Wednesday, March 23, 2011

ഞാന്‍ പ്രവാസിയുടെ മകന്‍

ഞാന്‍ പ്രവാസിയുടെ മകന്‍

തികച്ചും അപ്രതീക്ഷിതമായ ഒരു യാത്ര! ഈ നാട്ടിലേക്കുള്ള യാത്ര ആഗ്രഹിച്ച തല്ലായിരുന്നു. ഈ നാടിനെ വെറുത്തത് കൊണ്ടല്ല. ഒരിക്കലും വെറുപ്പില്ല എന്ന് മാത്രമല്ല അതിരറ്റ ആദരവും സ്നേഹവുമാണ്. പക്ഷെ, ഈ ജീവിതം ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതിനുള്ള പ്രചോദനം തന്റെ പ്രിയപ്പെട്ട അച്ഛനും.

അച്ഛനായിരുന്നു നിര്‍ബന്ധം തന്റെ മക്കള്‍ ഈ മരുഭൂമിയില്‍ കഷ്ടപ്പെടരുതെന്ന്. നഗരത്തിന്റെ വശ്യമായ അലങ്കാര ങ്ങള്‍പ്പുറം ഒറ്റപ്പെടലിന്റേയും ഏകാന്തതയുടേയും അവ സമ്മാനിക്കുന്ന വിഷാദങ്ങളുടെയും ഇടയില്‍ രോഗ ഗ്രസ്തമായ പ്രവാസ ക്കൂടുകളിലേക്ക് തന്റെ മക്കളെ ചേക്കേറാന്‍ അനുവദിക്കില്ല എന്നത് അച്ഛന്റെ ഉറച്ച തീരുമാനമായിരുന്നു.


"മക്കള്‍ പഠിയ്ക്കണം. പഠിച്ച് ഉന്നതമായ നിലകളില്‍ എത്തണം. ഒന്നിലും ഒരു കുറവ് വരാതെ എല്ലാം ചെയ്യാന്‍ ഞാനുണ്ട്, നിങ്ങളുടെ അച്ഛനുണ്ട്."

പഴയ ലിപിയില്‍ ഭംഗിയായി എഴുതിയ കത്തിലെ വരികള്‍.

ഞങ്ങള്‍ക്കും അമ്മയ്ക്കും വേറെ വേറെ യായിട്ടാണ് അച്ഛന്‍ കത്തുകള്‍ അയക്കാറ്.

ഒരു പാട് ഉപദേശങ്ങള്‍, ഒരു പാട് തമാശകള്‍. എല്ലാം ഉണ്ടാവും കുനു കുനെ എഴുതി നിറച്ച ആ കത്തുകളില്‍. ഒരു പക്ഷെ, ഒരു നല്ല മനുഷ്യ നിലേക്കുള്ള അന്വേഷണം ഉണ്ടെങ്കില്‍ ആര്‍ക്കും നിസ്സംശയം റഫര്‍ ചെയ്യാവുന്ന ഒരു ഗ്രന്ഥം തന്നെയാവും സൂക്ഷിച്ചു വെച്ചിട്ടുള്ള ആ കത്തുകള്‍. ജീവിതാ നുഭവങ്ങള്‍ പഠിപ്പിച്ച പാഠങ്ങളില്‍ നിന്ന് നല്ലതിനെ ഞങ്ങളിലേക്ക് പകര്‍ത്താനും ദോഷങ്ങള്‍ എങ്ങിനെ ഒഴിവാക്കാമെന്ന് ഞങ്ങളെ പഠിപ്പിയ്ക്കാനും എത്ര സാരള്‌യത്തോ ടെയാണ് ആ വരികള്‍ പരിശ്രമിക്കുന്നത്.

വളരെ പ്രൗഢമാണ് വിദ്യാഭ്യാസ കാലത്തെ ഓര്‍മ്മകള്‍.

