ത വ്യക്തിക്ക് തന്റെ വോട്ടവകാശം ബന്ധപ്പെട്ട മണ്ഡലത്തില്‍ വിനിയോഗിക്കാനുള്ള അവകാശമുണ്ടായിരിക്കും.

ഇത് കൂടാതെ 1950ലെ നിയമത്തിന്റെ 22, 23(രണ്ട്) വകുപ്പുകള്‍ ഭേദഗതി ചെയ്തിട്ടുണ്ട്. ഇത് പ്രകാരം നാട് വിട്ടുപോയവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഉടന്‍ മായ്ച്ചുകളയുന്നതിന് പകരം നിയമത്തില്‍ വിശദീകരിക്കുന്ന പ്രകാരം ശരിയായ തരത്തില്‍ പരിശോധന നടത്തുമെന്ന് ഉറപ്പു വരുത്തും.
തുടര്‍ന്ന് ഭേദഗതി ചെയ്ത 28ാം വകുപ്പ് ഈ നടപടിക്രമം ഒന്നുകൂടി ബലപ്പെടുത്തുന്നു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷ പരിശോധിച്ച് തീരുമാനം കൈക്കൊള്ളേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥനാണ്. അപേക്ഷ കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തിയിട്ടായിരിക്കും ഇദ്ദേഹം ഇത് നിര്‍വഹിക്കുക.

നിയമത്തിന്റെ ലക്ഷ്യങ്ങള്‍ വിശദീകരിച്ച കൂട്ടത്തില്‍ 'സാധാരണ താമസക്കാരന്‍' എന്നതിന്റെ കൃത്യമായ നിര്‍വചനം ലഭിക്കാന്‍ വേട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്ന ഉദ്യോഗസ്ഥരുടെ കൈവശമുള്ള കൈപ്പുസ്തകത്തിലെ മൂന്നാം അധ്യായം നോക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ഒരാള്‍ക്ക് വീടോ കെട്ടിടമോ ഒരു മണ്ഡലത്തില്‍ ഉണ്ടെന്നത് അവിടെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ന്യായമല്ല എന്ന് പ്രത്യേകം പറയുന്നുണ്ട്.
പ്രവാസികള്‍ ഏറക്കാലമായി ഉയര്‍ത്തുന്ന ഈ ആവശ്യം പെട്ടെന്ന് അംഗീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് സമ്മതിച്ച മൊയ്‌ലി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതും വോട്ട് വിനിയോഗിക്കുന്നതും പ്രായോഗികമായി നടപ്പാക്കുന്നതിലുള്ള പ്രയാസമാണ് ഈ കാലതാമസത്തിന് കാരണമായതെന്ന് പറഞ്ഞു.

Courtesy: Madhyamam.com

Thursday, August 19, 2010

മദീനയെന്ന കവിത

മുസ്ലിം മനസ്സില്‍ ആയിരം ഓര്‍മ്മകള്‍ ഒന്നിച്ചുണര്‍ത്തുന്ന വാക്കാണ് 'മദീന.' ചേലൊത്ത കവിത വിരിഞ്ഞുവരാന്‍ മാത്രം വികാരസാന്ദ്രമാണത്. ഒരര്‍ത്ഥത്തില്‍ ഇസ്ലാം സാധ്യമായതിനു തന്നെ നിമിത്തമായത് മദീനയാണ്. ഖുറൈശികളുടെ നേതൃത്വത്തിലുള്ള ഏകീകൃതഭരണം നിലനിന്നിരുന്ന മക്കയിലെ വ്യാപാരി സമൂഹത്തിലാണ് അന്ത്യപ്രവാചകര്‍ക്ക് വെളിപാടുണ്ടായത്. അവര്‍ വെളിപാടിനോട് ഒട്ടും ആഭിമുഖ്യം കാണിച്ചില്ല. 'ഒരു മതിഭ്രമക്കാരന്റെ ജല്പനങ്ങള്‍' എന്ന മട്ടില്‍ അവഗണിക്കുകയാണ് ആദ്യം ചെയ്തത്. കാലാന്തരത്തില്‍, ചാഞ്ചാട്ടം തീണ്ടാത്ത വിശ്വാസികളുടെ ഒരു ചെറുസംഘം അനുയായികളുണ്ടായി. അവര്‍ ഉയര്‍ത്തിപ്പിടിച്ച ധാര്‍മികതയും ദൈവികാജ്ഞകളോട് കാണിച്ച വിധേയത്വവും തങ്ങളുടെ ഭൌതിക ഭരണത്തെ തകര്‍ത്തുകളയുമെന്ന് ഖുറൈശികള്‍ ഭയന്നതോടെ അവരെ അപായപ്പെടുത്തുകയായി ഖുറൈശികളുടെ ഉന്നം. അങ്ങനെ മക്കക്കാര്‍ക്കിടയിലെ വാസം പ്രവാചകര്‍ക്കും അനുചര സംഘത്തിനും തീര്‍ത്തും അസാധ്യമായിത്തീര്‍ന്നു. അപ്പോഴാണ് മുത്ത്നബിയെയും വിശ്വാസികളുടെ ചെറുസംഘത്തെയും മരണം വരെ സംരക്ഷിച്ചുകൊള്ളാമെന്ന് മദീനക്കാര്‍ വാക്കു കൊടുക്കുന്നതും പരീക്ഷണങ്ങളുടെ തീമലകള്‍ താണ്ടേണ്ടി വന്നിട്ടും വാക്കുപാലിച്ചതും.

മക്കയ്ക്കു സമീപമുള്ള അല്‍ അഖബയില്‍ വച്ച് നടക്കുന്ന, ബഹുദൈവവിശ്വാസികളുടെ ഉത്സവവേളയില്‍ യത്രിബില്‍ നിന്നു വന്ന ആറ് തീര്‍ത്ഥാടകരുമായി പ്രവാചകര്‍ക്കുണ്ടായ യാദൃശ്ചിക കൂടിക്കാഴ്ചയാണ് മദീനയെ ചരിത്രത്തിലേക്ക് ആനയിച്ചത്. അവര്‍ വെളിപാടിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ദിവ്യവചനങ്ങള്‍ പാരായണം ചെയ്യുന്നത് കേള്‍ക്കുകയും ചെയ്തു. തിരിച്ചുചെന്ന് യത്രിബ്വാസികളോട് ഇക്കഥകളൊക്കെ വിശദമായി വിവരിച്ചു കൊടുത്തു. അടുത്ത ആണ്ടിലാണ് നിര്‍ണായക ചര്‍ച്ച നടക്കുന്നത്. പന്ത്രണ്ടു പേരടങ്ങുന്ന തീര്‍ത്ഥാടക സംഘവുമായി അല്‍ അഖബയില്‍ വച്ച് നബിതങ്ങള്‍ സംസാരിക്കുകയും ഒരു കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. 'വിഗ്രഹങ്ങളെ ആരാധിക്കില്ല, വ്യഭിചരിക്കില്ല, കള്ളം പറയില്ല, പെണ്‍കുട്ടികളെ കുഴിച്ചു മൂടില്ല, പ്രവാചക നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാം' തുടങ്ങിയവ യത്രിബുകാര്‍ സമ്മതിച്ചു. അവരോടൊപ്പം അയച്ചുകൊടുത്ത ഓത്തുകാരനാണ് അന്ത്യപ്രവാചകരാല്‍ നിയോഗിക്കപ്പെട്ട ആദ്യ പ്രബോധകന്‍. വന്‍ വിജയമായിരുന്നു അദ്ദേഹത്തിന്റെ ദൌത്യം. പിന്നത്തെ ഉത്സവകാലമാകുമ്പോഴേയ്ക്ക് എഴുപത്തിമൂന്ന് ആണുങ്ങളും രണ്ട് പെണ്ണുങ്ങളും ഇസ്ലാം സ്വീകരിച്ചു.

തമ്മിലടിക്കുന്ന വ്യത്യസ്ത വിഭാഗങ്ങള്‍ നിറഞ്ഞ നാടായിരുന്നു യത്രിബ്. ക്രമസമാധാനം വെറുമൊരു കാനല്‍ജലം മാത്രം. അരാജകത്വമായിരുന്നു നാടിന്റെ രാഷ്ട്രീയ മുദ്ര. തങ്ങള്‍ക്കിടയില്‍ ഐക്യവും സമാധാനവും സംസ്ഥാപിക്കാനുള്ള അപൂര്‍വ്വാവസരമാണ് തിരുമേനിയുമായുള്ള ബന്ധത്തിലൂടെ യത്രിബുകാര്‍ക്ക് കൈവന്നത്. അവര്‍ അദ്ദേഹത്തെ തങ്ങളുടെ തകര്‍ന്നു കിടക്കുന്ന നാട്ടിലേക്ക് ക്ഷണിച്ചു.

മക്കയില്‍ നിന്ന് ഇരുനൂറു മൈല്‍ വടക്കുമാറി കിടക്കുന്ന യത്രിബിലേക്ക് ഒറ്റയും തെറ്റയുമായി വിശ്വാസികള്‍ പലായനം ചെയ്തു. അവസാനം നബിതങ്ങളും സിദ്ദീഖുല്‍ അക്ബറും പുറപ്പെട്ടു. പ്രവാചകാഗമനം പ്രതീക്ഷിച്ച് പലനാള്‍ മക്കയില്‍ നിന്നുള്ള വഴിയിലൂടെ അവര്‍ ഇറങ്ങിപ്പുറപ്പെട്ടിരുന്നു. അതിന്നും അപ്പുറത്തേക്ക് കണ്ണുകള്‍ നീട്ടിയെറിഞ്ഞു. തിരുമേനിയെ കാണാതെ ഭഗ്നാശരായി തിരിച്ചു പോന്നു. അവിടുന്ന് എത്തിപ്പെട്ടപ്പോഴോ? ആവേശത്തോടെയാണ് അവര്‍ മുത്ത്നബിയെ വരവേറ്റത്. അമാവാസി കണക്കെ ഇരുള്‍ കനത്ത തങ്ങളുടെ രാഷ്ട്രീയ സാമൂഹിക രംഗങ്ങള്‍ അവര്‍ക്കെല്ലാമറിയാമായിരുന്നു. അതിലേറെ ഇരുണ്ടുപോയ ആത്മീയാവസ്ഥയെ കുറിച്ച് വേവലാതിയുള്ളവരും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. അതിനാല്‍ തങ്ങള്‍ക്കകത്തും പുറത്തും തളംകെട്ടി നില്‍ക്കുന്ന കാളിമയെ കീറിമുറിച്ചുകൊണ്ട് കടന്നുവരുന്ന പ്രവാചക പൌര്‍ണ്ണമിയെ കുറിച്ച് പല അര്‍ത്ഥത്തില്‍, പലവിതാനത്തില്‍ അവരൊന്നിച്ചു പാടി :

"വന്നണഞ്ഞിരിക്കുന്നൂ

ഞങ്ങള്‍ക്കുമേല്‍ പൌര്‍ണ്ണമി''

ഏറെക്കുറെ അജ്ഞാതമായിക്കിടന്നിരുന്ന യത്രിബ് ദേശം 'മദീനാമുനവ്വറ'യെന്ന പുതുനാമത്തില്‍ ചരിത്രത്തിന്റെ വിധി നിര്‍ണയ കേന്ദ്രമായിത്തീര്‍ന്നു. അതിന്റെ കേന്ദ്രം, അന്ത്യദൂതര്‍ വിശ്വാസികളുടെ സഹായത്തോടെ സ്വന്തം കൈകളാല്‍ നിര്‍മിച്ച പള്ളിയായിരുന്നു.

മക്കക്കാര്‍ വേട്ടയാടിക്കൊണ്ടിരുന്ന പ്രവാചകരെയും അനുചര സംഘത്തെയും ആവേശത്തോടെ സ്വീകരിക്കുക മാത്രമല്ല മദീനക്കാര്‍ ചെയ്തത്. അവരുടെ അതിജീവനത്തിന്റെ വഴിയൊരുക്കുക കൂടിയാണ്. കാര്‍ഷിക വൃത്തിയായിരുന്നു അവരുടെ ഉപജീവനവഴി. വളക്കൂറുള്ള മണ്ണും ശുദ്ധജലത്തിന്റെ ലഭ്യതയും കൃഷിയെ അവരുടെ സ്വാഭാവിക ഉപജീവനമാര്‍ഗമാക്കി. നൂറ്റിമുപ്പതോളം വ്യത്യസ്തയിനം ഈത്തപ്പഴങ്ങള്‍ വിളഞ്ഞിരുന്നുവെന്നത് മദീനക്കാരുടെ കൃഷി മാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുന്നു. എങ്കിലും ദരിദ്രരായിരുന്നു അവര്‍. മക്കയില്‍ നിന്നുവന്ന മുഹാജിറുകള്‍ക്ക് സ്വന്തമായി ഭൂമിയുണ്ടായിരുന്നില്ല. അത് അവരുടെ നിലനില്‍പുപോലും പ്രയാസകരമാക്കി. ഓരോ അന്‍സാരിയും ഓരോ മുഹാജിറിനെ സഹോദരനായി സ്വീകരിക്കുകയും സമ്പത്ത് പങ്കുവയ്ക്കുകയും ചെയ്തു. ചരിത്രത്തില്‍ സമാനതയില്ലാത്ത ഈ വിധ സമീപനത്തിലൂടെ മുത്ത്നബി അവരെ ഒരൊറ്റ സാമൂഹിക രാഷ്ട്രീയ വിഭാഗമാക്കിയെടുത്തത് മദീനയില്‍ വച്ചാണ്.

പതുക്കെപ്പതുക്കെ മദീനയില്‍ വിശ്വാസികളുടെ സംഘം ശക്തിപ്പെട്ടുവന്നു. രണ്ടുവര്‍ഷം കൊണ്ട് അവര്‍ മക്കക്കാരുമായി ഒരു ബലപരീക്ഷണം നടത്താവുന്ന മാനസികാവസ്ഥയിലെത്തി. മക്കക്കും സിറിയക്കും മധ്യേയുള്ള തെക്കുവടക്ക് വ്യാപാരപാതയിലുള്ള മദീനയുടെ കിടപ്പ് വ്യാപാരി സംഘമായിരുന്ന മക്കക്കാരുമായി ഒരു ബലപരീക്ഷണം അനിവാര്യമാക്കിത്തീര്‍ക്കുകയും ചെയ്തു. അങ്ങനെയാണ്, മദീനയില്‍ നിന്ന് പതിനൊന്ന് മൈല്‍ തെക്കുപടിഞ്ഞാറായി കിടക്കുന്ന ബദ്റില്‍ വച്ച് ഹിജ്റ രണ്ടാമാണ്ട് റമളാന്‍ പതിനേഴിന് ഏറ്റുമുട്ടല്‍ നടന്നത്. എഴുന്നൂറ് ഒട്ടകങ്ങളും നൂറ് കുതിരകളും ആയിരം അംഗബലവുമുള്ള മക്കാസൈന്യം കൂട്ടമായി അക്രമിക്കുകയായിരുന്നു. മൂന്ന് കുതിരയും എഴുപത് ഒട്ടകങ്ങളും എതിരാളികളുടെ മൂന്നിലൊന്നുമാത്രം അംഗബലവുമുള്ള പ്രവാചകസൈന്യം ചിട്ടയോടെ, അണിയണിയായി മുന്നേറി. ഉച്ചയോടെ എതിരാളികള്‍ ഓടി. അതോടെ മുസ്ലിംകളുടെ നിലനില്പ് സാമാന്യേന ഭദ്രമാവുകയും എതിരാളികളുടേത് പരുങ്ങലിലാവുകയും ചെയ്തു. ഉഹ്ദും ഖന്തഖും പൊരുതിയത് മദീനയുടെ പ്രാന്തത്തില്‍ വച്ചാണ്. ഒടുക്കം ഹിജ്റ എട്ടാമാണ്ട് എതിരാളികളെ അഭിമുഖീകരിക്കാനായി മക്കയിലേക്കു പുറപ്പെട്ടതും മദീനയില്‍ നിന്നു തന്നെ. പ്രതീക്ഷയറ്റ എതിരാളികള്‍ പ്രതിരോധിക്കാന്‍ നില്ക്കാതെ കീഴടങ്ങി. പ്രബോധനത്തിന്റെ പ്രഥമനാളുകളില്‍ തുടങ്ങിയ അതിക്രമ പരമ്പരയ്ക്ക് അറുതിവന്നത് അന്നാണ്. അതിനിടയില്‍ ക്രൂരതയുടെ ഏതാണ്ടെല്ലാ വകഭേദങ്ങളും അവര്‍ വിശ്വാസികള്‍ക്കെതിരെ പ്രയോഗിച്ചിട്ടുണ്ട്. എന്നിട്ടും ചരിത്രത്താളുകളിലെങ്ങും കാണാനിടയില്ലാത്ത ഉദാരതയോടെ മുത്ത് മുസ്തഫാ വിട്ടുവീഴ്ച കാണിച്ചു. നശീകരണം ബിംബങ്ങളില്‍ മാത്രമായൊതുങ്ങി.

സര്‍വ്വോത്തമ സൃഷ്ടിയായ മുസ്തഫാ നബിയുടെ നായകത്വത്തില്‍ ആകാശലോകത്തു നിന്നുള്ള മാര്‍ഗ്ഗദര്‍ശനത്തിന്റെ ജീവല്‍മാതൃകയായി മാറിയത് മദീനയാണ്. ഏല്പിക്കപ്പെട്ട ദൌത്യങ്ങളൊക്കെയും നിര്‍വ്വഹിക്കുകയും അത് സ്വന്തം ജനത ഏറ്റുപറയുകയും ഏല്പിച്ച അല്ലാഹുവിനെ മുത്ത്നബി അതിന് സാക്ഷിയാക്കുകയും ചെയ്തത് മദീനാ മുനവ്വറയില്‍ നിന്നാണ്. ഒടുക്കം അവിടുന്ന് പനിച്ചു വിറച്ച് കിടന്നതും അന്ത്യനിമിഷങ്ങളില്‍ ഉമ്മത്തിനെ കുറിച്ചോര്‍ത്ത് വേവലാതിപ്പെട്ടതും അവിടെവെച്ചു തന്നെ. ഉച്ചരിച്ച അവസാന വാക്കുകള്‍ നമുക്കുള്ള വസ്വിയ്യത്തുകള്‍ക്കായി വിനിയോഗിച്ച ശേഷം, തങ്ങളുടെ 'റഫീഖുല്‍ അഅ്ലാ' യുടെ സവിധത്തിലേക്ക് അന്ത്യയാത്ര പോയതും മദീനാമുനവ്വറയില്‍ വെച്ചായിരുന്നു. പ്രവാചകപ്പള്ളിയുടെ ചാരത്ത്, പ്രിയപത്നിയുടെ ഗേഹത്തില്‍ വിശുദ്ധറൌള സ്ഥിതി ചെയ്യുന്നു. മദീനയുടെ മണ്ണില്‍ അന്ത്യവിശ്രമം കൊള്ളുന്നവര്‍ ഇനിയുമെത്രയോ പേരുണ്ട്. പ്രവാചകരുടെ പിതാവ് അബ്ദുല്ല, ഒരേയൊരു മകന്‍ ഇബ്രാഹിം, മകള്‍ ഫാത്വിമ, ഭാര്യമാരില്‍ ചിലര്‍, സിദ്ദീഖുല്‍ അക്ബര്‍, ഉമറുല്‍ ഫാറൂഖ്, ഉസ്മാനുബ്നു അഫ്ഫാന്‍(റ) തുടങ്ങി വിശ്വാസികള്‍ക്ക് മുറിച്ചു മാറ്റാനാവാത്ത വൈകാരിക ബന്ധമുള്ളവര്‍ മറമാടപ്പെട്ടു കിടക്കുന്ന നഗരിയാണത്.

