സ്മാര്‍ട്ട് സിറ്റിയും സ്മാര്‍ട്ടല്ലാത്ത ഭരണകൂടവും
"ഒരു നിശ്ചയവുമില്ലയൊന്നിനും വരുമോരോ ദശ വന്നപോലെ പോം....' എന്ന കവിവാക്യം പോലെയാണ് സ്മാര്‍ട്ട് സിറ്റിയുടെ ഇപ്പോഴത്തെ അവസ്ഥ! ഫരീദ് അബ്ദുറഹിമാനും കൂട്ടരും മാസാമാസം ദുബായില്‍നിന്ന് കൊച്ചിയിലേക്ക് വിമാനം കയറും. ഡയരക്ടര്‍ ബോര്‍ഡ് മീറ്റിംഗില്‍ പങ്കെടുക്കും. വന്നപോലെ തന്നെ തിരിച്ച് പോവുകയും ചെയ്യും. തൊട്ടു പിന്നാലെ മന്ത്രി ശര്‍മ്മയുടെ ഒരു പ്രസ്താവനയും വരും; ചര്‍ച്ച തുടരുന്നു എന്ന മട്ടില്‍! ഇങ്ങനെ ചര്‍ച്ച ചെയ്ത് കളഞ്ഞത് ഒന്നും രണ്ടും ദിവസമല്ല. അഞ്ച് കൊല്ലമാണ്! കേരളീയ സാഹചര്യത്തില്‍ സ്വപ്നസമാനമായ ഒരു പദ്ധതിയെ എങ്ങനെ കുളത്തിലിറക്കി കുളിപ്പിച്ച് കിടത്താം എന്ന് ബോധ്യപ്പെടുത്തിക്കഴിഞ്ഞു ഇടത് സര്‍ക്കാര്‍. ഇതിന് വല്ല അവാര്‍ഡും കൊടുക്കാനുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ഇടത് സര്‍ക്കാറിനുതന്നെ അവകാശപ്പെട്ടതാണ്. നമ്മുടെ നാട്ടിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്കുനേരെ ഇതിലും വലിയൊരു പാരപണിയാന്‍ മറ്റേത് സര്‍ക്കാറിനാണ് കഴിയുക!
സ്മാര്‍ട്ട്സിറ്റി എന്ന് പറയുന്നത് ഒരു ഐ.ടി. പ്രൊജക്ട് എന്നതിലുപരി ഒരു പുതിയ ആശയമാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ഇത്രയും ജനസാന്ദ്രത കൂടിയ ഒരു സംസ്ഥാനത്ത് വലിയ തോതിലുള്ള മലിനീകരണ പ്രശ്നങ്ങളും മറ്റുമുണ്ടാക്കുന്ന വന്‍ വ്യവസായ ശാലകള്‍ സ്ഥാപിക്കാന്‍ കഴിയില്ല. ഐ.ടി. അധിഷ്ഠിത വ്യവസായ സംരംഭങ്ങള്‍ക്കാണ് കേരളം മുന്‍ഗണന നല്‍കേണ്ടത്. അതിന് ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. നൂറ് ശതമാനം സാക്ഷരതയുള്ള നാടാണ് നമ്മുടേത്. പുതിയ തലമുറ നൂറ് ശതമാനം കമ്പ്യൂട്ടര്‍ സാക്ഷരതകൂടി നേടിയാണ് വളര്‍ന്നുവരുന്നത്. എല്‍.പി. ക്ലാസ് മുതല്‍ കമ്പ്യൂട്ടര്‍ പഠനം നേടുകയാണ് കുട്ടികള്‍. പ്ലസ്ടു വരെ പഠിക്കുന്ന ഒരു കുട്ടിക്ക് ഈ രംഗത്ത് അത്യാവശ്യം നല്ല പ്രാവീണ്യമുണ്ടാകും. മറ്റ് സംസ്ഥാനങ്ങളിലും സ്കൂളില്‍ പോകുന്ന കുട്ടികള്‍ കമ്പ്യൂട്ടര്‍ പഠിക്കുന്നുണ്ടാകാം. പക്ഷെ അവിടെ സ്കൂളില്‍ പോകുന്ന കുട്ടികളുടെ ശതമാനം കേരളത്തേക്കാള്‍ എത്രയോ കുറവാണ്. വലിയ കമ്പ്യൂട്ടര്‍ വിദഗ്ദ്ധര്‍ ഒന്നുമായില്ലെങ്കിലും കേരളത്തിലെ നൂറ് ശതമാനം കുട്ടികള്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതില്‍ അത്യാവശ്യം വേണ്ട പ്രാവീണ്യമുണ്ടെന്നര്‍ത്ഥം. പ്ലസ്ടു കഴിയുന്ന ഒരു കുട്ടിക്ക് ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തില്‍പോയി ഐ.