കുബേര പുത്രന്മാര്‍ക്കൊപ്പം ഇരിപ്പിടം പങ്കിട്ട്, വാഹനങ്ങള്‍ ഉപയോഗിച്ച്, വില കൂടിയ വസ്ത്രങ്ങള്‍ ധരിച്ച്, ആഢംബര വീട്ടില്‍ ഉറങ്ങി... ഒന്നിനും ഒരു കുറവ് അനുഭവപ്പെടാതെ..!! ഒടുവില്‍ എഞ്ചിനീറിങ്ങ് പാസ്സായി കലാലയ ത്തിനോട് വിട പറയുമ്പോള്‍ പിന്നെയും ചോദ്യം. "ഇനി മറ്റെന്തെങ്കിലും പഠിയ്ക്കണോ? ഉപരി പഠനത്തിന് ആഗ്രഹമു ണ്ടെങ്കില്‍ പറയണം. അച്ഛന് അതിനെ പറ്റിയൊന്നും കൂടുതല്‍ അറിയില്ല്യാ. അതോണ്ടാ"

അച്ഛനോട് ഉണ്ടായിരുന്ന വിയോജിപ്പ് ഒരേയൊരു കാര്യത്തില്‍ മാത്രമായിരുന്നു. രണ്ട് വര്‍ഷത്തി ലൊരിക്കല്‍ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തില്‍ മാത്രമേ അച്ഛന്‍ നാട്ടില്‍ വന്നിരുന്നുള്ളൂ. അതിന് പല കാരണങ്ങളും അച്ഛന്‍ പറയും. ലീവ് കിട്ടിയില്ല, അറബി സമ്മതിച്ചില്ല, ഇവിടെ എല്ലാം എന്റെ ചുമലിലാണ്. ഇട്ടെറിഞ്ഞ് പോരാന്‍ കഴിയില്ല. എന്നൊക്കെ.

പക്ഷെ, കോളേജില്‍ അടയ്ക്കേണ്ട ഭാരിച്ച ഫീസും, ഞങ്ങള്‍ക്കുള്ള വസ്ത്രങ്ങളും, ഞങ്ങള്‍ ആവശ്യപ്പെട്ട സാധന ങ്ങളുമൊക്കെ മുറ തെറ്റാതെ വരും. കൂട്ടുകാര്‍ക്ക് മുന്നില്‍ അഭിമാനത്തോടെ അച്ഛനെ പരിചയപ്പെടുത്തും.

"ഹി ഈസ് മാനേജര്‍ ഇന്‍ എ ബിഗ് കമ്പനി"

വെസ്പ മാറ്റി പുതിയ ടു വീലറില്‍ കറങ്ങുമ്പോള്‍ കൂട്ടുകാര്‍ക്ക് അത്ഭുതവും അസൂയയും.

"യുവര്‍ ഫാദര്‍ ഈസ് റിയലി ഗ്രേയ്റ്റ് യാര്‍"

ശരിയാണ്. ഞങ്ങളെ സ്നേഹിക്കുകയും ഞങ്ങള്‍ക്കായി ജീവിക്കുകയും ചെയ്യുന്ന അച്ഛന്‍ ഗ്രേയ്റ്റല്ലാതെ പിന്നെന്താണ്.

ഫ്ളൈറ്റിലെ അസഹനീയമായ തണുപ്പില്‍ എയര്‍‌ ഹോസ്റ്റസ് തന്ന കമ്പിളി പുതച്ച് ഇരിക്കവേ, നിമിഷങ്ങ ള്‍ക്കകം വിജയകരമായി ഫളൈറ്റ് ഷാര്‍ജ എയര്‍ പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ പോകുന്നു എന്ന ക്യാപ്റ്റന്റെ അനൗണ്‍സ്മെന്റ്.

പുറത്ത് അച്ഛന്റെ സ്നേഹിതന്‍ ബാലേട്ടന്‍ കാത്ത് നില്‍പ്പു ണ്ടായിരുന്നു. പുറത്തിറങ്ങിയ തന്നെ ബാലേട്ടന്‍ കെട്ടി പ്പിടിച്ചു. "ഇത് എന്റെ ഗംഗയുടെ മോനല്ല. ഗംഗ തന്നെയാണ്." ബാലേട്ടന്റെ കണ്ണുകള്‍ ഈറന ണിഞ്ഞിരുന്നു. "ഞാനൊരു പത്തിരുപത് വര്‍ഷം പിന്നോട്ട് പോയി മോനെ. അച്ഛനെ മുറിച്ച് വെച്ചത് പോലെ. ഇങ്ങനെയുണ്ടോ ഒരു രൂപ സാദൃശ്യം!!!" ഉള്ളില്‍ തോന്നിയ അഭിമാനം മുഖത്ത് പുഞ്ചിരിയായ് തെളിഞ്ഞു.

