ഗള്‍ഫ് പ്രവാസികള്‍ കഥകളിലും സിനിമകളിലും ആല്‍ബങ്ങളിലും ലേഖനങ്ങളിലും പഠനങ്ങളിലും ബുദ്ധിജീവികളുടെ നിരീക്ഷണങ്ങളിലും പരിഹാസകഥാപാത്രമായിട്ട് പതിറ്റാണ്ടുകളായി. കുടിയേറ്റത്തിന്റെ അറുപതാണ്ടിലെത്തി നില്‍ക്കുമ്പോള്‍ പോലും പ്രത്യേകിച്ച് ഒരു വികാരവും സാധാരണക്കാരായ പ്രവാസികള്‍ക്കുണ്ടെന്ന് തോന്നുന്നില്ല. സഹനവും പീഢനവും വീര്‍പ്പുമുട്ടലും നൊമ്പരവും ഒറ്റപ്പെടലും പാരപണിയലും കൊണ്ട് ജീവിതയാത്രയില്‍ അനുഭവമായി പഠിച്ച പാഠങ്ങളാണ് ഇവര്‍ക്ക് കൈമുതല്‍.
സഹായിച്ചവരൊക്കെ കൈമലര്‍ത്തിയിട്ടും പഠിപ്പിച്ച് വലിയവരാക്കിയവര്‍ കുത്തിനോവിച്ചിട്ടും കൂടപ്പിറപ്പിന്റെ വേദനയില്‍ സ്വയം മറന്ന് സഹായിച്ചവര്‍ ഒറ്റപ്പെടുത്തിയിട്ടും, കെട്ടിച്ച് വിട്ടവര്‍ പരാതി പറഞ്ഞപ്പോഴും,സംഭാവനയുടെ തുകകുറഞ്ഞ് പോയതിന് നാട്ടിലെ കമ്മിറ്റി പരിഹസിച്ചതിനും സാക്ഷിയാകേണ്ടിവന്നവരാണ് പ്രവാസികള്‍. അനുഭവം കൊണ്ട് പഠിച്ച യാഥാര്‍ഥ്യങ്ങളുടെ പൊള്ളുന്ന നോവ് മനസ്സില്‍ കനല്‍പോലെ കൊണ്ടുനടക്കുന്ന പരശ്ശതം ഗള്‍ഫ് ജീവിതത്തിന് തിരിച്ച്‌പോക്കിന്റെ നോവിന് കഠിന വേദന കാണില്ല. കാരണം അവിടെയായാലും ഇവിടെയായാലും എല്ല് മുറിയെ പണിയെടുക്കണം.
കൂട്ടിക്കിഴിക്കലിന് ശേഷമുള്ള മൂല്യം വെച്ച് നോക്കുമ്പോള്‍ മലയാളമണ്ണ് തന്നെയാണ് എന്ത്‌കൊണ്ടും ഗുണകരം.തിരിച്ച് പോക്കിനെ പേടിക്കുന്നവരാരാണ്? ഒരു 'നിരീക്ഷ'ണത്തിലും പെടാത്ത ചെറിയ ശതമാനമാണ് മടക്കയാത്രയെ ഭയപ്പെടുന്നതും മറ്റുള്ളവരെ ഭയപ്പെടുത്തുന്നതും.
കുടുംബവും കുട്ടികളുമായി വൈറ്റ് കോളര്‍ ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ച് പോക്ക് ഭയാനകമായ ശൂന്യത തീര്‍ക്കുന്നുണ്ടാവാം. അക്കാദമിക്ക് സര്‍ട്ടിഫിക്കറ്റോ സാങ്കേതിക പരിജ്ഞാനമോ ഇല്ലാതെ ഉന്നതങ്ങളില്‍ 'വാക്പയറ്റ്' കൊണ്ട് കയറിപ്പറ്റിയവര്‍ക്ക് നാട്ടിലെ വ്യവസ്ഥിതിക്ക് അനുസരിച്ച് ജോലി സമ്പാദിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അസോസിയേഷനിലെ ഭാരവാഹിത്വവും സംഘടനയുടെ തലപ്പത്തും കയറി ഒരു ചെറുസമൂഹത്തിന്റെ മേലാളനായി കഴിഞ്ഞവര്‍ക്ക് തിരിച്ച് പോക്ക് അസഹ്യമാവുന്നതില്‍ അത്ഭുതമില്ല.