നമുക്ക് സംക്ഷേപിക്കാം. സ്വന്തം ദേശക്കാരായ ഖുറൈശീഗോത്രത്തില്‍ നിന്നു ലഭിക്കാത്ത ഉറച്ച വിശ്വാസവും പിന്തുണയും പ്രവാചകത്തിരുമേനിക്ക് നല്‍കുന്നത് പടിഞ്ഞാറന്‍ അറേബ്യയിലെ യത്രിബ് ദേശക്കാരാണ്. ഖുര്‍ആനിലെ അവസാന അധ്യായങ്ങള്‍ അവതരിച്ച ദേശമാണത്. മക്കക്കാരായ ശത്രുക്കള്‍ക്കെതിരെ ആദ്യത്തെ മൂന്ന് പോരാട്ടങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ട ദേശമാണത്. പൊരുതിയത് അതിന്റെ പ്രാന്തങ്ങളില്‍ നിന്നും. പതിനായിരത്തോളം വരുന്ന വിശ്വാസികളുടെ സംഘത്തെയും കൊണ്ട് മക്കക്കാരെ അന്തിമ കീഴടങ്ങലിന്നു നിര്‍ബന്ധിച്ച യാത്രയാരംഭിക്കുന്നത് മദീനയില്‍ നിന്നാണ്. അവസാന ദശകങ്ങള്‍ ജീവിച്ചതവിടെയാണ്. മരിച്ചതും മറമാടപ്പെട്ടതും അവിടെയാണ്. ആദ്യത്തെ മൂന്ന് ഖലീഫമാര്‍ ഇസ്ലാമിക ഭരണചക്രം കറക്കിയതും മദീനയിലെ ആത്മീയ പരിസരത്തു നിന്നാണ്. അതിനാല്‍, മദീന എന്നും വിശ്വാസിയുടെ ആത്മീയ ഭൂപടത്തിന്റെ കേന്ദ്രബിന്ദുവാണ്.

മദീനയുമായുള്ള വൈകാരിക ബന്ധം കാവ്യരചനയിലേര്‍പ്പെട്ട വിശ്വാസികളുടെ രചനകളില്‍ പതിമൂന്നാം നൂറ്റാണ്ടു മുതല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

"തീവ്രവേദനയെന്നാത്മാവിനെ ഞെരിയ്ക്കുമ്പോള്‍

ഹിജാസിലെ വാടാച്ചെടികളുടെ പരിമളമാണെനിക്കൌഷധി''

എന്നു പാടിയത് ഈജിപ്തുകാരനായ യോഗാത്മക കവി ഇബ്നുല്‍ ഫരീദാണ്.

കാമിനിയുടെ വിദൂരസ്ഥമായ വാസസ്ഥലത്തേക്കുള്ള പ്രയാസകരമായ യാത്രയുടെ പരമ്പരാഗത രീതിയിലുള്ള വര്‍ണന 'ഖസീദ'കളില്‍ അനിവാര്യമായിരുന്നല്ലോ. അതിനേക്കാള്‍ തീവ്രമായ അഭിനിവേശമാണ് പ്രവാചക നഗരിയിലേക്കുള്ള യാത്രാവര്‍ണനകളില്‍ പ്രകടമാകുന്നത്. മദീനാ മുനവ്വറയിലേക്ക് പുറപ്പെട്ട യാത്രികനായ കവിയുടെ ത്രസിക്കും ഹൃദയത്തിന്, അറേബ്യന്‍ മരുഭൂമിയിലെ മുള്‍പ്പടര്‍പ്പുകള്‍ തന്റെ പാദങ്ങളെ താലോലിക്കുന്ന ചിത്രപ്പട്ടാംബരമായി മാറുന്നു. പ്രണയപാത്രമായ പ്രവാചകരുടെ ദേശത്തേക്കുള്ള പ്രയാസകരമായ യാത്രയുടെ വിവരണം നാടോടിക്കവിതകളിലേക്കും കടന്നു ചെന്നിട്ടുണ്ട്. ശാ അബ്ദുല്ലത്തീഫിന്റെ 'സുര്‍ഖബത്തി'ല്‍ മനുഷ്യന്റെ അസ്വസ്ഥാത്മാവിനെ പ്രതിനിധീകരിക്കുന്ന ഒട്ടകം, തേനിനേക്കാള്‍ മധുരമുള്ളതും കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതുമായ പ്രവാചകനിലേക്ക് നയിക്കപ്പെടുന്നുണ്ട്. ഒപ്പം, പ്രഭചൊരിയും ചന്ദ്രനോട് തന്റെ കാലില്‍ ചുംബിക്കാനാവശ്യപ്പെടുക വഴി സഞ്ചാരിയുടെ പ്രണയചിന്തകളെ പ്രകാശിപ്പിക്കുന്നുമുണ്ട്.

"കാഫ് മലകണ്ട പൂങ്കാറ്റേ

കാണിക്ക നീ കൊണ്ടു വന്നാട്ടേ

കാരക്ക കായ്ക്കുന്ന നാട്ടിന്റെ

മധുവൂറും കിസ്സ പറഞ്ഞാട്ടെ.''

പൂങ്കാറ്റിനോട് അറബി നാട്ടിലെ കഥകളന്വേഷിക്കുന്ന മാപ്പിളക്കവിത മലയാളിക്ക് സുപരിചിതമാണ്. അങ്ങോളം പോകാന്‍ വയ്യാത്തവര്‍ കണ്ടെത്തുന്ന ഉപാധിയാണ് എങ്ങും സഞ്ചരിക്കുന്ന കാറ്റിനോട് ഇഷ്ടനാട്ടിലെ വിവരങ്ങള്‍ തെരക്കല്‍. പ്രവാചക നഗരിയിലേക്ക് യാത്ര സാധിക്കാത്ത ആശിഖുകള്‍, പ്രണയകവികള്‍ തങ്ങളുടെ ആശംസകളും പ്രണയോപഹാരങ്ങളും കൈമാറാന്‍ പ്രഭാതമാരുതനോട് ആവശ്യപ്പെടുന്ന പതിവുണ്ട്. ഇങ്ങനെ സലാം പറയുന്ന രീതി വ്യതിരിക്തമായ ഒരു സാഹിത്യരൂപമായി വികസിച്ചിട്ടുണ്ട്.

മദീനയില്‍ നിന്ന് കവി വസിക്കുന്ന ദേശത്തേക്കുള്ള അകലം ഏറുന്നതിന്നനുസരിച്ച് കവിയുടെ മദീനാവ്യഥ തീവ്രമാകുന്നതായാണ് കാണുന്നത്. ഹജ്ജ് കഴിഞ്ഞെത്തുന്ന ഹാജിമാരുടെ വാമൊഴി വിവരണങ്ങളില്‍ റൌളാശരീഫ് കടന്നുവരുമ്പോള്‍ അവരുടെ കണ്ണുകള്‍ ഈറനണിയുന്നത് ഒരു സാധാരണാനുഭവമാണല്ലോ നമുക്ക്.

ജാമി എഴുതിയ സുദീര്‍ഘമായ ഒരു പ്രവാചക മദ്ഹുകാവ്യത്തിലെ വരികളോരോന്നും അവസാനിക്കുന്നതു തന്നെ 'മദീന' എന്ന റദീഫയിലാണ്. അദ്ദേഹം മദീനയോടുള്ള അഭിലാഷം പ്രകടിപ്പിക്കുന്നത് കാണുക:

"മദീനാ മരുഭൂവിലെ വര്‍ണ ശബളങ്ങളാം പൂക്കള്‍പോല്‍

ഹൃത്തില്‍ വഹിപ്പൂ ഞങ്ങള്‍ മദീനയോടുള്ളഭിലാഷത്തിന്‍ മുറിപ്പാട്

ജ്ഞാനിയുടെ തലയില്‍ നിന്ന് മാഞ്ഞു പോയേക്കാം സ്വര്‍ഗ്ഗാഭിലാഷം

വിട്ടുപോകില്ലൊരിക്കലും പക്ഷേ, മദീനയോടുള്ള തീവ്രാഭിലാഷം!മദീനയിലെ ഈത്തപ്പഴത്തിനുപോലും വിശേഷ പ്രാധാന്യം കല്പിക്കുന്നുണ്ട് കവി :

"മദീനയിലെ ഈത്തപ്പഴത്തിന്‍ കുരുക്കള്‍

ചുംബിക്ക നീ ഈത്തപ്പഴം കഴിക്കുമ്പോള്‍

മാലാഖമാരുടെ ജപമാലയിലെ മുത്തുകളാണവ.''

'മദീന'യെന്ന് യത്രിബ് വിളിക്കപ്പെട്ടത് പ്രവാചക ബന്ധം മൂലമാണെന്ന് നമുക്കറിയാം. എന്നാല്‍ അക്ഷരങ്ങള്‍ ഇഴപിരിച്ചും വില പെരുക്കിയും അത്ഭുതങ്ങള്‍ കാണിക്കുന്നതില്‍ കൌശലം കാണിക്കുന്ന ജാമി 'മദീനയുടെ പദനിഷ്പത്തി കണ്ടെത്തുന്നതും അതേ രീതിയില്‍ തന്നെയാണ്. 'മുഹമ്മദ്'നെ സൂചിപ്പിക്കുന്നതാണ് ജാമിയ്ക്ക്, 'മദീന'യിലെ ആദ്യാക്ഷരമായ 'മീം'. അതിനോട് ദീന്‍ കൂടി ചേര്‍ക്കുമ്പോള്‍ രൂപപ്പെടുന്ന പേരത്രെ 'മദീന'. അത്യുന്നതങ്ങളില്‍ വിരാജിക്കുന്ന ആകാശം കീഴെ അമര്‍ന്നു കിടക്കുന്ന മണ്ണിനോട് അസൂയപ്പെടേണ്ടി വരുന്ന വിചിത്ര സന്ദര്‍ഭം ജാമി പ്രത്യേകം ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രവാചകന്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിനെ കുറിച്ചോര്‍ത്താണ് ആകാശം അങ്ങനെ അസൂയപ്പെടുന്നത്. അതിനപ്പുറം 'മണ്ണായിരുന്നെങ്കില്‍' എന്ന് കൊതിക്കുകയും ചെയ്യുന്നു.

ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ പ്രവാചക സാന്നിധ്യമുള്ള മദീനയെകുറിച്ച് എഴുതപ്പെട്ട കാവ്യങ്ങളുടെ കൂമ്പാരം തന്നെയുണ്ട്. കൂട്ടത്തില്‍ കൈഫിയേയും കിശന്‍ പ്രസാദ് ശാദിനെയും പോലെയുള്ള അമുസ്ലിം കവികളുമുണ്ട്. ഹൃദയത്തെ വടക്കുനോക്കി യന്ത്രത്തിലെ സൂചിപ്പറവയായി സങ്കല്പിക്കുകയും അക്കിളിയെ മദീന ലക്ഷ്യമാക്കി പറത്താന്‍ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്നു കൈഫി. അവിടെ ചെന്നാലോ 'സൂറത്തുന്നൂര്‍' പാരായണം ചെയ്യും സന്ദര്‍ശകര്‍. കാരണം അവിടെ അയാള്‍ ദിവ്യപ്രകാശം അനുഭവിക്കും.

'ഹിജാസിന്റെ സമ്മാനം' എന്നര്‍ത്ഥമുള്ള, ഇഖ്ബാലിന്റെ അവസാനത്തെ കാവ്യസമാഹാരം 'അര്‍മുഗാനെ ഹിജാസ്' ഈ ഗണത്തില്‍ പെട്ട പ്രധാന കൃതിയത്രെ.

പതിനഞ്ചാം നൂറ്റാണ്ടിലെ ഈജിപ്ഷ്യന്‍ പണ്ഡിതനായിരുന്ന ഇമാം സുയൂതി മദീനയില്‍ ചെന്ന് പ്രവാചകര്‍ക്ക് ആദരവുകള്‍ അര്‍പിക്കുമ്പോള്‍ പെരുമാറേണ്ട വിധം തീര്‍ത്ഥാടകരെ അറിയിക്കുന്നുണ്ട്. വിശുദ്ധ റൌളയുടെ താഴ്ഭാഗത്തു നോക്കിക്കൊണ്ട് കണ്ണുകള്‍ താഴ്ത്തി, അയാള്‍ ആദരവോടെ നില്ക്കട്ടെ. തുടര്‍ന്നയാള്‍ പറയട്ടെ. "സൃഷ്ടിജാലത്തിന്റെ ആഹ്ളാദമേ, അങ്ങെയ്ക്കു ശാന്തി. ദൈവത്തിനു പ്രിയപ്പെട്ടവരേ, അങ്ങയ്ക്കു ശാന്തി, ദൈവദൂത•ാരുടെ നായകരേ, അങ്ങയ്ക്കു ശാന്തി. അന്ത്യദൂതരേ, അങ്ങയ്ക്കു ശാന്തി. സന്തോഷവാര്‍ത്ത വഹിപ്പവരേ, അങ്ങയ്ക്കു ശാന്തി. മുന്നറിയിപ്പു നല്‍കുവോരേ, അങ്ങയ്ക്കു ശാന്തി. വിശ്വാസികളുടെ മാതാക്കള്‍ക്ക് ശാന്തി. അങ്ങയ്ക്കും സഹചര•ാര്‍ക്കും ശാന്തി. അങ്ങെയ്ക്കും മറ്റെല്ലാ പ്രവാചക•ാര്‍ക്കും ശാന്തി. അങ്ങയ്ക്കും എല്ലാ നല്ലവരായ വിശ്വാസികള്‍ക്കും ശാന്തി.''

ആകാശത്തെ അന്യായങ്ങള്

മലയാളിയുടെ കുടിയേറ്റ ചരിത്രം അരനൂറ്റാണ്ട് പിന്നിട്ടു എന്നാണ് വെപ്പ്. എഴുപതുകളോടെയായിരുന്നു ഗള്‍ഫിലേക്കുള്ള ഒഴുക്കിന്റെ ആരംഭം. മുംബൈയില്‍ നിന്നും ഉരുവില്‍ ദിവസങ്ങള്‍ നീണ്ട യാത്ര. പ്രതികൂല കാലാവസ്ഥയും ദുരിതങ്ങളും കാരണം ചിലര്‍ പാതിവഴിയില്‍ തന്നെ അവസാന യാത്ര പോയി. ആദ്യകാല പരദേശികള്‍ ഉരുക്കുന്ന ആ ഓര്‍മകള്‍ പലതും ഇപ്പോഴും മനസ്സില്‍ കൊണ്ടുനടക്കുന്നുണ്ട്. വലിയ സ്വപ്നങ്ങളും ഉള്ളിലേറ്റി ഖോര്‍ഫുകാനില്‍ ഉരുവില്‍ വന്നിറങ്ങിയ ഒരുപാടു പേരുമായി സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു. എല്ലാ കഥകള്‍ക്കും ഒരേ വികാരം. എന്നിട്ടും അതിജീവനം നേടാന്‍ കഴിഞ്ഞതിന്റെ വിസ്മയാനുഭവങ്ങള്‍. ഖോര്‍ഫുകാനിലെ വൃദ്ധരായ അറബികള്‍ അത്ഭുതത്തോടെ ചേര്‍ത്തുവച്ച ഒരു പ്രതികരണമുണ്ട്. 'കേരളംപോലെ മറ്റൊരു പ്രദേശത്തു നിന്നും ഇത്രയേറെ മനുഷ്യര്‍ ജീവന്‍ പോലും ബലിനല്‍കാന്‍ തയ്യാറായി ഈ കടപ്പുറത്ത് കാലുകുത്തിയിട്ടില്ലെ'ന്ന്. ഇതൊരു സാക്ഷ്യപ്പെടുത്തലാണ്.

അതിജീവനം കൊതിക്കുന്ന മനുഷ്യരുടെ ഇഛാശക്തിയാണ് ഈ വാക്കുകളില്‍ തുടിയ്ക്കുന്നത്. ആരംഭകാലത്തെ വരണ്ട മണ്ണില്‍ ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടത്തിന്റെ കഥകള്‍ ഒരുപാട് നാം കേട്ടിരിക്കുന്നു. ഒരുപാട് മാറ്റങ്ങള്‍ അത് കേരളത്തില്‍ കൊണ്ടുവന്നു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെയും നമ്മുടെ ഗ്രാമങ്ങളുടെയും ചിത്രം ഒന്നു തുലനം ചെയ്തു നോക്കിയാലറിയാം അതിന്റെ മികവ്. നമ്മുടേതിനെ 'ഗ്രാമം' എന്ന സംജ്ഞ ചേര്‍ത്ത് വിളിക്കാന്‍ പറ്റുമോ എന്നത് മറ്റൊരു ചോദ്യം. ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിന്റെ പോലും അടിസ്ഥാന ധാരകള്‍ തിരഞ്ഞാലറിയാം 'പുറപ്പെട്ടു പോയ' മനുഷ്യര്‍ കാഴ്ചവെച്ച അധ്വാനത്തിന്റെ മഹത്മുദ്രകള്‍. പക്ഷേ, അവകര്‍ക്ക് നാം പകരം നല്‍കിയതെന്ത്? എന്നും ഉള്ളിലൂറി വരുന്നത് ഈ ചോദ്യമാണ്. നീതി നിഷേധത്തിന്റെ അവസ്ഥ തന്നെയായിരുന്നു എന്നും. വലിയ മാറ്റങ്ങളൊന്നുമില്ലാതെ അത് ഇന്നും തുടരുന്നു. ഇത്രയൊക്കെ ചെയ്തിട്ടും ഈ സമൂഹത്തോട് ഒരു നന്ദിവാക്ക് ഉരിയാടാന്‍പോലും മറന്നുപോയ വല്ലാത്തൊരു പരുക്കന്‍ ഹൃദയമായി നമ്മുടേതൊക്കെ മാറിയിരിക്കുന്നു. അല്ലായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു സമീപനം ആയിരുന്നില്ലല്ലോ നാം സ്വീകരിക്കുക. രാഷ്ട്രീയാഭയം തേടി ഇന്ത്യയിലെത്തുന്നവരോട് പോലും നാം പുലര്‍ത്തുന്ന സൌമനസ്യത്തിന്റെ പത്തിലൊന്ന് പരദേശങ്ങളില്‍ തൊഴില്‍ തേടിപ്പോയ സാധാരണ മനുഷ്യരുടെ കാര്യത്തില്‍ ഇല്ലാതെ പോകുന്നു.

