കോഴിക്കോട് നിന്ന് തൃശൂര്‍ക്കുള്ള ഒരു ബസ്. സീറ്റ് ഫുള്ളാണ്. പത്തു പന്ത്രണ്ടുപേര്‍ നില്‍ക്കുന്നുമുണ്ട്. ഇടയ്ക്കൊരു സ്റ്റോപ്പില്‍ നിന്ന് കയറിയ പെണ്‍കുട്ടി. കയറിയപാടെ ഒരു സീറ്റില്‍ ചാരിനിന്ന് മൊബൈല്‍ ചെവിയില്‍ ചേര്‍ത്തു.
"എടാ, ഞാനിപ്പോ കയറീട്ടേ ഉള്ളൂ...'' എന്നു തുടങ്ങിയ സംഭാഷണം പതിയെപ്പതിയെ പരിഭവങ്ങളിലേക്കും ശൃംഗാരങ്ങളിലേക്കും നീണ്ടപ്പോള്‍ അടുത്തിരുന്നവര്‍ ചിലര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ചുറ്റും ആളുകളുണ്ടെന്ന ഭാവംപോലും ഇല്ലാതെയാണ് മൊബൈല്‍ സംഭാഷണം ഒഴുകുന്നത്. മറ്റു യാത്രക്കാര്‍ പരസ്പരം നോക്കുന്നുണ്ട്, ചിരിക്കുന്നുണ്ട്...പാവം പെണ്‍കുട്ടി! ഇതൊന്നുമറിയുന്നില്ല... ഒടുവില്‍ സഹികെട്ട് കണ്ടക്ടര്‍ അടുത്തുവന്നു പറഞ്ഞു,
'മോളേ, ബസില്‍ നിന്നിറങ്ങിയിട്ട് മതി ഇനി വര്‍ത്തമാനം...മറ്റുള്ളവര്‍ക്കും യാത്ര ചെയ്യണ്ടേ..''
ഒരു 'സോറി'യില്‍ ആ സംഭാഷണം അവസാനിപ്പിച്ചപ്പോഴും അവളുടെ മുഖത്ത് കുറ്റബോധമൊന്നും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളായാലും മുതിര്‍ന്നവരായാലും പരിസരം മറന്നുള്ള മൊബൈല്‍ വര്‍ത്തമാനം ഇന്ന് പതിവുള്ള കാഴ്ചയാണ്.
പൊതു ഇടങ്ങളില്‍ മനുഷ്യര്‍ പാലിക്കേണ്ട മര്യാദകള്‍ ലംഘിക്കപ്പെടുന്ന പല സന്ദര്‍ഭങ്ങളിലൊന്ന് മാത്രമാണിത്. സാമൂഹ്യജീവി ആയതുകൊണ്ടുതന്നെ മനുഷ്യര്‍ക്ക് പൊതു ഇടപെടലുകള്‍ അനിവാര്യമാണ്. നമ്മുടെ പെരുമാറ്റവും ഇടപെടലുകളും മറ്റൊരാള്‍ക്ക് എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ടോ എന്ന് ചെറിയ ഒരു ആലോചന നടത്തിയാല്‍ ദോഷമൊന്നും വരാനില്ല. അടക്കവും ഒതുക്കവും വിനയവും ബഹുമാനവും കുലീനതയും സഹജീവി മനോഭാവവും നഷ്ടപ്പെട്ട് ചേഷ്ടകളും കോപ്രായങ്ങളും കൈമുതലായിത്തീരുന്ന പുതിയ തലമുറയെ തിരുത്താനും തിരുത്തിപ്പിക്കാനും അരുതെന്ന് സ്നേഹത്തോടെ ഗുണദോഷിക്കാനും പഴയ തലമുറ മടിച്ചു നില്‍ക്കുന്നു. 'ജനറേഷന്‍ ഗ്യാപ്പ്' വര്‍ധിച്ച് എന്തും ഏതും ആവാമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നു.
തിരക്കുള്ള ബസ്. ഇരിക്കുന്നവന് നില്‍ക്കുന്നവനെക്കുറിച്ച് ചിന്തയില്ല. കയറിയവന് കയറാനുള്ളവരെക്കുറിച്ച് ചിന്തയില്ല. രണ്ടാള്‍ക്ക് ഒതുങ്ങിയിരിക്കാവുന്ന സീറ്റില്‍ കാലുകള്‍ കവച്ചുവച്ച് ഒരാള്‍ക്ക് നില്‍ക്കാനുള്ള ഇടം കൂടി അപഹരിച്ച് ഇരിക്കുമ്പോള്‍ 'അനിയാ അല്‍പ്പമൊന്ന് ഒതുങ്ങിയിരിന്നു കൂടേ, കാല് ഒതുക്കിവച്ചാല്‍ നില്‍ക്കുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ നില്‍ക്കാമല്ലോ!' എന്നു പറയേണ്ടി വരുന്നു. പ്രായമായവരോ കുട്ടിയെ എടുത്തവരോ കയറി വരുമ്പോള്‍ കാണാത്ത ഭാവത്തില്‍ ഇരിക്കുന്നവരും കുറവല്ല.