വണ്ടി ഓടിച്ചു കൊണ്ടിരുന്ന ബാലേട്ടനോട് വെറുതെ ചോദിച്ചു.

"ബാലേട്ടന് ഇന്ന് ഡ്യൂട്ടിയില്ലേ?"

അയാള്‍ ചിരിച്ചു. പിന്നെ പറഞ്ഞു. "ഇത് തന്നെയല്ലെ എന്റെ ഡ്യൂട്ടി.....!!"

തെല്ല് അത്ഭുതത്തോടെ മിഴിച്ചിരിക്കുന്ന തന്നെ നോക്കി ബാലേട്ടന്‍ പറഞ്ഞു. "വിശ്വാസം ആയില്ലെന്ന് തോന്നുന്നു. ഞാന്‍ ടാക്സി ഡ്രൈവറാണ്. പത്തിരുപത്തഞ്ച് കൊല്ലായി ഓടിച്ചു കൊണ്ടേ യിരിക്കുന്നു..."

ബാലേട്ടന്‍ ഉറക്കെ ചിരിച്ചു.

ആദ്യത്തെ ആശ്ചര്യവും അതുണ്ടാക്കിയ ഞെട്ടലും ബാലേട്ടനില്‍ നിന്ന് തുടങ്ങി. അമ്പല വീട്ടില്‍ ഗംഗാധരന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ ഒരു ടാക്സി ഡ്രൈവര്‍! അച്ഛന്റെ വലിയ മനസ്സിനെ തന്റെ മനസ്സിലേക്ക് ആവാഹിയ്ക്കാന്‍ ശ്രമിച്ചു.

കാറില്‍ എസിയുടെ തണുപ്പുണ്ടെങ്കിലും കോട്ട് ഊരി മടക്കി സീറ്റില്‍ വെച്ചു.

ഡല്‍ഹിയില്‍ കമ്പനി പ്രതിനിധിയായി ഒരു കോണ്‍ഫ റന്‍സില്‍ പങ്കെടുക്കാന്‍ പോകുന്നു എന്നറിയിച്ചപ്പോള്‍ അച്ഛന്‍ തന്നെ പണമയച്ച് തന്ന് നിര്‍ബന്ധിച്ച് വാങ്ങിപ്പി ച്ചതായിരുന്നു സ്യൂട്ട്. ഇന്ന് ഷാര്‍ജയില്‍ കമ്പനിയ്ക്കു വേണ്ടി വരേണ്ടി വന്നപ്പോള്‍ അമ്മയ്ക്കായിരുന്നു നിര്‍ബന്ധം ഈ സ്യൂട്ട് തന്നെ ധരിക്കണമെന്ന്.

"അച്ഛനുറങ്ങുന്ന മണ്ണാണത്. ആ കുഴി മാടത്തില്‍ ഈ ഡ്രസ്സിട്ട് വേണം നീ പോകാന്‍. അച്ഛനത് കാണും. സന്തോഷിക്കും."

പാവം അമ്മ!

എത്രയോ കുറച്ച് മാത്രമാണ് അവര്‍ ഒന്നിച്ച് കഴിഞ്ഞത്. ജീവിതത്തിന്റെ ഭൂരി ഭാഗവും ഞങ്ങള്‍ക്ക് വേണ്ടി...

കാര്‍ സഡന്‍ ബ്രേക്കിട്ട് നിന്നു.

മുന്നില്‍ ട്രാക്ക് തെറ്റിച്ച് മറ്റൊരു കാര്‍.

"ന്താ...ഭയന്നോ...? " ബാലേട്ടന്റെ ചോദ്യം.

വെറുതെ ചിരിച്ചു.