ടി.യുമായി ബന്ധപ്പെട്ട ഏതെങ്കിലും ഹ്രസ്വകാല കോഴ്സുകള്‍ ചെയ്താല്‍ ഇപ്പോള്‍തന്നെ ചെറിയ വരുമാനമുള്ള ജോലി നേടാന്‍ പ്രയാസമുണ്ടാവില്ല. ഈ മേഖലയില്‍ ഉന്നത പഠനം നേടിയവര്‍ക്കുള്ള അവസരങ്ങള്‍ വേറെ. അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ അടക്കമുള്ള ആളുകള്‍ "ഔട്ട് സോഴ്സിംഗിന്' എതിരാണെങ്കിലും അടുത്ത കാലത്തൊന്നും അമേരിക്കന്‍ ഐ.ടി. കമ്പനികള്‍ക്ക് ഇത് അവസാനിപ്പിക്കാന്‍ കഴിയില്ല. ഈ ജോലി ചെയ്യാന്‍ പ്രാഗത്ഭ്യം നേടിയ ചെറുപ്പക്കാര്‍ കേരളത്തില്‍ ധാരാളമുണ്ട്. പക്ഷെ പണി കിട്ടണമെങ്കില്‍ ബംഗളൂരുവിലേക്കോ ചെന്നൈയിലേക്കോ വണ്ടി കയറണമെന്ന് മാത്രം! ബംഗളൂരുവിലെ ഏത് ഐ.ടി. കമ്പനിയില്‍ ചെന്നാലും പെണ്‍കുട്ടികളടക്കമുള്ള മലയാളികള്‍ "സ്മാര്‍ട്ടായി' ജോലി ചെയ്യുന്നത് കാണാം. പലര്‍ക്കും മാസത്തില്‍ ലക്ഷത്തിലധികം രൂപയാണ് ശമ്പളം. കേരളത്തില്‍ അവസരമില്ലാത്തതുകൊണ്ട് മാത്രമാണ് ഈ മനുഷ്യ വിഭവശേഷി അതിര്‍ത്തി കടക്കുന്നത്. തിരുവനന്തപുരത്തെ ടെക്നോ പാര്‍ക്ക് മാത്രമാണ് ഈ രംഗത്ത് കേരളത്തിലെ ശ്രദ്ധേയമായ ഏക സംരംഭം. ഇതിന്റെ കുറേക്കൂടി ആധുനികമായ രൂപമാണ് യു.ഡി.എഫ്. ഭരണകാലത്ത് കൊച്ചിയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്ന സ്മാര്‍ട്ട് സിറ്റി. അഞ്ചുവര്‍ഷംകൊണ്ട് ഈ സ്വപ്നത്തെ ഇഞ്ചിഞ്ചായി കൊന്നത് മാത്രമാണ് ഇടത് സര്‍ക്കാറിന്റെ മികച്ച ഭരണനേട്ടം. യു.ഡി.എഫ്. ഭരണകാലത്ത് വ്യവസായമന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി കൊണ്ടുവന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് എന്തെങ്കിലും ന്യൂനതകളുണ്ടായിരുന്നെങ്കില്‍ അത് പരിഹരിച്ച് ഇടത് സര്‍ക്കാറിന് അവരുടെ കാഴ്ചപ്പാടിന് അനുസൃതമായി ഇത് നടപ്പിലാക്കിയെടുക്കാനുള്ള സമയമുണ്ടായിരുന്നു. ആ സമയമാണ് ഒന്നും ചെയ്യാതെ ഈ സര്‍ക്കാര്‍ തുലച്ചുകളഞ്ഞത്. സ്മാര്‍ട്ട്സിറ്റിയുടെ കാര്യത്തില്‍ മാത്രമല്ല; വിഴിഞ്ഞം തുറമുഖ പദ്ധതിയുടെയും നാലുവരിപ്പാതയുടെയുമൊക്കെ കാര്യത്തിലും ഇതൊക്കെത്തന്നെയാണ് സംഭവിച്ചത്.