Sunday, August 22, 2010

പ്രവാസി വോട്ടവകാശ ബില്‍ പാര്‍ലമെന്റില്‍

ന്യൂദല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനുള്ള ചരിത്രബില്‍ കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്‌ലി ശനിയാഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ചു.
1950ലെ ജനപ്രാതിനിധ്യ നിയമത്തില്‍ 20എ (ഒന്ന്) എന്ന പുതിയ വകുപ്പ് ഭേദഗതിവഴി കൂട്ടിച്ചേര്‍ത്താണ് പ്രവാസി വോട്ടവകാശത്തിന് അംഗീകാരം നല്‍കിയത്. പുതുതായി ചേര്‍ത്ത 20 എ (ഒന്ന് )വകുപ്പ് നിയമത്തില്‍ വിശദീകരിച്ചതിങ്ങനെ: വോട്ടര്‍പട്ടികയില്‍ പേരില്ലാതിരിക്കുകയും മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം നേടാതിരിക്കുകയും തന്റെ സാധാരണ താമസസ്ഥലത്ത് നിന്ന് മാറി ജോലി, വിദ്യാഭ്യാസം എന്നിവക്കായി ഇന്ത്യയില്‍ തന്നെ മറ്റേതെിലും ഭാഗങ്ങളിലേക്കോ ഇന്ത്യക്ക് പുറത്തേക്കോ പോകുന്നതിന് വേണ്ടി നാടുവിടുകയും ചെയ്ത 'സാധാരണ താമസക്കാരു'ടെ പേര് അവരുടെ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കണം. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ സ്ഥലം ഉള്‍പ്പെടുന്ന മണ്ഡലമാണ് ഇതിനായി പരിഗണിക്കുക. (രണ്ട് ) മേല്‍പറഞ്ഞ ആളുകള്‍ അവരുടെ പേരുകള്‍ നിശ്ചിത സമയത്തിനകം വോട്ടര്‍പട്ടികയില്‍ ചേര്‍ക്കണം. (മൂന്ന്) ഇത്തരത്തില്‍ പേര് ചേര്‍ത്ത വ്യക്തിക്ക് തന്റെ വോട്ടവകാശം ബന്ധപ്പെട്ട മണ്ഡലത്തില്‍ വിനിയോഗിക്കാനുള്ള അവകാശമുണ്ടായിരിക്കും.

ഇത് കൂടാതെ 1950ലെ നിയമത്തിന്റെ 22, 23(രണ്ട്) വകുപ്പുകള്‍ ഭേദഗതി ചെയ്തിട്ടുണ്ട്. ഇത് പ്രകാരം നാട് വിട്ടുപോയവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഉടന്‍ മായ്ച്ചുകളയുന്നതിന് പകരം നിയമത്തില്‍ വിശദീകരിക്കുന്ന പ്രകാരം ശരിയായ തരത്തില്‍ പരിശോധന നടത്തുമെന്ന് ഉറപ്പു വരുത്തും.
തുടര്‍ന്ന് ഭേദഗതി ചെയ്ത 28ാം വകുപ്പ് ഈ നടപടിക്രമം ഒന്നുകൂടി ബലപ്പെടുത്തുന്നു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷ പരിശോധിച്ച് തീരുമാനം കൈക്കൊള്ളേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥനാണ്. അപേക്ഷ കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തിയിട്ടായിരിക്കും ഇദ്ദേഹം ഇത് നിര്‍വഹിക്കുക.

നിയമത്തിന്റെ ലക്ഷ്യങ്ങള്‍ വിശദീകരിച്ച കൂട്ടത്തില്‍ 'സാധാരണ താമസക്കാരന്‍' എന്നതിന്റെ കൃത്യമായ നിര്‍വചനം ലഭിക്കാന്‍ വേട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്ന ഉദ്യോഗസ്ഥരുടെ കൈവശമുള്ള കൈപ്പുസ്തകത്തിലെ മൂന്നാം അധ്യായം നോക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ഒരാള്‍ക്ക് വീടോ കെട്ടിടമോ ഒരു മണ്ഡലത്തില്‍ ഉണ്ടെന്നത് അവിടെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ന്യായമല്ല എന്ന് പ്രത്യേകം പറയുന്നുണ്ട്.
പ്രവാസികള്‍ ഏറക്കാലമായി ഉയര്‍ത്തുന്ന ഈ ആവശ്യം പെട്ടെന്ന് അംഗീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് സമ്മതിച്ച മൊയ്‌ലി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതും വോട്ട് വിനിയോഗിക്കുന്നതും പ്രായോഗികമായി നടപ്പാക്കുന്നതിലുള്ള പ്രയാസമാണ് ഈ കാലതാമസത്തിന് കാരണമായതെന്ന് പറഞ്ഞു.

Courtesy: Madhyamam.com

No comments:

Post a Comment