അവര്‍ എഴുതുന്ന ലേഖനങ്ങളിലും കോട്ടും ടൈയും കെട്ടി ഇരിക്കുന്ന ചാനല്‍ ചര്‍ച്ചകളിലും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതായി കാണുന്നില്ല.ഒരു തിരിച്ച് പോക്ക് വേണ്ടിവന്നാല്‍ മക്കളുടെ വിദ്യാഭ്യാസം, ജോലി, വീട്, വസ്ത്രം, കാറ്, ഭക്ഷണം, എന്നിങ്ങനെ പേടിപ്പെടുത്തുന്ന ഭാവികാലത്തിന്റെ വരാനിരിക്കുന്ന കറുത്ത ദിനങ്ങളെ ഓര്‍ത്ത് വേവലാതിപ്പെടുകയാണ്.
നാം കേരളീയര്‍ മാത്രമാണ് തിരിച്ച്‌പോക്കിനെ ഭയക്കുന്നവര്‍. മടങ്ങേണ്ടിവന്നാല്‍ നാം എന്ത് ചെയ്യും എന്നത് മുന്‍കൂട്ടി തീരുമാനിക്കാന്‍ ആവുന്നതാണെന്നും മടങ്ങേണ്ടിവന്നാല്‍ സന്തോഷം മടങ്ങുക. അന്യദേശത്ത് ഇത്രയും കാലം സസുഖം വാഴാന്‍ അനുവദിച്ചതിനെ വന്ദിക്കുക. ഈ നാട്ടിലെ ജനങ്ങളും ഇവിടത്തെ ഭരണകര്‍ത്താക്കളും നല്‍കിയ സ്‌നേഹത്തിനും കൂറിനും നന്ദിപറയുക.
പിസ്സയും ബര്‍ഗറും ഏസിയും ബെന്‍സും അമേരിക്കന്‍ സ്‌കൂളും ഇല്ലെങ്കിലും കേരളം നമ്മുടെ നടാണ്. മാതൃരാജ്യത്തിലേക്കുള്ള മടക്കത്തിനപ്പുറം സന്തോഷം മറ്റെന്തിനുണ്ട്. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കണമെങ്കില്‍ വിദേശരാജ്യം തൊഴില്‍ തരാനുള്ള സന്‍മനസ്സുകാണിക്കണം. ഗള്‍ഫ് രാജ്യം പുറന്തള്ളിയാല്‍ പഠിപ്പിച്ചതൊക്കെ പാഴായി പോകില്ലെന്നാരുകണ്ടു. കേരളത്തില്‍ ജോലി ചെയ്യാന്‍ ഭാഷാപഠനം ആവശ്യമില്ലല്ലൊ.
സ്വന്തം രാജ്യത്ത് തൊഴിലില്ലാത്ത ചെറുപ്പക്കാരും ചെറുപ്പക്കാരികളും വളരുന്നതാണ് ഗള്‍ഫ് മേഖലകളിലെ പ്രധാനപ്രശ്‌നം അവര്‍ക്ക് തൊഴില്‍ കൊടുത്തേ മതിയാവൂ. അറബ് വസന്തവും മുല്ലപ്പൂ വിപ്ലവും മുന്നിലുള്ളപ്പോള്‍ ഒരു പ്രതിഷേധസമരത്തിന് പോലും ഇവിടുത്തെ ഭരണാധികാരികള്‍ അവസരം കൊടുക്കില്ല. ന്യായമായ അവകാശങ്ങള്‍ അനുവദിച്ച് കൊടുത്തേമതിയാവൂ.
ഇത്രയും കാലം തീറ്റിപ്പോറ്റിയ നാടിനോട് നന്ദിയുള്ള കുഞ്ഞാടുകളായി അവരുടെ നിയമവും നിരീക്ഷണങ്ങളും അനുസരിക്കുക.നഷ്ടപ്പെടാനുള്ളവര്‍ക്ക് വിമ്മിഷ്ടം തോന്നുക സ്വാഭാവികം. കച്ചവടം, മുതല്‍മുടക്ക്, ബാങ്ക് ബാലന്‍സ്, ഫ്ലാറ്റ്, ഓഹരി, സംഘടനയുടെ നേതാവ്, ഇതൊക്കെ നഷ്ടപ്പെടുന്നവര്‍ക്കേ വേവലാതിയുള്ളൂ.