ചൂഷണത്തിന്റെ ഗള്‍ഫ്-ഇന്ത്യന്‍ പ്രതീകം

യാത്രാമേഖലയിലാണ് ഈ വിവേചനം കൂടുതലും കണ്ടത്. പായ്ക്കപ്പലുകളില്‍ ദിവസങ്ങള്‍ തള്ളിനീക്കി ജീവിതത്തിനും മരണത്തിനുമിടയില്‍ സഞ്ചരിക്കുമ്പോള്‍ പോലും ആദ്യകാല പരദേശി സമൂഹം ഉള്ളില്‍ ഒരു സംതൃപ്തി കാത്തു സൂക്ഷിച്ചിരുന്നു. അധികം കഴിയും മുമ്പെ പായ്ക്കപ്പലുകള്‍ ചരിത്രം തിരിച്ചെടുത്തു. റൈറ്റ് സഹോദരന്‍മാരുടെ കണ്ടെത്തലിന്റെ മേത്തരം തുടര്‍ച്ചകളാണ് പിന്നീട് രംഗം കൈയടക്കിയത്. മണിക്കൂറുകളുടെ ദൈര്‍ഘ്യത്തില്‍ ആകാശം കീറിമുറിച്ച് ലക്ഷ്യത്തിലെത്താമെന്നു വന്നതോടെ ഗള്‍ഫും നാടുമായുള്ള അകലം കുറഞ്ഞു. ബന്ധങ്ങളുടെ ഊഷ്മളത വിളിപ്പുറത്താണെന്ന് ബോധ്യമായി. പക്ഷേ, ആ വിളിക്കുത്തരം നല്‍കണമെങ്കില്‍ ജീവിതത്തിലെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും മാറ്റിവെക്കണം എന്നു വന്നു. പഴയ പായ്ക്കപ്പലിന്റെ തിരോധാനം, പുതിയ ആകാശക്കൊള്ളക്കുള്ള മുന്നൊരുക്കമായിരുന്നുവെന്ന് പലരും തിരിച്ചറിയാന്‍ വല്ലാതെ വൈകി. പായ്ക്കപ്പലിനു പകരം ഒരു യാത്രാകപ്പലെങ്കിലും ലഭിച്ചാല്‍ മതിയായിരുന്നു എന്നവര്‍ കൂട്ടം കൂടി വിലപിച്ചു. ഒറ്റ വരവേ വന്നുള്ളൂ. 500 ദിര്‍ഹം നല്‍കി നൂറ് കിലോഗ്രാം ബാഗേജുമായി ആദ്യകപ്പലില്‍ കയറിയവര്‍ ഏഴുനാളുകള്‍ക്കുള്ളില്‍ കൊച്ചിയിലെത്തി. അടുത്ത കപ്പലിനു കാത്തിരുന്നവര്‍ വെറുതെയായി. പിന്നെ ഒരു കപ്പലും വന്നില്ല. നമ്മുടെ വിമാനലോബി എത്ര ശക്തമാണെന്ന് ആ കപ്പല്‍ച്ചേതകഥ നമുക്ക് പറഞ്ഞു തന്നു.

പകല്‍ക്കൊള്ളയിലൂടെ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സമാഹരിച്ച കോടികള്‍ക്ക് കണക്കില്ല. വര്‍ഷങ്ങളോളം ഒരു ബദല്‍ ഇല്ലായിരുന്നു ഗള്‍ഫുകാര്‍ക്കു മുന്നില്‍. അതുകൊണ്ടു തന്നെ വിമാനക്കമ്പനി അധികൃതരുടെ ധാര്‍ഷ്ട്യം എല്ലാം നിര്‍ണയിച്ചു. ലോകത്ത് ഒരു സെക്ടറിലും ഇല്ലാത്തവിധം ഭാരിച്ച നിരക്കീടാക്കി കോടികളുടെ അറ്റാദായം ഉണ്ടാക്കിയപ്പോള്‍ പലരും സമാധാനിച്ചു; കിട്ടുന്നത് നമ്മുടെ രാജ്യത്തിനു തന്നെയല്ലേ. പക്ഷേ, ഏകപക്ഷീയമായിരുന്നു ഈ കൊള്ളയെന്ന് പലരും അറിയാന്‍ വൈകി. പതിനഞ്ചും ഇരുപതും മണിക്കൂര്‍ നിര്‍ത്താതെ പറക്കേണ്ട പടിഞ്ഞാറന്‍ രാജ്യങ്ങളിലുള്ളവരോട് എന്നും അലിവായിരുന്നു ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക്. കുറഞ്ഞ നിരക്കും യാത്രക്കാര്‍ കുറഞ്ഞ വിമാനവും. വന്‍തുകയുടെ ബാധ്യതയാണ് ഇതിലൂടെ വന്നുപെട്ടത്. ഗള്‍ഫ് സെക്ടറില്‍ നിന്ന് വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം ഉറപ്പാക്കിയവരാണ് മറുപുറത്ത് ഈ മിച്ചധനമത്രയും പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സെക്ടര്‍ കടലില്‍ കൊണ്ടു കളഞ്ഞത്. മൂന്നോ മൂന്നരയോ മണിക്കൂര്‍ മാത്രം ദൈര്‍ഘ്യം വരുന്ന ഗള്‍ഫ് - കേരള സെക്ടറിലെ യാത്രക്ക്, കണ്ണില്‍ ചോരയില്ലാത്ത തുകയായിരുന്നു ഇവര്‍ ഈടാക്കിയത്. രണ്ടു വര്‍ഷമോ മൂന്ന് വര്‍ഷമോ കൂടുമ്പോള്‍ നാട് പിടിക്കാന്‍ ശ്രമിക്കുന്നവരെ ഏതൊക്കെ രീതിയില്‍ ദ്രോഹിക്കാമോ ആ രീതിയിലൊക്കെയും അവര്‍ ദ്രോഹിച്ചു. മാന്യമായ സേവനം പോലും നല്‍കാതെയായിരുന്നു ഈ ക്രൂരത നടത്തിയത്. അതിന്നെതിരെ ന്യായമായ പരാതി പറയാന്‍ പോലും വയ്യാത്ത സാഹചര്യം. ഡോളര്‍ സമ്പാദിക്കുന്നവരെ പക്ഷേ, തൊട്ടില്ല. ആളൊഴിഞ്ഞ വിമാനങ്ങള്‍ യാങ്കി മണ്ണിലേക്ക് നിരന്തരം പറന്നുകൊണ്ടേയിരുന്നു. പതിനാറ് മണിക്കൂറിലേറെ നീളുന്ന യാത്രക്ക് ഗള്‍ഫ് സെക്ടറുമായി തട്ടിച്ചു നോക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കാണ് ഈടാക്കിയിരുന്നത്. ചെന്നിറങ്ങുന്ന പ്രദേശത്തോടുള്ള ഭയബഹുമാനാദരവുകള്‍ കൊണ്ടാകാം ഏറ്റവും മികച്ച സേവനങ്ങളാണ് അതിലെ യാത്രക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്നത്.

തിന്നും തീറ്റിക്കാതെയും

മുമ്പ്, ഗള്‍ഫ് സെക്ടര്‍ ഉള്‍പ്പടെ എല്ലാം ചേര്‍ത്ത് അന്താരാഷ്ട്ര സെക്ടര്‍ എന്ന ഗണിത ശീര്‍ഷകത്തിലേക്ക് തട്ടുകയായിരുന്നു പതിവ്. എങ്ങനെയായാലും നഷ്ടം എന്ന പൊതുധാരണയുള്ളതിനാല്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ വിഭാഗത്തിന് കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്തു. എന്നാല്‍ പാര്‍ലമെന്റിന്റെ വ്യോമയാന സമിതി ഇപ്പോള്‍ പുറത്തുവിട്ട നഷ്ടക്കണക്കുകളില്‍ ചില രാജ്യങ്ങളുടേത് പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു. അന്താരാഷ്ട്ര പറക്കലില്‍ ചില സെക്ടറുകളില്‍ വന്ന ഭീമമായ നഷ്ടത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണിവ. മാര്‍ച്ച് 13ന് പാര്‍ലമെന്ററി സ്റാന്റിംഗ് കമ്മിറ്റി പുറത്തുവിട്ട ആ റിപ്പോര്‍ട്ട് പ്രകാരം മുംബൈ - ന്യൂയോര്‍ക്ക്, ദല്‍ഹി - ന്യൂയോര്‍ക്ക് നോണ്‍സ്റോപ്പ് വിമാനങ്ങള്‍ ഉണ്ടാക്കിയ കടബാധ്യത വളരെ വലുതാണ്. 2007-ലാണ് മുംബൈ - ന്യൂയോര്‍ക്ക് വിമാന സര്‍വീസ് തുടങ്ങുന്നത്. 2008-ല്‍ ദല്‍ഹിയില്‍ നിന്ന് കണക്ഷന്‍ സര്‍വീസും ഏര്‍പ്പെടുത്തി. ഈ സര്‍വീസില്‍ മാത്രം 750 കോടിയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതിനു മുമ്പുള്ള നഷ്ടത്തിന്റെ കണക്കുകളും ഒട്ടും കുറവല്ല. ഇന്ത്യന്‍ എയര്‍ലൈന്‍സും എയര്‍ഇന്ത്യയും ഒരുമിക്കുന്നതോടെ വ്യോമയാന മേഖലയില്‍ ഉണ്ടാകുന്ന മെച്ചവും ലാഭകരമായ മുന്നേറ്റവും എത്ര ആവേശത്തോടെയായിരുന്നു ബന്ധപ്പെട്ടവര്‍ വിശദീകരിച്ചതെന്ന കാര്യം മറക്കാറായിട്ടില്ല. എന്നാല്‍ ഇരുകമ്പനികള്‍ക്കും 2008-09 കാലയളവിലെ നഷ്ടം 5548.26 കോടിയാണെന്ന് ആധികാരിക രേഖകള്‍ ഉദ്ധരിച്ച് സമിതി വ്യക്തമാക്കുന്നു. തൊട്ടു മുന്‍വര്‍ഷമാകട്ടെ നഷ്ടം 2500 കോടിയായിരുന്നു. നഷ്ടം ഇരട്ടിയിലേക്ക് കുത്തനെ വളര്‍ന്നിരിക്കുന്നു എന്നര്‍ത്ഥം. ഒരിക്കലും ഇണങ്ങാത്ത ഇണകള്‍ തമ്മിലുള്ള വിവാഹബന്ധം പോലെയാണ്, ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും എയര്‍ഇന്ത്യയുടെയും ലയനമെന്നാണ് സമിതിയുടെ കുറ്റപ്പെടുത്തല്‍. സ്വാഭാവിക ജനിതക വൈകല്യം തന്നെയാണ് ഇവിടത്തെ പ്രശ്നം. അതിന്ന് ഇണകളെ മാത്രം കുറ്റപ്പെടുത്തിയതു കൊണ്ടായില്ല. 'എന്തുകൊണ്ട് നഷ്ടം' എന്ന ചോദ്യം പാര്‍ലമെന്റ് സമിതിയും ഉന്നയിക്കുന്നില്ല. വന്‍തോതിലുള്ള ജീവനക്കാരും അവരുടെ ഭാഗത്തു നിന്നുള്ള നിരുത്തരവാദപരമായ സമീപനങ്ങളും, വര്‍ധിച്ച ഓപറേഷന്‍ ചെലവുകള്‍, ജീവനക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മറ്റും നല്‍കി വരുന്ന വന്‍തോതിലുള്ള ഇളവുകള്‍, ആളുകളുടെ വിരക്തി - ഇതൊക്കെയും കാരണങ്ങളാണ്. പക്ഷേ, വിമാനക്കമ്പനിയുടെ നഷ്ടക്കഴുത്തില്‍ ആര് വിലങ്ങു ചാര്‍ത്തും?

മാറുന്ന ആകാശനയം;

പക്ഷേ, ഭൂമിയിലുള്ളവര്‍ക്ക് ദുരിതം

ദീര്‍ഘകാലമായി ആവശ്യപ്പെട്ടിട്ടും ഇന്ത്യയിലെ സ്വകാര്യ കമ്പനികള്‍ക്ക് പുറം രാജ്യങ്ങളിലേക്കു പറക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. പറഞ്ഞ കാരണമാണ് രസകരം. അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ പ്രതിഛായ സംരക്ഷിക്കുമാറ് മികച്ച സേവനം നടത്താന്‍ ഇവര്‍ക്ക് കഴിയില്ലെന്ന്. ലോകോത്തര നിലവാരത്തിലുള്ള ഗള്‍ഫ് രാജ്യങ്ങളിലെ വിമാന കമ്പനികളുടെ സേവനങ്ങള്‍ക്കിടയില്‍ നമ്മുടെ ഔദ്യോഗിക വിമാനക്കമ്പനികളുടെ സേവനത്തെ കുറിച്ച് അധികം പറയാതിരിക്കുകയാകും ഭേദം. 2005-ല്‍ ആണ് സ്വകാര്യ കമ്പനികള്‍ക്കു കൂടി അന്താരാഷ്ട്ര തലത്തില്‍ പറക്കാന്‍ അനുമതി നല്‍കുന്നത്. കര്‍ശന ഉപാധികളുടെ പുറത്തായിരുന്നു അത്. ഇപ്പോഴും സോപാധിക വിലക്കുണ്ട്. പക്ഷേ, അനുമതി ലഭിച്ചവ സാമാന്യം തരക്കേടില്ലാതെ സര്‍വീസ് നടത്തുന്നു.

അന്താരാഷ്ട്ര വിമാനക്കമ്പനികളാകട്ടെ, പ്രതികൂല സാഹചര്യത്തെ മറികടന്നും നേട്ടം ഉണ്ടാക്കുന്നുണ്ട്. ഏറ്റവും നല്ല സര്‍വീസും മികച്ച സംവിധാനങ്ങളും നടപ്പാക്കുന്നതില്‍ അവ ആവേശപൂര്‍വം മത്സരിക്കുകയാണ്. എമിറേറ്റ്സ് എയര്‍ ലൈന്‍സും ഖത്തര്‍ എയര്‍വേസും ഉദാഹരണം. അന്താരാഷ്ട്ര നിലവാരത്തിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെയാണ് കൂടുതല്‍ പ്രദേശങ്ങളും യാത്രക്കാരെയും ഉള്ളം കൈയിലെടുക്കാന്‍ അവര്‍ എന്നും മുന്നേ നടക്കുന്നത്. കഴിഞ്ഞ പത്തു കൊല്ലത്തിനുള്ളില്‍ ഇരുവിമാനക്കമ്പനികളും വികസന പാതയില്‍ വന്‍ കുതിപ്പു തന്നെ നടത്തി. ലോകത്തെ ഒട്ടുമിക്ക പ്രദേശങ്ങളിലേക്കും അവ ചിറകു വിടര്‍ത്തി. യാത്രക്കാരുടെ വിശ്വാസം വല്ലാതെ ആര്‍ജിച്ചു. അതേ സമയം ഇവിടെ കാണുന്നത് സ്ഥിരം കറക്കമാണ്. പുറമെ നടക്കുന്ന മാറ്റങ്ങളൊന്നും ഉള്‍ക്കൊള്ളില്ലെന്ന് നാം ശഠിച്ചിരിക്കുന്ന പോലെ. ഇന്ത്യന്‍ വിമാനക്കമ്പനികളുടെ 29 അന്താരാഷ്ട്ര റൂട്ടുകളെങ്കിലും പുനപ്പരിശോധനക്ക് വിധേയമാക്കണമെന്നാണ് പാര്‍ലമെന്റ് സമിതി നിര്‍ദ്ദേശിക്കുന്നത്. ഭാഗ്യം! അതില്‍ ഗള്‍ഫ് സെക്ടറുകള്‍ ഇല്ല. അവ ഇപ്പോഴും വന്‍ ലാഭത്തില്‍ തന്നെ നടക്കുന്നുണ്ടാകണം. രണ്ട് ദേശീയ വിമാനക്കമ്പനികളുടെയും ലയനം പരാജയപ്പെട്ടതോടെ അവയെ വേര്‍പെടുത്തണം എന്നാണ് പാര്‍ലമന്റ് സമിതിയുടെ നിര്‍ദേശം. ഒന്നിപ്പിച്ചതിന്റെ പേരില്‍ മറിഞ്ഞ കോടികളുടെ പതിന്‍മടങ്ങാകും, ബന്ധം വേര്‍പെടുത്താന്‍ മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് ലഭിക്കുക. എങ്ങനെ വന്നാലും കച്ചവടം മോശമാകില്ലെന്ന് ചുരുക്കം.

