Thursday, August 19, 2010

മദീനയെന്ന കവിത

മുസ്ലിം മനസ്സില്‍ ആയിരം ഓര്‍മ്മകള്‍ ഒന്നിച്ചുണര്‍ത്തുന്ന വാക്കാണ് 'മദീന.' ചേലൊത്ത കവിത വിരിഞ്ഞുവരാന്‍ മാത്രം വികാരസാന്ദ്രമാണത്. ഒരര്‍ത്ഥത്തില്‍ ഇസ്ലാം സാധ്യമായതിനു തന്നെ നിമിത്തമായത് മദീനയാണ്. ഖുറൈശികളുടെ നേതൃത്വത്തിലുള്ള ഏകീകൃതഭരണം നിലനിന്നിരുന്ന മക്കയിലെ വ്യാപാരി സമൂഹത്തിലാണ് അന്ത്യപ്രവാചകര്‍ക്ക് വെളിപാടുണ്ടായത്. അവര്‍ വെളിപാടിനോട് ഒട്ടും ആഭിമുഖ്യം കാണിച്ചില്ല. 'ഒരു മതിഭ്രമക്കാരന്റെ ജല്പനങ്ങള്‍' എന്ന മട്ടില്‍ അവഗണിക്കുകയാണ് ആദ്യം ചെയ്തത്. കാലാന്തരത്തില്‍, ചാഞ്ചാട്ടം തീണ്ടാത്ത വിശ്വാസികളുടെ ഒരു ചെറുസംഘം അനുയായികളുണ്ടായി. അവര്‍ ഉയര്‍ത്തിപ്പിടിച്ച ധാര്‍മികതയും ദൈവികാജ്ഞകളോട് കാണിച്ച വിധേയത്വവും തങ്ങളുടെ ഭൌതിക ഭരണത്തെ തകര്‍ത്തുകളയുമെന്ന് ഖുറൈശികള്‍ ഭയന്നതോടെ അവരെ അപായപ്പെടുത്തുകയായി ഖുറൈശികളുടെ ഉന്നം. അങ്ങനെ മക്കക്കാര്‍ക്കിടയിലെ വാസം പ്രവാചകര്‍ക്കും അനുചര സംഘത്തിനും തീര്‍ത്തും അസാധ്യമായിത്തീര്‍ന്നു. അപ്പോഴാണ് മുത്ത്നബിയെയും വിശ്വാസികളുടെ ചെറുസംഘത്തെയും മരണം വരെ സംരക്ഷിച്ചുകൊള്ളാമെന്ന് മദീനക്കാര്‍ വാക്കു കൊടുക്കുന്നതും പരീക്ഷണങ്ങളുടെ തീമലകള്‍ താണ്ടേണ്ടി വന്നിട്ടും വാക്കുപാലിച്ചതും.