ഞങ്ങളിപ്പോള്‍ കെട്ടിട സമുച്ചയങ്ങള്‍ പിന്നിലാക്കി അല്‍പം വിജനമായ പ്രദേശത്ത് എത്തിയിരിക്കുന്നു. ഇരു വശങ്ങളിലും പരന്നു കിടക്കുന്ന മരു ഭൂമി. അകലെ മലകളുടെ അതാര്യമായ ചിത്രങ്ങള്‍. നാട്ടില്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ പാലക്കാട് കഴിഞ്ഞാല്‍ ഇത്തരം കാഴ്ചകള്‍ കണ്ടിട്ടുണ്ട്.

ഇത് രണ്ടാമത്തെ ആശ്ചര്യമാണ്.

അമ്പല വീട്ടിലെ ഗംഗാധരന്റെ ഫ്ളാറ്റ് ഏതെങ്കിലും ബഹു നില കെട്ടിട ത്തിലായി രിക്കുമെന്ന് കരുതിയ തനിക്ക് തെറ്റി യിരിക്കുന്നു. കാര്‍ ചെന്ന് നിന്നത് ഒരു തീര പ്രദേശത്തായിരുന്നു. മരത്തടികളും പലകകളും ഉപയോഗിച്ച് പണിതിട്ടുള്ള ചെറിയ ചെറിയ വീടുകള്‍. ഒറ്റ മുറിയുള്ള വീടുകള്‍. തികച്ചും അനാസൂത്രി തമായി അവ സ്ഥാപിച്ചിരിയ്ക്കുന്നു.

കമ്പനി അറേഞ്ച് ചെയ്തിരുന്ന താമസ സൗകര്യം ഒഴിവാക്കി അച്ഛന്റെ മുറിയില്‍ മൂന്നെങ്കില്‍ മൂന്ന് ദിവസം കഴിയാന്‍ തനിക്കായിരുന്നു നിര്‍ബന്ധം. പക്ഷെ ഇവിടെ പ്രതീക്ഷകള്‍ക്കും വിശ്വാസ ങ്ങള്‍ക്കു മെത്രയോ അപ്പുറത്താണ് കാര്യങ്ങള്‍!!

"വരൂ. ഇതാണ് ഞങ്ങളുടെ കൊട്ടാരങ്ങള്‍! കാരവന്‍സ് എന്ന് പറയും. ഹ ഹ ഹ ..."

കടലില്‍ കരയോട് ചേര്‍ന്ന് തുമ്പികള്‍ പോലെ വിവിധ വര്‍ണ്ണങ്ങളില്‍ മത്സ്യ ബന്ധന ബോട്ടുകള്‍.

രണ്ട് മൂന്ന് കാരവനുകള്‍ പിന്നിട്ട് പുറത്ത് ചെറിയൊരു വൃക്ഷ ത്തണലും തോട്ടവുമുള്ള ഒരു കാരവന് മുന്നില്‍ ഞങ്ങളെത്തി.

"ഇതാണ് ഞാനും മോന്റെ അച്ഛനും താമസിച്ചിരുന്ന വീട്. ഇപ്പോ... ഞാന്‍ മാത്രം..."

അത് പറയുമ്പോള്‍ ബാലേട്ടന്റെ തൊണ്ട ഇടറിയിരുന്നു.

അകത്ത് -
ഇരു വശങ്ങളിലായി രണ്ടു കട്ടിലുകള്‍.

നടുക്ക്, ഒരറ്റത്ത് ചുമരിനോട് ചേര്‍ന്ന് ഒരു മേശ. അതിന്മേല്‍ പഴയൊരു ടെലിവിഷന്‍. അടിയില്‍ വളരെ പഴക്കമുള്ള തോഷിബയുടെ ഒരു സ്റ്റീരിയൊ ടേപ് റെകോര്‍ഡര്‍. അടുത്ത് തന്നെ ചിട്ടയില്‍ അടുക്കി വെച്ചിരുന്ന മെഹ്ദി ഹസ്സനും ഗുലാം അലിയും യേശുദാസും...

മുറിയുടെ ഒരു മൂലയില്‍ ചെറിയൊരു സ്റ്റൂളില്‍ ഉണ്ടായിരുന്ന കെറ്റ്ല്‍ ഓണ്‍ ചെയ്തു ബാലേട്ടന്‍.

എല്ലാം നോക്കി കട്ടിലില്‍ ഇരുന്നു.