നടപ്പാകുന്നത് ശക്തമായ ലോബിയുടെ നയങ്ങള്‍

വ്യോമയാന മേഖല എവിടെയും ശക്തമാണ്. ഇന്ത്യയില്‍ ഈ ലോബി കൂടുതല്‍ ശക്തമാണ്. സ്വകാര്യവ്യോമയാന ചരിത്രത്തിലെ ഞെട്ടിക്കുമാറുള്ള അരങ്ങേറ്റമായിരുന്നു മലയാളിയുടെ കാര്‍മികത്വത്തില്‍ രൂപം കൊണ്ട ഈസ്റ് വെസ്റ് എയര്‍ലൈന്‍സ്. പൊടുന്നനെ വളര്‍ന്ന ആ സംരംഭത്തെ എല്ലാവരും ചേര്‍ന്ന് എത്ര പെട്ടെന്നാണ് കുഴിച്ചു മൂടിയതെന്നും നമുക്കറിയാം. വിമാനക്കമ്പനി തുടങ്ങി എന്നതിന്റെ പേരില്‍ കൊല്ലപ്പെടാനായിരുന്നു ഉടമയുടെ വിധി. ആ പകപോക്കല്‍ മനസ്ഥിതി ഈ മേഖലയില്‍ അശനിപാതം പോലെ ഇന്നും തുടരുന്നുണ്ട്. കാലം വല്ലാതെ മാറിയതു കൊണ്ട് തല്‍ക്കാലം തിരശ്ശീലക്കു പിന്നിലേക്ക് പലരും മാറിയെന്നു മാത്രം. ടിക്കറ്റ് കണ്‍ഫര്‍മേഷന്‍ മുതല്‍ എല്ലാ രംഗങ്ങളിലും ശക്തമായ ഈ ലോബിയുടെ ആധിപത്യം കാണാം. ഇന്റര്‍നെറ്റ് സംവിധാനങ്ങളും സൌകര്യങ്ങളും വന്നെങ്കിലും ഗള്‍ഫ് സെക്ടറുകളില്‍ സീറ്റ് ലഭിക്കാത്ത സാഹചര്യം ഇപ്പോഴും തുടരുന്നു. മാസങ്ങള്‍ക്കു മുമ്പെ സീറ്റ് ബുക്ക് ചെയ്യേണ്ട സാഹചര്യം തന്നെയാണ് ഇപ്പോഴുമുള്ളത്. കേരളത്തില്‍ നിന്നുള്ള യാത്രക്കാരാണ് ഇതിന്റെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. മുംബൈ ലോബിയുടെ ശക്തമായ സ്വാധീനം മലയാളിയുടെ യാത്രാദുരിതത്തിന് കടുപ്പം കൂട്ടുകയാണ്. ഗള്‍ഫ് സെക്ടറില്‍ നിന്ന് കേരളത്തിലെ വ്യത്യസ്ത വിമാനത്താവളങ്ങളിലേക്കുള്ള നിരക്കുകളില്‍ പോലും കാണാം അസന്തുലിതത്വം.എല്ലാം കൊണ്ടും വന്‍ലാഭം കൊയ്യാന്‍ പറ്റിയ സാഹചര്യമുണ്ടായിട്ടും എന്തുകൊണ്ട് നമ്മുടെ ദേശീയ വിമാനക്കമ്പനികള്‍ നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു എന്നത് പഠിക്കപ്പെടേണ്ട ഒരു വസ്തുതയായി നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന് ഇപ്പോഴും തോന്നിയിട്ടില്ല. ഇനി അതു തോന്നാനും സാധ്യതയില്ല. സാമ്പത്തിക തടസ്സങ്ങളൊന്നും വ്യോമഗതാഗതത്തെ ബാധിക്കുന്നില്ല. എയര്‍ക്രാഫ്റ്റുകളുടെ കപ്പാസിറ്റിക്കുറവ്, ടൂറിസം മേഖലയെ അവഗണിക്കല്‍ എന്നിവയുടെ കാര്യത്തില്‍ പുതിയ സമീപനം സ്വീകരിച്ചാല്‍ തന്നെ നഷ്ടത്തിന്റെ സ്ഥിരം കണക്കുകള്‍ മാറ്റിയെഴുതാന്‍ കഴിയും. യാത്രാനിരക്ക് ഉയര്‍ത്തുന്നതിലല്ലാതെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ യാതൊരു നീക്കവും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നടത്തുകയുണ്ടായില്ല. ഇന്ത്യയില്‍ ടൂറിസം സാധ്യതകള്‍ വികസിക്കാനും കുറഞ്ഞ വിമാനനിരക്ക് നടപ്പില്‍ വരണം. മലേഷ്യയും ശ്രീലങ്കയും മികച്ച ഉദാഹരണങ്ങള്‍. വിമാനക്കമ്പനികളുടെ സജീവ പങ്കാളിത്തമാണ് ഉണര്‍വ് പകര്‍ന്ന പ്രധാന ഘടകം. ഇന്നും കുറഞ്ഞ നിരക്കില്‍ ദിവസങ്ങള്‍ നീണ്ട ടൂറിസം പാക്കേജുകള്‍ നല്‍കാന്‍ ഈ വിമാനക്കമ്പനികള്‍ മുന്നിലുണ്ട്. അതിന്റെ ഗുണഫലം ആ നാടുകള്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. തായ്ലന്റ്, സിംഗപ്പൂര്‍, സൈപ്രസ് എന്നിവയും ഈ രംഗത്ത് വന്‍മുന്നേറ്റം ഉറപ്പാക്കുകയുണ്ടായി. വിമാനട്ടിക്കറ്റ് നിരക്ക് പേടിച്ചു മാത്രമാണ് പല സാധാരണക്കാരും നാട്ടിലേക്കുള്ള യാത്ര മാറ്റിവയ്ക്കുന്നത്. കുറഞ്ഞ നിരക്ക് സ്ഥിരപ്പെടുത്താന്‍ കഴിഞ്ഞാല്‍ എല്ലാ കൊല്ലവും അവിദഗ്ധ തൊഴിലാളികള്‍ക്കുവരെ നാട്ടില്‍ വന്നു പോകാന്‍ സാധിക്കും. യീല്‍ഡ് ഇംപ്രൂവ്മെന്റ് കമ്മിറ്റി(വൈഐസി)യാണ് നിരക്ക് ക്രമീകരിക്കുന്നതെന്നും തങ്ങള്‍ക്ക് ഇതില്‍ പങ്കൊന്നുമില്ലെന്നുമാണ് പലപ്പോഴും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ തട്ടിവിടാറുള്ളത്. അതാത് സെക്ടറില്‍ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളുടെ പൊതു കൂട്ടായ്മയാണിത്. പലപ്പോഴും സംഘടിത ബ്ളാക്മെയില്‍ രീതിയാണ് കമ്മിറ്റി പിന്തുടരുന്നത്. സ്വകാര്യ വിമാനക്കമ്പനികള്‍ വന്നതോടെ മത്സരം സജീവമാവുകയും ആഭ്യന്തര തലത്തില്‍ വിലകുറക്കുകയും ചെയ്തു. എന്നാല്‍ ഗള്‍ഫ് സെക്ടറില്‍ ഇപ്പോഴും അടിസ്ഥാനപരമായ മാറ്റം വന്നുവെന്ന് പറയാന്‍ കഴിയില്ല.

ബജറ്റ് എയര്‍ലൈനുകളുടെ സാമ്പത്തിക രാഷ്ട്രീയം

കുറഞ്ഞ നിരക്ക്, കൂടുതല്‍ ലാഭം എന്ന പുതിയ സാമ്പത്തിക ശാസ്ത്രം ചില ഗള്‍ഫ് രാജ്യങ്ങള്‍ സമര്‍ത്ഥമായി നടപ്പാക്കി. ഷാര്‍ജ കേന്ദ്രീകരിച്ചുള്ള എയര്‍ അറേബ്യയാണ് നിരക്കു കുറഞ്ഞ വിമാന സര്‍വീസിന്റെ സാധ്യത ആദ്യം മുതല്‍ക്കേ പരമാവധി പ്രയോജനപ്പെടുത്തിയത്. അത്യാവശ്യം സൌകര്യങ്ങളൊക്കെ യാത്രക്കാര്‍ക്ക് നല്‍കിയാണ് നിലവിലുള്ള പൊതുവ്യോമയാന നിരക്കില്‍ കാര്യമായ കുറവു കൊണ്ടുവരാന്‍ കമ്പനി ശ്രദ്ധിച്ചത്. അതിന്റെ മെച്ചവും അവര്‍ക്ക് ലഭിച്ചു. എല്ലാ സെക്ടറുകളിലെയും വിമാനങ്ങളില്‍ നിറയെ യാത്രക്കാര്‍. സേവനത്തില്‍ പരമാവധി നിഷ്കര്‍ഷയും അവര്‍ പുലര്‍ത്തി. സമ്പന്ന അറബികള്‍ പോലും എയര്‍ അറേബ്യയെ ആദരവോടെ നോക്കിക്കാണുന്ന സ്ഥിതി വന്നു. ഇന്ത്യന്‍ വിമാനക്കമ്പനികളെ പോലെ ആണ്ടറുതിയില്‍ അവര്‍ നെഞ്ചത്തടിച്ച് നഷ്ടത്തെ കുറിച്ച് വിലാപഗാനം പാടിയില്ല. അവരുടെ വാര്‍ഷിക വരുമാനം കുത്തനെ ഉയര്‍ന്നു കൊണ്ടേയിരുന്നു. നിരക്കു കുറഞ്ഞ സര്‍വീസുകളുടെ പരമ്പര തന്നെ അതിനുശേഷമുണ്ടായി. ഫ്ളൈ ദുബൈയും ബഹ്റൈന്‍ എയറും തരക്കേടില്ലാതെ ആ വിഹായസ്സിലേക്ക് വന്നു നിന്നു. ഇന്ത്യക്കായിരുന്നു ഈ മാതൃക പരീക്ഷിച്ച് വിജയിക്കാന്‍ എളുപ്പം സാധിക്കുമായിരുന്നത്. പക്ഷേ, നാം വല്ലാതെ വൈകിപ്പോയി. ഓപണ്‍ എയര്‍ പോളിസി വന്നതോടെ ഇന്ത്യന്‍ സെക്ടറുകളിലേക്കും കിടമത്സരം എത്തി. കൂടുതല്‍ വിമാന സര്‍വീസുകള്‍ വന്നു. അപ്പോഴാണ് നാം മത്സരത്തിന്റെ ചൂടറിഞ്ഞത്. എന്നിട്ടും യാഥാര്‍ഥ്യം അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. മറ്റു വിമാനക്കമ്പനികള്‍ കുറഞ്ഞ നിരക്ക് കെട്ടിയേല്‍പിക്കുകയാണെന്ന പരാതി ഇന്ത്യന്‍ വിമാനക്കമ്പനി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായി. എന്നാല്‍ ഇതില്‍ കാര്യമില്ലെന്ന അഭിപ്രായമാണ് പൊതുവെയുള്ളത്. മത്സരം മുറുകിയതോടെ ഗള്‍ഫ്-കേരള സെക്ടറില്‍ ചെറുശതമാനം നിരക്കിളവിന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ തയ്യാറായിരുന്നു. അപ്പോഴും സീസണ്‍കൊള്ള അഭംഗുരം തുടര്‍ന്നു. മാത്രമല്ല, നിരക്കു കുറഞ്ഞ മറ്റു വിമാന കമ്പനികളെയും നമ്മുടെ രീതിയില്‍ നിരക്കു വാങ്ങാന്‍ സാധ്യമായ എല്ലാ നിലക്കും നാം പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു. ഏവിയേഷന്‍ ഇന്ധനത്തിന്റെ പേരു പറഞ്ഞാണ് പലപ്പോഴും നിരക്കുയര്‍ത്തുന്നത്. ആഗോള വിപണിയിലെ എണ്ണവില ചൂണ്ടിക്കാട്ടിയാണ് നിരക്കുയര്‍ത്തല്‍. എന്നാല്‍ എണ്ണവില കുത്തനെ ഇടിഞ്ഞ നാളുകളില്‍ പോലും ഉയര്‍ത്തിയ നിരക്ക് കുറക്കാനുള്ള മിനിമം സത്യസന്ധത നാം കാണിക്കാറില്ല. 'വേണമെങ്കില്‍ മതി'യെന്ന ഒരുതരം ധാര്‍ഷ്ട്യത്തോടെ പറക്കുകയാണ് നമ്മുടെ മഹാരാജാക്ക•ാര്‍. ഇതേ മാനസികാവസ്ഥ തന്നെയാണ് ഏറ്റവും നല്ല സര്‍വീസ് നടപ്പാക്കേണ്ട ഈ മേഖലയിലെ ജീവനക്കാരിലും നാം പകര്‍ന്നു കൊണ്ടിരിക്കുന്നത്.

പ്രതിഷേധത്തിന്റെ ജ്വാലകള്‍

ഈ ദശാബ്ദത്തിലാണ് ഗള്‍ഫ് മേഖലയില്‍ പ്രതിഷേധം കൊഴുക്കുന്നത്. ഒറ്റപ്പെട്ട സംഘടനകളിലൂടെ ആരംഭിച്ചതായിരുന്നു വിമാനനിരക്കിലെ പകല്‍കൊള്ളക്കെതിരായ ആദ്യപ്രതികരണങ്ങള്‍. ദുരിതാനുഭവങ്ങളിലൂടെ കടന്നുവന്ന സാധാരണക്കാരിലൂടെ അത് ഒരു വികാരവിക്ഷോഭമായി വളര്‍ന്നു. ബഹിഷ്കരണാഹ്വാനം കുറിക്കു കൊണ്ടു. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ പത്തു മുതല്‍ പതിനഞ്ചു ശതമാനം വരെ നിരക്കിളവ് പ്രഖ്യാപിക്കാനും നിര്‍ബന്ധിതരായി. അസംഘടിത പ്രവാസീസമൂഹത്തിന്റെ അഭൂതപൂര്‍വമായ ചെറുത്തു നില്‍പ്പുവിജയം തന്നെയായിരുന്നു അത്. എന്നാല്‍ ആ പ്രത്യാശയും അധികകാലം നീണ്ടു നിന്നില്ല. ഒന്നിച്ചുനിന്ന പരദേശീപ്രക്ഷോഭകര്‍ക്കിടയില്‍ അധികം വൈകാതെ വിള്ളല്‍ വീണു. നേതാക്കള്‍ പല തോണികളിലായി. ചുരുക്കത്തില്‍ ഇന്ത്യന്‍ വിമാനക്കമ്പനികളെ മുട്ടുകുത്തിക്കാന്‍ തക്ക ശക്തിയുള്ള വലിയൊരു സാധ്യതയാണ് പൊടുന്നനെ ഇല്ലാതായത്. ശക്തമായ സമ്മര്‍ദ്ദത്തിലൂടെയല്ലാതെ, കേവലം നിവേദന പരമ്പരകള്‍ കൊണ്ട് ഒന്നും നേടാന്‍ പോകുന്നില്ലെന്ന് പ്രവാസീസമൂഹം തിരിച്ചറിയാതെ പോയി. സ്ഥിരം പ്രതിഷേധ പരിപാടികളില്‍ ഒറ്റപ്പെട്ട സംഘടനകള്‍ അഭിരമിക്കുന്നതാണ് പിന്നെ കണ്ടത്. പക്ഷേ, നിര്‍ണിത അതിരുകള്‍ക്കപ്പുറത്തേക്ക് അതൊന്നും ഒട്ടും നീങ്ങിയതുമില്ല. ചില ഇന്ത്യന്‍ സെക്ടറുകളില്‍ റിട്ടേണ്‍ ടിക്കറ്റിന് മുപ്പതിനായിരം രൂപ വരെ നല്‍കിയവരുണ്ട്. മാര്‍ക്കറ്റിന്റെ പ്രവണത അറിഞ്ഞാണ് നിരക്കു ക്രമീകരണം എന്നാണ് ബന്ധപ്പെട്ടവര്‍ ഇതിനു നല്‍കുന്ന പ്രതികരണം. സുപ്രീംകോടതിയില്‍ നിരക്ക് അസന്തുലിതത്വം ചോദ്യം ചെയ്യണമെന്ന് പ്രക്ഷോഭകാലത്ത് അമ്പതോളം സംഘടനകള്‍ ചേര്‍ന്ന് സംയുക്തമായി തീരുമാനിച്ചിരുന്നു. എന്നാല്‍ അത്തരം നടപടികളൊന്നും പിന്നെ മുന്നോട്ടു പോയില്ല. വ്യോമയാന മേഖല തുറക്കുകയും ബജറ്റ് എയര്‍ലൈന്‍സ് വരികയും ചെയ്തതോടെ പ്രക്ഷോഭങ്ങളുടെ കൊട്ടിക്കലാശമായി. ആദ്യത്തെ എയര്‍ ഇന്ത്യ എക്സ്പ്രസിനെയും കൈപിടിച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു കന്നിവിമാനത്തില്‍ അബൂദാബിയില്‍ വന്നിറങ്ങിയത്. കൊട്ടും കുരവയുമായി ആഘോഷത്തോടെയായിരുന്നു അരങ്ങേറ്റം. ചുരുങ്ങിയ ചിലവില്‍ യാത്ര ചെയ്യാനുള്ള അവസരം തുറന്നു കിട്ടിയതിന്റെ ത്രില്ല് അബൂദാബി മലയാളി സമാജത്തില്‍ ഒരുക്കിയ ആഘോഷച്ചടങ്ങിലും ദൃശ്യമായി. ഒരു ജനതയുടെ ആത്മാവിഷ്കാരം തന്നെയായിരുന്നു എല്ലാം കൊണ്ടും അവിടെ അന്ന് പ്രതിഫലിച്ചത്. എന്നാല്‍ അധികം കഴിയും മുമ്പെ ലക്ഷ്യങ്ങള്‍ പലതും തകിടം മറിഞ്ഞു. പല സാങ്കേതിക സംജ്ഞകളും പറഞ്ഞ് ബജറ്റ് എയര്‍ ലൈന്‍ നിരക്കുപോലും ഉയര്‍ത്തിക്കൊണ്ടിരുന്നു. ഒരുതരം ഭാഗ്യാന്വേഷണമായി ടിക്കറ്റ് റിസര്‍വേഷന്‍ മാറി. സീസണ്‍കൊള്ള പലരൂപത്തില്‍ ഇപ്പോഴും ഗള്‍ഫ് സെക്ടറിനെ വേട്ടയാടുകയാണ്.