മക്കയ്ക്കു സമീപമുള്ള അല്‍ അഖബയില്‍ വച്ച് നടക്കുന്ന, ബഹുദൈവവിശ്വാസികളുടെ ഉത്സവവേളയില്‍ യത്രിബില്‍ നിന്നു വന്ന ആറ് തീര്‍ത്ഥാടകരുമായി പ്രവാചകര്‍ക്കുണ്ടായ യാദൃശ്ചിക കൂടിക്കാഴ്ചയാണ് മദീനയെ ചരിത്രത്തിലേക്ക് ആനയിച്ചത്. അവര്‍ വെളിപാടിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ദിവ്യവചനങ്ങള്‍ പാരായണം ചെയ്യുന്നത് കേള്‍ക്കുകയും ചെയ്തു. തിരിച്ചുചെന്ന് യത്രിബ്വാസികളോട് ഇക്കഥകളൊക്കെ വിശദമായി വിവരിച്ചു കൊടുത്തു. അടുത്ത ആണ്ടിലാണ് നിര്‍ണായക ചര്‍ച്ച നടക്കുന്നത്. പന്ത്രണ്ടു പേരടങ്ങുന്ന തീര്‍ത്ഥാടക സംഘവുമായി അല്‍ അഖബയില്‍ വച്ച് നബിതങ്ങള്‍ സംസാരിക്കുകയും ഒരു കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. 'വിഗ്രഹങ്ങളെ ആരാധിക്കില്ല, വ്യഭിചരിക്കില്ല, കള്ളം പറയില്ല, പെണ്‍കുട്ടികളെ കുഴിച്ചു മൂടില്ല, പ്രവാചക നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാം' തുടങ്ങിയവ യത്രിബുകാര്‍ സമ്മതിച്ചു. അവരോടൊപ്പം അയച്ചുകൊടുത്ത ഓത്തുകാരനാണ് അന്ത്യപ്രവാചകരാല്‍ നിയോഗിക്കപ്പെട്ട ആദ്യ പ്രബോധകന്‍. വന്‍ വിജയമായിരുന്നു അദ്ദേഹത്തിന്റെ ദൌത്യം. പിന്നത്തെ ഉത്സവകാലമാകുമ്പോഴേയ്ക്ക് എഴുപത്തിമൂന്ന് ആണുങ്ങളും രണ്ട് പെണ്ണുങ്ങളും ഇസ്ലാം സ്വീകരിച്ചു.

തമ്മിലടിക്കുന്ന വ്യത്യസ്ത വിഭാഗങ്ങള്‍ നിറഞ്ഞ നാടായിരുന്നു യത്രിബ്. ക്രമസമാധാനം വെറുമൊരു കാനല്‍ജലം മാത്രം. അരാജകത്വമായിരുന്നു നാടിന്റെ രാഷ്ട്രീയ മുദ്ര. തങ്ങള്‍ക്കിടയില്‍ ഐക്യവും സമാധാനവും സംസ്ഥാപിക്കാനുള്ള അപൂര്‍വ്വാവസരമാണ് തിരുമേനിയുമായുള്ള ബന്ധത്തിലൂടെ യത്രിബുകാര്‍ക്ക് കൈവന്നത്. അവര്‍ അദ്ദേഹത്തെ തങ്ങളുടെ തകര്‍ന്നു കിടക്കുന്ന നാട്ടിലേക്ക് ക്ഷണിച്ചു.

മക്കയില്‍ നിന്ന് ഇരുനൂറു മൈല്‍ വടക്കുമാറി കിടക്കുന്ന യത്രിബിലേക്ക് ഒറ്റയും തെറ്റയുമായി വിശ്വാസികള്‍ പലായനം ചെയ്തു. അവസാനം നബിതങ്ങളും സിദ്ദീഖുല്‍ അക്ബറും പുറപ്പെട്ടു. പ്രവാചകാഗമനം പ്രതീക്ഷിച്ച് പലനാള്‍ മക്കയില്‍ നിന്നുള്ള വഴിയിലൂടെ അവര്‍ ഇറങ്ങിപ്പുറപ്പെട്ടിരുന്നു. അതിന്നും അപ്പുറത്തേക്ക് കണ്ണുകള്‍ നീട്ടിയെറിഞ്ഞു. തിരുമേനിയെ കാണാതെ ഭഗ്നാശരായി തിരിച്ചു പോന്നു. അവിടുന്ന് എത്തിപ്പെട്ടപ്പോഴോ? ആവേശത്തോടെയാണ് അവര്‍ മുത്ത്നബിയെ വരവേറ്റത്. അമാവാസി കണക്കെ ഇരുള്‍ കനത്ത തങ്ങളുടെ രാഷ്ട്രീയ സാമൂഹിക രംഗങ്ങള്‍ അവര്‍ക്കെല്ലാമറിയാമായിരുന്നു. അതിലേറെ ഇരുണ്ടുപോയ ആത്മീയാവസ്ഥയെ കുറിച്ച് വേവലാതിയുള്ളവരും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. അതിനാല്‍ തങ്ങള്‍ക്കകത്തും പുറത്തും തളംകെട്ടി നില്‍ക്കുന്ന കാളിമയെ കീറിമുറിച്ചുകൊണ്ട് കടന്നുവരുന്ന പ്രവാചക പൌര്‍ണ്ണമിയെ കുറിച്ച് പല അര്‍ത്ഥത്തില്‍, പലവിതാനത്തില്‍ അവരൊന്നിച്ചു പാടി :

