Wednesday, March 23, 2011

"ഗള്‍ഫ്‌" എന്നാല്‍ സ്വപ്നങ്ങളുടെ പറുദീസ ആണോ??


ഗള്‍ഫ് നാടുകളില്‍ നിര്‍മ്മാണ മേഖലകളിലും താഴേക്കിടയിലും പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ഭാവി അത്ര ശോഭനമല്ല. ഇതര നാടുകളെ അപേക്ഷിച്ച് സാധാരണ തൊഴിലാളികളുടെ വേതനം തന്നെയാണ് അതിന്റെ പ്രധാന ഘടകം.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടി ലേറെയായി ഈ രംഗത്ത് പ്രവര്‍ത്തി ക്കുന്നവര്‍ക്ക് അടിസ്ഥാന ശമ്പളത്തില്‍ മാറ്റമുണ്ടാകുന്നില്ല എന്നതാണ് വസ്തുത. 80കളുടെ ഒടുവിലും 90കളുടെ ആദ്യത്തിലും നിര്‍മ്മാണ തൊഴിലാളിയുടെ അടിസ്ഥാന ശമ്പളം 600 ദിര്‍ഹം ആയിരുന്നെങ്കില്‍ 2009 കഴിയുമ്പോഴും ഇവര്‍ക്ക് ശമ്പളത്തില്‍ വര്‍ദ്ധന യുണ്ടാകുന്നി ല്ലായെന്നത് നിരാശാ ജനകമാണ്.ഏതെങ്കിലും തൊഴിലില്‍ പ്രാവീണ്യം നേടിയിട്ടില്ലാത്ത തൊഴിലാളിയുടെ സ്ഥിതിയാണിത്. ലേബര്‍, ഹെല്‍‌പ്പര്‍ തുടങ്ങിയ തസ്തിക യിലുള്ളവര്‍. ഇതില ധികവും കല്‍‌പ്പണി ക്കാരന്റെ സഹായിയോ സിമന്റും മണലും ചേര്‍ക്കുന്നവനോ ഒക്കെയായിരിക്കും. കല്‍‌പ്പണി ക്കാരന്റെയും ആശാരിയുടെയും തസ്തികയി ലുള്ളവര്‍ക്ക് 800 ദിര്‍ഹമാണ് അടിസ്ഥാന വേതനം.

ചൈന പോലുള്ള രാജ്യങ്ങളുടെ ശമ്പള വ്യവസ്ഥ പരിശോധിക്കുമ്പോള്‍ ഒരു മുടി വെട്ടുകാരന് ലഭിക്കുന്നത് എഞ്ചിനിയര്‍ക്ക് ലഭിക്കുന്നതിന്റെ തുല്യ വേതനമാണ്. ആഡംബരം മാറ്റി നിര്‍ത്തിയാല്‍.

