Sunday, February 28, 2010

പ്രവാസി

പ്രവാസി കുടുംബിനികള്‍ നെടുവീര്‍പ്പുതുടങ്ങിയിട്ട് കാലമേറെയായെങ്കിലും അതു ചുടുനിശ്വാസത്തിന്റെ കനംവെച്ചുതുടങ്ങിയത് ഈ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലകപ്പെട്ടു എന്ന് ബോധ്യപ്പെട്ടതുമുതലാണ്.എന്താണ് ഗള്‍ഫ് കുടുംബങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നം? 'സാമ്പത്തികമാന്ദ്യം' (ക്ഷമിക്കണം, ഫിനാന്‍ഷ്യല്‍ ക്രൈസിസ്. അങ്ങനെ പറയാനാണല്ലോ നമ്മള്‍ക്കു താത്പര്യം.)
ഓഹരിക്കമ്പോളത്തിലും വ്യവസായങ്ങളിലും നിര്‍മാണമേഖലയിലും എന്നുവേണ്ട സകലയിടങ്ങളിലും സാമ്പത്തികമാന്ദ്യം അനുഭവപ്പെട്ടപ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ഗള്‍ഫ് മേഖലയെയാണ്. വ്യക്തമായി പറഞ്ഞാല്‍ നമ്മുടെ കൊച്ചുകേരളത്തില്‍ നിന്നെത്തി, ഇവിടെ ജോലിചെയ്യുന്ന ഇടത്തരക്കാരെ.
ചക്രംപോലെ കറങ്ങുന്ന ജീവിതവ്യവസ്ഥയിലാണ് പലരുടെയും മുന്നോട്ടുള്ള ചലനം. ചക്രത്തിന്റെ ചലനത്തിന് ചെറിയ വേഗക്കുറവ് അനുഭവപ്പെട്ടപ്പോള്‍-ശമ്പളത്തിന്റെ തീയതി ഒരാഴ്ച മാറിയപ്പോള്‍-കണക്കുകൂട്ടലുകള്‍ പിഴച്ചത് പല നിലകളിലാണ്.
ക്രെഡിറ്റ് കാര്‍ഡിന്റെ പെയ്‌മെന്റ്, സ്‌കൂള്‍ ഫീസ്, താമസവാടക, കാര്‍ലോണ്‍, ചിട്ടി, ഇന്‍ഷുറന്‍സ്, മറ്റു ചെലവുകള്‍...ഇതിലൊക്കെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ഇത് ഒരു കമ്പനിയുടെ മാത്രം പ്രശ്‌നമല്ലാതെ വന്നപ്പോള്‍ പരസ്​പരം സഹായം ചോദിക്കാന്‍പോലും വഴിയില്ലാതായി.
ഭൂകമ്പമാപിനിയില്‍ ചെറിയ അളവില്‍ രേഖപ്പെടുത്തിയ ചലനം വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നുള്ള പ്രവചനം കൂടിവന്നപ്പോള്‍ പ്രവാസികള്‍ നെഞ്ചുരുക്കത്തിന്റെ വിങ്ങലിലായി. പ്രവാസികള്‍ക്കിടയില്‍ സാമ്പത്തികമാന്ദ്യത്തിന്റെ ഞെട്ടല്‍ മാറിക്കൊണ്ടിരിക്കുമ്പോഴാണ് അടുത്ത ചെറുചലനങ്ങള്‍ തേടിയെത്തുന്നത്. ഈ ആകുലതയില്‍ ഒന്നിനും കഴിയാതെ, നിസ്സഹായതയോടെ നെടുവീര്‍പ്പിടാന്‍ മാത്രം കഴിയുന്ന കുടുംബിനികള്‍ ഒരുപാടുണ്ട് ഇവിടെ. പ്രവാസികളായി കഴിയുന്നവരില്‍ പലരും കഷ്ടിച്ച് കുടുംബങ്ങളെ താമസിപ്പിക്കാന്‍ മാത്രം വരുമാനമുള്ളവരാണ്. താമസവാടകയും ഭക്ഷണച്ചെലവും മറ്റും കഴിച്ചാല്‍ ഒന്നും മിച്ചംവരാതെ ജീവിച്ചുപോകുന്നവര്‍.
