Friday, June 8, 2012

പൊറോട്ട യുദ്ധം





കേരളത്തിലെ പ്രശസ്തരും പ്രഗത്ഭരും ആയ പല ട്രേഡ് യൂണിയന്‍ നേതാക്കളും പയറ്റിത്തെളിഞ്ഞത് ഉദ്യോഗമണ്ഡല്‍ വ്യവസായ മേഖലയില്‍ ആണ്. അതുകൊണ്ടു തന്നെ പല തൊഴിലാളി സമരങ്ങളുടെയും കഥ അവിടെ ഉണ്ടാകുമല്ലോ. ഇന്ത്യന്‍ റെയര്‍ എര്‍ത്തിലെ കാന്റീനിലെ പപ്പടത്തിന്റെ അളവോ വലിപ്പമോ മാറ്റിയതിനെ ചൊല്ലി ഉണ്ടായ പപ്പടസമരം തൊഴിലാളി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അച്ഛന്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. എന്തിനും ഏതിനും സമരം ചെയ്യുന്ന കാലം എല്ലാം പോയി. ഉദ്യോഗമണ്ഡല്‍ മേഖലയില്‍ ഇപ്പോള്‍ കാര്യമായ തൊഴില്‍ കുഴപ്പങ്ങള്‍ ഒന്നും കേള്‍ക്കാറില്ല.

ഇതു ഞാന്‍ ഓര്‍ക്കാന്‍ കാരണം, ഫേസ്ബുക്കില്‍ ഇപ്പോള്‍ ഒരു പൊറോട്ടയുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. പൊറോട്ട ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വസ്തു, അതു ശുദ്ധീകരിക്കുന്ന രീതി അതിനുപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ എന്നിങ്ങനെ പലതും ആരോഗ്യത്തിന് ഹാനികരമാണെന്നും അതുകൊണ്ടുതന്നെ പൊറോട്ട വര്‍ജ്ജിക്കേണ്ടതോ നിരോധിക്കേണ്ടതോ ആണെന്നാണ് ഒരു പക്ഷം. പൊറോട്ടക്കെതിരെയുള്ള ആരോപണങ്ങള്‍ തികച്ചും ശാസ്ത്രീയം അല്ലെന്നു മറുപക്ഷം.

കെന്റക്കി ഫ്രൈഡ് ചിക്കനെതിരെയും അജിനോമോട്ടോക്കെതിരെയും ഒക്കെയുള്ള ലോകവ്യാപകമായ ചില ക്യാമ്പയിനുകള്‍ പണ്ട് മലയാളികള്‍ ഏറ്റു പിടിച്ചിട്ടുണ്ടെങ്കിലും അവിയലിനോ ഉടുപ്പിഹോഡട്ടലുകള്‍ക്കോ എതിരെ ഒന്നും ഒരു കാലത്തും ക്യാമ്പയിന്‍ ഉണ്ടായിട്ടില്ല. അതു കൊണ്ടുതന്നെ നമ്മുടെ ഭക്ഷണലോകത്തും സോഷ്യല്‍ മീഡിയയിലെ തനതുക്യാമ്പയിന്‍ രംഗത്തും ഈ പൊറോട്ടയുദ്ധം ശ്രദ്ധിക്കപ്പെടേണ്ടതാണ്.

പൊറോട്ട, അത് ബീഫിന്റെ കൂടെ ആയാലും മട്ടന്‍ ചാപ്‌സിന്റെ കൂടെ ആയാലും വളരെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. പക്ഷെ ജീവിതത്തില്‍ ഞാന്‍ മനസ്സിലാക്കിയിട്ടുള്ള ഒരു പാഠം നമുക്ക് ഇഷ്ടപ്പെടുന്ന പ്രവര്‍ത്തികളും സ്വഭാവരീതികളും ഭക്ഷണങ്ങളും എല്ലാം പൊതുവെ സാമൂഹ്യപരമായി തെറ്റോ ആരോഗ്യത്തിനുഹാനികരമോ ആയിട്ടാണ് കണക്കാക്കപ്പെടാറ്. മഴയില്‍ കുടയില്ലാതെ നടക്കുന്നത്, പ്രേമിക്കുന്നത്, എരിവുള്ള മിക്‌സ്ചറും കൂട്ടി ഒരു സ്മാള്‍ അടിക്കുന്നത് എല്ലാം ഇതുപോലെ സന്തോഷദായകവും എന്നാല്‍ മറ്റുള്ളവര്‍ തെറ്റു പറയുന്നവയും ആണ്.