600 ദിര്‍ഹം ശമ്പളക്കാരന് ഭക്ഷണവും മറ്റു ചില്ലറ ചിലവുകളുമായി 300 ദിര്‍ഹം മാസം മാറ്റി വെയ്ക്കണം. ബാക്കിയുള്ള തുക നാട്ടിലയ ക്കുമ്പോള്‍ മിച്ചമൊന്നു മില്ലാതെ മൂവായിരം രൂപയേ നാട്ടിലയക്കാന്‍ കാണൂ. മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങി ഭാരിച്ച തുക നാട്ടില്‍ കൊടുത്തു വരുന്നവര്‍ പെട്ടു പോകുന്ന അവസ്ഥയാണ്. കരാര്‍ കാലാവധിയായ മൂന്നു വര്‍ഷം കഴിയുമ്പോള്‍ നഷ്ടപ്പെട്ടതു പോകട്ടെയെന്ന് കരുതി പലരും നാട് പിടിക്കുന്നു.
ദുബായ് സത്‌വയിലെ ഒരു കമ്പനിയില്‍ കല്‍‌പ്പണി ക്കാരനായി ജോലി ചെയ്തിരുന്ന അണ്ടത്തോ ട്ടുകാരന്‍ ഹംസ ഉദാഹരണമാണ്. മൂന്നു വര്‍ഷം കഴിഞ്ഞ് തിരിച്ചു പോയി പ്രാരാബ്ധങ്ങളുടെ പട്ടിക നീണ്ടപ്പോള്‍ ഒരിക്കല്‍ കൂടി വന്നു. വീണ്ടും മൂന്നു വര്‍ഷം. മടുത്തു. ഒരു ജന്മം കൊണ്ട് 6 വര്‍ഷക്കാലം മാത്രമാണ് അദ്ദേഹം ഈ മേഖലയില്‍ പ്രവര്‍ത്തിച്ചത്. തല കറങ്ങി വീഴാന്‍ വരെ സാധ്യതയുള്ള ചൂടിലും അസ്ഥികളെ തുളയ്ക്കുന്ന തണുപ്പിലും ആകാശത്തിനു കീഴെ തടസ്സങ്ങളില്ലാതെ തൊഴിലെടുക്കുന്ന ഇവര്‍ സമ്പാദ്യം വട്ടപ്പൂജ്യ മാകുമ്പോള്‍ നാടു പിടിക്കുക യല്ലാതെ മറ്റെന്തു ചെയ്യും? സുബ്രഹ്മണ്യന്‍ എന്ന തൃശ്ശൂര്‍ക്കാരന്‍ എന്റെയൊരു സുഹൃത്തിന്റെ കഥയും സമാനമാണ്.

20 ദിര്‍ഹത്തിന് ഒരു ചാക്ക് (20 കിലോ) അരി ലഭിക്കുമായിരുന്നു. ഇന്നത് 60ഉം 70ഉം ദിര്‍ഹമാണ്. 5 ദിര്‍ഹത്തിന് ലഭിച്ചിരുന്ന പ്രമുഖ കമ്പനിയുടെ ബ്ലേഡ് പാക്കറ്റിന് (4 എണ്ണം) ഇന്ന് 15 ദിര്‍ഹമാണ്. 15 ലേറെ വര്‍ഷം കൊണ്ട് മൂന്നിരട്ടിയും നാലിരട്ടിയുമായി സാധനങ്ങളുടെ വില വര്‍ദ്ധിച്ചു. ഏതു സാധനമെടുത്താലും ഇതു തന്നെയാണവസ്ഥ.
ഈ കാലഘട്ട ത്തിനിടയില്‍ വെള്ളക്കോളര്‍ ജോലിക്കാരുടെ ശമ്പളം പല തവണ വര്‍ദ്ധിപ്പിച്ചു. പക്ഷെ, അടിസ്ഥാന വര്‍ഗ്ഗക്കാരായ തൊഴിലാളികളുടെ ശമ്പളത്തില്‍ മാത്രം മാറ്റമുണ്ടാ കുന്നില്ല. സാധനങ്ങള്‍ക്കു ണ്ടായിട്ടുള്ള വില വര്‍ദ്ധനവും തൊഴിലാളികളുടെ ശമ്പളവും താരതമ്യം ചെയ്യുമ്പോള്‍ അവര്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. രണ്ടര ദിര്‍ഹത്തിന് ലഭിച്ചിരുന്ന ഉച്ച ഭക്ഷണം ഇന്ന് 6 ദിര്‍ഹം കൊടുക്കണം. ബിരിയാണിയാണെങ്കില്‍ 4 ദിര്‍ഹത്തില്‍ നിന്നും 8 ലേക്കും 10 ലേക്കും ചിലയിടങ്ങളില്‍ 12ലേക്കും വളര്‍ന്നു.

