Sunday, February 28, 2010

പ്രവാസികളുടെ കുട്ടികള്‍ വളരുകയാണ്

ഗള്‍ഫ് കുടുംബങ്ങളിലെ ആകുലതകള്‍, പ്രയാസങ്ങള്‍ നമ്മള്‍ ഒരുപാട് ചര്‍ച്ച ചെയ്തു. അതൊക്കെ മുതിര്‍ന്നവരുടെ പ്രശ്്‌നങ്ങളും പരിഭവങ്ങളും ഗൃഹാതുരത്വ നൊമ്പരങ്ങളുമാണ്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി നാം നമ്മുടെ കുട്ടികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഈ പ്രവാസ ഭൂമിയില്‍ നമ്മോടൊത്തു അവരും വളരുകയാണ്. നാം ചേര്‍ക്കുന്ന സ്‌കൂളുകളില്‍... നാം ഇഷ്ടപ്പെടുന്ന സിലബസില്‍.. നാം നിര്‍ദേശിക്കുന്ന സമയത്ത്... അവര്‍ പഠിക്കുകയാണ്. ഇടുങ്ങിയ താമസ സൗകര്യത്തില്‍ ഒരു പഠനമുറി (അല്ല പഠനസ്ഥലം) അവര്‍ക്ക് അനുവദിക്കുകയാണ്. ആവശ്യപ്പെട്ട കമ്പ്യൂട്ടറും ഒരു കൊച്ചുകട്ടിലും... അനുബന്ധ സാധനങ്ങളുമായി നാം നമ്മുടെ കുട്ടികളെ മൂലയിലിരുത്തി. പഠനവും ട്യൂഷനും... വീഡിയോ ഗെയിമും... മാത്രമാണോ നമ്മുടെ കുട്ടികള്‍ക്കാവശ്യം.അല്ല, എന്ന് എല്ലാ മാതാപിതാക്കള്‍ക്കും അറിയാം. പക്ഷേ എന്ത് ചെയ്യാം. വായു കടക്കാത്ത മുറിയില്‍ നിന്ന് എ.സി.യുടെ ശീതികരിച്ച സ്‌കൂള്‍ ബസ്സിലേക്ക് അവിടുന്ന് ഈര്‍പ്പമുള്ള ക്ലാസ് മുറിയിലേക്ക്... പ്ലേ ഗ്രൗണ്ടില്‍ കളിക്കാനനുവദിക്കാത്ത സ്‌കൂളുകളുണ്ട്. മിക്ക സ്വകാര്യ സ്്കൂളുകളിലും പ്ലേഗ്രൗണ്ടില്ല. പിന്നീട് ഉള്ളത് ഇന്‍ഡോര്‍ ഗെയിമാണ്. വായു കടക്കാത്ത കൊച്ചു മുറിയിലുള്ള ഗെയിമില്‍ കുട്ടികളുടെ വളര്‍ച്ചായ്ക്കാവശ്യമായതെന്താണ് കിട്ടുന്നത്. പ്രഭാതഭക്ഷണവും... ഉച്ചഭക്ഷണവും ടിന്‍ഫുഡ് കൊണ്ട് തയ്യാറാക്കി ടിന്‍ പാത്രത്തിലടച്ച് നാം നമ്മുടെ കുട്ടികളെ സ്‌കൂളിലയക്കുന്നു.പ്രതികരിക്കാനോ പ്രതിഷേധിക്കാനോ കഴിയാതെ ഒരു തലമുറ 'സുഖ'മായി ഇവിടെ ജീവിക്കുന്നു.

നൂറ് കുട്ടികള്‍ കൂടി നില്‍ക്കുന്നതില്‍നിന്ന് ഗള്‍ഫില്‍ ജീവിക്കുന്ന കുട്ടികളെ വളരെ പെട്ടെന്ന് തിരിച്ചറിയാനാവും. പൊണ്ണത്തടിയും പവര്‍കണ്ണടയും... നിസ്സഹായത നിറഞ്ഞ മുഖവുമായി അവരുണ്ടാവും. ആരോടും പരിചയപ്പെടാനാവാതെ... ആരോടും കലപില കൂട്ടാനറിയാതെ... ഒറ്റപ്പെട്ടുപോയ ഭാവിതലമുറ.. നാം ഒറ്റപ്പെടുത്തി വളര്‍ത്തുന്ന പുതുതലമുറ.

ഇതുവായിക്കുമ്പോള്‍ പലര്‍ക്കും തോന്നാം.. 'ഇവിടെ പഠിച്ച കുട്ടികള്‍ ഡോക്ടറും, എഞ്ചിനീയറും, കമ്പ്യൂട്ടര്‍ വിദഗ്ദ്ധരും ഒക്കെ ആയിട്ടില്ലെ എന്ന്...' 'നല്ല ഭാവി പടുത്തുയര്‍ത്തിയവരില്ലേ എന്ന്...' ഉണ്ടാവാം, ഇനിയും ഉണ്ടാവും.. ഉണ്ടാവണം... അതിലപ്പുറം ഒരു പ്രൊഫഷനില്‍ മാത്രം ശോഭിച്ചത് കൊണ്ടായില്ല. ഒരു ഡോക്ടറായ കുട്ടിക്ക് മറ്റൊരു മേഖലയിലേയും തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. ഡോക്ടര്‍ ഡോക്ടര്‍ മാത്രമാവുമ്പോഴാണ്.... പഠിച്ചത് ഡോക്ടറാവാന്‍ മാത്രം.. പഴുപ്പിച്ചെടുത്തത് ഡോക്ടറായി മാത്രം... അതാണ് പ്രശ്്‌നം. മറ്റൊരു പ്രശ്്‌നത്തില്‍ ഇടപെടല്‍ നടത്താന്‍ ഇവിടുത്തെ കുട്ടികള്‍ക്കാവുന്നില്ല...സ്‌കൂള്‍ ബസ്സ് ഇറങ്ങുന്നതിന് തൊട്ടടുത്ത ജംഗ്ഷനില്‍ കുട്ടികളെ ഇറക്കിയാല്‍ ഫ്ലറ്റ് കണ്ടുപിടിക്കാന്‍ കഴിയാതെ... കുഴങ്ങിപോകുന്നവരെ നാം കാണുന്നു. മാതാവിന്റെ കൈപിടിച്ച്.... പിതാവിന്റെ കാറ് പിടിച്ച് സ്‌കൂളില്‍ പോകുന്ന എത്ര കുട്ടികള്‍ക്ക് സ്വന്തമായി സ്‌കൂളില്‍ പോകാന്‍ കഴിയും.