"വന്നണഞ്ഞിരിക്കുന്നൂ

ഞങ്ങള്‍ക്കുമേല്‍ പൌര്‍ണ്ണമി''

ഏറെക്കുറെ അജ്ഞാതമായിക്കിടന്നിരുന്ന യത്രിബ് ദേശം 'മദീനാമുനവ്വറ'യെന്ന പുതുനാമത്തില്‍ ചരിത്രത്തിന്റെ വിധി നിര്‍ണയ കേന്ദ്രമായിത്തീര്‍ന്നു. അതിന്റെ കേന്ദ്രം, അന്ത്യദൂതര്‍ വിശ്വാസികളുടെ സഹായത്തോടെ സ്വന്തം കൈകളാല്‍ നിര്‍മിച്ച പള്ളിയായിരുന്നു.

മക്കക്കാര്‍ വേട്ടയാടിക്കൊണ്ടിരുന്ന പ്രവാചകരെയും അനുചര സംഘത്തെയും ആവേശത്തോടെ സ്വീകരിക്കുക മാത്രമല്ല മദീനക്കാര്‍ ചെയ്തത്. അവരുടെ അതിജീവനത്തിന്റെ വഴിയൊരുക്കുക കൂടിയാണ്. കാര്‍ഷിക വൃത്തിയായിരുന്നു അവരുടെ ഉപജീവനവഴി. വളക്കൂറുള്ള മണ്ണും ശുദ്ധജലത്തിന്റെ ലഭ്യതയും കൃഷിയെ അവരുടെ സ്വാഭാവിക ഉപജീവനമാര്‍ഗമാക്കി. നൂറ്റിമുപ്പതോളം വ്യത്യസ്തയിനം ഈത്തപ്പഴങ്ങള്‍ വിളഞ്ഞിരുന്നുവെന്നത് മദീനക്കാരുടെ കൃഷി മാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുന്നു. എങ്കിലും ദരിദ്രരായിരുന്നു അവര്‍. മക്കയില്‍ നിന്നുവന്ന മുഹാജിറുകള്‍ക്ക് സ്വന്തമായി ഭൂമിയുണ്ടായിരുന്നില്ല. അത് അവരുടെ നിലനില്‍പുപോലും പ്രയാസകരമാക്കി. ഓരോ അന്‍സാരിയും ഓരോ മുഹാജിറിനെ സഹോദരനായി സ്വീകരിക്കുകയും സമ്പത്ത് പങ്കുവയ്ക്കുകയും ചെയ്തു. ചരിത്രത്തില്‍ സമാനതയില്ലാത്ത ഈ വിധ സമീപനത്തിലൂടെ മുത്ത്നബി അവരെ ഒരൊറ്റ സാമൂഹിക രാഷ്ട്രീയ വിഭാഗമാക്കിയെടുത്തത് മദീനയില്‍ വച്ചാണ്.