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്താന്‍ രണ്ട് കാര്യങ്ങളെ ചെയ്യേണ്ടതുള്ളൂ. ഒന്ന്: അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ്. രണ്ട്: മാനവ വിഭവ ശേഷിയുടെ വികസനമാണ്. 38863 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള മൂന്നര കോടിയോളം ജനങ്ങള്‍ അധിവസിക്കുന്ന ചെറിയൊരു സംസ്ഥാനമാണ് കേരളം. ഒരു ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ കേരളത്തില്‍ 819 ആളുകള്‍ താമസിക്കുന്നു. കേരളത്തില്‍ ഒരു ഗ്രാമപഞ്ചായത്ത് വാര്‍ഡിന്റെ ശരാശരി ചുറ്റളവും ജനസംഖ്യയും ഏറെക്കുറെ ഇതുതന്നെയാണ്. ഇക്കാര്യത്തില്‍ കേരളത്തിന്റെ പ്രത്യേകത അറിയണമെങ്കില്‍ ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനവുമായി താരതമ്യം ചെയ്തുനോക്കണം. ഉദാഹരണമായി മധ്യപ്രദേശിന്റെ ആകെ വിസ്തീര്‍ണ്ണം 308144 ചതുരശ്ര കിലോമീറ്ററാണ്. ആകെ ജനസംഖ്യ ആറരകോടിയോളം വരും. അതായത് കേരളത്തില്‍ മുപ്പത്തിയെട്ടായിരം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ മൂന്നരകോടി മനുഷ്യര്‍ ജീവിക്കുമ്പോള്‍ അതിന്റെ പത്തിരട്ടി വലിപ്പമുള്ള മധ്യപ്രദേശില്‍ കേരളത്തിന്റെ ഇരട്ടി ജനസംഖ്യയേ ഉള്ളൂ എന്നര്‍ത്ഥം. ജനങ്ങള്‍ ഇങ്ങനെ തിങ്ങിപ്പാര്‍ക്കേണ്ട മറ്റൊരു സംസ്ഥാനം മെട്രോ നഗരങ്ങളല്ലാതെ ഇന്ത്യയില്‍ വേറെയില്ല. അനുഗൃഹീതമായ ഭൂപ്രകൃതി, നല്ല കാലാവസ്ഥ, സമ്പൂര്‍ണ്ണ സാക്ഷരത, ഉയര്‍ന്ന ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ ഇതൊക്കെ കേരളത്തിന്റെ പ്രത്യേകതകളാണ്. ഈയൊരു പ്രദേശത്തെ സമഗ്രമായി കണ്ട് ഒരു ഇരുപത്തിയഞ്ച് വര്‍ഷത്തിനകം പൂര്‍ത്തീകരിക്കേണ്ട വികസന പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള ഒരു കാഴ്ചപ്പാടുണ്ടാക്കണം. ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കലാണ് ആദ്യപടി. അതില്‍ നാലുവരിപ്പാതയും മെട്രോ റെയിലും മൊത്തത്തിലുള്ള റെയില്‍വെ വികസനവും, ജലപാതകളുടെ നവീകരണവും ഒക്കെപ്പെടും. ഇക്കാര്യത്തില്‍ ഇന്ന് കാണിക്കുന്ന അലംഭാവം വരുംതലമുറയോട് ചെയ്യുന്ന കൊടിയ പാതകമാകും.
