മനുഷ്യരാശി അതിന്റെ നീണ്ട ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിച്ചിരുന്ന ഘട്ടത്തിലാണ് ജാതി മത, ദേശ ഭാഷാ, വര്ണ്ണവര്ഗ്ഗലിംഗഭേദങ്ങള്ക്കതീതമായി മനുഷ്യരെല്ലാം സഹോദരങ്ങളാണെന്ന ഏക മാനവികതയുടെ സ്നേഹസന്ദേശം വിളംബരപ്പെടുത്തികൊണ്ട് പ്രവാചകതിരുമേനി മുഹമ്മദ്(സ) പിറന്നുവീണത്. മാനവികതയുടെ അത്യുല്‍കൃഷ്ടമായ സന്ദേശപ്രചാരണമായിരുന്നു പിന്നീടുള്ള ആ ജീവിതം.
തീര്‍ച്ചയായും നിങ്ങളുടെ ഈ മനുഷ്യ സമൂഹം ഏകസമുദായമാണ്. (ഖുര്‍ആന്‍). മനുഷ്യവംശമേ, ഒരു പുരുഷനില്‍നിന്നും ഒരു സ്ത്രീയില്‍ നിന്നുമാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. നിങ്ങളെ വ്യത്യസ്ത ജനതകളും വിഭാഗങ്ങളുമാക്കിയത് നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്. (ഖുര്‍ആന്‍). ഉപര്യുക്ത ഖുര്‍ആന്‍ വാക്യങ്ങളുടെ പ്രായോഗികമായ ജീവിത മാതൃക കൂടിയായിരുന്നു പിന്നീടുള്ള ആ ജീവിതം.
""എല്ലാ മനുഷ്യരും തുല്യരാണ്, ഒരു ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ. മനുഷ്യരെ, നിങ്ങളെല്ലാം ആദമിന്റെ സന്തതികളാണ്. ആദം മണ്ണില്‍ നിന്നുണ്ടായതും. അറിയുക! അറബിക്ക് അനറബിയേക്കാള് സ്ഥാനമില്ല, അനറബിക്ക് അറബിയെക്കാളും. വെളുത്തവന്ന് കറുത്തവനേക്കാള്‍ ശ്രേഷ്ഠതയില്ല, കറുത്തവന് വെളുത്തവനേക്കാളും.'' അവിടുന്ന് പ്രഖ്യാപിച്ചു. കളിങ്കമില്ലാത്ത മനുഷ്യ സ്നേഹത്തിന്റയും വിശാലമായ മാനവദര്‍ശനത്തിന്റെയും ശോഭനചിത്രങ്ങള്‍ പലപ്പോഴും അവിടുത്തെ ജീവിതത്തില്‍ തിളങ്ങി നിന്നു. ഒരുദാഹരണം നോക്കൂ,
പ്രവാചകന്റെ ഭക്ഷണവേള, മുമ്പില്‍ ഒരു തളികയില്‍ ഭക്ഷണം, ചുറ്റും അനുചരന്മാര്, കരിക്കട്ടപോലെ കറുത്ത ബിലാലും (റ) വെളുത്തുതുടുത്ത സല്‍മാനുല്‍ ഫാരിസിയും (റ) പൗര പ്രമുഖനായ അബൂബക്കര്‍ സിദ്ദീക്കും(റ) അടിമയായ സൈദ്ബ്നു ഹാരിസയും (റ) സമ്പന്നനായ ഉഥ്മാനുബ്നു അഫാനും (റ) ദരിദ്രനായ അബൂദര്‍റുല്‍ ഗഫാരിയും (റ) ആ തളികയില്‍ കയ്യിട്ട് ഒരേ ഭക്ഷണം തുല്യമായി കഴിക്കുന്നു. കറുത്ത് പരുത്തതും വെളുത്ത് തുടുത്തതും തടിച്ചതും മെലിഞ്ഞതും സമ്പന്നന്റെയും ദരിദ്രന്റെയും കൈകള്‍ ആ പാത്രത്തില്‍ മിന്നി മറയുന്നു. മാനവ ഐക്യത്തിന്റെയും മനുഷ്യ സാഹോദര്യത്തിന്റെയും സര്‍വ്വലോക മാതൃകയായ്...
വേദനിക്കുന്ന രോഗിയെ സന്ദര്‍ശിച്ച് സാന്ത്വനപ്പെടിത്തുന്നവന് ദൈവികസാന്നിദ്ധ്യത്തിലാണെന്നും കഷ്ടപ്പെടുന്നവന്റെ കണ്ണീരൊപ്പുന്നവന്‍ സൗഭാഗ്യവാനാണെന്നും അനാഥയെ സനാഥനാക്കുന്നവന് തന്നോടൊപ്പം സ്വര്‍ഗ്ഗത്തിലാണെന്നും വിധവയെ സംരക്ഷിക്കുന്നവന് ധര്‍മ്മപാതയിലെ പടയാളിയെപ്പോലെയാണെന്നും വിശക്കുന്നവര്‍ക്ക് അന്നം നല്‍കാത്തത് മതനിഷേധമാണെന്നും അവിടുന്ന് പ്രഖ്യാപിച്ചു. കുട്ടികളോട് കരുണകാണിക്കാത്തവര്‍ എന്റെ സമുദായക്കാരനല്ലെന്നും തൊഴിലാളികള്‍ക്ക് വിയര്‍പ്പു വറ്റുംമുമ്പ് വേതനം നല്‍കണമെന്നും സ്വന്തം വാഹനമുള്ളവര്‍ അതില്ലാത്തവരെ വാഹനത്തില്‍ കയറ്റണമെന്നും അയല്‍വാസിയെ ദ്രോഹിക്കുന്നവന് നരകവാസിയാണെന്നും അവിടുന്ന് ആജ്ഞാപിച്ചു. അതിഥിയെ മാനിക്കാത്തവന് എന്റെ മാര്ഗ്ഗക്കാരനല്ലെന്നും മാതാപിതാക്കളെ കഷ്ടപ്പെടുത്തുന്നവര്‍ ദൈവിക ശാപത്തിനര്ഹനാണെന്നും ധര്‍മ്മം ചെയ്യാത്ത പണക്കാരന്റെ ശരീരം അഗ്നികൊണ്ട് പഴുപ്പിക്കപ്പെടുമെന്നും അദ്ദേഹം മൊഴിഞ്ഞു.