പതുക്കെപ്പതുക്കെ മദീനയില്‍ വിശ്വാസികളുടെ സംഘം ശക്തിപ്പെട്ടുവന്നു. രണ്ടുവര്‍ഷം കൊണ്ട് അവര്‍ മക്കക്കാരുമായി ഒരു ബലപരീക്ഷണം നടത്താവുന്ന മാനസികാവസ്ഥയിലെത്തി. മക്കക്കും സിറിയക്കും മധ്യേയുള്ള തെക്കുവടക്ക് വ്യാപാരപാതയിലുള്ള മദീനയുടെ കിടപ്പ് വ്യാപാരി സംഘമായിരുന്ന മക്കക്കാരുമായി ഒരു ബലപരീക്ഷണം അനിവാര്യമാക്കിത്തീര്‍ക്കുകയും ചെയ്തു. അങ്ങനെയാണ്, മദീനയില്‍ നിന്ന് പതിനൊന്ന് മൈല്‍ തെക്കുപടിഞ്ഞാറായി കിടക്കുന്ന ബദ്റില്‍ വച്ച് ഹിജ്റ രണ്ടാമാണ്ട് റമളാന്‍ പതിനേഴിന് ഏറ്റുമുട്ടല്‍ നടന്നത്. എഴുന്നൂറ് ഒട്ടകങ്ങളും നൂറ് കുതിരകളും ആയിരം അംഗബലവുമുള്ള മക്കാസൈന്യം കൂട്ടമായി അക്രമിക്കുകയായിരുന്നു. മൂന്ന് കുതിരയും എഴുപത് ഒട്ടകങ്ങളും എതിരാളികളുടെ മൂന്നിലൊന്നുമാത്രം അംഗബലവുമുള്ള പ്രവാചകസൈന്യം ചിട്ടയോടെ, അണിയണിയായി മുന്നേറി. ഉച്ചയോടെ എതിരാളികള്‍ ഓടി. അതോടെ മുസ്ലിംകളുടെ നിലനില്പ് സാമാന്യേന ഭദ്രമാവുകയും എതിരാളികളുടേത് പരുങ്ങലിലാവുകയും ചെയ്തു. ഉഹ്ദും ഖന്തഖും പൊരുതിയത് മദീനയുടെ പ്രാന്തത്തില്‍ വച്ചാണ്. ഒടുക്കം ഹിജ്റ എട്ടാമാണ്ട് എതിരാളികളെ അഭിമുഖീകരിക്കാനായി മക്കയിലേക്കു പുറപ്പെട്ടതും മദീനയില്‍ നിന്നു തന്നെ. പ്രതീക്ഷയറ്റ എതിരാളികള്‍ പ്രതിരോധിക്കാന്‍ നില്ക്കാതെ കീഴടങ്ങി. പ്രബോധനത്തിന്റെ പ്രഥമനാളുകളില്‍ തുടങ്ങിയ അതിക്രമ പരമ്പരയ്ക്ക് അറുതിവന്നത് അന്നാണ്. അതിനിടയില്‍ ക്രൂരതയുടെ ഏതാണ്ടെല്ലാ വകഭേദങ്ങളും അവര്‍ വിശ്വാസികള്‍ക്കെതിരെ പ്രയോഗിച്ചിട്ടുണ്ട്. എന്നിട്ടും ചരിത്രത്താളുകളിലെങ്ങും കാണാനിടയില്ലാത്ത ഉദാരതയോടെ മുത്ത് മുസ്തഫാ വിട്ടുവീഴ്ച കാണിച്ചു. നശീകരണം ബിംബങ്ങളില്‍ മാത്രമായൊതുങ്ങി.