തിരക്കുള്ള ഹോട്ടല്‍. ഭക്ഷണം കഴിക്കുന്നതിന്റെ അല്‍പ്പം മാറിയാണ് വാഷ് ബേസിന്‍. കൈ കഴുകുന്ന ഒരുവന്‍ വായില്‍ കൈയിട്ട് തേച്ചും വെള്ളം ശക്തിയോടെ തുപ്പിയും കാറിയും കുരച്ചും ഓക്കാനിച്ചും കോപ്രായങ്ങള്‍ കാട്ടുമ്പോള്‍ അവന്‍ ഭക്ഷണം തന്നെയല്ലേ കഴിച്ചത് എന്ന് ന്യായമായും നമുക്ക് സംശയിക്കാം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന മറ്റുള്ളവര്‍ക്ക് അദ്ദേഹത്തോട് മനസാ വെറുപ്പു തോന്നുന്നതും ശപിക്കുന്നതും ഓക്കാനം വരുന്നതും സ്വാഭാവികം. ഇവിടെ താന്‍ മാത്രമല്ല മറ്റുള്ളവര്‍കൂടി ഉണ്ട് എന്നു ചിന്തിച്ചാല്‍ ഈ കോപ്രായങ്ങള്‍ ഒഴിവാക്കാവുന്നതാണ്.
അച്ഛന്‍ മരിച്ച വേദനയില്‍ മനംനൊന്ത് വീര്‍പ്പുമുട്ടിനില്‍ക്കുന്ന ഒരു മരണവീട്.
അല്‍പ്പം മാറി ഒരു മൂലയില്‍ നാലു ചെറുപ്പക്കാര്‍ എന്തോ കഥ പറഞ്ഞ് പൊട്ടിച്ചിരിച്ച് കൂട്ടുകാരന്റെ ചുമലിലിടിച്ച് താളംപിടിച്ച് നിശ്ശബ്ദതയെ ഭഞ്ജിക്കുകയാണ്. മരിച്ച ആളുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ കൂടെ കരയണമെന്നില്ല. അരോചകമാവുന്ന രീതിയിലുള്ള പെരുമാറ്റങ്ങള്‍ ഒഴിവാക്കുകയെങ്കിലും ചെയ്തുകൂടേ? കുറേകാലം കൂടി കാണുന്ന സുഹൃത്ത് ചിലപ്പോള്‍ ആ മരണവീട്ടില്‍ വന്നിട്ടുണ്ടാവാം. കണ്ടതിന്റെ സന്തോഷവും കുശലാന്വേഷണവും ഒക്കെ നടത്തുമ്പോള്‍ ശ്രദ്ധിക്കുക, അതൊരു മരണവീടാണ്.
ഒരുപാട് ആളുകളെ ക്ഷണിച്ചു വരുത്തിയ ഒരു വിവാഹം. ഹാളില്‍ സദ്യ തുടങ്ങി. ഭക്ഷണശാലയുടെ വാതില്‍ തുറക്കേണ്ട താമസം, തിക്കും തിരക്കും ബഹളവും തന്നെ. അഞ്ചു മിനിറ്റുപോലും ശാന്തമായി കാത്തുനില്‍ക്കാന്‍ കഴിയാത്ത രീതിയില്‍ മലയാളിയുടെ മര്യാദ മരിച്ചുപോയിരിക്കുന്നു. തിക്കിത്തിരക്കി ഭക്ഷണം കഴിച്ച് അപ്പുറത്തുപോയിരുന്ന് വെടി പറയുന്നവരാണധികവും. എന്നാലും അവിടെയും ഒരു മത്സരം ഒഴിവാക്കാന്‍ നാം തയ്യാറല്ല!