ഭര്‍ത്താവിന്റെ വരുമാനംകൊണ്ട് ഇവിടെ കഴിഞ്ഞുകൂടാം എന്നുള്ളതല്ലാതെ, അവസാനനാളില്‍, അല്ലെങ്കില്‍ ജോലി നഷ്ടപ്പെട്ടാല്‍ ഒരു സമ്പാദ്യവും മിച്ചം കാണില്ല എന്നറിഞ്ഞുകൊണ്ട് താമസിക്കുന്നവര്‍.
കറച്ചുകാലം ഒന്നിച്ചു കഴിയാം എന്നുകരുതി വരുന്നവരും ''നിങ്ങളുടെ വീട്ടില്‍ ഒരു സ്വസ്ഥതയും ഇല്ല'' എന്നുപറഞ്ഞ് പിടിച്ചുനില്ക്കുന്നവരും മക്കളെ നല്ലനിലയില്‍ പഠിപ്പിക്കണമെന്നാഗ്രഹിച്ച് കൂടെ നിര്‍ത്തുന്നവരും പൊടുന്നനെയുള്ള പ്രതിസന്ധി മനസ്സില്‍ കണ്ടിട്ടുണ്ടാവില്ല...
ഓരോ പ്രവാസി കുടുംബിനിയും ഓര്‍ത്തുപോകുന്ന ചില കാര്യങ്ങളുണ്ട്...ഈ ഗള്‍ഫ് ഭൂമിയില്‍നിന്ന് ദൃശ്യ-ശ്രാവ്യ-മാധ്യമങ്ങളിലേക്ക് മൂന്നുവര്‍ഷംകൊണ്ട് എസ്.എം.എസ്. അയച്ച പൈസമാത്രം മതിയായിരുന്നു നാട്ടിലൊരു കൂര പണിയാന്‍. ഒരു ഗാനത്തിന്, ഒരു സമര്‍പ്പണത്തിന്...നമ്മുടെ ശബ്ദം ലൈവില്‍ വരാന്‍...അഞ്ചുരൂപ വിലയുള്ള ഒരു പേനയ്ക്കുവേണ്ടി...നാം അയച്ച എസ്.എം.എസ്. എത്ര? ഇങ്ങനെ പരിതപിക്കുന്ന ഒട്ടേറെ വീട്ടമ്മമാരെ എനിക്കറിയാം.
ഓഹരിക്കമ്പോളങ്ങളിലേക്ക് സുന്ദരമായ വാഗ്ദാനം നല്‍കി ആകര്‍ഷിച്ചപ്പോള്‍, ഒന്നുമറിയാത്ത പ്രവാസി മിച്ചംവന്നത് അംബാനിയിലോ സത്യം കമ്പ്യൂട്ടറിലോ നിക്ഷേപിച്ചു. പെരുകുന്നതും കാത്തിരുന്നു. ഇതില്‍ മുക്കാലും നഷ്ടപ്പെട്ടു. മിച്ചം വന്ന ശതമാനം തിരിച്ചുകിട്ടാന്‍ നെട്ടോട്ടമോടുന്നതും നാം കാണുന്നു.
ആഴ്ചയില്‍ സിനിമാനടന്മാരും മിമിക്രി, ഗാനമേളക്കാരും രാഷ്ട്രീയക്കാരും ഊരുചുറ്റിയ ഗള്‍ഫില്‍ സാമ്പത്തികമാന്ദ്യത്തിന്റെ വരുംവരായ്കയെക്കുറിച്ച് സംസാരിക്കാന്‍ ഒരു സാമ്പത്തികകാര്യ വിദഗ്ധനും വന്നില്ല. ബോധവത്കരിക്കാന്‍ 'നോര്‍ക്ക'യോ മറ്റ് ഏജന്‍സികളോ മുന്‍കൈ എടുത്തില്ല.