സര്‍വ്വോത്തമ സൃഷ്ടിയായ മുസ്തഫാ നബിയുടെ നായകത്വത്തില്‍ ആകാശലോകത്തു നിന്നുള്ള മാര്‍ഗ്ഗദര്‍ശനത്തിന്റെ ജീവല്‍മാതൃകയായി മാറിയത് മദീനയാണ്. ഏല്പിക്കപ്പെട്ട ദൌത്യങ്ങളൊക്കെയും നിര്‍വ്വഹിക്കുകയും അത് സ്വന്തം ജനത ഏറ്റുപറയുകയും ഏല്പിച്ച അല്ലാഹുവിനെ മുത്ത്നബി അതിന് സാക്ഷിയാക്കുകയും ചെയ്തത് മദീനാ മുനവ്വറയില്‍ നിന്നാണ്. ഒടുക്കം അവിടുന്ന് പനിച്ചു വിറച്ച് കിടന്നതും അന്ത്യനിമിഷങ്ങളില്‍ ഉമ്മത്തിനെ കുറിച്ചോര്‍ത്ത് വേവലാതിപ്പെട്ടതും അവിടെവെച്ചു തന്നെ. ഉച്ചരിച്ച അവസാന വാക്കുകള്‍ നമുക്കുള്ള വസ്വിയ്യത്തുകള്‍ക്കായി വിനിയോഗിച്ച ശേഷം, തങ്ങളുടെ 'റഫീഖുല്‍ അഅ്ലാ' യുടെ സവിധത്തിലേക്ക് അന്ത്യയാത്ര പോയതും മദീനാമുനവ്വറയില്‍ വെച്ചായിരുന്നു. പ്രവാചകപ്പള്ളിയുടെ ചാരത്ത്, പ്രിയപത്നിയുടെ ഗേഹത്തില്‍ വിശുദ്ധറൌള സ്ഥിതി ചെയ്യുന്നു. മദീനയുടെ മണ്ണില്‍ അന്ത്യവിശ്രമം കൊള്ളുന്നവര്‍ ഇനിയുമെത്രയോ പേരുണ്ട്. പ്രവാചകരുടെ പിതാവ് അബ്ദുല്ല, ഒരേയൊരു മകന്‍ ഇബ്രാഹിം, മകള്‍ ഫാത്വിമ, ഭാര്യമാരില്‍ ചിലര്‍, സിദ്ദീഖുല്‍ അക്ബര്‍, ഉമറുല്‍ ഫാറൂഖ്, ഉസ്മാനുബ്നു അഫ്ഫാന്‍(റ) തുടങ്ങി വിശ്വാസികള്‍ക്ക് മുറിച്ചു മാറ്റാനാവാത്ത വൈകാരിക ബന്ധമുള്ളവര്‍ മറമാടപ്പെട്ടു കിടക്കുന്ന നഗരിയാണത്.

നമുക്ക് സംക്ഷേപിക്കാം. സ്വന്തം ദേശക്കാരായ ഖുറൈശീഗോത്രത്തില്‍ നിന്നു ലഭിക്കാത്ത ഉറച്ച വിശ്വാസവും പിന്തുണയും പ്രവാചകത്തിരുമേനിക്ക് നല്‍കുന്നത് പടിഞ്ഞാറന്‍ അറേബ്യയിലെ യത്രിബ് ദേശക്കാരാണ്. ഖുര്‍ആനിലെ അവസാന അധ്യായങ്ങള്‍ അവതരിച്ച ദേശമാണത്. മക്കക്കാരായ ശത്രുക്കള്‍ക്കെതിരെ ആദ്യത്തെ മൂന്ന് പോരാട്ടങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ട ദേശമാണത്. പൊരുതിയത് അതിന്റെ പ്രാന്തങ്ങളില്‍ നിന്നും. പതിനായിരത്തോളം വരുന്ന വിശ്വാസികളുടെ സംഘത്തെയും കൊണ്ട് മക്കക്കാരെ അന്തിമ കീഴടങ്ങലിന്നു നിര്‍ബന്ധിച്ച യാത്രയാരംഭിക്കുന്നത് മദീനയില്‍ നിന്നാണ്. അവസാന ദശകങ്ങള്‍ ജീവിച്ചതവിടെയാണ്. മരിച്ചതും മറമാടപ്പെട്ടതും അവിടെയാണ്. ആദ്യത്തെ മൂന്ന് ഖലീഫമാര്‍ ഇസ്ലാമിക ഭരണചക്രം കറക്കിയതും മദീനയിലെ ആത്മീയ പരിസരത്തു നിന്നാണ്. അതിനാല്‍, മദീന എന്നും വിശ്വാസിയുടെ ആത്മീയ ഭൂപടത്തിന്റെ കേന്ദ്രബിന്ദുവാണ്.