തളിര്‍ക്കാതെ പോയ പ്രതീക്ഷകള്‍

റാക് എയര്‍വേസ് വലിയ പ്രതീക്ഷ നല്‍കിയുന്നു. ഒരു പക്ഷേ, ഏറ്റവും കുറഞ്ഞ നിരക്കില്‍ കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ ഇവരാണ് ആദ്യം മുന്നില്‍ വന്നത്. ദുബൈ, അബൂദാബി ഉള്‍പ്പടെ പല ഭാഗങ്ങളിലും ബസ്സുകള്‍ വഴി ആളുകളെ റാസല്‍ ഖൈമയില്‍ എത്തിച്ചായിരുന്നു വിമാനയാത്ര. അധികം കഴിയും മുമ്പെ സര്‍വീസുകള്‍ മുടങ്ങി. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നു പോലും ഇനിയും വ്യക്തമല്ല. എന്നും വളര്‍ന്നു കൊണ്ടിരിക്കുന്ന സെക്ടറാണിത്. ഓരോ വര്‍ഷവും ഇരുപതു മുതല്‍ മുപ്പതു ശതമാനം വരെയാണ് വര്‍ധന. അന്താരാഷ്ട്രതലത്തിലെ വര്‍ധന, കൂടിയാല്‍ പതിനഞ്ച് ശതമാനമാണെന്നും നാം ഓര്‍ക്കണം. സാമ്പത്തികമാന്ദ്യം പോലും ഗള്‍ഫ് സെക്ടറിനെ കാര്യമായി ബാധിച്ചില്ല എന്നതും ശ്രദ്ധേയം. എണ്‍പതു ശതമാനം ഓക്യുപെന്‍സി ഈ സെക്ടറിന്റെ മാത്രം പ്രത്യേകതയാണ്. പതിനായിരം സീറ്റെങ്കിലും ഓരോ വര്‍ഷവും ഉയര്‍ത്താന്‍ ശേഷിയുള്ള സെക്ടറാണിതെന്ന് വ്യോമയാന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. പല സെട്കറുകളിലും കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ വിദേശക്കമ്പനികള്‍ ഒരുക്കമാണ്. അങ്ങനെ വന്നാല്‍ ധാരണ പ്രകാരം ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് തിരിച്ചും സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കും. ഓപ്പണ്‍ എയര്‍ പോളിസി ഉണ്ടായിട്ടും ഇപ്പോഴും ചുകപ്പുനാടകളില്‍ കുരുങ്ങി കിടക്കുകയാണ് പല സര്‍വീസ് അപേക്ഷകളും. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാകാര്യങ്ങളും വിലയിരുത്തി മാത്രമേ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പിക്കാന്‍ സാധിക്കൂ എന്നാണ് വ്യോമയാന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. ഗള്‍ഫ് ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും തുച്ഛവരുമാനക്കാരാണ്. റിക്രൂട്ടിംഗ് ഏജന്റിനും ഇടനിലക്കാര്‍ക്കും നല്ല തുക കൊടുത്താണിവര്‍ വിസ സമ്പാദിക്കുന്നത്. ചെലവുകള്‍ പരമാവധി ചുരുക്കിയാണ് മാസാമാസം നല്ലൊരു തുക നാട്ടിലെ ബന്ധുക്കള്‍ക്കായി ഇവര്‍ അയച്ചു കൊടുക്കുന്നത്. ഈ പാവങ്ങളാണ് ഒന്നോ രണ്ടോ കൊല്ലം കൂടുമ്പോള്‍ സമ്പാദ്യത്തിന്റെ ഇരുപത്തഞ്ച് ശതമാനം വരെ വിമാന ടിക്കറ്റിനായി ചിലവിട്ട് നാട്ടില്‍ പോകേണ്ടി വരുന്നത്. അസ്ഥിരവും പ്രതികൂലവുമായ സാഹചര്യത്തില്‍, ഒറ്റപ്പെടലിന്റെ ആത്മസംഘര്‍ഷങ്ങള്‍ ഉള്ളിലൊതുക്കി, ആയുസ്സ് തള്ളിമാറ്റുകയാണിവര്‍. കേരളം മാത്രമല്ല, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും മറ്റുമായി ഗള്‍ഫില്‍ കഴിയുന്നവരില്‍ ഭൂരിഭാഗത്തിന്റെയും അവസ്ഥ ഇതു തന്നെ. ലക്ഷക്കണക്കിന് കോടി രൂപയാണ് ഈ സമൂഹം ഇന്ത്യക്ക് മുതല്‍കൂട്ടാന്‍ നാട്ടിലെത്തിക്കുന്നത്. ശരിയാണ്, ഉല്‍പാദനപരമായ മാര്‍ഗങ്ങളിലേക്കൊന്നും ആ സമ്പാദ്യം അധികമൊന്നും വരുന്നില്ല. പരദേശീ സമൂഹം മാത്രമല്ല, രാഷ്ട്രീയ നേതൃത്വവും ഇക്കാര്യത്തില്‍ പ്രതികളാണ്. ഭാവനാരഹിത നേതൃത്വമായതുകൊണ്ടാവും ലോകത്തെ ഏറ്റവും സമ്പന്ന പ്രദേശമായി മാറാനുള്ള വിദേശനാണ്യം കേരളക്കരയില്‍ എത്തിയിട്ടും അതിന്റെ ഗുണഫലം സാമൂഹിക ശാക്തീകരണ മേഖലയില്‍ നമുക്കു ലഭ്യമാകാതെ പോയത്. ഏതാനും വര്‍ഷം മുമ്പ് പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ് പരദേശികള്‍ക്കിടയില്‍ ഒരു സര്‍വേ നടത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ പതിനായിരം പേരെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വേ. അതിന്റെ ഫലം ഞെട്ടിക്കുന്നതായിരുന്നു. നീണ്ട കാലം ഗള്‍ഫില്‍ ചെലഴിച്ചിട്ടും ഒന്നും മിച്ചം വെക്കാന്‍ കഴിയാതെ പോയവന്റെ ആകുലതകളായിരുന്നു സര്‍വേ ഫലം കുടഞ്ഞു പുറത്തിട്ടത്. നാളെ തിരികെപ്പോയി കുഴപ്പമില്ലാത്ത ഒരു ജീവിതം കേരളത്തില്‍ കെട്ടിപ്പടുക്കാന്‍ കഴിയുമെന്ന് നെഞ്ചത്ത് കൈവച്ചു പറഞ്ഞത് വെറും അഞ്ചുശതമാനം പേര്‍ മാത്രം. തൊഴില്‍ സുരക്ഷാ ഭീഷണി നേരിടുന്ന അവസ്ഥ ഉണ്ടായിട്ടുകൂടി പരദേശീസമൂഹമോ അവരുടെ കുടുംബങ്ങളോ ഭരണകൂടങ്ങളോ സാമൂഹിക രാഷ്ട്രീയ മത സംഘടനകളോ ഒരു മാറ്റത്തിന് ഇനിയും തയ്യാറായിട്ടില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കാണ് ഇതില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയുക. പ്രതിവര്‍ഷം ശരാശരി ഇരുപത് ബില്യണ്‍ ഡോളറിലും ഏറെയാണ് ഇന്ത്യയിലെത്തുന്ന വിദേശനാണ്യം. ഇതില്‍ മുക്കാല്‍ ഭാഗവും വരുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. സാമ്പത്തിക മാന്ദ്യത്തിന്റെ ഘട്ടത്തിലും വിദേശ ഇന്ത്യക്കാരുടെ കൈത്താങ്ങ് ഇന്ത്യക്ക് കൂട്ടായി മാറി. മറ്റു പല ഘട്ടങ്ങളിലും എന്ന പോലെ ഇവിടെയും ഒരു നന്ദി തിരികെ പ്രകടിപ്പിക്കപ്പെടുന്നില്ല. പ്രവാസി മന്ത്രാലയത്തിന് ആകെക്കൂടി നല്‍കിയിരുന്നത് 81 കോടിയാണെന്നറിയുക. പരദേശികളുടെ ക്ഷേമ പദ്ധതികള്‍ക്ക് മാന്യമായ ഒരു തുക നീക്കിവെക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഉഭയകക്ഷി ബന്ധങ്ങള്‍ വളരുന്നുണ്ടെങ്കിലും പരദേശികളായ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവല്‍പ്രതിസന്ധികളിലേക്ക് അതിന്റെ സാധ്യതാഹസ്തങ്ങള്‍ നീട്ടാന്‍ വിദേശകാര്യ മന്ത്രാലയവും മനസ്സ് വെക്കുന്നില്ല. പതിറ്റാണ്ടുകള്‍ക്കു ശേഷം സഊദിയില്‍ സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അവിടെ ജീവിക്കുന്ന ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ വംശജരുടെ പ്രശ്നങ്ങളില്‍ അനുഭാവപൂര്‍ണമായ ഒരു നിലപാട് സ്വീകരിക്കാന്‍ മറന്നതായിരിക്കുമോ?

Courtesy: Risala -April 2010

Thursday, March 11, 2010

Pravasi Welfare Fund

Dear All,

Most of our friends are confused about Pravasi Identity Card & Pravasy Welfare Fund. Both of these are different. Pravasi Identity card is just an identity card like our Thirichariyal Card. It has no connection with the Pravasi Welfare Fund (Kerala Pravasy Kshema Padhathi). Pravasy Welfare Fund is the Pension Fund that newly introduced by Kerala Govt. Details of the fund is attached herewith. Also you can check the site http://www.pravasiwelfarefund.org/.
Dear All,

Most of our friends are confused about Pravasi Identity Card & Pravasy Welfare Fund. Both of these are different. Pravasi Identity card is just an identity card like our Thirichariyal Card. It has no connection with the Pravasi Welfare Fund (Kerala Pravasy Kshema Padhathi). Pravasy Welfare Fund is the Pension Fund that newly introduced by Kerala Govt. Details of the fund is attached herewith. Also you can check the site http://www.pravasiwelfarefund.org.

Tuesday, March 2, 2010

സൂഫി കഥ

മനുഷ്യന്‍

പ്രസിദ്ധനായ ഒരു സൂഫിയും അദ്ദേഹത്തിന്റെ ശിഷ്യരും പതിവ് യാത്രയിലായിരുന്നു. വഴിയില്‍ കുറച്ച് പേര്‍ കക്കൂസ് വൃത്തിയാക്കുന്നത് അവര്‍ കണ്ടു. ദുര്‍ഗന്ധം സഹിക്കാനാവാതെ ശിഷ്യരില്‍ ചിലര്‍ തിരിഞ്ഞ് നടക്കാനൊരുങ്ങി. അപ്പോള്‍ സൂഫി അവരോട് ചോദിച്ചു. ‘ ദുര്‍ഗന്ധം വമിക്കുന്ന ഈ മലം നിങ്ങളോട് മൗനമായി പറയുന്ന കാര്യമെന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ’. ശിഷ്യര്‍ പറഞ്ഞു: ഇല്ല ഗുരോ അങ്ങ് പറഞ്ഞു തന്നാലും.
സൂഫി: ഇന്നലെ വരെ ആരും ആഗ്രഹിക്കുന്ന മധുര പലഹാരങ്ങളും പഴങ്ങളുമായിരുന്നു ഞാന്‍. നിങ്ങളുടെ വയറ്റിലെത്തി ഒറ്റ രാത്രി കൊണ്ട് എന്റെ സ്ഥിതി ഇങ്ങനെയായി. ഇപ്പോള്‍ നിങ്ങള്‍ എന്നില്‍ നിന്നും ഓടിയകലാന്‍ ശ്രമിക്കുന്നു. യഥാര്‍ഥത്തില്‍ ഞാന്‍ നിങ്ങളില്‍ നിന്നായിരുന്നു ഓടിയകലേണ്ടിയിരുന്നത്.ഭരണാധികാരി

ഖലീഫ ഹാറൂണ്‍ റഷീദ് ആ തവണ പ്രസിദ്ധനായ സൂഫിയോടൊപ്പമാണ് ഹജ്ജിന് പുറപ്പെട്ടത്. ഹജ്ജിലെ ചടങ്ങുകള്‍ക്കായി അറഫയില്‍ സംഗമിച്ച ജനസമൂഹത്തെ ചൂണ്ടി സൂഫി, ഖലീഫ ഹാറൂണ്‍ റഷീദിനോട് ചോദിച്ചു. ‘ ഇവിടെ എത്ര പേര്‍ കൂടിയിരിക്കുന്നുവെന്ന് കണക്കാക്കാനാവുമോ?’. ‘ ഇല്ല, എണ്ണിക്കണക്കാക്കനാകാത്തത്രയും ജനങ്ങളുണ്ടിവിടെ’- ഖലീഫ പ്രതികരിച്ചു.
സൂഫി: അവരില്‍ ഓരോ ആളുകളോടും സ്വന്തം പ്രവൃത്തിയെക്കുറിച്ച് മാത്രമേ നാളെ ചോദിക്കപ്പെടുകയുള്ളൂ. എന്നാല്‍ ഭരണാധികാരിയെന്ന നിലയില്‍ അവരെല്ലാവരെക്കുറിച്ചും താങ്കളോട് ചോദിക്കപ്പെടും.
ചെരുപ്പ് കുത്തിയുടെ പ്രാര്‍ഥന

ഒരു സൂഫിയുടെ അടുത്ത് ചെരുപ്പ് കുത്തി വന്ന് പറഞ്ഞു: എന്റെ കാര്യം വളരെ കഷ്ടമാണ്. ഞാനുമായി ബന്ധപ്പെടുന്നവരെല്ലാം പാവങ്ങളാണ്. ഒരു ജോഡി ചെരുപ്പ് മാത്രമുള്ളവര്‍ . പലര്‍ക്കും കാലത്ത് ജോലിക്ക് പോകാനുള്ളതാണ്. രാത്രി മുഴുവന്‍ ഞാനവരുടെ ചെരുപ്പിന്റെ ജോലിയിലായിരുന്നു. അപ്പോള്‍ എനിക്ക് ചോദിക്കാനുള്ളത് ഇതാണ്: പ്രഭാത പ്രാര്‍ഥനക്ക് എനിക്ക് അധികം സമയമെടുക്കാനാവുന്നില്ല. എളുപ്പത്തില്‍ പ്രാര്‍ഥന പൂര്‍ത്തിയാക്കി ഞാന്‍ ജോലിയിലേക്ക് മടങ്ങും. അപ്പോഴെനിക്ക് വല്ലാത്ത നഷ്ട ബോധമുണ്ടാവും. ഓരോ ചെരിപ്പും നന്നാക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ നെടുവീര്‍പ്പുകള്‍ ഉയരും. എന്തൊരു നിര്‍ഭാഗ്യവാനാണ് ഞാന്‍. എന്റെ പ്രാര്‍ഥന പോലും ശരിയായി ചെയ്യാന്‍ കഴിയുന്നില്ലല്ലോ?.
അപ്പോള്‍ സൂഫി പറഞ്ഞു. ഞാന്‍ ഈശ്വരനായിരുന്നെങ്കില്‍ ആ നെടുവീര്‍പ്പിന് പ്രാര്‍ഥനയെക്കാള്‍ വിലമതിക്കുമായിരുന്നു.
സ്വപ്‌നങ്ങളും ഒരു കഷ്ണം റൊട്ടിയും

മൂന്ന് യാത്രക്കാര്‍ അവരുടെ നീണ്ട യാത്രയില്‍ സുഹൃത്തുക്കളായി. സന്തോഷവും ദു:ഖവുമെല്ലാം അവര്‍ പങ്കുവെച്ചു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരുടെ കയ്യില്‍ ഒരു കഷ്ണം റൊട്ടിയും കുറച്ച് വെള്ളവും മാത്രമേ ഉള്ളൂവെന്ന് അവര്‍ തിരിച്ചറിഞ്ഞു. ആ റൊട്ടി ആരെടുക്കണമെന്ന ചര്‍ച്ചയായി.
സന്ധ്യയായപ്പോള്‍ ഒരാള്‍ പറഞ്ഞു: നമ്മള്‍ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ ഏറ്റവും നല്ല സ്വപ്‌നം കണ്ടയാള്‍ റൊട്ടി എന്ത് ചെയ്യണമെന്ന് തീരുമാനിക്കട്ടെ. അടുത്ത ദിവസം രാവിലെ മൂന്ന് പേരും ഉറക്കമെഴുന്നേറ്റു. ഒന്നാമന്‍ തന്റെ സ്വപ്‌നം വിവരിച്ചു. ‘ഞാന്‍ ഒരു അത്ഭുത ലോകത്തെത്തി. അവിടെ ഒരു ജ്ഞാനിയെ കണ്ടു. നീയാണ് ഈറൊട്ടിക്ക് ഏറ്റവും അര്‍ഹന്‍ എന്ന് അദ്ദേഹം പറഞ്ഞു. നീന്റെ ഭൂതവും ഭാവിയുമെല്ലാം വിലയേറിയതാണെന്നും അദ്ദേഹം പറഞ്ഞു’.രണ്ടാമന്‍ തന്റെ സ്വപ്‌നം പറഞ്ഞു. ‘ സ്വപ്‌നത്തില്‍ എന്റെ ഭൂതവും ഭാവിയും കണ്ടു. എന്റെ ഭാവി കാലത്തില്‍ ഞാനൊരു ജ്ഞാനിയെ കണ്ടു. അദ്ദേഹം പറഞ്ഞു: നിന്റെ സുഹൃത്തുക്കളെക്കാളെല്ലാം നീയാണ് റൊട്ടിക്ക് അര്‍ഹന്‍. നീ ക്ഷമാശീലനും അറിവുള്ളവനുണ്’.
മൂന്നാമന്റെ തന്റെ സ്വപനം വിവരിച്ചു: എന്റെ സ്വപ്‌നത്തില്‍ ഞാനാരെയും കണ്ടില്ല. ഒന്നും കേള്‍ക്കുയും ചെയ്തില്ല. എന്നെ ആരോ എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചപോലെ തോന്നി. ഞാന്‍ എഴുന്നേറ്റു. റൊട്ടിയും വെള്ളവും കണ്ടു. അതെല്ലാം കഴിച്ചു.മരണഭയം

കപ്പലില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു സൂഫിയോട് യാത്രക്കാര്‍ ഓരോരുത്തരും ഓരോ ഉപദേശം ചോദിച്ചു.എല്ലാവര്‍ക്കും സൂഫി ഒരേ ഉപദേശം നല്‍കി. ‘ മരണത്തെക്കുറിച്ച് ബോധവാനാകാന്‍ ശ്രമിക്കൂ, മരണം എന്താണെന്ന് അറിയുന്നത് വരെ’. ആരും ഈ ഉപദേശം കാര്യമായെടുത്തില്ല.കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഒരു കൊടുങ്കാറ്റ് കപ്പലിനെ ഇളക്കി മറിച്ചു. യാത്രക്കാര്‍ എല്ലാവരും ഭയം കൊണ്ട് ഉച്ചത്തില്‍ നിലവിളിച്ചു. ദൈവത്തെ വിളിച്ച് പ്രാര്‍ഥിച്ചു.
ഈ സമയമത്രയും സൂഫി ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ ഇരിക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ കാറ്റും കോളും അടങ്ങി. കടല്‍ ശാന്തമായി. സൂഫിയുടെ ശാന്തത യാത്രക്കാരെ അമ്പരപ്പെടുത്തി.
അവര്‍ കാര്യം അന്വേഷിച്ചു. സൂഫി പറഞ്ഞു: ‘കടലിലും കരയിലുമിരിക്കുമ്പോള്‍ നമുക്കും മരണത്തിനുമിടയിലുള്ള അകലം വളരെ കുറച്ചാണെന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്’.

സൗദി അറേബ്യയിലെ ഇന്ത്യക്കാര്‍ക്ക് പ്രശംസ

March 2nd, 2010

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യക്കാരുടെ സേവനങ്ങളെ സൗദി എണ്ണ മന്ത്രി അലി അല്‍ നഈമി, വിദേശകാര്യ മന്ത്രി സുഊദ് അല്‍ ഫൈസല്‍ രാജകുമാരന്‍ , വാണി ജ്യ വ്യവസായ മന്ത്രി അബ്ദുല്ല സൈനുല്‍ അലി റിസ എന്നിവര്‍ പ്രശംസിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സൗദി സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ചര്‍ച്ചയിലാണ് സൗദി മന്ത്രിമാര്‍ ഇന്ത്യക്കാരെ പ്രശംസ കൊണ്ട് മൂടിയത്. വിശ്വസ്തവും ആശ്രയിക്കാവുന്നതുമായ പ്രവര്‍ത്തനമാണ് ഇന്ത്യക്കാര്‍ സൗദിയില്‍ കാഴ്ചവെക്കുന്നതെന്നാണ് സൗദി മന്ത്രിമാരുടെ പ്രശംസ.
സൗദിയില്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയില്‍ നിന്നുള്ളവരാണ്. എന്നാല്‍ കേന്ദ്രത്തിന്റെ പരിഗണനയിലുണ്ടായിരുന്ന സൗദിയില്‍ പണിയെടുക്കുന്ന ഇന്ത്യക്കാരുടെ തൊഴില്‍ സുരക്ഷിതത്വത്തിന് വേണ്ടിയുള്ള കരാര്‍ തല്‍കാലം പ്രാവര്‍ത്തികമല്ലെന്ന് വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ അറിയിച്ചു. നിലവിലെ ആഭ്യന്തര നിയമങ്ങള്‍ തൊഴില്‍ സുരക്ഷക്ക് പര്യാപ്തമാണെന്നാണ് സൗദി ഭരണാധികാരികളുടെ നിലപാടെന്നും 18 ലക്ഷം വരുന്ന ഇന്ത്യക്കാരില്‍ അത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ഒരു ശതമാനം പോലും വരില്ലെന്നും തരൂര്‍ വിശദീകരിച്ചു.