തിരക്കുപിടിച്ച ബസില്‍ വലിയ ബാഗും തൂക്കി കുറെ കുട്ടികള്‍ കയറി. വൃദ്ധരും രോഗികളും ഒക്കെയായി മറ്റ് യാത്രക്കാരും ബസില്‍ ഉണ്ട്. ഒച്ചയും ബഹളവും. കമ്പിയില്‍ പിടിക്കാതെ പരസ്പരം ചാരിനില്‍ക്കുന്ന കുട്ടികള്‍ക്ക് ബസ് ബ്രേക്കിടുന്നതനുസരിച്ച് മുമ്പോട്ടും പിമ്പോട്ടും ആടിയുലയുന്നത് ഒരു രസം. ഇവര്‍ ബസില്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകളും മടുപ്പും ചില്ലറയല്ല. അടങ്ങിയൊതുങ്ങി, മറ്റ് യാത്രക്കാരും ഉണ്ട് എന്ന ബോധത്തില്‍ നിന്നാല്‍ എത്ര നന്നാവും! ഇക്കാര്യത്തിലെല്ലാം രക്ഷിതാക്കള്‍ മക്കളെ ഉപദേശിക്കുന്നതില്‍ മടിയും പിശുക്കും കാട്ടേണ്ടതുണ്ടോ? പൊതു സന്ദര്‍ഭങ്ങളില്‍ പെരുമാറേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതില്‍ അധ്യാപകര്‍ക്കും വലിയ പങ്കു വഹിക്കാനുണ്ട്.
കുടുംബസമേതം ഒരു സിനിമ കാണാന്‍ തിയറ്ററിലെത്തിയാലോ... ചില രംഗങ്ങള്‍ വരുമ്പോള്‍ കമന്റടിക്കുകയും കൂക്കിവിളിക്കുകയും അലറുകയും ചെയ്യുകയാണ് ഒരു കൂട്ടം. ഫുട്ബോള്‍ കാണുമ്പോള്‍ ഗോളടിച്ചാല്‍ ആഹ്ളാദിക്കുന്നതും ക്രിക്കറ്റ് കാണുമ്പോള്‍ ആഹ്ളാദിക്കുന്നതും പോലെയല്ല സിനിമാ തിയറ്ററില്‍ കൂക്കി വിളിക്കുന്നത്. എവിടെയായാലും സഹജീവികള്‍ക്ക് ശല്യമാകുന്ന രീതിയില്‍ പെരുമാറുന്നത് ഏതായാലും ഭൂഷണമല്ല.
മൊബൈല്‍ ഫോണ്‍ ആവശ്യത്തിനുള്ളതാണ്. നമ്മുടെ സ്വകാര്യജീവിതത്തെയും പൊതുജീവിതത്തെയും സൌകര്യപ്രദമാക്കാന്‍ എത്രമാത്രം ഉപയോഗപ്രദമാക്കാമോ അത്രയും ആവാം. എന്നാല്‍ അല്‍പ്പം മര്യാദയോടെ ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കേണ്ടതില്ലേ? ബസില്‍ യാത്ര ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന രീതിയില്‍ ഉറക്കെ സംസാരിക്കുന്നത് ഒഴിവാക്കാവുന്നതാണ്. "ഞാന്‍ ബസിലാണ്. അല്‍പ്പം കഴിഞ്ഞ് വിളിക്കൂ.'' അല്ലെങ്കില്‍ "ഞാന്‍ അങ്ങോട്ട് വിളിക്കാം'' എന്നു പറയുന്നതല്ലേ നല്ലത്. അത്യാവശ്യമാണെങ്കില്‍ ചെറിയ ശബ്ദത്തില്‍ പെട്ടെന്ന് സംസാരിച്ച് ഒഴിവാക്കേണ്ടതല്ലേ.
വിവിധ പാട്ടുകളുടെ ശബ്ദകോലാഹലങ്ങളും ഇപ്പോള്‍ മൊബൈല്‍ ഫോണുകളില്‍ പതിവായിരിക്കുന്നു. മൃതദേഹത്തിനരികില്‍ അനുശോചനം അറിയിച്ച് വലം വയ്ക്കുമ്പോള്‍ കീശയില്‍നിന്ന് മൊബൈല്‍ ഫോണ്‍ വലിയ ശബ്ദത്തില്‍ 'ഫോണെടുക്കെടാ...എടാ ഒന്നെടുക്കെടാ' എന്ന് ശൃംഗാരച്ചുവയോടെ പറഞ്ഞാലോ? കൂടിനില്‍ക്കുന്ന മുഴുവന്‍ ആളുകളുടെയും നെറ്റി ചുളിയും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൊബൈല്‍ "സൈലന്റ്'' ആക്കാന്‍ എന്തിനാണ് മടിക്കുന്നത്?