നമ്മളൊക്കെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ബസ്സ് സമരം സ്ഥിരം സംഭവമായിട്ടുപോലും നമ്മള്‍ പത്തും പന്ത്രണ്ടും കിലോമീറ്റര്‍ നടന്ന് വീട്ടിലെത്തുന്നു. സഹപാഠികളുടെ സൗഹൃദവും, പ്രതികരിക്കാനും പ്രതിഷേധിക്കാനും പഠിച്ചത് ഈ കൂട്ടുകെട്ടില്‍ നിന്നാണല്ലോ...ഒരു മഷിതണ്ടിന്... ഒരു മഞ്ചാടിക്കുരുവിന്.... ഒരു പൊട്ടിയ സ്ലേറ്റ് പെന്‍സിലിന് നമ്മള്‍ കൂടിയ കലപിലകളെത്ര.. സഹപാഠിയുടെ അമ്മയ്്ക്ക്, അച്്ഛന് അസുഖമാണെന്നറിഞ്ഞാല്‍ നാം അവിടങ്ങളില്‍ സന്ദര്‍ശനം നടത്താറില്ലേ... മത്സരങ്ങള്‍ പരീക്ഷകളില്‍ മാത്രമല്ലല്ലോ.. കലാ സാഹിത്യ കായിക മത്സരങ്ങളില്‍ നാം പൊരുതിയില്ലേ... വളപ്പൊട്ടുകള്‍ പോലെ നാം സൂക്ഷിക്കുന്ന സൗഹൃദവും... കൂട്ടുകാരും... നമ്മള്‍ക്ക് തന്ന അറിവ്... പങ്ക് വെച്ച ലോകവിവരം... ഏത് സ്‌കൂളില്‍ നിന്ന് നമുക്ക് പഠിക്കാന്‍ കഴിയും.. ഉത്തരവാദിത്വബോധവും സ്വയം പരിരക്ഷയും... പ്രതിരോധവും സൂക്ഷിപ്പും നമ്മള്‍ക്ക് കിട്ടിയത് കൂട്ടുകുടുംബത്തില്‍ നിന്നുള്ള മുത്തശ്ശിമാരില്‍ നിന്നല്ലേ... ഈ അറിവ് കലാലയത്തില്‍ നിന്ന് നമുക്ക് പഠിക്കാന്‍ കഴിയുമോ...

എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ചില സാധനങ്ങള്‍ മോഷണം പോയി. ഭാര്യയും ഭര്‍ത്താവും ജോലി കഴിഞ്ഞ വന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കമ്പ്യൂട്ടറില്‍ ഗെയിം കളിക്കുന്ന 13 വയസ്സായ മകനോട് അമ്മ ചോദിച്ചു. 'ഇവിടെ ഇരുന്ന സാധനങ്ങള്‍ എന്ത്യേ...' 'മോനെ ഇവിടെ ആരെങ്കിലും വന്നിരുന്നോ..' 'മമ്മീ... ഒരങ്കിള്‍ വന്നിരുന്നു..' കുട്ടി മറുപടി പറഞ്ഞു. കുട്ടിക്കറിയില്ല. കള്ളനായാലും... നല്ലവനായാലും... എല്ലാം അങ്കിളാണ്... ഈ 'അങ്കിള്‍'മാരാണ് ഇവിടെയുള്ള കുടുംബങ്ങളില്‍ പലപ്പോഴും തലവേദന സൃഷ്ടിക്കുന്നത്.

നമ്മുടെ മക്കള്‍ സ്വയംപര്യാപ്തതയില്‍ എത്തിയേ തീരൂ. അവരുടെ വളര്‍ച്ചയില്‍ നാം ശ്രദ്ധിച്ചേ പറ്റൂ. നന്നായി വളരണം... ഈ ലോകം അവരറിയണം. ഇവിടെ ജീവിക്കാന്‍ വിദ്യാഭ്യാസം മാത്രം പോര. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ വളരാന്‍ പഠിക്കണം. ഭക്ഷണത്തിന് കഞ്ഞിയും പയറുമാണെന്നറിയണം.. എരിവും പുളിയുമുണ്ടെന്നറിയണം... പാദരക്ഷകളില്ലാതെ നടക്കാന്‍ പഠിക്കണം. കൊതുകും പാറ്റയും ഉണ്ടെന്നറിയണം. പൂവിളിയും പൊന്നോണവും ഉണ്ടെന്നറിയണം. മഴയും... വേനലും.. കാണണം. മരണവും, സംസ്‌കാരവും പഠിക്കണം. കൂട്ടുകാരുടെ കൂടെ നടന്ന് തനത് സംസ്‌കാരം പഠിക്കണം. മുത്തശ്ശിമാരുടെ മൊഴിമുത്തുകളില്‍ നിന്ന് നാട്ടറിവ് പഠിക്കണം. ബാലപ്രസിദ്ധീകരണങ്ങള്‍ വായിക്കണം..