Sunday, February 28, 2010

പ്രവാസികളുടെ കുട്ടികള്‍ വളരുകയാണ്

ഗള്‍ഫ് കുടുംബങ്ങളിലെ ആകുലതകള്‍, പ്രയാസങ്ങള്‍ നമ്മള്‍ ഒരുപാട് ചര്‍ച്ച ചെയ്തു. അതൊക്കെ മുതിര്‍ന്നവരുടെ പ്രശ്്‌നങ്ങളും പരിഭവങ്ങളും ഗൃഹാതുരത്വ നൊമ്പരങ്ങളുമാണ്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി നാം നമ്മുടെ കുട്ടികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഈ പ്രവാസ ഭൂമിയില്‍ നമ്മോടൊത്തു അവരും വളരുകയാണ്. നാം ചേര്‍ക്കുന്ന സ്‌കൂളുകളില്‍... നാം ഇഷ്ടപ്പെടുന്ന സിലബസില്‍.. നാം നിര്‍ദേശിക്കുന്ന സമയത്ത്... അവര്‍ പഠിക്കുകയാണ്. ഇടുങ്ങിയ താമസ സൗകര്യത്തില്‍ ഒരു പഠനമുറി (അല്ല പഠനസ്ഥലം) അവര്‍ക്ക് അനുവദിക്കുകയാണ്. ആവശ്യപ്പെട്ട കമ്പ്യൂട്ടറും ഒരു കൊച്ചുകട്ടിലും... അനുബന്ധ സാധനങ്ങളുമായി നാം നമ്മുടെ കുട്ടികളെ മൂലയിലിരുത്തി. പഠനവും ട്യൂഷനും... വീഡിയോ ഗെയിമും... മാത്രമാണോ നമ്മുടെ കുട്ടികള്‍ക്കാവശ്യം.അല്ല, എന്ന് എല്ലാ മാതാപിതാക്കള്‍ക്കും അറിയാം. പക്ഷേ എന്ത് ചെയ്യാം. വായു കടക്കാത്ത മുറിയില്‍ നിന്ന് എ.സി.യുടെ ശീതികരിച്ച സ്‌കൂള്‍ ബസ്സിലേക്ക് അവിടുന്ന് ഈര്‍പ്പമുള്ള ക്ലാസ് മുറിയിലേക്ക്... പ്ലേ ഗ്രൗണ്ടില്‍ കളിക്കാനനുവദിക്കാത്ത സ്‌കൂളുകളുണ്ട്. മിക്ക സ്വകാര്യ സ്്കൂളുകളിലും പ്ലേഗ്രൗണ്ടില്ല. പിന്നീട് ഉള്ളത് ഇന്‍ഡോര്‍ ഗെയിമാണ്. വായു കടക്കാത്ത കൊച്ചു മുറിയിലുള്ള ഗെയിമില്‍ കുട്ടികളുടെ വളര്‍ച്ചായ്ക്കാവശ്യമായതെന്താണ് കിട്ടുന്നത്. പ്രഭാതഭക്ഷണവും... ഉച്ചഭക്ഷണവും ടിന്‍ഫുഡ് കൊണ്ട് തയ്യാറാക്കി ടിന്‍ പാത്രത്തിലടച്ച് നാം നമ്മുടെ കുട്ടികളെ സ്‌കൂളിലയക്കുന്നു.പ്രതികരിക്കാനോ പ്രതിഷേധിക്കാനോ കഴിയാതെ ഒരു തലമുറ 'സുഖ'മായി ഇവിടെ ജീവിക്കുന്നു.

നൂറ് കുട്ടികള്‍ കൂടി നില്‍ക്കുന്നതില്‍നിന്ന് ഗള്‍ഫില്‍ ജീവിക്കുന്ന കുട്ടികളെ വളരെ പെട്ടെന്ന് തിരിച്ചറിയാനാവും. പൊണ്ണത്തടിയും പവര്‍കണ്ണടയും... നിസ്സഹായത നിറഞ്ഞ മുഖവുമായി അവരുണ്ടാവും. ആരോടും പരിചയപ്പെടാനാവാതെ... ആരോടും കലപില കൂട്ടാനറിയാതെ... ഒറ്റപ്പെട്ടുപോയ ഭാവിതലമുറ.. നാം ഒറ്റപ്പെടുത്തി വളര്‍ത്തുന്ന പുതുതലമുറ.

ഇതുവായിക്കുമ്പോള്‍ പലര്‍ക്കും തോന്നാം.. 'ഇവിടെ പഠിച്ച കുട്ടികള്‍ ഡോക്ടറും, എഞ്ചിനീയറും, കമ്പ്യൂട്ടര്‍ വിദഗ്ദ്ധരും ഒക്കെ ആയിട്ടില്ലെ എന്ന്...' 'നല്ല ഭാവി പടുത്തുയര്‍ത്തിയവരില്ലേ എന്ന്...' ഉണ്ടാവാം, ഇനിയും ഉണ്ടാവും.. ഉണ്ടാവണം... അതിലപ്പുറം ഒരു പ്രൊഫഷനില്‍ മാത്രം ശോഭിച്ചത് കൊണ്ടായില്ല. ഒരു ഡോക്ടറായ കുട്ടിക്ക് മറ്റൊരു മേഖലയിലേയും തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. ഡോക്ടര്‍ ഡോക്ടര്‍ മാത്രമാവുമ്പോഴാണ്.... പഠിച്ചത് ഡോക്ടറാവാന്‍ മാത്രം.. പഴുപ്പിച്ചെടുത്തത് ഡോക്ടറായി മാത്രം... അതാണ് പ്രശ്്‌നം. മറ്റൊരു പ്രശ്്‌നത്തില്‍ ഇടപെടല്‍ നടത്താന്‍ ഇവിടുത്തെ കുട്ടികള്‍ക്കാവുന്നില്ല...സ്‌കൂള്‍ ബസ്സ് ഇറങ്ങുന്നതിന് തൊട്ടടുത്ത ജംഗ്ഷനില്‍ കുട്ടികളെ ഇറക്കിയാല്‍ ഫ്ലറ്റ് കണ്ടുപിടിക്കാന്‍ കഴിയാതെ... കുഴങ്ങിപോകുന്നവരെ നാം കാണുന്നു. മാതാവിന്റെ കൈപിടിച്ച്.... പിതാവിന്റെ കാറ് പിടിച്ച് സ്‌കൂളില്‍ പോകുന്ന എത്ര കുട്ടികള്‍ക്ക് സ്വന്തമായി സ്‌കൂളില്‍ പോകാന്‍ കഴിയും.

നമ്മളൊക്കെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ബസ്സ് സമരം സ്ഥിരം സംഭവമായിട്ടുപോലും നമ്മള്‍ പത്തും പന്ത്രണ്ടും കിലോമീറ്റര്‍ നടന്ന് വീട്ടിലെത്തുന്നു. സഹപാഠികളുടെ സൗഹൃദവും, പ്രതികരിക്കാനും പ്രതിഷേധിക്കാനും പഠിച്ചത് ഈ കൂട്ടുകെട്ടില്‍ നിന്നാണല്ലോ...ഒരു മഷിതണ്ടിന്... ഒരു മഞ്ചാടിക്കുരുവിന്.... ഒരു പൊട്ടിയ സ്ലേറ്റ് പെന്‍സിലിന് നമ്മള്‍ കൂടിയ കലപിലകളെത്ര.. സഹപാഠിയുടെ അമ്മയ്്ക്ക്, അച്്ഛന് അസുഖമാണെന്നറിഞ്ഞാല്‍ നാം അവിടങ്ങളില്‍ സന്ദര്‍ശനം നടത്താറില്ലേ... മത്സരങ്ങള്‍ പരീക്ഷകളില്‍ മാത്രമല്ലല്ലോ.. കലാ സാഹിത്യ കായിക മത്സരങ്ങളില്‍ നാം പൊരുതിയില്ലേ... വളപ്പൊട്ടുകള്‍ പോലെ നാം സൂക്ഷിക്കുന്ന സൗഹൃദവും... കൂട്ടുകാരും... നമ്മള്‍ക്ക് തന്ന അറിവ്... പങ്ക് വെച്ച ലോകവിവരം... ഏത് സ്‌കൂളില്‍ നിന്ന് നമുക്ക് പഠിക്കാന്‍ കഴിയും.. ഉത്തരവാദിത്വബോധവും സ്വയം പരിരക്ഷയും... പ്രതിരോധവും സൂക്ഷിപ്പും നമ്മള്‍ക്ക് കിട്ടിയത് കൂട്ടുകുടുംബത്തില്‍ നിന്നുള്ള മുത്തശ്ശിമാരില്‍ നിന്നല്ലേ... ഈ അറിവ് കലാലയത്തില്‍ നിന്ന് നമുക്ക് പഠിക്കാന്‍ കഴിയുമോ...

എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ചില സാധനങ്ങള്‍ മോഷണം പോയി. ഭാര്യയും ഭര്‍ത്താവും ജോലി കഴിഞ്ഞ വന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കമ്പ്യൂട്ടറില്‍ ഗെയിം കളിക്കുന്ന 13 വയസ്സായ മകനോട് അമ്മ ചോദിച്ചു. 'ഇവിടെ ഇരുന്ന സാധനങ്ങള്‍ എന്ത്യേ...' 'മോനെ ഇവിടെ ആരെങ്കിലും വന്നിരുന്നോ..' 'മമ്മീ... ഒരങ്കിള്‍ വന്നിരുന്നു..' കുട്ടി മറുപടി പറഞ്ഞു. കുട്ടിക്കറിയില്ല. കള്ളനായാലും... നല്ലവനായാലും... എല്ലാം അങ്കിളാണ്... ഈ 'അങ്കിള്‍'മാരാണ് ഇവിടെയുള്ള കുടുംബങ്ങളില്‍ പലപ്പോഴും തലവേദന സൃഷ്ടിക്കുന്നത്.

നമ്മുടെ മക്കള്‍ സ്വയംപര്യാപ്തതയില്‍ എത്തിയേ തീരൂ. അവരുടെ വളര്‍ച്ചയില്‍ നാം ശ്രദ്ധിച്ചേ പറ്റൂ. നന്നായി വളരണം... ഈ ലോകം അവരറിയണം. ഇവിടെ ജീവിക്കാന്‍ വിദ്യാഭ്യാസം മാത്രം പോര. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ വളരാന്‍ പഠിക്കണം. ഭക്ഷണത്തിന് കഞ്ഞിയും പയറുമാണെന്നറിയണം.. എരിവും പുളിയുമുണ്ടെന്നറിയണം... പാദരക്ഷകളില്ലാതെ നടക്കാന്‍ പഠിക്കണം. കൊതുകും പാറ്റയും ഉണ്ടെന്നറിയണം. പൂവിളിയും പൊന്നോണവും ഉണ്ടെന്നറിയണം. മഴയും... വേനലും.. കാണണം. മരണവും, സംസ്‌കാരവും പഠിക്കണം. കൂട്ടുകാരുടെ കൂടെ നടന്ന് തനത് സംസ്‌കാരം പഠിക്കണം. മുത്തശ്ശിമാരുടെ മൊഴിമുത്തുകളില്‍ നിന്ന് നാട്ടറിവ് പഠിക്കണം. ബാലപ്രസിദ്ധീകരണങ്ങള്‍ വായിക്കണം..

നാവില്‍ ഒരു രുചിയുമില്ലാത്ത ബര്‍ഗറും പിസ്സയും മാത്രമല്ല ഭക്ഷണം. ജീന്‍സും ടീഷര്‍ട്ടും ഷൂസുമല്ല വസ്ത്രങ്ങള്‍. കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമല്ല കളികള്‍. ഇംഗ്ലീഷ് പറയലല്ല സംസ്്കാരം. ഹാരിപോട്ടറും മിക്കിമൗസും മാത്രമല്ല കാണേണ്ടത്. ഇങ്ങനെ മാത്രമാണ് എന്റെ മകന്‍... എന്റെ മകള്‍ വളരേണ്ടത് എന്ന് ശഠിക്കുന്ന എന്നെപോലുള്ള വീട്ടമ്മമാര്‍... അവര്‍ക്ക് അനുഭവിക്കാന്‍ കഴിയാത്ത സൗകര്യങ്ങളില്‍ മതിമറന്ന് പോയത് കൊണ്ടാണ് നമ്മുടെ ചെറുപ്പകാലത്ത് നമ്മള്‍ക്ക് ലഭിക്കാത്തത് - ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയാത്തത്- മക്കളിലൂടെ കേള്‍ക്കുമ്പോള്‍.. തോന്നുന്ന അഭിമാനവും... അഹങ്കാരവും കൊണ്ടാണ്... നാടെന്ന് പറയുമ്പോള്‍ ഡേര്‍ട്ടിയെന്നും... വീടെന്ന് പറയുമ്പോള്‍ 'ലോട്ടോഫ് പീപ്പിള്‍' എന്ന് പറയുന്നതും നമ്മളാണ്. ഈ സംസ്‌കാരം കേട്ടാണ് അവര്‍ വളരുന്നത്. നാം അവരെ ശിക്ഷിക്കുകയാണ്.

തടിച്ച് തുടുത്ത് ദുര്‍മേദസ്സുള്ള കണ്ണടവെച്ച ഒരമൂല്‍ ബേബിയെ വളര്‍ത്തിയെടുക്കുകയാണ്. സ്‌കൂളില്‍ ഒന്നാമതെത്താന്‍, പരീക്ഷയില്‍ ഒന്നാമതെത്താന്‍ നാം അവരെ ഓടിക്കുകയാണ്. മണ്ണിന്റെ മണമറിയിക്കാതെ... പുല്ലിന്റെ, പൂവിന്റെ ഗന്ധമറിയിക്കാതെ... മണ്ണില്‍ വീണ് മുട്ട് പൊട്ടാതെ.. ചൊറിയും... ചിരങ്ങും വരാതെ... നാം അവരുടെ തൊലി മുട്ട പാടപോലെ കാത്ത് സൂക്ഷിക്കുകയാണ്. വളരുമ്പോള്‍ പ്രതിരോധിക്കാന്‍ പ്രതിരോധ ശക്തിയില്ലാതെ അവര്‍ വളരുകയാണ്, വളര്‍ത്തുകയാണ് 'ഷോക്കേയ്‌സ് പീസായി'. ഇതും പ്രവാസിയുടെ തലയിലെഴുത്ത്.

നമ്മുടെ കുട്ടികള്‍ നാട്ടില്‍ പോകണമെന്നും പൂവും പുല്‍ക്കൊടിയും ഉത്സവവും പൂരവും കാണണമെന്നും എല്ലാവരും പറയും. അതിനുള്ള സാഹചര്യമില്ലാത്തവര്‍ ടൂറിസ്റ്റ് കാര്‍ പിടിച്ച് കുട്ടനാട്ടില്‍ പോയി മക്കള്‍ക്ക് നെല്‍വയലും കായലും കാണിക്കണമെന്നല്ല ഇതിനര്‍ത്ഥം. ലീവ് കിട്ടുമ്പോഴൊക്കെ കുട്ടികളെ നാട്ടിലയക്കുക.. മാതാപിതാക്കള്‍ക്ക് പോകാന്‍ പറ്റിയില്ലെങ്കിലും... അവരെ അയക്കാന്‍ ശ്രമിക്കുക... ഒരു വര്‍ഷത്തില്‍ രണ്ട് മൂന്ന് തവണ പോകാന്‍ പറ്റിയെങ്കില്‍ അവരുടെ മാറ്റം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റും. നാടുമായുള്ള പൊക്കിള്‍കൊടി ബന്ധം മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്കാവശ്യമാണ്.


Courtesy : Mathrubhumi. com

ഒളിഞ്ഞുനോട്ടവും നിയമവാഴ്ചയും

ഒളിച്ചുനോട്ടക്കാരായ നാട്ടുകാരും അവരോടൊപ്പം ചേരുന്ന പോലീസും ചേര്‍ന്നാല്‍ ആരുടെയും സ്വകാര്യ ജീവിതത്തിലേക്ക് കടന്നുചെല്ലാനും അവരുടെ സാമൂഹികജീവിതം താറുമാറാക്കാനും കഴിയും. എളുപ്പത്തില്‍ ലഭ്യമാവുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായമുണ്ടെങ്കില്‍ വൈരാഗ്യമുള്ളവരെ നശിപ്പിക്കാന്‍ ആര്‍ക്കുമാകും. രാഷ്ട്രീയശത്രുക്കളെ തകര്‍ക്കാനുള്ള ഏറ്റവും ഏളുപ്പവഴിയായും കേരളത്തില്‍ ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്