മദീനയുമായുള്ള വൈകാരിക ബന്ധം കാവ്യരചനയിലേര്‍പ്പെട്ട വിശ്വാസികളുടെ രചനകളില്‍ പതിമൂന്നാം നൂറ്റാണ്ടു മുതല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

"തീവ്രവേദനയെന്നാത്മാവിനെ ഞെരിയ്ക്കുമ്പോള്‍

ഹിജാസിലെ വാടാച്ചെടികളുടെ പരിമളമാണെനിക്കൌഷധി''

എന്നു പാടിയത് ഈജിപ്തുകാരനായ യോഗാത്മക കവി ഇബ്നുല്‍ ഫരീദാണ്.

കാമിനിയുടെ വിദൂരസ്ഥമായ വാസസ്ഥലത്തേക്കുള്ള പ്രയാസകരമായ യാത്രയുടെ പരമ്പരാഗത രീതിയിലുള്ള വര്‍ണന 'ഖസീദ'കളില്‍ അനിവാര്യമായിരുന്നല്ലോ. അതിനേക്കാള്‍ തീവ്രമായ അഭിനിവേശമാണ് പ്രവാചക നഗരിയിലേക്കുള്ള യാത്രാവര്‍ണനകളില്‍ പ്രകടമാകുന്നത്. മദീനാ മുനവ്വറയിലേക്ക് പുറപ്പെട്ട യാത്രികനായ കവിയുടെ ത്രസിക്കും ഹൃദയത്തിന്, അറേബ്യന്‍ മരുഭൂമിയിലെ മുള്‍പ്പടര്‍പ്പുകള്‍ തന്റെ പാദങ്ങളെ താലോലിക്കുന്ന ചിത്രപ്പട്ടാംബരമായി മാറുന്നു. പ്രണയപാത്രമായ പ്രവാചകരുടെ ദേശത്തേക്കുള്ള പ്രയാസകരമായ യാത്രയുടെ വിവരണം നാടോടിക്കവിതകളിലേക്കും കടന്നു ചെന്നിട്ടുണ്ട്. ശാ അബ്ദുല്ലത്തീഫിന്റെ 'സുര്‍ഖബത്തി'ല്‍ മനുഷ്യന്റെ അസ്വസ്ഥാത്മാവിനെ പ്രതിനിധീകരിക്കുന്ന ഒട്ടകം, തേനിനേക്കാള്‍ മധുരമുള്ളതും കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതുമായ പ്രവാചകനിലേക്ക് നയിക്കപ്പെടുന്നുണ്ട്. ഒപ്പം, പ്രഭചൊരിയും ചന്ദ്രനോട് തന്റെ കാലില്‍ ചുംബിക്കാനാവശ്യപ്പെടുക വഴി സഞ്ചാരിയുടെ പ്രണയചിന്തകളെ പ്രകാശിപ്പിക്കുന്നുമുണ്ട്.

"കാഫ് മലകണ്ട പൂങ്കാറ്റേ

കാണിക്ക നീ കൊണ്ടു വന്നാട്ടേ

കാരക്ക കായ്ക്കുന്ന നാട്ടിന്റെ

മധുവൂറും കിസ്സ പറഞ്ഞാട്ടെ.''

പൂങ്കാറ്റിനോട് അറബി നാട്ടിലെ കഥകളന്വേഷിക്കുന്ന മാപ്പിളക്കവിത മലയാളിക്ക് സുപരിചിതമാണ്. അങ്ങോളം പോകാന്‍ വയ്യാത്തവര്‍ കണ്ടെത്തുന്ന ഉപാധിയാണ് എങ്ങും സഞ്ചരിക്കുന്ന കാറ്റിനോട് ഇഷ്ടനാട്ടിലെ വിവരങ്ങള്‍ തെരക്കല്‍. പ്രവാചക നഗരിയിലേക്ക് യാത്ര സാധിക്കാത്ത ആശിഖുകള്‍, പ്രണയകവികള്‍ തങ്ങളുടെ ആശംസകളും പ്രണയോപഹാരങ്ങളും കൈമാറാന്‍ പ്രഭാതമാരുതനോട് ആവശ്യപ്പെടുന്ന പതിവുണ്ട്. ഇങ്ങനെ സലാം പറയുന്ന രീതി വ്യതിരിക്തമായ ഒരു സാഹിത്യരൂപമായി വികസിച്ചിട്ടുണ്ട്.