ലോകത്തെ പ്രധാനമായ പല ഭക്ഷണപാനീയങ്ങളും ആരോഗ്യത്തിനു നല്ലതോ ചീത്തയോ എന്ന് ഗവേഷണങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ട്. ചായ, കാപ്പി, ബിയര്‍, വൈന്‍ എന്നീ പാനീയങ്ങള്‍ . പ്രത്യേകിച്ചും ഇവയില്‍ ചായ പൊതുവെ ആരോഗ്യത്തിനു നല്ലതും (പ്രത്യേകിച്ച് ഗ്രീന്‍ ടീ) കാപ്പി മോശവും ആണെന്നാണ് ഒരു പൊതുധാരണ. മദ്യത്തിന്റെ കാര്യം ഞാന്‍ മുമ്പുപറഞ്ഞിട്ടുണ്ട്.

എന്നാല്‍ സംഭവം അത്ര സ്‌ട്രെയിറ്റ് ഫോര്‍വാര്‍ഡ് അല്ല. പ്രമേഹത്തെ പ്രതിരോധിക്കുന്നതുള്‍പ്പെടെയുള്ള പല ഗുണങ്ങളും കാപ്പിയില്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. ഹൈപ്പര്‍ ടെന്‍ഷന്‍ കൂടുന്നതുപോലുള്ള ദൂഷ്യങ്ങളും. പണ്ട് ചെറുപ്പത്തില്‍ രാവിലെ ഒരു നേരം ആണ് വീട്ടില്‍ കാപ്പിയുണ്ടായിരുന്നത്. എന്നാല്‍ യൂറോപ്പിലെ പല ഓഫീസുകളിലും ഫ്രീയായി ഏതു സമയത്തും ഉപയോഗിക്കാവുന്ന കോഫി മെഷീന്‍ ഉണ്ട്. ദിവസം പത്തോ അതിലധികമോ കാപ്പി കുടിക്കുന്നവര്‍ അപൂര്‍വമല്ല. ഭക്ഷണമോ പാനീയമോ ഏതുമാകട്ടെ ധാരാളം കഴിച്ചാല്‍ പാരയാകാനാണു വഴി. അതു പാവക്കയോ കുമ്പളങ്ങ ജൂസോ ആയാല്‍ പോലും.

നല്ലവനായ ചായയുടെ കാര്യത്തിലും നമ്മള്‍ മലയാളികള്‍ ശ്രദ്ധിക്കണം. ചായയെപ്പറ്റിയുള്ള ഗവേഷണം മുഴുവന്‍ ചൂടുവെള്ളത്തില്‍ ചായപ്പൊടി മാത്രം ഇട്ടു ചായയുണ്ടാക്കുന്ന നാട്ടില്‍ നിന്നാണ്. വെള്ളമോ പാലോ തിളപ്പിച്ച് അതില്‍ ചായപ്പൊടിയും പഞ്ചസാരയും ആവശ്യത്തിനോ കൂടുതലോ ഇട്ട് ദിവസം ആറുനേരം കുടിച്ച് പ്രമേഹം വരികയോ ബ്ലഡ്പ്രഷര്‍ കുറയാതിരിക്കുകയോ ചെയ്താല്‍ പാവം ചായയുടെ മെക്കിട്ട് കയറരുത്.

ചായയാണോ കാപ്പിയാണോ നല്ലത് എന്ന് ശാസ്ത്രീയമായി അറിയണമെങ്കില്‍ ഒരു പോലുള്ള കുറേ ആളുകളെ ചായ മാത്രവും മറ്റുള്ളവരെ കാപ്പി മാത്രവും കൊടുത്ത് ശീലിപ്പിക്കുക. എന്നിട്ട് അവരുടെ ആരോഗ്യം എവിടെ എത്തുന്നു എന്നു കണ്ടു പിടിക്കുക. ഇങ്ങനെ ഒരു പരീക്ഷണം പണ്ട് റഷ്യയിലെ ഏതോ ചക്രവര്‍ത്തി നടത്തിയത്രെ. ജയില്‍പുള്ളികള്‍ ആയിരുന്നു പരീക്ഷണത്തിലെ ഗിനി പന്നികളായി ഉപയോഗിച്ചിരുന്നത്. പക്ഷെ ചായയോ കാപ്പിയോ കുടിക്കാതിരുന്ന ചക്രവര്‍ത്തി തന്നെ ആദ്യം വടിയായിപ്പോയതുകൊണ്ട് പരീക്ഷണം അന്ത്യം കണ്ടില്ല.