മലയാളികള്‍ പൊതുവില്‍ അനുഭവിക്കുന്ന ലൈംഗിക പട്ടിണിയുടെ സ്വാഭാവിക പരിണതഫലമാണ് ഒളിഞ്ഞുനോട്ടപ്രവണത. ആണ്‍-പെണ്‍ വിഭജനം ഇത്ര കൃത്രിമമായി നിലനിര്‍ത്തുന്ന പ്രദേശം ലോകത്ത് മറ്റെവിടെയും ഉണ്ടെന്നു തോന്നുന്നില്ല. മറ്റൊരു ഇന്ത്യന്‍ സംസ്ഥാനത്തും സ്ഥിതി ഇത്ര ഭീകരമല്ല. കൊച്ചുകുട്ടിക്കാലം മുതല്‍ക്കേ, സ്‌കൂളിലും സമൂഹത്തിലും ആണ്‍-പെണ്‍ ഇടപെടലിനെ ബോധപൂര്‍വം തടഞ്ഞുനിര്‍ത്തുന്ന ഒരു സാമൂഹികാന്തരീക്ഷമാണ് ഇവിടെ നിലനില്ക്കുന്നത്.പട്ടണങ്ങളില്‍പ്പോലും ബസ്സിലും ട്രെയിനിലും ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഇടകലര്‍ന്നിരിക്കാന്‍ തീരെ സാധ്യമല്ലാത്ത സംസ്ഥാനവും കേരളം മാത്രമായിരിക്കും. പൗരാണികമായി, താരതമ്യേന സ്വതന്ത്രാന്തരീക്ഷം നിലനിന്നിരുന്ന കേരളത്തില്‍, ഇപ്പോള്‍ ആണുങ്ങളും പെണ്ണുങ്ങളും ഇടപഴകുന്നതുപോകട്ടെ സംസാരിക്കുന്നതുപോലും സദാചാരപ്രശ്‌നമായി കാണുന്ന അന്തരീക്ഷം വളര്‍ന്നുവന്നത് എങ്ങനെ എന്നത് ഗവേഷണവിഷയമാണ്.ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാം. ഏതാനും വര്‍ഷം മുമ്പ് ഗുരുവായൂരില്‍ ലോഡ്ജില്‍ റൂമെടുത്തു താമസിച്ച കാമുകീകാമുകന്മാരെ പോലീസ് കസ്റ്റഡിയിലെടുത്ത് കേസെടുത്തതിന്റെ പേരില്‍ പിറ്റേ ദിവസം ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനിടയായി. ദിവസേനയെന്നോണം നടക്കുന്ന ഇത്തരം സംഭവങ്ങള്‍ എല്ലാം ആത്മഹത്യയിലേക്ക് നയിക്കാറില്ലെങ്കിലും ഇങ്ങനെ കേസില്‍പ്പെടുന്നവരുടെ ഭാവിജീവിതം ദുരന്തപൂര്‍ണമായിത്തീരും.കൊച്ചിയിലെ തോപ്പുംപടിയില്‍ ലോഡ്ജില്‍ റൂമെടുത്ത ഭാര്യാഭര്‍ത്താക്കന്മാരെ പോലീസ് റെയ്ഡ് ചെയ്ത് കേസെടുത്തു. തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്നു പറഞ്ഞിട്ടും പോലീസ് ആദ്യം വിശ്വസിച്ചില്ല. സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തതിനുശേഷമാണ് വിട്ടയച്ചത്. സ്ത്രീയും പുരുഷനും ഒരുമിച്ച് ഹോട്ടലില്‍ മുറിയെടുക്കണമെങ്കില്‍ ഭാര്യാഭര്‍ത്തൃബന്ധം തെളിയിക്കുന്ന രേഖകളുമായി നടക്കേണ്ടിവരുന്നത് എത്ര ഭീകരമാണ്!ഏഷ്യാനെറ്റില്‍ 'കേരളസ്‌കാന്‍' എന്ന പരിപാടിയില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ ക്യാമറയ്ക്കു മുന്നില്‍ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞത് നാട്ടുകാരുടെ സമ്മര്‍ദം മൂലമാണ് അറസ്റ്റ് ചെയ്തതെന്നാണ്. നിലവിലുള്ള നിയമപ്രകാരം അറസ്റ്റിനുസാധൂകരണമില്ലെന്നും സമ്മതിച്ചു.തിരുവനന്തപുരം ഭാഗത്ത് ഒരുയര്‍ന്ന എകൈ്‌സസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് ഒരു സ്ത്രീ ചെന്നതിനു പിന്നാലെ പോലീസും ചെന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. ആ സ്ത്രീയുടെ ഹാന്‍ഡ്ബാഗില്‍നിന്ന് കുറച്ചുപണം കണ്ടെടുത്തു എന്നതായിരുന്നു ഏക തെളിവായി ഉണ്ടായിരുന്നത്. അവരെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥനും ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞത് നിയമമൊന്നുമില്ലെന്നും ജനം കൂടിയതുകൊണ്ട് അറസ്റ്റ് ചെയ്യാതിരിക്കാന്‍ നിര്‍വാഹമില്ലാതെ വന്നു എന്നുമാണ്.ഇതു സംബന്ധമായി ഇന്ത്യയില്‍ നിലവിലുള്ള നിയമം 1956-ലെ വ്യഭിചാരനിരോധനനിയമമാണ്. (Immoral traffic (prevention) act). ലൈംഗികചൂഷണം മൂന്നാമതൊരു കൂട്ടര്‍ വാണിജ്യാടിസ്ഥാനത്തില്‍ ദുരുപയോഗപ്പെടുത്തുമ്പോള്‍ മാത്രമാണ് ഈ നിയമപ്രകാരം കുറ്റമാകുന്നത്. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും പരസ്​പരസമ്മതപ്രകാരം നടത്തുന്ന ലൈംഗികബന്ധം ഒരു തരത്തിലും കുറ്റമാകുന്നില്ല.ഡല്‍ഹി ഹൈക്കോടതിയുടെ വിധിപ്രകാരം വാണിജ്യാടിസ്ഥാനത്തിലല്ലാത്ത വേശ്യാവൃത്തിപോലും കുറ്റകരമല്ല. ഹോട്ടലുകളും ലോഡ്ജുകളുമെല്ലാം റെയ്ഡ് ചെയ്ത് മുറികളില്‍ താമസിക്കുന്ന സ്ത്രീയെയും പുരുഷനെയും അവിഹിതബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്ന പോലീസാണ് യഥാര്‍ഥത്തില്‍ കുറ്റം ചെയ്യുന്നത്; നിയമം ലംഘിക്കുന്നത്.നിയമവാഴ്ചയുടെ കാര്യത്തില്‍ ഏറ്റവും മെച്ചപ്പെട്ട സംസ്ഥാനമായി കണക്കാക്കപ്പെടുന്ന കേരളം ഇക്കാര്യത്തില്‍ നിയമവാഴ്ചയെ പരിഹസിക്കുന്ന അവസ്ഥയിലാണെന്നു കാണാം. ഒളിച്ചുനോട്ടക്കാരായ നാട്ടുകാരും അവരോടൊപ്പം ചേരുന്ന പോലീസുകാരും ചേര്‍ന്നാല്‍ ആരുടെയും സ്വകാര്യജീവിതത്തിലേക്ക് കടന്നുചെല്ലാനും അവരുടെ സാമൂഹികജീവിതം താറുമാറാക്കാനും കഴിയും. എളുപ്പത്തില്‍ ലഭ്യമാവുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായമുണ്ടെങ്കില്‍ വൈരാഗ്യമുള്ളവരെ നശിപ്പിക്കാന്‍ ആര്‍ക്കുമാകും. രാഷ്ട്രീയശത്രുക്കളെ തകര്‍ക്കാനുള്ള ഏറ്റവും ഏളുപ്പവഴിയായും കേരളത്തില്‍ ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്.ഏറ്റവും അവസാനം കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കേസ് നോക്കുക. ഉണ്ണിത്താന്റെയോ കൂടെ സഞ്ചരിച്ച സഹപ്രവര്‍ത്തകയുടെയോ വ്യക്തിപരമായ പശ്ചാത്തലത്തെക്കുറിച്ച് എനിക്കറിയില്ല; അറിയേണ്ട ആവശ്യവുമില്ല. പത്രങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും അറിഞ്ഞ വിവരങ്ങള്‍ വെച്ചുനോക്കിയാല്‍ ഉണ്ണിത്താനെതിരായി നാട്ടുകാര്‍ ഇടപെടേണ്ടതോ പോലീസ് കേസെടുക്കേണ്ടതോ ആയ ഒന്നും സംഭവിച്ചിട്ടില്ല.ഉണ്ണിത്താന്‍ ആരോപിക്കുംപോലെ സംഭവത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടായിക്കൊള്ളണമെന്നുമില്ല. നാട്ടുകാരുടെ ഒളിഞ്ഞുനോട്ട പ്രവണതയായിരിക്കണം പ്രശ്‌നം സൃഷ്ടിച്ചത്. രാഷ്ട്രീയ എതിരാളികള്‍ അതിനെ മുതലാക്കിയിട്ടുമുണ്ടാകാം. എന്തായാലും ആരംഭത്തില്‍ സൂചിപ്പിച്ച മലയാളിയുടെ പ്രാകൃത മാനസികാവസ്ഥയുടെ സൃഷ്ടിതന്നെയാണ് ഈ സംഭവവും. എന്നിട്ടും ഒരു ഡിവൈ.എസ്.പി. കേസ് ചാര്‍ജ് ചെയ്തിരിക്കുന്നു എന്നത് ഇവിടത്തെ നിയമവാഴ്ചയുടെ പരിഹാസ്യമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.ഇത്തരം വിഷയങ്ങളില്‍ കേരളത്തില്‍ നിയമവാഴ്ച പുനഃസ്ഥാപിക്കുക എളുപ്പമല്ല. ആദ്യംതന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നയം തീരുമാനിക്കണം. നിലവിലുള്ള നിയമപ്രകാരമല്ലാത്ത നടപടികളൊന്നും ജനങ്ങളുടെ പേരുംപറഞ്ഞ് എടുക്കരുതെന്ന് പോലീസിനു കര്‍ശനമായ നിര്‍ദേശം നല്കണം. എന്നാലും പഴയ ശൈലികള്‍ തുടരാനിടയുണ്ട്. അങ്ങനെ തുടരാതിരിക്കാനുള്ള മേല്‍നോട്ടത്തിനു സംവിധാനമുണ്ടാക്കുകയും വേണം.നാട്ടുകാരുടെ മനോഭാവത്തിലും മാറ്റമുണ്ടാവണം. നിലവിലുള്ള നിയമപ്രകാരം ലൈംഗികപ്രശ്‌നങ്ങളിലും മറ്റും ഏതുതരം പ്രവൃത്തികളാണ് കുറ്റകരമാവുന്നതെന്ന് ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ട്. മനുഷ്യാവകാശ കമ്മീഷന് ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടാവുന്നതാണ്. ജനങ്ങളെ ബോധവത്കരിക്കുന്ന കാര്യത്തില്‍ മാധ്യമങ്ങളാണ് പ്രധാന കര്‍ത്തവ്യം ഏറ്റെടുക്കേണ്ടത്.പക്ഷേ, മാധ്യമങ്ങള്‍ പലപ്പോഴും ഒളിഞ്ഞുനോട്ട പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നതു കാണാറുണ്ട്. ആ സമീപനം മാറ്റി, നിയമവാഴ്ചയെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കാന്‍ മാധ്യമങ്ങള്‍തന്നെയാണ് മുന്‍കൈയെടുക്കേണ്ടത്. എങ്കില്‍ മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തിലെങ്കിലും മലയാളിയുടെ പ്രാകൃതമായ ഈ ഒളിഞ്ഞുനോട്ട മനോഭാവത്തിന് അറുതിവരുത്താനാകൂ.

**കെ. വേണു

ഒളിഞ്ഞുനോട്ടവും നിയമവാഴ്ചയും

ഒളിച്ചുനോട്ടക്കാരായ നാട്ടുകാരും അവരോടൊപ്പം ചേരുന്ന പോലീസും ചേര്‍ന്നാല്‍ ആരുടെയും സ്വകാര്യ ജീവിതത്തിലേക്ക് കടന്നുചെല്ലാനും അവരുടെ സാമൂഹികജീവിതം താറുമാറാക്കാനും കഴിയും. എളുപ്പത്തില്‍ ലഭ്യമാവുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായമുണ്ടെങ്കില്‍ വൈരാഗ്യമുള്ളവരെ നശിപ്പിക്കാന്‍ ആര്‍ക്കുമാകും. രാഷ്ട്രീയശത്രുക്കളെ തകര്‍ക്കാനുള്ള ഏറ്റവും ഏളുപ്പവഴിയായും കേരളത്തില്‍ ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്


മലയാളികള്‍ പൊതുവില്‍ അനുഭവിക്കുന്ന ലൈംഗിക പട്ടിണിയുടെ സ്വാഭാവിക പരിണതഫലമാണ് ഒളിഞ്ഞുനോട്ടപ്രവണത. ആണ്‍-പെണ്‍ വിഭജനം ഇത്ര കൃത്രിമമായി നിലനിര്‍ത്തുന്ന പ്രദേശം ലോകത്ത് മറ്റെവിടെയും ഉണ്ടെന്നു തോന്നുന്നില്ല. മറ്റൊരു ഇന്ത്യന്‍ സംസ്ഥാനത്തും സ്ഥിതി ഇത്ര ഭീകരമല്ല. കൊച്ചുകുട്ടിക്കാലം മുതല്‍ക്കേ, സ്‌കൂളിലും സമൂഹത്തിലും ആണ്‍-പെണ്‍ ഇടപെടലിനെ ബോധപൂര്‍വം തടഞ്ഞുനിര്‍ത്തുന്ന ഒരു സാമൂഹികാന്തരീക്ഷമാണ് ഇവിടെ നിലനില്ക്കുന്നത്.പട്ടണങ്ങളില്‍പ്പോലും ബസ്സിലും ട്രെയിനിലും ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഇടകലര്‍ന്നിരിക്കാന്‍ തീരെ സാധ്യമല്ലാത്ത സംസ്ഥാനവും കേരളം മാത്രമായിരിക്കും. പൗരാണികമായി, താരതമ്യേന സ്വതന്ത്രാന്തരീക്ഷം നിലനിന്നിരുന്ന കേരളത്തില്‍, ഇപ്പോള്‍ ആണുങ്ങളും പെണ്ണുങ്ങളും ഇടപഴകുന്നതുപോകട്ടെ സംസാരിക്കുന്നതുപോലും സദാചാരപ്രശ്‌നമായി കാണുന്ന അന്തരീക്ഷം വളര്‍ന്നുവന്നത് എങ്ങനെ എന്നത് ഗവേഷണവിഷയമാണ്.ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാം. ഏതാനും വര്‍ഷം മുമ്പ് ഗുരുവായൂരില്‍ ലോഡ്ജില്‍ റൂമെടുത്തു താമസിച്ച കാമുകീകാമുകന്മാരെ പോലീസ് കസ്റ്റഡിയിലെടുത്ത് കേസെടുത്തതിന്റെ പേരില്‍ പിറ്റേ ദിവസം ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനിടയായി. ദിവസേനയെന്നോണം നടക്കുന്ന ഇത്തരം സംഭവങ്ങള്‍ എല്ലാം ആത്മഹത്യയിലേക്ക് നയിക്കാറില്ലെങ്കിലും ഇങ്ങനെ കേസില്‍പ്പെടുന്നവരുടെ ഭാവിജീവിതം ദുരന്തപൂര്‍ണമായിത്തീരും.കൊച്ചിയിലെ തോപ്പുംപടിയില്‍ ലോഡ്ജില്‍ റൂമെടുത്ത ഭാര്യാഭര്‍ത്താക്കന്മാരെ പോലീസ് റെയ്ഡ് ചെയ്ത് കേസെടുത്തു. തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്നു പറഞ്ഞിട്ടും പോലീസ് ആദ്യം വിശ്വസിച്ചില്ല. സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തതിനുശേഷമാണ് വിട്ടയച്ചത്. സ്ത്രീയും പുരുഷനും ഒരുമിച്ച് ഹോട്ടലില്‍ മുറിയെടുക്കണമെങ്കില്‍ ഭാര്യാഭര്‍ത്തൃബന്ധം തെളിയിക്കുന്ന രേഖകളുമായി നടക്കേണ്ടിവരുന്നത് എത്ര ഭീകരമാണ്!ഏഷ്യാനെറ്റില്‍ 'കേരളസ്‌കാന്‍' എന്ന പരിപാടിയില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ ക്യാമറയ്ക്കു മുന്നില്‍ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞത് നാട്ടുകാരുടെ സമ്മര്‍ദം മൂലമാണ് അറസ്റ്റ് ചെയ്തതെന്നാണ്. നിലവിലുള്ള നിയമപ്രകാരം അറസ്റ്റിനുസാധൂകരണമില്ലെന്നും സമ്മതിച്ചു.തിരുവനന്തപുരം ഭാഗത്ത് ഒരുയര്‍ന്ന എകൈ്‌സസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് ഒരു സ്ത്രീ ചെന്നതിനു പിന്നാലെ പോലീസും ചെന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. ആ സ്ത്രീയുടെ ഹാന്‍ഡ്ബാഗില്‍നിന്ന് കുറച്ചുപണം കണ്ടെടുത്തു എന്നതായിരുന്നു ഏക തെളിവായി ഉണ്ടായിരുന്നത്. അവരെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥനും ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞത് നിയമമൊന്നുമില്ലെന്നും ജനം കൂടിയതുകൊണ്ട് അറസ്റ്റ് ചെയ്യാതിരിക്കാന്‍ നിര്‍വാഹമില്ലാതെ വന്നു എന്നുമാണ്.ഇതു സംബന്ധമായി ഇന്ത്യയില്‍ നിലവിലുള്ള നിയമം 1956-ലെ വ്യഭിചാരനിരോധനനിയമമാണ്. (Immoral traffic (prevention) act). ലൈംഗികചൂഷണം മൂന്നാമതൊരു കൂട്ടര്‍ വാണിജ്യാടിസ്ഥാനത്തില്‍ ദുരുപയോഗപ്പെടുത്തുമ്പോള്‍ മാത്രമാണ് ഈ നിയമപ്രകാരം കുറ്റമാകുന്നത്. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും പരസ്​പരസമ്മതപ്രകാരം നടത്തുന്ന ലൈംഗികബന്ധം ഒരു തരത്തിലും കുറ്റമാകുന്നില്ല.ഡല്‍ഹി ഹൈക്കോടതിയുടെ വിധിപ്രകാരം വാണിജ്യാടിസ്ഥാനത്തിലല്ലാത്ത വേശ്യാവൃത്തിപോലും കുറ്റകരമല്ല. ഹോട്ടലുകളും ലോഡ്ജുകളുമെല്ലാം റെയ്ഡ് ചെയ്ത് മുറികളില്‍ താമസിക്കുന്ന സ്ത്രീയെയും പുരുഷനെയും അവിഹിതബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്ന പോലീസാണ് യഥാര്‍ഥത്തില്‍ കുറ്റം ചെയ്യുന്നത്; നിയമം ലംഘിക്കുന്നത്.നിയമവാഴ്ചയുടെ കാര്യത്തില്‍ ഏറ്റവും മെച്ചപ്പെട്ട സംസ്ഥാനമായി കണക്കാക്കപ്പെടുന്ന കേരളം ഇക്കാര്യത്തില്‍ നിയമവാഴ്ചയെ പരിഹസിക്കുന്ന അവസ്ഥയിലാണെന്നു കാണാം. ഒളിച്ചുനോട്ടക്കാരായ നാട്ടുകാരും അവരോടൊപ്പം ചേരുന്ന പോലീസുകാരും ചേര്‍ന്നാല്‍ ആരുടെയും സ്വകാര്യജീവിതത്തിലേക്ക് കടന്നുചെല്ലാനും അവരുടെ സാമൂഹികജീവിതം താറുമാറാക്കാനും കഴിയും. എളുപ്പത്തില്‍ ലഭ്യമാവുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായമുണ്ടെങ്കില്‍ വൈരാഗ്യമുള്ളവരെ നശിപ്പിക്കാന്‍ ആര്‍ക്കുമാകും. രാഷ്ട്രീയശത്രുക്കളെ തകര്‍ക്കാനുള്ള ഏറ്റവും ഏളുപ്പവഴിയായും കേരളത്തില്‍ ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്.ഏറ്റവും അവസാനം കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കേസ് നോക്കുക. ഉണ്ണിത്താന്റെയോ കൂടെ സഞ്ചരിച്ച സഹപ്രവര്‍ത്തകയുടെയോ വ്യക്തിപരമായ പശ്ചാത്തലത്തെക്കുറിച്ച് എനിക്കറിയില്ല; അറിയേണ്ട ആവശ്യവുമില്ല. പത്രങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും അറിഞ്ഞ വിവരങ്ങള്‍ വെച്ചുനോക്കിയാല്‍ ഉണ്ണിത്താനെതിരായി നാട്ടുകാര്‍ ഇടപെടേണ്ടതോ പോലീസ് കേസെടുക്കേണ്ടതോ ആയ ഒന്നും സംഭവിച്ചിട്ടില്ല.ഉണ്ണിത്താന്‍ ആരോപിക്കുംപോലെ സംഭവത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടായിക്കൊള്ളണമെന്നുമില്ല. നാട്ടുകാരുടെ ഒളിഞ്ഞുനോട്ട പ്രവണതയായിരിക്കണം പ്രശ്‌നം സൃഷ്ടിച്ചത്. രാഷ്ട്രീയ എതിരാളികള്‍ അതിനെ മുതലാക്കിയിട്ടുമുണ്ടാകാം. എന്തായാലും ആരംഭത്തില്‍ സൂചിപ്പിച്ച മലയാളിയുടെ പ്രാകൃത മാനസികാവസ്ഥയുടെ സൃഷ്ടിതന്നെയാണ് ഈ സംഭവവും. എന്നിട്ടും ഒരു ഡിവൈ.എസ്.പി. കേസ് ചാര്‍ജ് ചെയ്തിരിക്കുന്നു എന്നത് ഇവിടത്തെ നിയമവാഴ്ചയുടെ പരിഹാസ്യമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.ഇത്തരം വിഷയങ്ങളില്‍ കേരളത്തില്‍ നിയമവാഴ്ച പുനഃസ്ഥാപിക്കുക എളുപ്പമല്ല. ആദ്യംതന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നയം തീരുമാനിക്കണം. നിലവിലുള്ള നിയമപ്രകാരമല്ലാത്ത നടപടികളൊന്നും ജനങ്ങളുടെ പേരുംപറഞ്ഞ് എടുക്കരുതെന്ന് പോലീസിനു കര്‍ശനമായ നിര്‍ദേശം നല്കണം. എന്നാലും പഴയ ശൈലികള്‍ തുടരാനിടയുണ്ട്. അങ്ങനെ തുടരാതിരിക്കാനുള്ള മേല്‍നോട്ടത്തിനു സംവിധാനമുണ്ടാക്കുകയും വേണം.നാട്ടുകാരുടെ മനോഭാവത്തിലും മാറ്റമുണ്ടാവണം. നിലവിലുള്ള നിയമപ്രകാരം ലൈംഗികപ്രശ്‌നങ്ങളിലും മറ്റും ഏതുതരം പ്രവൃത്തികളാണ് കുറ്റകരമാവുന്നതെന്ന് ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ട്. മനുഷ്യാവകാശ കമ്മീഷന് ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടാവുന്നതാണ്. ജനങ്ങളെ ബോധവത്കരിക്കുന്ന കാര്യത്തില്‍ മാധ്യമങ്ങളാണ് പ്രധാന കര്‍ത്തവ്യം ഏറ്റെടുക്കേണ്ടത്.പക്ഷേ, മാധ്യമങ്ങള്‍ പലപ്പോഴും ഒളിഞ്ഞുനോട്ട പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നതു കാണാറുണ്ട്. ആ സമീപനം മാറ്റി, നിയമവാഴ്ചയെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കാന്‍ മാധ്യമങ്ങള്‍തന്നെയാണ് മുന്‍കൈയെടുക്കേണ്ടത്. എങ്കില്‍ മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തിലെങ്കിലും മലയാളിയുടെ പ്രാകൃതമായ ഈ ഒളിഞ്ഞുനോട്ട മനോഭാവത്തിന് അറുതിവരുത്താനാകൂ.