"ഇതാണ് മോന്റെ അച്ഛന്റെ കട്ടില്‍...." താനിരിക്കുന്ന കട്ടില്‍ ചൂണ്ടിക്കാട്ടി ബാലേട്ടന്‍ പറഞ്ഞു.

കരച്ചില്‍ അടക്കാനായില്ല. ഉച്ചത്തില്‍ പൊട്ടി ക്കരഞ്ഞു. ധരിച്ചിരുന്ന സൂട്ടും കോട്ടുമെല്ലാം അഴിച്ച് വലിച്ചെ റിയണമെന്ന് തോന്നി.

ബാലേട്ടനെ കെട്ടി പ്പിടിച്ച് കരഞ്ഞു. വാക്കുകള്‍ പുറത്തേക്ക് വരുന്നി ല്ലായിരുന്നു.

ചുമരില്‍ തൂങ്ങി ക്കിടന്നിരുന്ന രണ്ട് നീളന്‍ കുപ്പായങ്ങള്‍. വളരെ പഴകിയ അവ ചൂണ്ടിക്കാട്ടി ബാലേട്ടന്‍ പറഞ്ഞു.

"അത് മോന്റെ അച്ഛന്‍ ബോട്ടില്‍ പോകുമ്പോള്‍ ഇട്ടിരുന്നതാ...."

മുഷിഞ്ഞതെന്ന് തോന്നുന്ന ആ അറബി ക്കുപ്പായമെടുത്ത് നെഞ്ചോട് ചേര്‍ത്തു.

അച്ഛന്റെ മണത്തേക്കാള്‍ കടലിന്റെ മണമായിരുന്നു അതിന്.

"ഞാനത് അവിടുന്ന് മാറ്റിയില്ല. എന്റെ ഗംഗയുടെ സാമീപ്യം എനിക്ക് അനുഭവിയ്ക്കാ നായിരുന്നു അതവിടെ കിടക്കുമ്പോള്‍ ..."

തന്റെ സുഖങ്ങളെല്ലാം വെടിഞ്ഞ്, തന്റെ കഷ്ടപ്പാടുകള്‍ ആരെയും അറിയിക്കാതെ ഈ കടല്‍ തീരത്ത്... ഈ ചെറിയ മര ക്കുടിലില്‍... ജീവിതം ജീവിച്ചു തീര്‍ത്ത തന്റെ അച്ഛന്‍! തീര്‍ത്തും ഒരു ചന്ദനത്തിരിയുടെ ... ഒരു മെഴുക് തിരിയുടെ ജന്മമായിരുന്നു തന്റെ അച്ഛനെന്ന് അറിഞ്ഞിരുന്നെങ്കില്‍....

തന്റെ സങ്കല്‍പത്തില്‍ ഉണ്ടായിരുന്ന ആഢ്യനായ അച്ഛനേക്കാള്‍ എത്രയോ ഉയരത്തിലാണ് ഇപ്പോള്‍ താനറിഞ്ഞു കൊണ്ടിരിക്കുന്ന സ്നേഹ നിധിയായ അച്ഛന്‍.

"മോന്റെ പഠിപ്പ് കഴിഞ്ഞപ്പോള്‍ ഉള്ളതെല്ലാം പെറുക്കി ക്കൂട്ടി നാട്ടിലേക്ക് വരാനായിരുന്നു ഗംഗ ഉദ്ദേശിച്ചിരുന്നത്. എന്നോട് പല തവണ പറയുകേം ചെയ്തു."

കണ്ണു തുടച്ച് ബാലേട്ടന്‍ പറയുന്നത് കേട്ട് മിണ്ടാതിരുന്നു.

"ബോട്ടില്‍ വെച്ചായിരുന്നു അറ്റാക്ക്. മരിച്ചതിന് ശേഷമാണ് വെള്ളത്തില്‍ വീണതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പക്ഷെ, മിസ്സിങ്ങിന് രണ്ടു ദിവസം കഴിഞ്ഞാണ് ബോഡി കണ്ടെ ത്താനായുള്ളൂ... അപ്പോഴേക്കും ഒരു പാട്..."

"വേണ്ട ബാലേട്ടാ... മതി. എനിക്ക് കേള്‍ക്കാന്‍ വയ്യ."