മക്‌ഡൊണാള്‍സിലെ ഭക്ഷണം ആരോഗ്യത്തിന് നല്ലതോ ചീത്തയോ എന്നറിയാന്‍ അമേരിക്കക്കാരനായ ഒരു വിദ്വാന്‍ ഒരു പരീക്ഷണം നടത്തി. ഒരു മാസത്തേക്ക് മൂന്നു നേരവും മക്‌ഡൊണാള്‍ഡിലെ ഭക്ഷണം മാത്രം കഴിക്കുക. എന്നിട്ട് വണ്ണവും തൂക്കവും ലിവര്‍ ഫങ്ഷനും മറ്റ് രക്ത പരിശോധനകളും ബ്ലഡ്പ്രഷറും ഒക്കെ നോക്കുക ഇതായിരുന്ന അദ്ദേഹത്തിന്റെ പരീക്ഷണം. ഒരു മാസം കൊണ്ട് അദ്ദേഹത്തിന് പതിനൊന്ന് കിലോ കൂടി. മടിയും ഡിപ്രഷനും ലൈംഗിക പ്രശ്‌നങ്ങളും ഉള്‍പ്പെടെ പല ശാരീരിക മാനസിക പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായി എന്നാണ് 'സൂപ്പര്‍ സൈസ് മി' എന്ന ഡോക്യുമെന്ററിയില്‍ മോര്‍ഗന്‍സ് പര്‍ലോക്ക് വെളിപ്പെടുത്തിയത്.

പൊറോട്ടയുടെ കാര്യത്തില്‍ ഇങ്ങനെ വേണമെങ്കില്‍ ഒരു പരീക്ഷണം നടത്തിനോക്കാവുന്നതാണ്. ഒരു മാസത്തേക്ക് എല്ലാ ദിവസവും രാവിലെ പൊറോട്ടയും മുട്ടക്കറിയും (കോഴിക്കോട്ടെ പോലെ), ഉച്ചക്ക് പൊറോട്ടയും മട്ടന്‍ ചാപ്‌സും (പെരുമ്പാവൂരിലെ പോലെ) രാത്രി പൊറോട്ടയും ബീഫും (തട്ടുകടയിലെ പോലെ). എന്നിട്ട് ശാരീരിക മാനസിക ആരോഗ്യം പരിശോധിക്കുക.

ഇങ്ങനെയൊരു പരീക്ഷണം നടത്താന്‍ വളണ്ടിയര്‍മാരെ അനവധികിട്ടുമെങ്കിലും അത് ശാസ്ത്രീയമല്ല എന്ന് ഒറ്റ നോട്ടത്തില്‍ അറിയാം. മക്‌ഡൊണാള്‍ഡിനെപ്പറ്റിയുണ്ടാക്കിയ ഡോക്യുമെന്ററി സൂപ്പര്‍ ഹിറ്റായി സ്പര്‍ലോക്ക് കോടീശ്വരനും ആയി. പക്ഷെ എല്ലാ നേരവും പൊറോട്ട തിന്ന് ആരോഗ്യം മോശമായി എന്നു പറഞ്ഞാല്‍ അതു വല്യ സംഭവം ആയി എടുക്കാനോ സിനിമ കാണാനോ മലയാളികളെ കിട്ടില്ല. ഡോക്യുമെന്ററിക്കാരനെ ഊളന്‍പാറയില്‍ അയക്കുകയും ചെയ്യും.

അപ്പോള്‍ പ്രധാനമായ കാര്യം എന്തുകഴിക്കുന്നു എന്നതല്ല. എത്രമാത്രം കഴിക്കുന്നു എന്നതും ഭക്ഷണം എങ്ങനെ പാചകം ചെയ്യുന്നു എന്നതും ഒക്കെയാണ്. വെജിറ്റേറിയന്‍ ഭക്ഷണം പൊതുവെ നല്ലതാണെന്ന് നാമൊക്കെ പറയാറുണ്ടെങ്കിലും വടക്കേ ഇന്ത്യയില്‍ കശുവണ്ടിപ്പരിപ്പിന്റെ കറിയില്‍ പാല്‍ക്കട്ടി മുറിച്ചിട്ട് മസാലയും ചേര്‍ത്ത് നെയ്യില്‍ വറുത്തുണ്ടാക്കുന്ന പനീര്‍ മഖന്‍ മസാല കഴിച്ചിട്ട് ആരോഗ്യം നന്നായില്ല എന്നു പറയുന്നത് വെജിറ്റബിളിന്റെ കുറ്റം ആണോ?

നല്ല ഭക്ഷണശീലത്തേയും ആരോഗ്യപരിപാലനത്തേയും പറ്റി പറയാന്‍ തൊണ്ണൂറിലേറെ കിലോ തൂക്കവും കുടവയറും ഹൈപ്പര്‍ ടെന്‍ഷനും ഉള്ള മുരളി സാറിന് എന്ത് അവകാശം എന്ന് ചിലര്‍ക്കെങ്കിലും തോന്നാം. പക്ഷെ അവര്‍ ശ്രീ.സന്തോഷ് പണ്ഡിറ്റിന്റെ സൂപ്പര്‍ ഹിറ്റ് ഡയലോഗ് ഓര്‍ക്കുക.
'ഒരു കോഴിയുടെ നിറം കറുപ്പാണെന്നു കരുതി അതിടുന്ന മുട്ട വെളുത്തതാകാന്‍ പാടില്ല എന്നു നിര്‍ബന്ധം പിടിക്കരുത്'.


അവലംബം: മുരളി തുമ്മാരുകുടി (മാതൃഭൂമി)