സംഗീതം മനുഷ്യന്റെ മുഴുവന്‍ പ്രയാസങ്ങളും അകറ്റാനുള്ള ഔഷധം കൂടിയാണ്. എന്നാല്‍ അതിനും സമയവും സന്ദര്‍ഭവും ഉണ്ട്. റിയാലിറ്റി ഷോകളുടെയും ചാനലുകളുടെ പരസ്യമൂലധന താല്‍പ്പര്യങ്ങളുടെയും വൃത്തികേടുകള്‍ക്ക് ഇരയായി തീര്‍ന്നിരിക്കുന്നു ഇന്ന് സംഗീതം. ചില ബസുകളില്‍ എഫ്എം റേഡിയോകളിലൂടെ വരുന്ന വളിച്ച തമാശകളും പാട്ടും യാത്രക്കാരിലുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. എല്ലാറ്റിനും ഒരു പരിധി നല്ലതാണ്.
നമ്മുടെ നാട്ടിലെ വിവാഹങ്ങള്‍ പേക്കൂത്തുകളുടെ കേളീരംഗങ്ങള്‍ ആണിന്ന്. ക്ഷണിച്ചുവരുത്തുന്ന 99 ശതമാനം ആളുകളെയും അവഗണിച്ച് ഒരു ചെറിയ വിഭാഗം കാണിച്ചുകൂട്ടുന്ന വൃത്തികേടുകള്‍ സഹിക്കുകയാണ് ബാക്കിയുള്ളവര്‍. വേഷം കെട്ടിയും അട്ടഹാസം മുഴക്കിയും പവിത്രമായ ഒരു പരിപാടിയെ വികലമാക്കുന്നു. വിവാഹത്തലേന്ന് നടക്കുന്ന പാര്‍ട്ടിക്ക് 80 ഡെസിബലിനേക്കാള്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാതിരാത്രി കഴിഞ്ഞിട്ടും ഉച്ചഭാഷിണി ശബ്ദിക്കുന്നത് മദ്യപിച്ച് നൃത്തംചെയ്യുന്ന ഒരു ചെറുസംഘത്തിനുവേണ്ടിയാണ്. ഉറക്കം നഷ്ടപ്പെട്ട് ശപിക്കുന്ന ബഹുഭൂരിപക്ഷത്തെ ആരറിയാന്‍!
റോഡിലൂടെ നടന്നുപോകുമ്പോഴും വാഹനങ്ങളില്‍ പോകുമ്പോഴും ഇടയ്ക്കിടെ തുപ്പുന്നത് മലയാളിയുടെ സ്വഭാവമാണിന്ന്. തുപ്പിയിട്ട് അതില്‍ ചവിട്ടിത്തന്നെ നടക്കുന്നതില്‍ യാതൊരറപ്പുമില്ലാത്തവര്‍....മാലിന്യങ്ങള്‍ റോഡരികിലും മറ്റുള്ളവന്റെ പറമ്പിലും വലിച്ചെറിയുന്നവരും പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവരും ഒരുപക്ഷേ മലയാളികള്‍ മാത്രമാവും.
എന്തും ഏതുമാവാം എന്ന രീതിയില്‍ മലയാളിയുടെ പെരുമാറ്റ ശീലങ്ങള്‍ വികലമായിരിക്കുന്നു. മര്യാദകള്‍ മറന്നുപോകുന്ന മലയാളി സഹജീവികളുടെ വികാരവിചാരങ്ങളെ പരിഗണിക്കാതെയും പൊതുസമൂഹത്തെ അവഗണിച്ചും നടത്തുന്ന കോപ്രായങ്ങള്‍ മാറ്റിയെടുക്കാന്‍ സ്കൂള്‍ തലം മുതല്‍ ഇടപെടലുകള്‍ അനിവാര്യമാണ്. നമ്മുടെ സ്വാതന്ത്യ്രം അപരന്റെ മൂക്കിന്റെ തുമ്പുവരെയാണെന്ന സത്യം നാം വിസ്മരിച്ചുകൂടാ. ചാനലുകള്‍ സംസ്കാരം പഠിപ്പിക്കുന്ന പുതിയ കാലത്ത് എല്ലാം വികൃതമാവുന്നതുപോലെ നാട്ടുമര്യാദകളും വികൃതമാവുന്നു. മര്യാദകള്‍ മറക്കാന്‍ മലയാളിയെ അനുവദിച്ചുകൂടാ.
വളരെ പ്രസക്തിയുള്ള ഒരു പോസ്റ്റ്. പലപ്പോഴും ആളുകള്‍ ശക്തിയായി പ്രതികരിക്കാറില്ല. ഇത്തരം പേക്കൂത്തുകള്‍ കൂടാന്‍ കാരണവും ഇത് തന്നെ...
ReplyDeleteVery good post
ReplyDelete