നാവില്‍ ഒരു രുചിയുമില്ലാത്ത ബര്‍ഗറും പിസ്സയും മാത്രമല്ല ഭക്ഷണം. ജീന്‍സും ടീഷര്‍ട്ടും ഷൂസുമല്ല വസ്ത്രങ്ങള്‍. കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമല്ല കളികള്‍. ഇംഗ്ലീഷ് പറയലല്ല സംസ്്കാരം. ഹാരിപോട്ടറും മിക്കിമൗസും മാത്രമല്ല കാണേണ്ടത്. ഇങ്ങനെ മാത്രമാണ് എന്റെ മകന്‍... എന്റെ മകള്‍ വളരേണ്ടത് എന്ന് ശഠിക്കുന്ന എന്നെപോലുള്ള വീട്ടമ്മമാര്‍... അവര്‍ക്ക് അനുഭവിക്കാന്‍ കഴിയാത്ത സൗകര്യങ്ങളില്‍ മതിമറന്ന് പോയത് കൊണ്ടാണ് നമ്മുടെ ചെറുപ്പകാലത്ത് നമ്മള്‍ക്ക് ലഭിക്കാത്തത് - ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയാത്തത്- മക്കളിലൂടെ കേള്‍ക്കുമ്പോള്‍.. തോന്നുന്ന അഭിമാനവും... അഹങ്കാരവും കൊണ്ടാണ്... നാടെന്ന് പറയുമ്പോള്‍ ഡേര്‍ട്ടിയെന്നും... വീടെന്ന് പറയുമ്പോള്‍ 'ലോട്ടോഫ് പീപ്പിള്‍' എന്ന് പറയുന്നതും നമ്മളാണ്. ഈ സംസ്‌കാരം കേട്ടാണ് അവര്‍ വളരുന്നത്. നാം അവരെ ശിക്ഷിക്കുകയാണ്.

തടിച്ച് തുടുത്ത് ദുര്‍മേദസ്സുള്ള കണ്ണടവെച്ച ഒരമൂല്‍ ബേബിയെ വളര്‍ത്തിയെടുക്കുകയാണ്. സ്‌കൂളില്‍ ഒന്നാമതെത്താന്‍, പരീക്ഷയില്‍ ഒന്നാമതെത്താന്‍ നാം അവരെ ഓടിക്കുകയാണ്. മണ്ണിന്റെ മണമറിയിക്കാതെ... പുല്ലിന്റെ, പൂവിന്റെ ഗന്ധമറിയിക്കാതെ... മണ്ണില്‍ വീണ് മുട്ട് പൊട്ടാതെ.. ചൊറിയും... ചിരങ്ങും വരാതെ... നാം അവരുടെ തൊലി മുട്ട പാടപോലെ കാത്ത് സൂക്ഷിക്കുകയാണ്. വളരുമ്പോള്‍ പ്രതിരോധിക്കാന്‍ പ്രതിരോധ ശക്തിയില്ലാതെ അവര്‍ വളരുകയാണ്, വളര്‍ത്തുകയാണ് 'ഷോക്കേയ്‌സ് പീസായി'. ഇതും പ്രവാസിയുടെ തലയിലെഴുത്ത്.

നമ്മുടെ കുട്ടികള്‍ നാട്ടില്‍ പോകണമെന്നും പൂവും പുല്‍ക്കൊടിയും ഉത്സവവും പൂരവും കാണണമെന്നും എല്ലാവരും പറയും. അതിനുള്ള സാഹചര്യമില്ലാത്തവര്‍ ടൂറിസ്റ്റ് കാര്‍ പിടിച്ച് കുട്ടനാട്ടില്‍ പോയി മക്കള്‍ക്ക് നെല്‍വയലും കായലും കാണിക്കണമെന്നല്ല ഇതിനര്‍ത്ഥം. ലീവ് കിട്ടുമ്പോഴൊക്കെ കുട്ടികളെ നാട്ടിലയക്കുക.. മാതാപിതാക്കള്‍ക്ക് പോകാന്‍ പറ്റിയില്ലെങ്കിലും... അവരെ അയക്കാന്‍ ശ്രമിക്കുക... ഒരു വര്‍ഷത്തില്‍ രണ്ട് മൂന്ന് തവണ പോകാന്‍ പറ്റിയെങ്കില്‍ അവരുടെ മാറ്റം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റും. നാടുമായുള്ള പൊക്കിള്‍കൊടി ബന്ധം മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്കാവശ്യമാണ്.

Courtesy : Mathrubhumi. com

ഒളിഞ്ഞുനോട്ടവും നിയമവാഴ്ചയും

ഒളിച്ചുനോട്ടക്കാരായ നാട്ടുകാരും അവരോടൊപ്പം ചേരുന്ന പോലീസും ചേര്‍ന്നാല്‍ ആരുടെയും സ്വകാര്യ ജീവിതത്തിലേക്ക് കടന്നുചെല്ലാനും അവരുടെ സാമൂഹികജീവിതം താറുമാറാക്കാനും കഴിയും. എളുപ്പത്തില്‍ ലഭ്യമാവുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായമുണ്ടെങ്കില്‍ വൈരാഗ്യമുള്ളവരെ നശിപ്പിക്കാന്‍ ആര്‍ക്കുമാകും. രാഷ്ട്രീയശത്രുക്കളെ തകര്‍ക്കാനുള്ള ഏറ്റവും ഏളുപ്പവഴിയായും കേരളത്തില്‍ ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്