**കെ. വേണു

പ്രവാസി

പ്രവാസി കുടുംബിനികള്‍ നെടുവീര്‍പ്പുതുടങ്ങിയിട്ട് കാലമേറെയായെങ്കിലും അതു ചുടുനിശ്വാസത്തിന്റെ കനംവെച്ചുതുടങ്ങിയത് ഈ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലകപ്പെട്ടു എന്ന് ബോധ്യപ്പെട്ടതുമുതലാണ്.എന്താണ് ഗള്‍ഫ് കുടുംബങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നം? 'സാമ്പത്തികമാന്ദ്യം' (ക്ഷമിക്കണം, ഫിനാന്‍ഷ്യല്‍ ക്രൈസിസ്. അങ്ങനെ പറയാനാണല്ലോ നമ്മള്‍ക്കു താത്പര്യം.)
ഓഹരിക്കമ്പോളത്തിലും വ്യവസായങ്ങളിലും നിര്‍മാണമേഖലയിലും എന്നുവേണ്ട സകലയിടങ്ങളിലും സാമ്പത്തികമാന്ദ്യം അനുഭവപ്പെട്ടപ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ഗള്‍ഫ് മേഖലയെയാണ്. വ്യക്തമായി പറഞ്ഞാല്‍ നമ്മുടെ കൊച്ചുകേരളത്തില്‍ നിന്നെത്തി, ഇവിടെ ജോലിചെയ്യുന്ന ഇടത്തരക്കാരെ.
ചക്രംപോലെ കറങ്ങുന്ന ജീവിതവ്യവസ്ഥയിലാണ് പലരുടെയും മുന്നോട്ടുള്ള ചലനം. ചക്രത്തിന്റെ ചലനത്തിന് ചെറിയ വേഗക്കുറവ് അനുഭവപ്പെട്ടപ്പോള്‍-ശമ്പളത്തിന്റെ തീയതി ഒരാഴ്ച മാറിയപ്പോള്‍-കണക്കുകൂട്ടലുകള്‍ പിഴച്ചത് പല നിലകളിലാണ്.
ക്രെഡിറ്റ് കാര്‍ഡിന്റെ പെയ്‌മെന്റ്, സ്‌കൂള്‍ ഫീസ്, താമസവാടക, കാര്‍ലോണ്‍, ചിട്ടി, ഇന്‍ഷുറന്‍സ്, മറ്റു ചെലവുകള്‍...ഇതിലൊക്കെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ഇത് ഒരു കമ്പനിയുടെ മാത്രം പ്രശ്‌നമല്ലാതെ വന്നപ്പോള്‍ പരസ്​പരം സഹായം ചോദിക്കാന്‍പോലും വഴിയില്ലാതായി.
ഭൂകമ്പമാപിനിയില്‍ ചെറിയ അളവില്‍ രേഖപ്പെടുത്തിയ ചലനം വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നുള്ള പ്രവചനം കൂടിവന്നപ്പോള്‍ പ്രവാസികള്‍ നെഞ്ചുരുക്കത്തിന്റെ വിങ്ങലിലായി. പ്രവാസികള്‍ക്കിടയില്‍ സാമ്പത്തികമാന്ദ്യത്തിന്റെ ഞെട്ടല്‍ മാറിക്കൊണ്ടിരിക്കുമ്പോഴാണ് അടുത്ത ചെറുചലനങ്ങള്‍ തേടിയെത്തുന്നത്. ഈ ആകുലതയില്‍ ഒന്നിനും കഴിയാതെ, നിസ്സഹായതയോടെ നെടുവീര്‍പ്പിടാന്‍ മാത്രം കഴിയുന്ന കുടുംബിനികള്‍ ഒരുപാടുണ്ട് ഇവിടെ. പ്രവാസികളായി കഴിയുന്നവരില്‍ പലരും കഷ്ടിച്ച് കുടുംബങ്ങളെ താമസിപ്പിക്കാന്‍ മാത്രം വരുമാനമുള്ളവരാണ്. താമസവാടകയും ഭക്ഷണച്ചെലവും മറ്റും കഴിച്ചാല്‍ ഒന്നും മിച്ചംവരാതെ ജീവിച്ചുപോകുന്നവര്‍.
ഭര്‍ത്താവിന്റെ വരുമാനംകൊണ്ട് ഇവിടെ കഴിഞ്ഞുകൂടാം എന്നുള്ളതല്ലാതെ, അവസാനനാളില്‍, അല്ലെങ്കില്‍ ജോലി നഷ്ടപ്പെട്ടാല്‍ ഒരു സമ്പാദ്യവും മിച്ചം കാണില്ല എന്നറിഞ്ഞുകൊണ്ട് താമസിക്കുന്നവര്‍.
കറച്ചുകാലം ഒന്നിച്ചു കഴിയാം എന്നുകരുതി വരുന്നവരും ''നിങ്ങളുടെ വീട്ടില്‍ ഒരു സ്വസ്ഥതയും ഇല്ല'' എന്നുപറഞ്ഞ് പിടിച്ചുനില്ക്കുന്നവരും മക്കളെ നല്ലനിലയില്‍ പഠിപ്പിക്കണമെന്നാഗ്രഹിച്ച് കൂടെ നിര്‍ത്തുന്നവരും പൊടുന്നനെയുള്ള പ്രതിസന്ധി മനസ്സില്‍ കണ്ടിട്ടുണ്ടാവില്ല...
ഓരോ പ്രവാസി കുടുംബിനിയും ഓര്‍ത്തുപോകുന്ന ചില കാര്യങ്ങളുണ്ട്...ഈ ഗള്‍ഫ് ഭൂമിയില്‍നിന്ന് ദൃശ്യ-ശ്രാവ്യ-മാധ്യമങ്ങളിലേക്ക് മൂന്നുവര്‍ഷംകൊണ്ട് എസ്.എം.എസ്. അയച്ച പൈസമാത്രം മതിയായിരുന്നു നാട്ടിലൊരു കൂര പണിയാന്‍. ഒരു ഗാനത്തിന്, ഒരു സമര്‍പ്പണത്തിന്...നമ്മുടെ ശബ്ദം ലൈവില്‍ വരാന്‍...അഞ്ചുരൂപ വിലയുള്ള ഒരു പേനയ്ക്കുവേണ്ടി...നാം അയച്ച എസ്.എം.എസ്. എത്ര? ഇങ്ങനെ പരിതപിക്കുന്ന ഒട്ടേറെ വീട്ടമ്മമാരെ എനിക്കറിയാം.
ഓഹരിക്കമ്പോളങ്ങളിലേക്ക് സുന്ദരമായ വാഗ്ദാനം നല്‍കി ആകര്‍ഷിച്ചപ്പോള്‍, ഒന്നുമറിയാത്ത പ്രവാസി മിച്ചംവന്നത് അംബാനിയിലോ സത്യം കമ്പ്യൂട്ടറിലോ നിക്ഷേപിച്ചു. പെരുകുന്നതും കാത്തിരുന്നു. ഇതില്‍ മുക്കാലും നഷ്ടപ്പെട്ടു. മിച്ചം വന്ന ശതമാനം തിരിച്ചുകിട്ടാന്‍ നെട്ടോട്ടമോടുന്നതും നാം കാണുന്നു.
ആഴ്ചയില്‍ സിനിമാനടന്മാരും മിമിക്രി, ഗാനമേളക്കാരും രാഷ്ട്രീയക്കാരും ഊരുചുറ്റിയ ഗള്‍ഫില്‍ സാമ്പത്തികമാന്ദ്യത്തിന്റെ വരുംവരായ്കയെക്കുറിച്ച് സംസാരിക്കാന്‍ ഒരു സാമ്പത്തികകാര്യ വിദഗ്ധനും വന്നില്ല. ബോധവത്കരിക്കാന്‍ 'നോര്‍ക്ക'യോ മറ്റ് ഏജന്‍സികളോ മുന്‍കൈ എടുത്തില്ല.
സകല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രാദേശിക കൂട്ടായ്മകള്‍ക്കും നൂറുകണക്കിനു സംഘടനകളുണ്ടിവിടെ. ആരും ഈ പ്രതിസന്ധി ചര്‍ച്ചചെയ്തില്ല. മുല്ലപ്പൂ ധരിച്ച് താലപ്പൊലിയെടുത്ത് ആനയിച്ച, രാഷ്ട്രീയ, സാംസ്‌കാരിക, മത നേതാക്കളാരും വന്നില്ല.
ടെര്‍മിനേഷന്‍ ലെറ്ററിനു നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന ഭര്‍ത്താവിനെ സാന്ത്വനിപ്പിക്കാന്‍പോലും ഞങ്ങള്‍ അര്‍ഹരല്ല. വാശിക്കും പൊങ്ങച്ചത്തിനുംവേണ്ടി വരുത്തിവെച്ച പാഴ്‌ചെലവുകളുടെ കണക്ക് തികട്ടിവരുന്നതു തന്നെ കാരണം.
എന്തു നേടി? നാലു ചുവരുകള്‍ക്കുള്ളിലെ ശുദ്ധവായു ഇല്ലാത്ത ജീവിതം. ടിന്‍ഫുഡുകളുടെ ദുര്‍മേദസ്സ്...പിന്നെയോ? മരണവും കല്യാണവും നാട്ടിലെ ഒരാചാരവും കാണാതെ വളരുന്ന ഒരു തലമുറ. പൂരവും നേര്‍ച്ചയും കോമരവും തെയ്യവും മഴയും വസന്തവും കാണാതെ, കാണിക്കാതെ നാം അവരെ വളര്‍ത്തുകയാണ്.
ഗള്‍ഫില്‍നിന്ന് മരണവിവരമറിഞ്ഞ് നാട്ടിലെത്തിയ സ്നേഹിതയുടെ മകന്‍ വല്ലുപ്പയുടെ മയ്യത്ത് വെള്ളപുതപ്പിച്ച് കിടത്തിയ അതേ മുറിയിലുള്ള കമ്പ്യൂട്ടറില്‍ ഗെയിം കളിക്കുന്നു. പ്രതിരോധിച്ചും പ്രഹരിച്ചും 13 വയസ്സുള്ള മകന്‍ കമ്പ്യൂട്ടറില്‍ തന്റെ മിടുക്ക് കാണിക്കുന്നു. ഈ വയസ്സിനിടയില്‍ രണ്ടോ മൂന്നോ പ്രാവശ്യം നാട്ടില്‍ വന്ന കൊച്ചുമകന് 'മരണ'ത്തിന്റെ കിടപ്പറിയില്ല. വല്ലുപ്പ കൊഴിഞ്ഞ് ഇല്ലാതായതാണെന്നറിയില്ല. കുട്ടിക്ക് ആത്മബന്ധമില്ലാത്ത വല്ലുപ്പയുടെ വിറങ്ങലിച്ച ശരീരം വെള്ളത്തുണിയിട്ട എന്തോ ഒന്നായിരിക്കാം.
ടെലിഫോണ്‍ വിളിയുടെ ചെലവ് കുറയ്ക്കാന്‍ ഇന്റര്‍നെറ്റും കമ്പ്യൂട്ടറും വാങ്ങി. വിളി തുടങ്ങിയപ്പോള്‍ പഴയ ചെലവിനേക്കാള്‍ കൂടി. പണ്ട് ഗള്‍ഫില്‍നിന്നുള്ള ഫോണ്‍ വിളിക്ക് നല്ല മതിപ്പായിരുന്നു. ഇന്ന് നമ്പര്‍ കണ്ടാല്‍ത്തന്നെ പറയും: ''ശല്യം. ദിവസവും രണ്ടുനേരം വിളിക്കും. സംസാരിച്ചാല്‍ വെക്കത്തില്ല.''
ശരാശരി ഒരു പ്രവാസി കുടുംബത്തിന് താമസിക്കാന്‍ മുപ്പതിനായിരം മുതല്‍ അന്‍പതിനായിരം ദിര്‍ഹം വരെ പ്രതിവര്‍ഷം വാടക വേണ്ടിവരും. രണ്ടു വര്‍ഷത്തെ ഈ വാടക സ്വരുക്കൂട്ടി വെച്ചെങ്കില്‍ നാട്ടില്‍ നല്ല വീട് പണിയാമായിരുന്നു. ഈ നെടുവീര്‍പ്പിന് ഒരുപാട് അര്‍ഥതലങ്ങളുണ്ട്.
ഈ അവസ്ഥയില്‍ ഒരു തിരിച്ചുപോക്ക് അനിവാര്യമായിട്ടും ചില കുടുംബിനികള്‍ തയ്യാറാവുന്നില്ല. പഴയ തറവാട്ടു വീട്ടിലേക്ക് പോയി അന്യയെപ്പോലെ കഴിയേണ്ടിവരും. ഗള്‍ഫുകാരിയുടെ പത്രാസില്‍ ഈ കണ്ടകാലം മുഴുവന്‍ കഴിഞ്ഞിട്ട്, ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെട്ട് പാപ്പരായി തിരിച്ചുവന്നാല്‍ കേള്‍ക്കേണ്ടിവരുന്ന കുത്തുവാക്കുകള്‍... മക്കളുടെ വിദ്യാഭ്യാസത്തിന്റെ നിലവാരം... ഇതൊക്കെ ഓര്‍ക്കുമ്പോള്‍... ഇവിടെ വരാതിരുന്നെങ്കില്‍ നാട്ടില്‍ ഒരു വീട് ആകുമായിരുന്നേനെ. രണ്ടു വര്‍ഷമെങ്കിലും നിന്നിട്ട് തിരിച്ചുപോയിരുന്നെങ്കില്‍ നാട്ടിലെ ജോലി രാജിവെക്കേണ്ടിയിരുന്നില്ല. ഇങ്ങനെ പ്രത്യക്ഷകാരണങ്ങളുടെ പടവുകള്‍ ഇറങ്ങിയാല്‍ എവിടെയൊക്കെയോ എത്താം.
പ്രായോഗികമായ തീരുമാനമെടുക്കാനുള്ള സമയമാണ്-ജീവിതം ബാക്കിക്കിടക്കുന്നു. പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള തീരുമാനം വൈകിക്കൂടാ.
ഇത്രകാലം ഒരുമിച്ച് കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ ഓരോരുത്തരും അവരുടെ അവസ്ഥയ്ക്ക് അനുസരിച്ച് തീരുമാനമെടുക്കേണ്ടിവരും.
നാട്ടിലുള്ള കല്യാണധൂര്‍ത്തും വീടുമോടികൂട്ടലും ആഡംബര കാറും ഒക്കെ നിലനിന്നുപോകണമെങ്കില്‍ ഇവിടെനിന്നുള്ള വരുമാനം വേണം. അതില്ലാതെ വന്നാല്‍ പ്രതീക്ഷകളും സ്വപ്നങ്ങളും അസ്തമിച്ചുപോകും. ഇനിയുള്ള കാലമെങ്കിലും പ്രതീക്ഷയുടെ കരുതിവെപ്പിനാകണം.
കഴിഞ്ഞതെല്ലാം മുന്നോട്ടുപോകാനുള്ള അനുഭവപാഠമാവണം. ആരുടെ മുന്നിലും മേനിനടിച്ചിട്ടു കാര്യമില്ല. മിച്ചംപിടിക്കാനുള്ള മനസ്സുണ്ടാവണം. ചെലവ് ചെയ്യുന്ന ഒരു 'ഫില്‍സ്' പോലും ഉണ്ടായതെങ്ങനെ, ഉണ്ടാക്കുന്നതെങ്ങനെ എന്നുള്ള തിരിച്ചറിവ് ഉണ്ടാവണം.ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ പകിട്ടുള്ള പ്രലോഭനങ്ങള്‍ കണ്ടേക്കാം. എസ്.എം.എസ്സില്‍ അയയ്ക്കുന്ന ഓരാ ദിര്‍ഹവും നമ്മുടെ അടിത്തറയുടെ നഷ്ടമാണെന്ന് ഉത്തമബോധ്യം വേണം.
കാലിടറുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ആരും തുണയില്ല. നാം നമ്മുടെ കുടുംബത്തിന്റെ നല്ല കുടുംബിനിയാവണം. നല്ല ഭാര്യ. നല്ല അമ്മയും.ഒന്‍പതു വയസ്സായ 'നദ്‌ന' മോള്‍ ചോദിച്ചു: ''നാട്ടില്‍ പഠിക്കാന്‍ നമുക്ക് നല്ല സ്‌കൂള്‍ ഉണ്ടാവുമോ?''
പുഴുപെറുക്കിക്കളഞ്ഞ് വേവിച്ച അമേരിക്കന്‍ റവയുടെ ഉപ്പുമാവ് പോലെ ഇത്ര രുചിയുള്ള ഉച്ചഭക്ഷണം ഞാന്‍ ഇന്നുവരെ കഴിച്ചിട്ടില്ല. ബര്‍ഗറും പിസ്സയും കഴിച്ച് വളരുന്ന മോള്‍ക്കതറിയില്ല.
കാലിളകിയ മരബെഞ്ചിലിരുന്നു പഠിച്ചുവളര്‍ന്ന ഒരു തലമുറ വഴിതെറ്റിപ്പോയില്ല. ആകാവുന്ന ഉയരത്തിലെത്തിയ നമ്മുടെ നാട്ടിലുള്ളവരെല്ലാം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നാട്ടറിവ് പഠിച്ചത് സ്വന്തം നാട്ടില്‍ തന്നെയാണ്. കമ്പ്യൂട്ടര്‍ പോയിട്ട് കാല്‍ക്കുലേറ്റര്‍ പോലുമില്ലാത്ത കാലത്ത് പഠിച്ചതൊന്നും പാഴായില്ല. ഇതൊന്നും മകളെ പറഞ്ഞുമനസ്സിലാക്കാനാവില്ല. അവളെ ചേര്‍ത്തുനിര്‍ത്തി പറഞ്ഞു: ''നല്ല സ്‌കൂളുണ്ട്...നല്ല കളിമുറ്റമുണ്ട്...നല്ല സാറന്മാരുണ്ട്...എല്ലാമുണ്ട്...പക്ഷേ...?''
*
ഫസീല റഫീഖ്‌ ; മാതൃഭൂമിയില്‍ എഴുതിയത്......