അടിസ്ഥാന സൗകര്യ വികസനംപോലെതന്നെ പ്രധാനമാണ് മാനവശേഷി വികസനവും. മൂന്നര കോടിയോളംവരുന്ന കേരളത്തിലെ ജനസംഖ്യയില്‍ ഒരു കോടിയില്‍ അധികംവരും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ എണ്ണം. ഇവര്‍ക്ക് ശരിയായ രീതിയില്‍ വിദ്യാഭ്യാസം നല്‍കാനും തൊഴില്‍ നല്‍കാനുമുള്ള സംവിധാനമാണ് ഉണ്ടാക്കേണ്ടത്. ഇതിന് രണ്ടിനും ആവശ്യമായ പണം സര്‍ക്കാര്‍ ഖജനാവിലില്ല എന്ന സത്യം മാലോകര്‍ക്ക് മുഴുവനും അറിയാം. കേരളത്തില്‍ പുതിയ എഞ്ചിനീയറിംഗ് കോളജുകളും മെഡിക്കല്‍ കോളജുകളും മറ്റ് പ്രൊഫഷണല്‍ സ്ഥാപനങ്ങളും തുടങ്ങാന്‍ സര്‍ക്കാര്‍ ഖജനാവിലെ പണം ഊറിവരുന്നതും കാത്തിരുന്നാല്‍ കേരളത്തിന്റെ സ്ഥിതിയെന്താകും? ഈ മേഖലയില്‍ പണം മുടക്കാന്‍ തയാറുള്ള സ്വകാര്യ സംരംഭകരെ കണ്ടെത്തി അണ്‍ എയ്ഡഡ് മേഖലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ക്ക് തുടക്കം കുറിച്ചത് കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാറാണ്. കേരളത്തിലെ ആദ്യത്തെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളജ് കുറ്റിപ്പുറത്ത് അനുവദിച്ചത് ഇ.ടി. മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസമന്ത്രിയായിരിക്കുമ്പോഴാണ്. ഒരുപക്ഷേ കേരളത്തിന്റെ ചരിത്രത്തില്‍തന്നെ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടത് നാലകത്ത് സൂപ്പി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ കാലത്തായിരിക്കും. ഇനിയും ഈ രംഗത്ത് നിരവധി സാധ്യതകള്‍ ഉണ്ട്. അത് കണ്ടെത്തി പരിപോഷിപ്പിച്ചെടുക്കുകയാണ് ദീര്‍ഘദൃഷ്ടിയുള്ള ഭരണാധികാരികള്‍ ചെയ്യേണ്ടത്.
കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നേടാനുള്ള സൗകര്യമൊരുക്കിക്കൊടുക്കാനും ഇതേ രീതിതന്നെ പിന്തുടരുകയാണ് പ്രായോഗിക സമീപനം. ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്ന ലക്ഷക്കണക്കിന് യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ കേരളത്തിലെ ഒരു സര്‍ക്കാറിനും കഴിയില്ല. പക്ഷേ ഈ മേഖലയിലും മുതല്‍ മുടക്കാന്‍ തയ്യാറുള്ള സ്വകാര്യ സംരംഭകര്‍ ധാരാളമുണ്ട്. അവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കിക്കൊടുത്താല്‍ മാത്രംമതി. അതിനര്‍ത്ഥം കേരളത്തിന്റെ ഭൂമിയും വെള്ളവും പരിസ്ഥിതിയുമൊക്കെ ആര്‍ക്കെങ്കിലും തീരെഴുതി കൊടുക്കണമെന്നല്ല. നമ്മുടെ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുതന്നെ അവയൊക്കെ നടപ്പിലാക്കിയെടുക്കാന്‍ ആര്‍ജ്ജവമുള്ള ഭരണാധികാരികള്‍ക്ക് കഴിയും. അത് കാണിച്ചുതന്നയാളാണ് മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍. അതിന്റെ ഏറ്റവും മികച്ച മാതൃകയാണ് ഇന്ത്യയില്‍തന്നെ സ്വകാര്യ പങ്കാളിത്തത്തോടെ പണിതുയര്‍ത്തിയ ആദ്യ സംരംഭമായ നെടുമ്പാശ്ശേരിയിലെ അന്താരാഷ്ട്ര വിമാനത്താവളം.
ഇത്തരത്തില്‍ കേരളത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ട മികച്ചൊരു സംരംഭകത്വ മാതൃകയായിരുന്നു കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി. പക്ഷെ കഴിഞ്ഞ അഞ്ചുകൊല്ലവും അതിട്ട് തട്ടിക്കളിച്ച് ഓരുവഴിക്കാക്കിയ ഈ സര്‍ക്കാര്‍ വരും തലമുറയോട് മാപ്പുപറയേണ്ടിവരുമെന്നുറപ്പാണ്. കേരളത്തില്‍ ഓരോ അഞ്ചുകൊല്ലവും കഴിയുമ്പോള്‍ ഭരണത്തിലേറുന്ന ഇടത് സര്‍ക്കാറുകള്‍ പത്തുകൊല്ലം വീതമാണ് കേരളത്തെ പിറകോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്
അവലംബം:chandrikaonline (ഹനീഫ പുതുപറമ്പ്)
No comments:
Post a Comment