മലയാളികള്‍ പൊതുവില്‍ അനുഭവിക്കുന്ന ലൈംഗിക പട്ടിണിയുടെ സ്വാഭാവിക പരിണതഫലമാണ് ഒളിഞ്ഞുനോട്ടപ്രവണത. ആണ്‍-പെണ്‍ വിഭജനം ഇത്ര കൃത്രിമമായി നിലനിര്‍ത്തുന്ന പ്രദേശം ലോകത്ത് മറ്റെവിടെയും ഉണ്ടെന്നു തോന്നുന്നില്ല. മറ്റൊരു ഇന്ത്യന്‍ സംസ്ഥാനത്തും സ്ഥിതി ഇത്ര ഭീകരമല്ല. കൊച്ചുകുട്ടിക്കാലം മുതല്‍ക്കേ, സ്‌കൂളിലും സമൂഹത്തിലും ആണ്‍-പെണ്‍ ഇടപെടലിനെ ബോധപൂര്‍വം തടഞ്ഞുനിര്‍ത്തുന്ന ഒരു സാമൂഹികാന്തരീക്ഷമാണ് ഇവിടെ നിലനില്ക്കുന്നത്.പട്ടണങ്ങളില്‍പ്പോലും ബസ്സിലും ട്രെയിനിലും ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഇടകലര്‍ന്നിരിക്കാന്‍ തീരെ സാധ്യമല്ലാത്ത സംസ്ഥാനവും കേരളം മാത്രമായിരിക്കും. പൗരാണികമായി, താരതമ്യേന സ്വതന്ത്രാന്തരീക്ഷം നിലനിന്നിരുന്ന കേരളത്തില്‍, ഇപ്പോള്‍ ആണുങ്ങളും പെണ്ണുങ്ങളും ഇടപഴകുന്നതുപോകട്ടെ സംസാരിക്കുന്നതുപോലും സദാചാരപ്രശ്‌നമായി കാണുന്ന അന്തരീക്ഷം വളര്‍ന്നുവന്നത് എങ്ങനെ എന്നത് ഗവേഷണവിഷയമാണ്.ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാം. ഏതാനും വര്‍ഷം മുമ്പ് ഗുരുവായൂരില്‍ ലോഡ്ജില്‍ റൂമെടുത്തു താമസിച്ച കാമുകീകാമുകന്മാരെ പോലീസ് കസ്റ്റഡിയിലെടുത്ത് കേസെടുത്തതിന്റെ പേരില്‍ പിറ്റേ ദിവസം ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനിടയായി. ദിവസേനയെന്നോണം നടക്കുന്ന ഇത്തരം സംഭവങ്ങള്‍ എല്ലാം ആത്മഹത്യയിലേക്ക് നയിക്കാറില്ലെങ്കിലും ഇങ്ങനെ കേസില്‍പ്പെടുന്നവരുടെ ഭാവിജീവിതം ദുരന്തപൂര്‍ണമായിത്തീരും.കൊച്ചിയിലെ തോപ്പുംപടിയില്‍ ലോഡ്ജില്‍ റൂമെടുത്ത ഭാര്യാഭര്‍ത്താക്കന്മാരെ പോലീസ് റെയ്ഡ് ചെയ്ത് കേസെടുത്തു. തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്നു പറഞ്ഞിട്ടും പോലീസ് ആദ്യം വിശ്വസിച്ചില്ല. സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തതിനുശേഷമാണ് വിട്ടയച്ചത്. സ്ത്രീയും പുരുഷനും ഒരുമിച്ച് ഹോട്ടലില്‍ മുറിയെടുക്കണമെങ്കില്‍ ഭാര്യാഭര്‍ത്തൃബന്ധം തെളിയിക്കുന്ന രേഖകളുമായി നടക്കേണ്ടിവരുന്നത് എത്ര ഭീകരമാണ്!ഏഷ്യാനെറ്റില്‍ 'കേരളസ്‌കാന്‍' എന്ന പരിപാടിയില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ ക്യാമറയ്ക്കു മുന്നില്‍ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞത് നാട്ടുകാരുടെ സമ്മര്‍ദം മൂലമാണ് അറസ്റ്റ് ചെയ്തതെന്നാണ്. നിലവിലുള്ള നിയമപ്രകാരം അറസ്റ്റിനുസാധൂകരണമില്ലെന്നും സമ്മതിച്ചു.തിരുവനന്തപുരം ഭാഗത്ത് ഒരുയര്‍ന്ന എകൈ്‌സസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് ഒരു സ്ത്രീ ചെന്നതിനു പിന്നാലെ പോലീസും ചെന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. ആ സ്ത്രീയുടെ ഹാന്‍ഡ്ബാഗില്‍നിന്ന് കുറച്ചുപണം കണ്ടെടുത്തു എന്നതായിരുന്നു ഏക തെളിവായി ഉണ്ടായിരുന്നത്. അവരെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥനും ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞത് നിയമമൊന്നുമില്ലെന്നും ജനം കൂടിയതുകൊണ്ട് അറസ്റ്റ് ചെയ്യാതിരിക്കാന്‍ നിര്‍വാഹമില്ലാതെ വന്നു എന്നുമാണ്.ഇതു സംബന്ധമായി ഇന്ത്യയില്‍ നിലവിലുള്ള നിയമം 1956-ലെ വ്യഭിചാരനിരോധനനിയമമാണ്. (Immoral traffic (prevention) act). ലൈംഗികചൂഷണം മൂന്നാമതൊരു കൂട്ടര്‍ വാണിജ്യാടിസ്ഥാനത്തില്‍ ദുരുപയോഗപ്പെടുത്തുമ്പോള്‍ മാത്രമാണ് ഈ നിയമപ്രകാരം കുറ്റമാകുന്നത്. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും പരസ്​പരസമ്മതപ്രകാരം നടത്തുന്ന ലൈംഗികബന്ധം ഒരു തരത്തിലും കുറ്റമാകുന്നില്ല.