ഇതൊക്കെ കൂടാതെ പല സ്ഥാപനങ്ങളും ആഴ്‌ച്ചയിലെ അവധി നല്‍കുന്നില്ല. ഓവര്‍ടൈ മാണെന്നു പറയുമെങ്കിലും ഓവര്‍ടൈം ശരിയാം വിധം നല്‍കാറുമില്ല.
അടിസ്ഥാന വേതനത്തില്‍ കൃത്രിമം കാണിച്ച് ഇവര്‍ കൈ കഴുകുന്നു. ഫ്രീസോണിലുള്ള ചില കമ്പനിക്കാരാണ് ഇത്തരം കൃത്രിമത്തില്‍ വിരുതന്മാര്‍. അവര്‍ അടിസ്ഥാന ശമ്പളം 600 പറയും. പക്ഷെ കരാറി ലെഴുതുന്നത് 400 ആണ്. ബാക്കി ഓവര്‍ടൈം ആയി കണക്കാക്കും. ഇങ്ങനെ മൊത്തം അറുനൂറ് കൊടുക്കും. തൊഴിലാളികളുടെ ആഴ്‌ച്ചയിലെ അവധി അപഹരിക്കുകയും ചെയ്യുന്നു. നേരിട്ട് തൊഴില്‍ മന്ത്രാലയ വുമായി ബന്ധമില്ലാത്ത ഫ്രീസോണ്‍ വിസയിലാണ് ഇത്തരം കൃത്രിമം കൂടുതല്‍. എന്നാല്‍ ഫ്രീസോണ്‍ കമ്പനിയും തൊഴില്‍ മന്ത്രാലയ ത്തിന്റെ പരിധിയില്‍ വരുന്നതാണ്.

ദുബായിലെ തന്നെ പേരെടുത്ത കാറ്ററിംഗ് കമ്പനിക്കാരും ഇത്തരത്തില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നുണ്ട്. വെള്ളിയാഴ്‌ച്ച മാത്രമല്ല പെരുന്നാള്‍ തുടങ്ങി വിശേഷ ദിവസങ്ങലിലും ഇക്കൂട്ടരുടെ അവധി അപഹരിക്കുന്നു.
മറ്റൊരു ചൂഷണമെന്ന് പറയുന്നത് ജോലി സമയമാണ്. 8 മണിക്കൂറാണ് തൊഴില്‍ സമയം. റെസ്റ്റോറന്റ്, സെക്യൂറിറ്റി പോലുള്ള സര്‍വ്വീസ് ജോലികള്‍ക്ക് 9 മണിക്കൂര്‍ വരെയാകാം. എന്നാല്‍ മേല്‍‌പറഞ്ഞ കാറ്ററിംഗ് കമ്പനിക്കാരും ചില റെസ്റ്റോറന്റുകാരും 12 മുതല്‍ 14 വരെ മണിക്കൂര്‍ നിര്‍ബന്ധ പൂര്‍വ്വം പാവപ്പെട്ട തൊഴിലാളി കളെക്കൊണ്ടു ജോലിയെടു പ്പിക്കുന്നു. എന്നാല്‍ അടിസ്ഥാന വേതനത്തിലുള്ള കൃത്രിമത്തിലൂടെ ഈ ഓവര്‍ടൈമിന്റെ തുകയും തൊഴിലാളിക്ക് ലഭിക്കുന്നില്ല. മൊത്തം 14 മണിക്കൂറും ആഴ്‌ച്ചയില്‍ 7 ദിവസവും പണിയെടുത്താല്‍ “ഓവര്‍ടൈം അടക്കം” 600 ദിര്‍ഹം ശമ്പളം. 50ഓ നൂറോ ഓവറ്ടൈം ഇനത്തില്‍ മുതലാളി കനിഞ്ഞനു ഗ്രഹിച്ചാല്‍ ഭാഗ്യം. കണ്ണൂര്‍, തലശ്ശേരിയില്‍ നിന്നുള്ള ചില “വിരുതന്‍” മാരാണ് ഇത്തരം കാറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമസ്ഥന്മാരെ ന്നറിയുമ്പോള്‍ ലജ്ജിക്കണം. ഇവര്‍ക്ക് ലേബര്‍ സപ്ലൈ പോലെ ഫ്രീസോണ്‍ വിസക്കാരെ നല്‍കുന്നവരും ഈ ചൂഷണത്തിന് ചൂട്ട് പിടിക്കുന്നു.