മദീനയില്‍ നിന്ന് കവി വസിക്കുന്ന ദേശത്തേക്കുള്ള അകലം ഏറുന്നതിന്നനുസരിച്ച് കവിയുടെ മദീനാവ്യഥ തീവ്രമാകുന്നതായാണ് കാണുന്നത്. ഹജ്ജ് കഴിഞ്ഞെത്തുന്ന ഹാജിമാരുടെ വാമൊഴി വിവരണങ്ങളില്‍ റൌളാശരീഫ് കടന്നുവരുമ്പോള്‍ അവരുടെ കണ്ണുകള്‍ ഈറനണിയുന്നത് ഒരു സാധാരണാനുഭവമാണല്ലോ നമുക്ക്.

ജാമി എഴുതിയ സുദീര്‍ഘമായ ഒരു പ്രവാചക മദ്ഹുകാവ്യത്തിലെ വരികളോരോന്നും അവസാനിക്കുന്നതു തന്നെ 'മദീന' എന്ന റദീഫയിലാണ്. അദ്ദേഹം മദീനയോടുള്ള അഭിലാഷം പ്രകടിപ്പിക്കുന്നത് കാണുക:

"മദീനാ മരുഭൂവിലെ വര്‍ണ ശബളങ്ങളാം പൂക്കള്‍പോല്‍

ഹൃത്തില്‍ വഹിപ്പൂ ഞങ്ങള്‍ മദീനയോടുള്ളഭിലാഷത്തിന്‍ മുറിപ്പാട്

ജ്ഞാനിയുടെ തലയില്‍ നിന്ന് മാഞ്ഞു പോയേക്കാം സ്വര്‍ഗ്ഗാഭിലാഷം

വിട്ടുപോകില്ലൊരിക്കലും പക്ഷേ, മദീനയോടുള്ള തീവ്രാഭിലാഷം!



മദീനയിലെ ഈത്തപ്പഴത്തിനുപോലും വിശേഷ പ്രാധാന്യം കല്പിക്കുന്നുണ്ട് കവി :

"മദീനയിലെ ഈത്തപ്പഴത്തിന്‍ കുരുക്കള്‍

ചുംബിക്ക നീ ഈത്തപ്പഴം കഴിക്കുമ്പോള്‍

മാലാഖമാരുടെ ജപമാലയിലെ മുത്തുകളാണവ.''

'മദീന'യെന്ന് യത്രിബ് വിളിക്കപ്പെട്ടത് പ്രവാചക ബന്ധം മൂലമാണെന്ന് നമുക്കറിയാം. എന്നാല്‍ അക്ഷരങ്ങള്‍ ഇഴപിരിച്ചും വില പെരുക്കിയും അത്ഭുതങ്ങള്‍ കാണിക്കുന്നതില്‍ കൌശലം കാണിക്കുന്ന ജാമി 'മദീനയുടെ പദനിഷ്പത്തി കണ്ടെത്തുന്നതും അതേ രീതിയില്‍ തന്നെയാണ്. 'മുഹമ്മദ്'നെ സൂചിപ്പിക്കുന്നതാണ് ജാമിയ്ക്ക്, 'മദീന'യിലെ ആദ്യാക്ഷരമായ 'മീം'. അതിനോട് ദീന്‍ കൂടി ചേര്‍ക്കുമ്പോള്‍ രൂപപ്പെടുന്ന പേരത്രെ 'മദീന'. അത്യുന്നതങ്ങളില്‍ വിരാജിക്കുന്ന ആകാശം കീഴെ അമര്‍ന്നു കിടക്കുന്ന മണ്ണിനോട് അസൂയപ്പെടേണ്ടി വരുന്ന വിചിത്ര സന്ദര്‍ഭം ജാമി പ്രത്യേകം ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രവാചകന്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിനെ കുറിച്ചോര്‍ത്താണ് ആകാശം അങ്ങനെ അസൂയപ്പെടുന്നത്. അതിനപ്പുറം 'മണ്ണായിരുന്നെങ്കില്‍' എന്ന് കൊതിക്കുകയും ചെയ്യുന്നു.

ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ പ്രവാചക സാന്നിധ്യമുള്ള മദീനയെകുറിച്ച് എഴുതപ്പെട്ട കാവ്യങ്ങളുടെ കൂമ്പാരം തന്നെയുണ്ട്. കൂട്ടത്തില്‍ കൈഫിയേയും കിശന്‍ പ്രസാദ് ശാദിനെയും പോലെയുള്ള അമുസ്ലിം കവികളുമുണ്ട്. ഹൃദയത്തെ വടക്കുനോക്കി യന്ത്രത്തിലെ സൂചിപ്പറവയായി സങ്കല്പിക്കുകയും അക്കിളിയെ മദീന ലക്ഷ്യമാക്കി പറത്താന്‍ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്നു കൈഫി. അവിടെ ചെന്നാലോ 'സൂറത്തുന്നൂര്‍' പാരായണം ചെയ്യും സന്ദര്‍ശകര്‍. കാരണം അവിടെ അയാള്‍ ദിവ്യപ്രകാശം അനുഭവിക്കും.

'ഹിജാസിന്റെ സമ്മാനം' എന്നര്‍ത്ഥമുള്ള, ഇഖ്ബാലിന്റെ അവസാനത്തെ കാവ്യസമാഹാരം 'അര്‍മുഗാനെ ഹിജാസ്' ഈ ഗണത്തില്‍ പെട്ട പ്രധാന കൃതിയത്രെ.

പതിനഞ്ചാം നൂറ്റാണ്ടിലെ ഈജിപ്ഷ്യന്‍ പണ്ഡിതനായിരുന്ന ഇമാം സുയൂതി മദീനയില്‍ ചെന്ന് പ്രവാചകര്‍ക്ക് ആദരവുകള്‍ അര്‍പിക്കുമ്പോള്‍ പെരുമാറേണ്ട വിധം തീര്‍ത്ഥാടകരെ അറിയിക്കുന്നുണ്ട്. വിശുദ്ധ റൌളയുടെ താഴ്ഭാഗത്തു നോക്കിക്കൊണ്ട് കണ്ണുകള്‍ താഴ്ത്തി, അയാള്‍ ആദരവോടെ നില്ക്കട്ടെ. തുടര്‍ന്നയാള്‍ പറയട്ടെ. "സൃഷ്ടിജാലത്തിന്റെ ആഹ്ളാദമേ, അങ്ങെയ്ക്കു ശാന്തി. ദൈവത്തിനു പ്രിയപ്പെട്ടവരേ, അങ്ങയ്ക്കു ശാന്തി, ദൈവദൂത•ാരുടെ നായകരേ, അങ്ങയ്ക്കു ശാന്തി. അന്ത്യദൂതരേ, അങ്ങയ്ക്കു ശാന്തി. സന്തോഷവാര്‍ത്ത വഹിപ്പവരേ, അങ്ങയ്ക്കു ശാന്തി. മുന്നറിയിപ്പു നല്‍കുവോരേ, അങ്ങയ്ക്കു ശാന്തി. വിശ്വാസികളുടെ മാതാക്കള്‍ക്ക് ശാന്തി. അങ്ങയ്ക്കും സഹചര•ാര്‍ക്കും ശാന്തി. അങ്ങെയ്ക്കും മറ്റെല്ലാ പ്രവാചക•ാര്‍ക്കും ശാന്തി. അങ്ങയ്ക്കും എല്ലാ നല്ലവരായ വിശ്വാസികള്‍ക്കും ശാന്തി.''

No comments:

Post a Comment