ഡല്‍ഹി ഹൈക്കോടതിയുടെ വിധിപ്രകാരം വാണിജ്യാടിസ്ഥാനത്തിലല്ലാത്ത വേശ്യാവൃത്തിപോലും കുറ്റകരമല്ല. ഹോട്ടലുകളും ലോഡ്ജുകളുമെല്ലാം റെയ്ഡ് ചെയ്ത് മുറികളില്‍ താമസിക്കുന്ന സ്ത്രീയെയും പുരുഷനെയും അവിഹിതബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്ന പോലീസാണ് യഥാര്‍ഥത്തില്‍ കുറ്റം ചെയ്യുന്നത്; നിയമം ലംഘിക്കുന്നത്.നിയമവാഴ്ചയുടെ കാര്യത്തില്‍ ഏറ്റവും മെച്ചപ്പെട്ട സംസ്ഥാനമായി കണക്കാക്കപ്പെടുന്ന കേരളം ഇക്കാര്യത്തില്‍ നിയമവാഴ്ചയെ പരിഹസിക്കുന്ന അവസ്ഥയിലാണെന്നു കാണാം. ഒളിച്ചുനോട്ടക്കാരായ നാട്ടുകാരും അവരോടൊപ്പം ചേരുന്ന പോലീസുകാരും ചേര്‍ന്നാല്‍ ആരുടെയും സ്വകാര്യജീവിതത്തിലേക്ക് കടന്നുചെല്ലാനും അവരുടെ സാമൂഹികജീവിതം താറുമാറാക്കാനും കഴിയും. എളുപ്പത്തില്‍ ലഭ്യമാവുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായമുണ്ടെങ്കില്‍ വൈരാഗ്യമുള്ളവരെ നശിപ്പിക്കാന്‍ ആര്‍ക്കുമാകും. രാഷ്ട്രീയശത്രുക്കളെ തകര്‍ക്കാനുള്ള ഏറ്റവും ഏളുപ്പവഴിയായും കേരളത്തില്‍ ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്.ഏറ്റവും അവസാനം കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കേസ് നോക്കുക. ഉണ്ണിത്താന്റെയോ കൂടെ സഞ്ചരിച്ച സഹപ്രവര്‍ത്തകയുടെയോ വ്യക്തിപരമായ പശ്ചാത്തലത്തെക്കുറിച്ച് എനിക്കറിയില്ല; അറിയേണ്ട ആവശ്യവുമില്ല. പത്രങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും അറിഞ്ഞ വിവരങ്ങള്‍ വെച്ചുനോക്കിയാല്‍ ഉണ്ണിത്താനെതിരായി നാട്ടുകാര്‍ ഇടപെടേണ്ടതോ പോലീസ് കേസെടുക്കേണ്ടതോ ആയ ഒന്നും സംഭവിച്ചിട്ടില്ല.ഉണ്ണിത്താന്‍ ആരോപിക്കുംപോലെ സംഭവത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടായിക്കൊള്ളണമെന്നുമില്ല. നാട്ടുകാരുടെ ഒളിഞ്ഞുനോട്ട പ്രവണതയായിരിക്കണം പ്രശ്‌നം സൃഷ്ടിച്ചത്. രാഷ്ട്രീയ എതിരാളികള്‍ അതിനെ മുതലാക്കിയിട്ടുമുണ്ടാകാം. എന്തായാലും ആരംഭത്തില്‍ സൂചിപ്പിച്ച മലയാളിയുടെ പ്രാകൃത മാനസികാവസ്ഥയുടെ സൃഷ്ടിതന്നെയാണ് ഈ സംഭവവും. എന്നിട്ടും ഒരു ഡിവൈ.എസ്.പി. കേസ് ചാര്‍ജ് ചെയ്തിരിക്കുന്നു എന്നത് ഇവിടത്തെ നിയമവാഴ്ചയുടെ പരിഹാസ്യമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.ഇത്തരം വിഷയങ്ങളില്‍ കേരളത്തില്‍ നിയമവാഴ്ച പുനഃസ്ഥാപിക്കുക എളുപ്പമല്ല. ആദ്യംതന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നയം തീരുമാനിക്കണം. നിലവിലുള്ള നിയമപ്രകാരമല്ലാത്ത നടപടികളൊന്നും ജനങ്ങളുടെ പേരുംപറഞ്ഞ് എടുക്കരുതെന്ന് പോലീസിനു കര്‍ശനമായ നിര്‍ദേശം നല്കണം. എന്നാലും പഴയ ശൈലികള്‍ തുടരാനിടയുണ്ട്. അങ്ങനെ തുടരാതിരിക്കാനുള്ള മേല്‍നോട്ടത്തിനു സംവിധാനമുണ്ടാക്കുകയും വേണം.നാട്ടുകാരുടെ മനോഭാവത്തിലും മാറ്റമുണ്ടാവണം. നിലവിലുള്ള നിയമപ്രകാരം ലൈംഗികപ്രശ്‌നങ്ങളിലും മറ്റും ഏതുതരം പ്രവൃത്തികളാണ് കുറ്റകരമാവുന്നതെന്ന് ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ട്. മനുഷ്യാവകാശ കമ്മീഷന് ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടാവുന്നതാണ്. ജനങ്ങളെ ബോധവത്കരിക്കുന്ന കാര്യത്തില്‍ മാധ്യമങ്ങളാണ് പ്രധാന കര്‍ത്തവ്യം ഏറ്റെടുക്കേണ്ടത്.പക്ഷേ, മാധ്യമങ്ങള്‍ പലപ്പോഴും ഒളിഞ്ഞുനോട്ട പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നതു കാണാറുണ്ട്. ആ സമീപനം മാറ്റി, നിയമവാഴ്ചയെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കാന്‍ മാധ്യമങ്ങള്‍തന്നെയാണ് മുന്‍കൈയെടുക്കേണ്ടത്. എങ്കില്‍ മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തിലെങ്കിലും മലയാളിയുടെ പ്രാകൃതമായ ഈ ഒളിഞ്ഞുനോട്ട മനോഭാവത്തിന് അറുതിവരുത്താനാകൂ.

