മനുഷ്യന്‍
പ്രസിദ്ധനായ ഒരു സൂഫിയും അദ്ദേഹത്തിന്റെ ശിഷ്യരും പതിവ് യാത്രയിലായിരുന്നു. വഴിയില്‍ കുറച്ച് പേര്‍ കക്കൂസ് വൃത്തിയാക്കുന്നത് അവര്‍ കണ്ടു. ദുര്‍ഗന്ധം സഹിക്കാനാവാതെ ശിഷ്യരില്‍ ചിലര്‍ തിരിഞ്ഞ് നടക്കാനൊരുങ്ങി. അപ്പോള്‍ സൂഫി അവരോട് ചോദിച്ചു. ‘ ദുര്‍ഗന്ധം വമിക്കുന്ന ഈ മലം നിങ്ങളോട് മൗനമായി പറയുന്ന കാര്യമെന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ’. ശിഷ്യര്‍ പറഞ്ഞു: ഇല്ല ഗുരോ അങ്ങ് പറഞ്ഞു തന്നാലും.
സൂഫി: ഇന്നലെ വരെ ആരും ആഗ്രഹിക്കുന്ന മധുര പലഹാരങ്ങളും പഴങ്ങളുമായിരുന്നു ഞാന്‍. നിങ്ങളുടെ വയറ്റിലെത്തി ഒറ്റ രാത്രി കൊണ്ട് എന്റെ സ്ഥിതി ഇങ്ങനെയായി. ഇപ്പോള്‍ നിങ്ങള്‍ എന്നില്‍ നിന്നും ഓടിയകലാന്‍ ശ്രമിക്കുന്നു. യഥാര്‍ഥത്തില്‍ ഞാന്‍ നിങ്ങളില്‍ നിന്നായിരുന്നു ഓടിയകലേണ്ടിയിരുന്നത്.
ഭരണാധികാരി
ഖലീഫ ഹാറൂണ്‍ റഷീദ് ആ തവണ പ്രസിദ്ധനായ സൂഫിയോടൊപ്പമാണ് ഹജ്ജിന് പുറപ്പെട്ടത്. ഹജ്ജിലെ ചടങ്ങുകള്‍ക്കായി അറഫയില്‍ സംഗമിച്ച ജനസമൂഹത്തെ ചൂണ്ടി സൂഫി, ഖലീഫ ഹാറൂണ്‍ റഷീദിനോട് ചോദിച്ചു. ‘ ഇവിടെ എത്ര പേര്‍ കൂടിയിരിക്കുന്നുവെന്ന് കണക്കാക്കാനാവുമോ?’. ‘ ഇല്ല, എണ്ണിക്കണക്കാക്കനാകാത്തത്രയും ജനങ്ങളുണ്ടിവിടെ’- ഖലീഫ പ്രതികരിച്ചു.
സൂഫി: അവരില്‍ ഓരോ ആളുകളോടും സ്വന്തം പ്രവൃത്തിയെക്കുറിച്ച് മാത്രമേ നാളെ ചോദിക്കപ്പെടുകയുള്ളൂ. എന്നാല്‍ ഭരണാധികാരിയെന്ന നിലയില്‍ അവരെല്ലാവരെക്കുറിച്ചും താങ്കളോട് ചോദിക്കപ്പെടും.
ചെരുപ്പ് കുത്തിയുടെ പ്രാര്‍ഥന
ഒരു സൂഫിയുടെ അടുത്ത് ചെരുപ്പ് കുത്തി വന്ന് പറഞ്ഞു: എന്റെ കാര്യം വളരെ കഷ്ടമാണ്. ഞാനുമായി ബന്ധപ്പെടുന്നവരെല്ലാം പാവങ്ങളാണ്. ഒരു ജോഡി ചെരുപ്പ് മാത്രമുള്ളവര്‍ . പലര്‍ക്കും കാലത്ത് ജോലിക്ക് പോകാനുള്ളതാണ്. രാത്രി മുഴുവന്‍ ഞാനവരുടെ ചെരുപ്പിന്റെ ജോലിയിലായിരുന്നു. അപ്പോള്‍ എനിക്ക് ചോദിക്കാനുള്ളത് ഇതാണ്: പ്രഭാത പ്രാര്‍ഥനക്ക് എനിക്ക് അധികം സമയമെടുക്കാനാവുന്നില്ല. എളുപ്പത്തില്‍ പ്രാര്‍ഥന പൂര്‍ത്തിയാക്കി ഞാന്‍ ജോലിയിലേക്ക് മടങ്ങും. അപ്പോഴെനിക്ക് വല്ലാത്ത നഷ്ട ബോധമുണ്ടാവും. ഓരോ ചെരിപ്പും നന്നാക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ നെടുവീര്‍പ്പുകള്‍ ഉയരും. എന്തൊരു നിര്‍ഭാഗ്യവാനാണ് ഞാന്‍. എന്റെ പ്രാര്‍ഥന പോലും ശരിയായി ചെയ്യാന്‍ കഴിയുന്നില്ലല്ലോ?.