സംസാരം പകുതിയില്‍ നിര്‍ത്തി ബാലേട്ടനും മൂകനായി ഇരുന്നു.

കയ്യിലെ അച്ഛന്റെ അറബി ക്കുപ്പായം മുഖത്തോട് ചേര്‍ത്ത് ഉമ്മ വെച്ചു. പിന്നെ അച്ഛനോടെന്ന പോലെ ചോദിച്ചു.

"ഞങ്ങളെ പറ്റിക്ക്യായിരുന്നൂലേ...?"

കട്ടിലിനടിയില്‍ നിന്ന് ഒരു വലിയ പെട്ടി എടുത്ത് തനിയ്ക്ക് മുന്നില്‍ വെച്ചു ബാലേട്ടന്‍.

"ഇത് ഗംഗയുടെ പെട്ടിയാണ്. തുറന്ന് നോക്കണമെന്ന് പല തവണ കരുതി. ധൈര്യമുണ്ടായില്ല."

പോരുമ്പോള്‍ അമ്മ പറഞ്ഞത് ഓര്‍ത്തു.

"അച്ഛന്റെ സാധനങ്ങളും സാമഗ്രികളും ഒക്കെ കാണും അവിടെ. തരപ്പെടുമെങ്കില്‍ അതെല്ലാം ഇങ്ങോട്ട് അയക്കണം. അച് ഛനെയോ കാണാനായില്ല. "

കണ്ണ് തുടച്ച് മൂക്ക് പിഴിഞ്ഞ് അമ്മ വീണ്ടും പറഞ്ഞു.

"എത്ര ചെലവ് വന്നാലും എല്ലാം അയച്ചോളൂ... അച്ഛന്‍ ബാക്കി വെച്ച അച്ഛന്റെ ശേഷിപ്പുകള്‍..."

സാവധാനം പെട്ടി തുറന്നു. തുറക്കുമ്പോള്‍ തന്നെ കാണാവുന്ന വിധത്തില്‍ ഉണ്ണിക്കണ്ണന്റെ ചിത്രം. ചുറ്റും ഞങ്ങളുടെ പല പ്രായത്തിലുള്ള ഫോട്ടോകള്‍! അമ്മയുടെ ഫോട്ടോ. വൃത്തിയായി റബര്‍ ബാന്റിട്ട് കെട്ടി വെച്ച കുറെ കത്തുകള്‍. ഒന്നു രണ്ട് ജോഡി ഡ്രെസ്സുകള്‍. കുറെ മരുന്നുകള്‍, ഡോക്ടറുടെ കുറിച്ചീട്ടുകള്‍...

മറ്റൊന്നും ഇല്ലായിരുന്നു അതില്‍.

'ഒന്നുമില്ലമ്മേ... അച്ഛനായി അച്ഛന്‍ കരുതി വെച്ചതെല്ലാം നാട്ടിലാണ്. അമ്മയുടെ രൂപത്തില്‍, എന്റെ രൂപത്തില്‍, അനിയത്തിയുടെ രൂപത്തില്‍... വീടിന്റെ... ഭൂമിയുടെ...

അഴുക്കു പിടിച്ച അറബി ക്കുപ്പായം നെഞ്ചോട് ചേര്‍ത്തു. പിന്നെ അവ ബാഗില്‍ വെച്ചു.

ബാലേട്ടന്റെ കാറില്‍ - മരുഭൂമിയുടെ വിജനതയില്‍ അടയാളങ്ങള്‍ അപൂര്‍വ്വങ്ങളായ പൊതു ശ്മശാനത്തില്‍ ഇന്നും ഞങ്ങള്‍ക്കായി തുടിയ്ക്കുന്ന മനസ്സിന്റെ സ്പന്ദനങ്ങളുമായി അശാന്തമായ് ഉറങ്ങുന്ന അച്ഛന്റെ അരികിലേക്ക്...

അച്ഛന്റെ വിയര്‍പ്പ് കുടിച്ച യഥാര്‍ത്ഥ അടയാളങ്ങളെ നെഞ്ചോട് ചേര്‍ത്ത്....


By- സൈനുദ്ദീന്‍ ഖുറൈഷി

No comments:

Post a Comment