**കെ. വേണു

പ്രവാസി

പ്രവാസി കുടുംബിനികള്‍ നെടുവീര്‍പ്പുതുടങ്ങിയിട്ട് കാലമേറെയായെങ്കിലും അതു ചുടുനിശ്വാസത്തിന്റെ കനംവെച്ചുതുടങ്ങിയത് ഈ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലകപ്പെട്ടു എന്ന് ബോധ്യപ്പെട്ടതുമുതലാണ്.എന്താണ് ഗള്‍ഫ് കുടുംബങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നം? 'സാമ്പത്തികമാന്ദ്യം' (ക്ഷമിക്കണം, ഫിനാന്‍ഷ്യല്‍ ക്രൈസിസ്. അങ്ങനെ പറയാനാണല്ലോ നമ്മള്‍ക്കു താത്പര്യം.)
ഓഹരിക്കമ്പോളത്തിലും വ്യവസായങ്ങളിലും നിര്‍മാണമേഖലയിലും എന്നുവേണ്ട സകലയിടങ്ങളിലും സാമ്പത്തികമാന്ദ്യം അനുഭവപ്പെട്ടപ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ഗള്‍ഫ് മേഖലയെയാണ്. വ്യക്തമായി പറഞ്ഞാല്‍ നമ്മുടെ കൊച്ചുകേരളത്തില്‍ നിന്നെത്തി, ഇവിടെ ജോലിചെയ്യുന്ന ഇടത്തരക്കാരെ.
ചക്രംപോലെ കറങ്ങുന്ന ജീവിതവ്യവസ്ഥയിലാണ് പലരുടെയും മുന്നോട്ടുള്ള ചലനം. ചക്രത്തിന്റെ ചലനത്തിന് ചെറിയ വേഗക്കുറവ് അനുഭവപ്പെട്ടപ്പോള്‍-ശമ്പളത്തിന്റെ തീയതി ഒരാഴ്ച മാറിയപ്പോള്‍-കണക്കുകൂട്ടലുകള്‍ പിഴച്ചത് പല നിലകളിലാണ്.
ക്രെഡിറ്റ് കാര്‍ഡിന്റെ പെയ്‌മെന്റ്, സ്‌കൂള്‍ ഫീസ്, താമസവാടക, കാര്‍ലോണ്‍, ചിട്ടി, ഇന്‍ഷുറന്‍സ്, മറ്റു ചെലവുകള്‍...ഇതിലൊക്കെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ഇത് ഒരു കമ്പനിയുടെ മാത്രം പ്രശ്‌നമല്ലാതെ വന്നപ്പോള്‍ പരസ്​പരം സഹായം ചോദിക്കാന്‍പോലും വഴിയില്ലാതായി.
ഭൂകമ്പമാപിനിയില്‍ ചെറിയ അളവില്‍ രേഖപ്പെടുത്തിയ ചലനം വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നുള്ള പ്രവചനം കൂടിവന്നപ്പോള്‍ പ്രവാസികള്‍ നെഞ്ചുരുക്കത്തിന്റെ വിങ്ങലിലായി. പ്രവാസികള്‍ക്കിടയില്‍ സാമ്പത്തികമാന്ദ്യത്തിന്റെ ഞെട്ടല്‍ മാറിക്കൊണ്ടിരിക്കുമ്പോഴാണ് അടുത്ത ചെറുചലനങ്ങള്‍ തേടിയെത്തുന്നത്. ഈ ആകുലതയില്‍ ഒന്നിനും കഴിയാതെ, നിസ്സഹായതയോടെ നെടുവീര്‍പ്പിടാന്‍ മാത്രം കഴിയുന്ന കുടുംബിനികള്‍ ഒരുപാടുണ്ട് ഇവിടെ. പ്രവാസികളായി കഴിയുന്നവരില്‍ പലരും കഷ്ടിച്ച് കുടുംബങ്ങളെ താമസിപ്പിക്കാന്‍ മാത്രം വരുമാനമുള്ളവരാണ്. താമസവാടകയും ഭക്ഷണച്ചെലവും മറ്റും കഴിച്ചാല്‍ ഒന്നും മിച്ചംവരാതെ ജീവിച്ചുപോകുന്നവര്‍.
ഭര്‍ത്താവിന്റെ വരുമാനംകൊണ്ട് ഇവിടെ കഴിഞ്ഞുകൂടാം എന്നുള്ളതല്ലാതെ, അവസാനനാളില്‍, അല്ലെങ്കില്‍ ജോലി നഷ്ടപ്പെട്ടാല്‍ ഒരു സമ്പാദ്യവും മിച്ചം കാണില്ല എന്നറിഞ്ഞുകൊണ്ട് താമസിക്കുന്നവര്‍.
കറച്ചുകാലം ഒന്നിച്ചു കഴിയാം എന്നുകരുതി വരുന്നവരും ''നിങ്ങളുടെ വീട്ടില്‍ ഒരു സ്വസ്ഥതയും ഇല്ല'' എന്നുപറഞ്ഞ് പിടിച്ചുനില്ക്കുന്നവരും മക്കളെ നല്ലനിലയില്‍ പഠിപ്പിക്കണമെന്നാഗ്രഹിച്ച് കൂടെ നിര്‍ത്തുന്നവരും പൊടുന്നനെയുള്ള പ്രതിസന്ധി മനസ്സില്‍ കണ്ടിട്ടുണ്ടാവില്ല...
ഓരോ പ്രവാസി കുടുംബിനിയും ഓര്‍ത്തുപോകുന്ന ചില കാര്യങ്ങളുണ്ട്...ഈ ഗള്‍ഫ് ഭൂമിയില്‍നിന്ന് ദൃശ്യ-ശ്രാവ്യ-മാധ്യമങ്ങളിലേക്ക് മൂന്നുവര്‍ഷംകൊണ്ട് എസ്.എം.എസ്. അയച്ച പൈസമാത്രം മതിയായിരുന്നു നാട്ടിലൊരു കൂര പണിയാന്‍. ഒരു ഗാനത്തിന്, ഒരു സമര്‍പ്പണത്തിന്...നമ്മുടെ ശബ്ദം ലൈവില്‍ വരാന്‍...അഞ്ചുരൂപ വിലയുള്ള ഒരു പേനയ്ക്കുവേണ്ടി...നാം അയച്ച എസ്.എം.എസ്. എത്ര? ഇങ്ങനെ പരിതപിക്കുന്ന ഒട്ടേറെ വീട്ടമ്മമാരെ എനിക്കറിയാം.