അപ്പോള്‍ സൂഫി പറഞ്ഞു. ഞാന്‍ ഈശ്വരനായിരുന്നെങ്കില്‍ ആ നെടുവീര്‍പ്പിന് പ്രാര്‍ഥനയെക്കാള്‍ വിലമതിക്കുമായിരുന്നു.
സ്വപ്‌നങ്ങളും ഒരു കഷ്ണം റൊട്ടിയും
മൂന്ന് യാത്രക്കാര്‍ അവരുടെ നീണ്ട യാത്രയില്‍ സുഹൃത്തുക്കളായി. സന്തോഷവും ദു:ഖവുമെല്ലാം അവര്‍ പങ്കുവെച്ചു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരുടെ കയ്യില്‍ ഒരു കഷ്ണം റൊട്ടിയും കുറച്ച് വെള്ളവും മാത്രമേ ഉള്ളൂവെന്ന് അവര്‍ തിരിച്ചറിഞ്ഞു. ആ റൊട്ടി ആരെടുക്കണമെന്ന ചര്‍ച്ചയായി.
സന്ധ്യയായപ്പോള്‍ ഒരാള്‍ പറഞ്ഞു: നമ്മള്‍ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ ഏറ്റവും നല്ല സ്വപ്‌നം കണ്ടയാള്‍ റൊട്ടി എന്ത് ചെയ്യണമെന്ന് തീരുമാനിക്കട്ടെ. അടുത്ത ദിവസം രാവിലെ മൂന്ന് പേരും ഉറക്കമെഴുന്നേറ്റു. ഒന്നാമന്‍ തന്റെ സ്വപ്‌നം വിവരിച്ചു. ‘ഞാന്‍ ഒരു അത്ഭുത ലോകത്തെത്തി. അവിടെ ഒരു ജ്ഞാനിയെ കണ്ടു. നീയാണ് ഈറൊട്ടിക്ക് ഏറ്റവും അര്‍ഹന്‍ എന്ന് അദ്ദേഹം പറഞ്ഞു. നീന്റെ ഭൂതവും ഭാവിയുമെല്ലാം വിലയേറിയതാണെന്നും അദ്ദേഹം പറഞ്ഞു’.രണ്ടാമന്‍ തന്റെ സ്വപ്‌നം പറഞ്ഞു. ‘ സ്വപ്‌നത്തില്‍ എന്റെ ഭൂതവും ഭാവിയും കണ്ടു. എന്റെ ഭാവി കാലത്തില്‍ ഞാനൊരു ജ്ഞാനിയെ കണ്ടു. അദ്ദേഹം പറഞ്ഞു: നിന്റെ സുഹൃത്തുക്കളെക്കാളെല്ലാം നീയാണ് റൊട്ടിക്ക് അര്‍ഹന്‍. നീ ക്ഷമാശീലനും അറിവുള്ളവനുണ്’.
മൂന്നാമന്റെ തന്റെ സ്വപനം വിവരിച്ചു: എന്റെ സ്വപ്‌നത്തില്‍ ഞാനാരെയും കണ്ടില്ല. ഒന്നും കേള്‍ക്കുയും ചെയ്തില്ല. എന്നെ ആരോ എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചപോലെ തോന്നി. ഞാന്‍ എഴുന്നേറ്റു. റൊട്ടിയും വെള്ളവും കണ്ടു. അതെല്ലാം കഴിച്ചു.
മരണഭയം
കപ്പലില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു സൂഫിയോട് യാത്രക്കാര്‍ ഓരോരുത്തരും ഓരോ ഉപദേശം ചോദിച്ചു.എല്ലാവര്‍ക്കും സൂഫി ഒരേ ഉപദേശം നല്‍കി. ‘ മരണത്തെക്കുറിച്ച് ബോധവാനാകാന്‍ ശ്രമിക്കൂ, മരണം എന്താണെന്ന് അറിയുന്നത് വരെ’. ആരും ഈ ഉപദേശം കാര്യമായെടുത്തില്ല.കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഒരു കൊടുങ്കാറ്റ് കപ്പലിനെ ഇളക്കി മറിച്ചു. യാത്രക്കാര്‍ എല്ലാവരും ഭയം കൊണ്ട് ഉച്ചത്തില്‍ നിലവിളിച്ചു. ദൈവത്തെ വിളിച്ച് പ്രാര്‍ഥിച്ചു.
ഈ സമയമത്രയും സൂഫി ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ ഇരിക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ കാറ്റും കോളും അടങ്ങി. കടല്‍ ശാന്തമായി. സൂഫിയുടെ ശാന്തത യാത്രക്കാരെ അമ്പരപ്പെടുത്തി.
അവര്‍ കാര്യം അന്വേഷിച്ചു. സൂഫി പറഞ്ഞു: ‘കടലിലും കരയിലുമിരിക്കുമ്പോള്‍ നമുക്കും മരണത്തിനുമിടയിലുള്ള അകലം വളരെ കുറച്ചാണെന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്’.
No comments:
Post a Comment