സകല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രാദേശിക കൂട്ടായ്മകള്‍ക്കും നൂറുകണക്കിനു സംഘടനകളുണ്ടിവിടെ. ആരും ഈ പ്രതിസന്ധി ചര്‍ച്ചചെയ്തില്ല. മുല്ലപ്പൂ ധരിച്ച് താലപ്പൊലിയെടുത്ത് ആനയിച്ച, രാഷ്ട്രീയ, സാംസ്‌കാരിക, മത നേതാക്കളാരും വന്നില്ല.
ടെര്‍മിനേഷന്‍ ലെറ്ററിനു നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന ഭര്‍ത്താവിനെ സാന്ത്വനിപ്പിക്കാന്‍പോലും ഞങ്ങള്‍ അര്‍ഹരല്ല. വാശിക്കും പൊങ്ങച്ചത്തിനുംവേണ്ടി വരുത്തിവെച്ച പാഴ്‌ചെലവുകളുടെ കണക്ക് തികട്ടിവരുന്നതു തന്നെ കാരണം.
എന്തു നേടി? നാലു ചുവരുകള്‍ക്കുള്ളിലെ ശുദ്ധവായു ഇല്ലാത്ത ജീവിതം. ടിന്‍ഫുഡുകളുടെ ദുര്‍മേദസ്സ്...പിന്നെയോ? മരണവും കല്യാണവും നാട്ടിലെ ഒരാചാരവും കാണാതെ വളരുന്ന ഒരു തലമുറ. പൂരവും നേര്‍ച്ചയും കോമരവും തെയ്യവും മഴയും വസന്തവും കാണാതെ, കാണിക്കാതെ നാം അവരെ വളര്‍ത്തുകയാണ്.
ഗള്‍ഫില്‍നിന്ന് മരണവിവരമറിഞ്ഞ് നാട്ടിലെത്തിയ സ്നേഹിതയുടെ മകന്‍ വല്ലുപ്പയുടെ മയ്യത്ത് വെള്ളപുതപ്പിച്ച് കിടത്തിയ അതേ മുറിയിലുള്ള കമ്പ്യൂട്ടറില്‍ ഗെയിം കളിക്കുന്നു. പ്രതിരോധിച്ചും പ്രഹരിച്ചും 13 വയസ്സുള്ള മകന്‍ കമ്പ്യൂട്ടറില്‍ തന്റെ മിടുക്ക് കാണിക്കുന്നു. ഈ വയസ്സിനിടയില്‍ രണ്ടോ മൂന്നോ പ്രാവശ്യം നാട്ടില്‍ വന്ന കൊച്ചുമകന് 'മരണ'ത്തിന്റെ കിടപ്പറിയില്ല. വല്ലുപ്പ കൊഴിഞ്ഞ് ഇല്ലാതായതാണെന്നറിയില്ല. കുട്ടിക്ക് ആത്മബന്ധമില്ലാത്ത വല്ലുപ്പയുടെ വിറങ്ങലിച്ച ശരീരം വെള്ളത്തുണിയിട്ട എന്തോ ഒന്നായിരിക്കാം.
ടെലിഫോണ്‍ വിളിയുടെ ചെലവ് കുറയ്ക്കാന്‍ ഇന്റര്‍നെറ്റും കമ്പ്യൂട്ടറും വാങ്ങി. വിളി തുടങ്ങിയപ്പോള്‍ പഴയ ചെലവിനേക്കാള്‍ കൂടി. പണ്ട് ഗള്‍ഫില്‍നിന്നുള്ള ഫോണ്‍ വിളിക്ക് നല്ല മതിപ്പായിരുന്നു. ഇന്ന് നമ്പര്‍ കണ്ടാല്‍ത്തന്നെ പറയും: ''ശല്യം. ദിവസവും രണ്ടുനേരം വിളിക്കും. സംസാരിച്ചാല്‍ വെക്കത്തില്ല.''