ഓഹരിക്കമ്പോളങ്ങളിലേക്ക് സുന്ദരമായ വാഗ്ദാനം നല്‍കി ആകര്‍ഷിച്ചപ്പോള്‍, ഒന്നുമറിയാത്ത പ്രവാസി മിച്ചംവന്നത് അംബാനിയിലോ സത്യം കമ്പ്യൂട്ടറിലോ നിക്ഷേപിച്ചു. പെരുകുന്നതും കാത്തിരുന്നു. ഇതില്‍ മുക്കാലും നഷ്ടപ്പെട്ടു. മിച്ചം വന്ന ശതമാനം തിരിച്ചുകിട്ടാന്‍ നെട്ടോട്ടമോടുന്നതും നാം കാണുന്നു.
ആഴ്ചയില്‍ സിനിമാനടന്മാരും മിമിക്രി, ഗാനമേളക്കാരും രാഷ്ട്രീയക്കാരും ഊരുചുറ്റിയ ഗള്‍ഫില്‍ സാമ്പത്തികമാന്ദ്യത്തിന്റെ വരുംവരായ്കയെക്കുറിച്ച് സംസാരിക്കാന്‍ ഒരു സാമ്പത്തികകാര്യ വിദഗ്ധനും വന്നില്ല. ബോധവത്കരിക്കാന്‍ 'നോര്‍ക്ക'യോ മറ്റ് ഏജന്‍സികളോ മുന്‍കൈ എടുത്തില്ല.
സകല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രാദേശിക കൂട്ടായ്മകള്‍ക്കും നൂറുകണക്കിനു സംഘടനകളുണ്ടിവിടെ. ആരും ഈ പ്രതിസന്ധി ചര്‍ച്ചചെയ്തില്ല. മുല്ലപ്പൂ ധരിച്ച് താലപ്പൊലിയെടുത്ത് ആനയിച്ച, രാഷ്ട്രീയ, സാംസ്‌കാരിക, മത നേതാക്കളാരും വന്നില്ല.
ടെര്‍മിനേഷന്‍ ലെറ്ററിനു നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന ഭര്‍ത്താവിനെ സാന്ത്വനിപ്പിക്കാന്‍പോലും ഞങ്ങള്‍ അര്‍ഹരല്ല. വാശിക്കും പൊങ്ങച്ചത്തിനുംവേണ്ടി വരുത്തിവെച്ച പാഴ്‌ചെലവുകളുടെ കണക്ക് തികട്ടിവരുന്നതു തന്നെ കാരണം.
എന്തു നേടി? നാലു ചുവരുകള്‍ക്കുള്ളിലെ ശുദ്ധവായു ഇല്ലാത്ത ജീവിതം. ടിന്‍ഫുഡുകളുടെ ദുര്‍മേദസ്സ്...പിന്നെയോ? മരണവും കല്യാണവും നാട്ടിലെ ഒരാചാരവും കാണാതെ വളരുന്ന ഒരു തലമുറ. പൂരവും നേര്‍ച്ചയും കോമരവും തെയ്യവും മഴയും വസന്തവും കാണാതെ, കാണിക്കാതെ നാം അവരെ വളര്‍ത്തുകയാണ്.
ഗള്‍ഫില്‍നിന്ന് മരണവിവരമറിഞ്ഞ് നാട്ടിലെത്തിയ സ്നേഹിതയുടെ മകന്‍ വല്ലുപ്പയുടെ മയ്യത്ത് വെള്ളപുതപ്പിച്ച് കിടത്തിയ അതേ മുറിയിലുള്ള കമ്പ്യൂട്ടറില്‍ ഗെയിം കളിക്കുന്നു. പ്രതിരോധിച്ചും പ്രഹരിച്ചും 13 വയസ്സുള്ള മകന്‍ കമ്പ്യൂട്ടറില്‍ തന്റെ മിടുക്ക് കാണിക്കുന്നു. ഈ വയസ്സിനിടയില്‍ രണ്ടോ മൂന്നോ പ്രാവശ്യം നാട്ടില്‍ വന്ന കൊച്ചുമകന് 'മരണ'ത്തിന്റെ കിടപ്പറിയില്ല. വല്ലുപ്പ കൊഴിഞ്ഞ് ഇല്ലാതായതാണെന്നറിയില്ല. കുട്ടിക്ക് ആത്മബന്ധമില്ലാത്ത വല്ലുപ്പയുടെ വിറങ്ങലിച്ച ശരീരം വെള്ളത്തുണിയിട്ട എന്തോ ഒന്നായിരിക്കാം.
ടെലിഫോണ്‍ വിളിയുടെ ചെലവ് കുറയ്ക്കാന്‍ ഇന്റര്‍നെറ്റും കമ്പ്യൂട്ടറും വാങ്ങി. വിളി തുടങ്ങിയപ്പോള്‍ പഴയ ചെലവിനേക്കാള്‍ കൂടി. പണ്ട് ഗള്‍ഫില്‍നിന്നുള്ള ഫോണ്‍ വിളിക്ക് നല്ല മതിപ്പായിരുന്നു. ഇന്ന് നമ്പര്‍ കണ്ടാല്‍ത്തന്നെ പറയും: ''ശല്യം. ദിവസവും രണ്ടുനേരം വിളിക്കും. സംസാരിച്ചാല്‍ വെക്കത്തില്ല.''
ശരാശരി ഒരു പ്രവാസി കുടുംബത്തിന് താമസിക്കാന്‍ മുപ്പതിനായിരം മുതല്‍ അന്‍പതിനായിരം ദിര്‍ഹം വരെ പ്രതിവര്‍ഷം വാടക വേണ്ടിവരും. രണ്ടു വര്‍ഷത്തെ ഈ വാടക സ്വരുക്കൂട്ടി വെച്ചെങ്കില്‍ നാട്ടില്‍ നല്ല വീട് പണിയാമായിരുന്നു. ഈ നെടുവീര്‍പ്പിന് ഒരുപാട് അര്‍ഥതലങ്ങളുണ്ട്.