എന്നാല്‍ പ്രവാചകന്റെ മനുഷ്യസ്നേഹവും സാഹോദര്യവും മുസ്ലിംകളോട് മാത്രമായിരുന്നില്ല, മുഴുവന്‍ മനുഷ്യസഞ്ചയത്തോടുമായിരുന്നു. ചിരകാലജീവിതം കൊണ്ട് പ്രശോഭിതമായ അനേകം മാതൃകകള്‍ പ്രവാചകന് മനുഷ്യരാശിക്ക് നില്‍കി.
രോഗിയായ ജൂതബാലനെ സന്ദര്‍ശിച്ച് സ്വാന്തനപ്പെടുത്തുന്നതും ജൂതമതക്കാരനുമായി ഇടപാടുകള്‍ നടത്തുന്നതും ബഹുദൈവ വിശ്വാസിയായിരുന്ന പിതൃവ്യന് അബൂത്വാലിബുമായുണ്ടായിരുന്ന ഊഷ്മളബന്ധവും ഈ വിഷയത്തിലെ സുന്ദരചിത്രങ്ങളാണ്. മുനുഷ്യ ബന്ധങ്ങള്‍ സുദൃഢമാക്കുന്നതിന് അനേകം നിര്‍ദ്ദേശങ്ങള്‍ നല്കിയ നബി തിരുമേനി (സ) മനുഷ്യസ്നേഹത്തിന് മീതെ കാര്‍മേഘങ്ങള്‍ പരത്തുന്ന എല്ലാ കാര്യങ്ങളില്‍നിന്നും അകന്നുനില്ക്കാന് താക്കീതുനല്കി, ഓരോ പൗരന്റെയും ജീവനും സ്വത്തും അഭിമാനവും മൗലികാവകാശങ്ങളാണെന്നും അവ കളങ്കപ്പെടുത്തുന്നത് ദൈവികശിക്ഷക്ക് കാരണമാണെന്നും അവിടുന്നു പഠിപ്പിച്ചു.
പക്ഷിമൃഗാധികളേയും സസ്യലതാധികളേയും ഉള്‍ക്കൊള്ളുന്നതായിരുന്നു പ്രവാചകന്റെ സ്നേഹവും കാരുണ്യവും. പക്ഷിക്കുഞ്ഞുങ്ങളെ തടവിലാക്കിയ കുട്ടികളോട് തള്ളപ്പക്ഷിയെ ഓര്‍ത്ത് അവയെ തുറന്ന് വിടാന്‍ അവിടുന്ന് കല്പ്പിച്ചു. മെലിഞ്ഞ് ക്ഷയിച്ച ഒട്ടകത്തെ കാണാന്‍ ഇടയായപ്പോള്‍ അതിന്റെ ഉടമസ്ഥനെ വിളിച്ച് വരുത്തി അതിന് മാന്യമായ ഭക്ഷണവും പരിചരണവും നല്‍കണമെന്ന് ഉപദേശിച്ചു. അന്നം കൊടുക്കാതെ ഒരു പൂച്ചയെ കെട്ടിയിട്ട വ്യക്തി നരകാവകാശിയായെന്നും ദാഹിച്ചുവലഞ്ഞ നായക്ക് വെള്ളം നല്കിയ ദുര്നടപ്പുകാരന് സ്വര്ഗ്ഗാവകാശിയായെന്നും അവിടുന്ന് മൊഴിഞ്ഞു. ഭൂമിയിലുള്ളവരോട് കരുണ കാണിക്കാത്തവര്‍ക്ക് ആകാശത്തിലുള്ളവന് കരുണ കാണിക്കില്ല എന്ന പ്രവാചകവാക്യത്തിലെ ഭൂമിയിലുള്ളവരോട് എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധേയമാണ്. അതില്‍ മനുഷ്യരും മൃഗങ്ങളും പക്ഷികളും സസ്യങ്ങളുമെല്ലാം ഉള്‍പ്പെടും. “നാം ഈ ഉഹ്ദ് മലയെ സ്നേഹിക്കുന്നു, ഈ ഉഹ്ദ് മല നമ്മേയും സ്നേഹിക്കുന്നു” എന്ന ആ മഹാമനീഷിയുടെ നിറഞ്ഞുകവിയുന്ന പാരിസ്ഥിതിക ബോധമാണ് വെളിവാക്കുന്നത്. ഇങ്ങനെ പ്രവാചകന്റെ അതിരില്ലാത്ത സ്നേഹത്തിന്റെയും വരമ്പുകളില്ലാത്ത കാരുണ്യത്തിന്റെയും വ്യാപ്തി ബോധ്യമാകുന്ന എത്രയെത്ര ചരിത്ര സംഭവങ്ങള്‍.
Courtesy: Chandrikaonline