ശരാശരി ഒരു പ്രവാസി കുടുംബത്തിന് താമസിക്കാന്‍ മുപ്പതിനായിരം മുതല്‍ അന്‍പതിനായിരം ദിര്‍ഹം വരെ പ്രതിവര്‍ഷം വാടക വേണ്ടിവരും. രണ്ടു വര്‍ഷത്തെ ഈ വാടക സ്വരുക്കൂട്ടി വെച്ചെങ്കില്‍ നാട്ടില്‍ നല്ല വീട് പണിയാമായിരുന്നു. ഈ നെടുവീര്‍പ്പിന് ഒരുപാട് അര്‍ഥതലങ്ങളുണ്ട്.
ഈ അവസ്ഥയില്‍ ഒരു തിരിച്ചുപോക്ക് അനിവാര്യമായിട്ടും ചില കുടുംബിനികള്‍ തയ്യാറാവുന്നില്ല. പഴയ തറവാട്ടു വീട്ടിലേക്ക് പോയി അന്യയെപ്പോലെ കഴിയേണ്ടിവരും. ഗള്‍ഫുകാരിയുടെ പത്രാസില്‍ ഈ കണ്ടകാലം മുഴുവന്‍ കഴിഞ്ഞിട്ട്, ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെട്ട് പാപ്പരായി തിരിച്ചുവന്നാല്‍ കേള്‍ക്കേണ്ടിവരുന്ന കുത്തുവാക്കുകള്‍... മക്കളുടെ വിദ്യാഭ്യാസത്തിന്റെ നിലവാരം... ഇതൊക്കെ ഓര്‍ക്കുമ്പോള്‍... ഇവിടെ വരാതിരുന്നെങ്കില്‍ നാട്ടില്‍ ഒരു വീട് ആകുമായിരുന്നേനെ. രണ്ടു വര്‍ഷമെങ്കിലും നിന്നിട്ട് തിരിച്ചുപോയിരുന്നെങ്കില്‍ നാട്ടിലെ ജോലി രാജിവെക്കേണ്ടിയിരുന്നില്ല. ഇങ്ങനെ പ്രത്യക്ഷകാരണങ്ങളുടെ പടവുകള്‍ ഇറങ്ങിയാല്‍ എവിടെയൊക്കെയോ എത്താം.
പ്രായോഗികമായ തീരുമാനമെടുക്കാനുള്ള സമയമാണ്-ജീവിതം ബാക്കിക്കിടക്കുന്നു. പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള തീരുമാനം വൈകിക്കൂടാ.
ഇത്രകാലം ഒരുമിച്ച് കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ ഓരോരുത്തരും അവരുടെ അവസ്ഥയ്ക്ക് അനുസരിച്ച് തീരുമാനമെടുക്കേണ്ടിവരും.
നാട്ടിലുള്ള കല്യാണധൂര്‍ത്തും വീടുമോടികൂട്ടലും ആഡംബര കാറും ഒക്കെ നിലനിന്നുപോകണമെങ്കില്‍ ഇവിടെനിന്നുള്ള വരുമാനം വേണം. അതില്ലാതെ വന്നാല്‍ പ്രതീക്ഷകളും സ്വപ്നങ്ങളും അസ്തമിച്ചുപോകും. ഇനിയുള്ള കാലമെങ്കിലും പ്രതീക്ഷയുടെ കരുതിവെപ്പിനാകണം.