ഈ അവസ്ഥയില്‍ ഒരു തിരിച്ചുപോക്ക് അനിവാര്യമായിട്ടും ചില കുടുംബിനികള്‍ തയ്യാറാവുന്നില്ല. പഴയ തറവാട്ടു വീട്ടിലേക്ക് പോയി അന്യയെപ്പോലെ കഴിയേണ്ടിവരും. ഗള്‍ഫുകാരിയുടെ പത്രാസില്‍ ഈ കണ്ടകാലം മുഴുവന്‍ കഴിഞ്ഞിട്ട്, ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെട്ട് പാപ്പരായി തിരിച്ചുവന്നാല്‍ കേള്‍ക്കേണ്ടിവരുന്ന കുത്തുവാക്കുകള്‍... മക്കളുടെ വിദ്യാഭ്യാസത്തിന്റെ നിലവാരം... ഇതൊക്കെ ഓര്‍ക്കുമ്പോള്‍... ഇവിടെ വരാതിരുന്നെങ്കില്‍ നാട്ടില്‍ ഒരു വീട് ആകുമായിരുന്നേനെ. രണ്ടു വര്‍ഷമെങ്കിലും നിന്നിട്ട് തിരിച്ചുപോയിരുന്നെങ്കില്‍ നാട്ടിലെ ജോലി രാജിവെക്കേണ്ടിയിരുന്നില്ല. ഇങ്ങനെ പ്രത്യക്ഷകാരണങ്ങളുടെ പടവുകള്‍ ഇറങ്ങിയാല്‍ എവിടെയൊക്കെയോ എത്താം.
പ്രായോഗികമായ തീരുമാനമെടുക്കാനുള്ള സമയമാണ്-ജീവിതം ബാക്കിക്കിടക്കുന്നു. പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള തീരുമാനം വൈകിക്കൂടാ.
ഇത്രകാലം ഒരുമിച്ച് കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ ഓരോരുത്തരും അവരുടെ അവസ്ഥയ്ക്ക് അനുസരിച്ച് തീരുമാനമെടുക്കേണ്ടിവരും.
നാട്ടിലുള്ള കല്യാണധൂര്‍ത്തും വീടുമോടികൂട്ടലും ആഡംബര കാറും ഒക്കെ നിലനിന്നുപോകണമെങ്കില്‍ ഇവിടെനിന്നുള്ള വരുമാനം വേണം. അതില്ലാതെ വന്നാല്‍ പ്രതീക്ഷകളും സ്വപ്നങ്ങളും അസ്തമിച്ചുപോകും. ഇനിയുള്ള കാലമെങ്കിലും പ്രതീക്ഷയുടെ കരുതിവെപ്പിനാകണം.
കഴിഞ്ഞതെല്ലാം മുന്നോട്ടുപോകാനുള്ള അനുഭവപാഠമാവണം. ആരുടെ മുന്നിലും മേനിനടിച്ചിട്ടു കാര്യമില്ല. മിച്ചംപിടിക്കാനുള്ള മനസ്സുണ്ടാവണം. ചെലവ് ചെയ്യുന്ന ഒരു 'ഫില്‍സ്' പോലും ഉണ്ടായതെങ്ങനെ, ഉണ്ടാക്കുന്നതെങ്ങനെ എന്നുള്ള തിരിച്ചറിവ് ഉണ്ടാവണം.ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ പകിട്ടുള്ള പ്രലോഭനങ്ങള്‍ കണ്ടേക്കാം. എസ്.എം.എസ്സില്‍ അയയ്ക്കുന്ന ഓരാ ദിര്‍ഹവും നമ്മുടെ അടിത്തറയുടെ നഷ്ടമാണെന്ന് ഉത്തമബോധ്യം വേണം.
കാലിടറുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ആരും തുണയില്ല. നാം നമ്മുടെ കുടുംബത്തിന്റെ നല്ല കുടുംബിനിയാവണം. നല്ല ഭാര്യ. നല്ല അമ്മയും.ഒന്‍പതു വയസ്സായ 'നദ്‌ന' മോള്‍ ചോദിച്ചു: ''നാട്ടില്‍ പഠിക്കാന്‍ നമുക്ക് നല്ല സ്‌കൂള്‍ ഉണ്ടാവുമോ?''
പുഴുപെറുക്കിക്കളഞ്ഞ് വേവിച്ച അമേരിക്കന്‍ റവയുടെ ഉപ്പുമാവ് പോലെ ഇത്ര രുചിയുള്ള ഉച്ചഭക്ഷണം ഞാന്‍ ഇന്നുവരെ കഴിച്ചിട്ടില്ല. ബര്‍ഗറും പിസ്സയും കഴിച്ച് വളരുന്ന മോള്‍ക്കതറിയില്ല.
കാലിളകിയ മരബെഞ്ചിലിരുന്നു പഠിച്ചുവളര്‍ന്ന ഒരു തലമുറ വഴിതെറ്റിപ്പോയില്ല. ആകാവുന്ന ഉയരത്തിലെത്തിയ നമ്മുടെ നാട്ടിലുള്ളവരെല്ലാം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നാട്ടറിവ് പഠിച്ചത് സ്വന്തം നാട്ടില്‍ തന്നെയാണ്. കമ്പ്യൂട്ടര്‍ പോയിട്ട് കാല്‍ക്കുലേറ്റര്‍ പോലുമില്ലാത്ത കാലത്ത് പഠിച്ചതൊന്നും പാഴായില്ല. ഇതൊന്നും മകളെ പറഞ്ഞുമനസ്സിലാക്കാനാവില്ല. അവളെ ചേര്‍ത്തുനിര്‍ത്തി പറഞ്ഞു: ''നല്ല സ്‌കൂളുണ്ട്...നല്ല കളിമുറ്റമുണ്ട്...നല്ല സാറന്മാരുണ്ട്...എല്ലാമുണ്ട്...പക്ഷേ...?''
*
ഫസീല റഫീഖ്‌ ; മാതൃഭൂമിയില്‍ എഴുതിയത്......