മുന്‍പ് ഗള്‍ഫിലേക്ക് വരുമ്പോള്‍ ഉമ്മറകോലായില്‍ നിന്ന് ചിന്തിച്ച് കൂട്ടിയ വേവലാതി മാത്രമേ ഇവിടുന്ന് തിരിച്ച് പോകേണ്ടിവരുമെന്ന് പറയുമ്പോള്‍ സധാരണക്കാരായ പ്രവാസിക്ക് ചിന്തിക്കാനുള്ളൂ.
ഗള്‍ഫ് തിരിച്ച് പോക്കിന് വേഗതകൂട്ടിയത് നാം തന്നെയാണ്. വലിയ വലിയ മാളുകളും ഹോട്ടലുകളും, ചെറുകിട കച്ചവടക്കാരെ അപ്പാടെ വിഴുങ്ങികളയുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളും ഡിപ്പാര്‍ട്ടമെന്റ് സ്റ്റോറുകളും തുടങ്ങി. ക്ലിനിക്കുകള്‍ക്ക് പകരം മള്‍ട്ടിസ്‌പെഷ്യാലിറ്റി ആസ്പത്രികളായി. സ്വദേശികളും മറ്റു അറബ് വംശജരും ഈ തള്ളിച്ചയില്‍ അന്തംവിട്ടു. വലിയ വലിയ സ്ഥാപനങ്ങള്‍ എല്ലാം തന്നെ വിദേശ ഇന്ത്യക്കാരുടെയും മറ്റു രാജ്യക്കാരുടെതുമാത്രമാണെന്നുള്ള തിരിച്ചറിവ്. അവരുടെ മനസ്സില്‍ അലോസരം സൃഷ്ടിച്ചിട്ടുണ്ടാവാം.
ജ്വല്ലറികളുടെ മാര്‍ക്കറ്റുകള്‍, പണമിടപാട് സ്ഥാപനങ്ങളുടെ നീണ്ടനിര, എല്ലാം മലയാളിയുടേത്. ഇന്ത്യക്കാരന്റേത്, പാകിസ്താനിയുടേത്. നമ്മുടെ ദേശത്ത് നമുക്കായ് എന്തുണ്ട് എന്ന തോന്നലുകള്‍ ഉടലെടുത്തിട്ടുണ്ടാവാം.
ഗള്‍ഫ് കാലം കഴിഞ്ഞെന്ന് പറയുന്നതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഓരോ തലമുറയും അവര്‍ക്ക് ശേഷം കഴിഞ്ഞു. ഇങ്ങോട്ടാരും വരേണ്ട,എന്നൊക്കെ പറയുമ്പോഴും പാസ്‌പോര്‍ട്ട് കോപ്പിയും രണ്ട് ഫോട്ടോയും പാന്റിന്റെ പോക്കറ്റില്‍ കാണും. അങ്ങനെ വന്നണഞ്ഞവര്‍ മറ്റുള്ളവരോട് പറയും കഴിഞ്ഞു. ഇനി വിസ ഇല്ല. ഈ വാക്കും പ്രവൃത്തിയും തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. കോഴിക്കോട്ട് നിന്നും, കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും വിമാനങ്ങള്‍ പറന്ന് കൊണ്ടിരിക്കുന്നു. അതിലെല്ലാം വിസിറ്റായും എംപ്ലോയ്‌മെന്റ് വിസയായും. പുതുതലമുറയും എത്തുന്നു.
തിരിച്ച് പോക്കിന്റെ വേവലാതി നാം തന്നെ പങ്കിട്ടെടുക്കയാണല്ലൊ. ഇവിടെയുള്ള പത്രദൃശ്യ ശ്രാവ്യമാധ്യമങ്ങള്‍ എല്ലാം തന്നെ ഗള്‍ഫ് മേഖലയില്‍ തന്നെ ചുറ്റിക്കറങ്ങുകയാണ്. യുദ്ധം കൊണ്ട് ഒറ്റപ്പെട്ട് പോയ ഒരു രാജ്യത്തിലെ ജനങ്ങളെ പോലെയാണ് പ്രവാസികള്‍ നമ്മുടെ പ്രശ്‌നങ്ങള്‍ പുറം ലോകമറിയുന്നില്ല. ഗള്‍ഫ് എഡിഷനുകള്‍ തീര്‍ത്ത് ഗള്‍ഫില്‍ തന്നെ വാര്‍ത്തകള്‍ ജീര്‍ണ്ണിക്കുകയാണ്. ഗള്‍ഫ് കവി, പ്രവാസി രചന, പ്രവാസി എഴുത്തുകാരന്‍, ഗള്‍ഫ് കോളം എന്നിവകൊണ്ട് നാം നല്‍കിയത് നമുക്ക് തന്നെ നല്‍കിക്കൊണ്ട് 'സായൂജ്യ' മടയുകയാണ്.
പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ നമുക്കാരാണ് ഉള്ളത്. വിമാനം ചാര്‍ട്ട് ചെയ്ത് വോട്ട് നല്‍കി വിജയിപ്പിച്ചവരാണ് ഭരിക്കുന്നത്. പ്രവാസിമന്ത്രിയും വ്യോമയാനമന്ത്രിയും കേരളീയനായ 'ഭാഗ്യം' ലഭിച്ചവരാണ് നമ്മള്‍ എന്നിട്ടൊ?
പുനരധിവാസവും പെന്‍ഷനും വേണമെന്നുള്ള മുറവിളിക്ക് നീണ്ടകാലയളവുണ്ട്. മാന്യമായ ടിക്കറ്റ് കൂലി അനുവദിക്കാനെങ്കിലും ഒരാളുണ്ടായെങ്കില്‍.നമുക്ക് ഫിലിം അവാര്‍ഡും മിമിക്രിയും ഓണപ്പരിപാടിയും ഡാന്‍സ് പാര്‍ട്ടിയും കണ്ടിരിക്കാം. പരാതി പറയുന്നവര്‍ പാര്‍ട്ടിക്ക് പുറത്താകുന്നകാലം.. അല്ലെങ്കില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടോ? മന്ത്രിമാരും ഉത്തരവാദപ്പെട്ടവരും വരുന്നത്. ഞാന്‍ സൂചിപ്പിച്ച 'ചെറുശതമാന' ത്തിന്റെ കൈയില്‍ കാറില്‍ നിന്ന് കാര്‍പ്പറ്റിലേക്കിറങ്ങി. ശീതീകരിച്ച വരള്‍ച്ചയിലേക്ക് ആനയിക്കുന്നവര്‍ക്ക് പറയാന്‍ അവരുടെ പ്രശ്‌നങ്ങള്‍. പുതിയ സ്ഥലത്തിന്റെ നിലം നികത്തി തുടങ്ങാന്‍ പോകുന്ന ബിസിനസ്സിന്റെ പേപ്പര്‍ ശരിയാക്കല്‍. മക്കളുടെ അഡ്മിഷന്‍, പിന്നെ സര്‍ട്ടിഫിക്കറ്റിലേക്കുള്ള തുകയും.
താലപ്പൊലിയും, ചെണ്ടമേളവും കാതടപ്പിക്കുന്ന കോലാഹലങ്ങളുമായി ഇവര്‍ മന്ത്രിമാരെ 'ചെകിടടപ്പി'ക്കുന്നു. പുരുഷാരത്തിന്റെ തള്ളിച്ചയില്‍ നേതാക്കള്‍ കാറിലേറുന്നു. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമയം ചോദിക്കുന്നു. അറുപതാണ്ട് പഠിച്ചിട്ടും പഠിക്കാത്തവര്‍ നമ്മളെ ഭരിക്കുന്നു. വീണ്ടും വീണ്ടും പാഠം ചൊല്ലിക്കൊടുക്കാന്‍ പ്രവാസികള്‍ ഉടുമുണ്ട് താഴ്ത്തി ഓച്ഛാനിച്ച് നില്‍ക്കുന്നു. തിരിച്ച് പോകാന്‍ ആര്‍ക്കാണ് പേടി. മറുപടി അര്‍ഹിക്കുന്ന ചോദ്യമാണ്.
വാല്‍കഷ്ണം: കഴിഞ്ഞ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഗള്‍ഫില്‍ വന്നില്ല. നമ്മളെ കണ്ടില്ല. നമ്മുടെ പരാതി കേട്ടില്ല. നന്ദിയുണ്ട് സാര്‍ അങ്ങെങ്കിലും നമ്മുടെ ശാപത്തില്‍ നിന്ന് രക്ഷപ്പപെട്ടല്ലോ.
കടപ്പാട് : ഫസീല റഫീഖ് (മാതൃഭൂമി)
No comments:
Post a Comment