നിയമങ്ങളുണ്ടെങ്കിലും നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ തൊഴിലാളി കള്‍ക്ക് ഭയമാണ്. കാരണം ജോലി പോകും. ഇത്തരം ഒരു പരാതിയുമായി ആരെങ്കിലും മന്ത്രാലയത്തെ സമീപിക്കാന്‍ മുന്നോട്ട് വരുന്നില്ല. കാരണം മുന്നോട്ട് വന്ന പലര്‍ക്കും ഇന്ന് ജോലിയില്ല.
ശമ്പളം ബാങ്കു വഴി നല്‍കുക, രണ്ടു മാസത്തിലധികം ശമ്പളം ലഭിക്കാതിരുന്നാല്‍ തൊഴിലാളിക്ക് പുതിയ സ്പോണ്‍സറെ കണ്ടെത്താം ഇങ്ങനെ നിരവധി പരിശ്രമങ്ങള്‍ തൊഴില്‍ മന്ത്രാലയ ത്തിന്റെ ഭാഗത്തു നിന്നുണ്ടാകു ന്നുണ്ട്. കൂടാതെ തൊഴിലാളിക്ക് തന്റെ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി നേരിട്ടോ ഓണ്‍‌ലൈന്‍ വഴിയോ ടെലിഫോണ്‍ മുഖേനയോ ഒക്കെ ബന്ധപ്പെടാ വുന്നതാണ്.

എങ്കിലും ഇത്തരം ചൂഷണങ്ങള്‍ക്ക് അറുതി യുണ്ടാകുന്നില്ല. താമസ സൌകര്യ ങ്ങള്‍ക്കായി തൊഴില്‍ മന്ത്രാലയവും നഗര സഭയും കടുത്ത നിഷ്കര്‍ഷകള്‍ ഏര്‍പ്പെടു ത്തുന്നുണ്ട്. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ നിരന്തരം പരിശോധന നടത്തുകയും കനത്ത പിഴ ഏര്‍പ്പെടു ത്തുകയും ചെയ്യാറുണ്ട്. എങ്കിലും ചില കമ്പനികളെങ്കിലും നിയമ വിരുദ്ധമായി തന്നെ അനുവദിച്ചതിലും വളരെ കൂടുതല്‍ ആളുകളെ ഒന്നിച്ചു പാര്‍പ്പിക്കുന്നു. ഒരു കട്ടിലും ഒരു പെട്ടിയും മാത്രമാണ് ഇവരുടെ ഇടം. തൊഴില്‍ കഴിഞ്ഞു വന്നാല്‍ വസ്ത്രങ്ങള്‍ ഹാംഗറില്‍ തൂക്കിയിടാനോ അലമാരിയില്‍ വെയ്ക്കാനോ കഴിയില്ല. കട്ടിലുകള്‍ ഡബിള്‍ ഡക്കറുകളാണ്. ഒന്നിനു മീതെ ഒന്ന്. 8 പേര്‍ക്ക് കിടക്കാവുന്ന മുറിയില്‍ 12 ഉം 14 ഉം പേരെ കുത്തി നിറയ്ക്കുന്നു.
തൊഴിലാളികളുടെ കാര്യത്തില്‍ ഇനിയും ഒരു പാട് പുരോഗതി കളുണ്ടാകേ ണ്ടതാണ്.കോണ്‍സുലേറ്റും സന്നദ്ധ സംഘടനകളും ഇതിന് മുന്നോട്ട് വരണം. തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും തൊഴിലാളികളുമായി സംവദിക്കുകയും വേണം. തൊഴിലാളികള്‍ക്ക് അവരുടെ കാര്യങ്ങള്‍ ആത്മ വിശ്വാസത്തോടെ ഉദ്യോഗസ്ഥരോട് പറയാനാകണം. പറയുന്നത് ഉദ്യോഗസ്ഥര്‍ രഹസ്യമായി വെയ്ക്കും എന്നുറപ്പുണ്ടെങ്കില്‍ മാത്രമേ തൊഴിലാളികള്‍ തുറന്നു പറയാന്‍ തയ്യാറാകൂ.

By: പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍

No comments:

Post a Comment