കഴിഞ്ഞതെല്ലാം മുന്നോട്ടുപോകാനുള്ള അനുഭവപാഠമാവണം. ആരുടെ മുന്നിലും മേനിനടിച്ചിട്ടു കാര്യമില്ല. മിച്ചംപിടിക്കാനുള്ള മനസ്സുണ്ടാവണം. ചെലവ് ചെയ്യുന്ന ഒരു 'ഫില്‍സ്' പോലും ഉണ്ടായതെങ്ങനെ, ഉണ്ടാക്കുന്നതെങ്ങനെ എന്നുള്ള തിരിച്ചറിവ് ഉണ്ടാവണം.ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ പകിട്ടുള്ള പ്രലോഭനങ്ങള്‍ കണ്ടേക്കാം. എസ്.എം.എസ്സില്‍ അയയ്ക്കുന്ന ഓരാ ദിര്‍ഹവും നമ്മുടെ അടിത്തറയുടെ നഷ്ടമാണെന്ന് ഉത്തമബോധ്യം വേണം.
കാലിടറുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ആരും തുണയില്ല. നാം നമ്മുടെ കുടുംബത്തിന്റെ നല്ല കുടുംബിനിയാവണം. നല്ല ഭാര്യ. നല്ല അമ്മയും.ഒന്‍പതു വയസ്സായ 'നദ്‌ന' മോള്‍ ചോദിച്ചു: ''നാട്ടില്‍ പഠിക്കാന്‍ നമുക്ക് നല്ല സ്‌കൂള്‍ ഉണ്ടാവുമോ?''
പുഴുപെറുക്കിക്കളഞ്ഞ് വേവിച്ച അമേരിക്കന്‍ റവയുടെ ഉപ്പുമാവ് പോലെ ഇത്ര രുചിയുള്ള ഉച്ചഭക്ഷണം ഞാന്‍ ഇന്നുവരെ കഴിച്ചിട്ടില്ല. ബര്‍ഗറും പിസ്സയും കഴിച്ച് വളരുന്ന മോള്‍ക്കതറിയില്ല.
കാലിളകിയ മരബെഞ്ചിലിരുന്നു പഠിച്ചുവളര്‍ന്ന ഒരു തലമുറ വഴിതെറ്റിപ്പോയില്ല. ആകാവുന്ന ഉയരത്തിലെത്തിയ നമ്മുടെ നാട്ടിലുള്ളവരെല്ലാം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നാട്ടറിവ് പഠിച്ചത് സ്വന്തം നാട്ടില്‍ തന്നെയാണ്. കമ്പ്യൂട്ടര്‍ പോയിട്ട് കാല്‍ക്കുലേറ്റര്‍ പോലുമില്ലാത്ത കാലത്ത് പഠിച്ചതൊന്നും പാഴായില്ല. ഇതൊന്നും മകളെ പറഞ്ഞുമനസ്സിലാക്കാനാവില്ല. അവളെ ചേര്‍ത്തുനിര്‍ത്തി പറഞ്ഞു: ''നല്ല സ്‌കൂളുണ്ട്...നല്ല കളിമുറ്റമുണ്ട്...നല്ല സാറന്മാരുണ്ട്...എല്ലാമുണ്ട്...പക്ഷേ...?''
*
ഫസീല റഫീഖ്‌ ; മാതൃഭൂമിയില്‍ എഴുതിയത്......

1 comment:

  1. വളരെ നല്ല ഒരു കുറിപ്പ്‌.
    മലയാളികളുടെ ഏറ്റവും വലിയ കഴിവ്‌ തെറ്റാണെന്നറിഞ്ഞു കൊണ്ടും തെറ്റു ചെയ്യണുള്ള മടിയില്ലായ്മയാണു. ഈ കുറിപ്പു വായിക്കുന്ന മിക്ക പ്രവാസി കുടുംബിനികളും വളരെ ആകാംക്ഷയോടെയും, ഉദ്ഘണ്ഡയോടും വായിക്കും അവസാനം "ഓ ഇയാൾക്ക്‌ വേറെ പണിയൊന്നുമില്ല" എന്നും പറഞ്ഞു, ഒരു കുഴപ്പ്വും വരില്ല എന്നു സ്വയം വിശ്വസിപ്പിച്ചു തിരിഞ്ഞു കിടന്നു TV ഓണാക്കും!

    ReplyDelete